
ഹിംസയുടെ ആനന്ദം ഒരു മനോരോഗം പോലെ കൊണ്ടുനടന്ന ആളായിരുന്നു സമദ് ഖാന്‍. ചെറുജീവികളെ പിടികൂടുന്ന കടുവയെപ്പോലെ ദയാരഹിതനായി അയാള്‍ ബോംബെ നഗരത്തില്‍ വിഹരിച്ചു. അധോലോകം അരങ്ങുവാണ എണ്‍പതുകളുടെ ക്രൂരസന്തതി. സാക്ഷാല്‍ കരീംലാലയുടെ സഹോദര പുത്രന്‍. പില്‍ക്കാലം സ്വന്തം 'ചാച്ച' പോലും വെറുത്ത മുടിയനായ പുത്രന്‍.
മുംബൈ അധോലോകത്തെക്കുറിച്ച് ആധികാരികമായി പറയുന്ന, ഹുസൈന്‍ സയിദിയുടെ 'ഡോംഗ്രി മുതല്‍ ദുബായ് വരെ: മുംബൈ മാഫിയയുടെ ആറു പതിറ്റാണ്ടുകള്‍' (DONGRI TO DDUBAI: Six decades of the Mumbai Mafia) എന്ന പുസ്തകത്തില്‍, മുംബൈ അധോലോകം കണ്ട ഏറ്റവും ഭീകരനായ കൊലയാളി എന്ന നിലയില്‍ എടുത്തു പറയുന്ന ഒരു പേരാണ് സമദ് ഖാന്‍. കൊല അയാള്‍ക്ക് ആനന്ദനൃത്തമാണ്. ഉന്‍മാദം കലര്‍ന്ന ആനന്ദമാണ് ഓരോ ചോരക്കളിയും അയാള്‍ക്ക്. വരാന്‍ പോകുന്ന ഭവിഷ്യത്തുക്കളെക്കുറിച്ച് അല്‍പ്പംപോലും ഭയമില്ലാതെയാണ് അയാള്‍ അരുംകൊലകള്‍ നടത്തിയിരുന്നതത്രെ.
ഹിംസയുടെ ആനന്ദം ഒരു മനോരോഗം പോലെ കൊണ്ടുനടന്ന ആളായിരുന്നു സമദ് ഖാന്‍. ചെറുജീവികളെ പിടികൂടുന്ന കടുവയെപ്പോലെ ദയാരഹിതനായി അയാള്‍ ബോംബെ നഗരത്തില്‍ വിഹരിച്ചു. അധോലോകം അരങ്ങുവാണ എണ്‍പതുകളുടെ ക്രൂരസന്തതി. സാക്ഷാല്‍ കരീംലാലയുടെ സഹോദര പുത്രന്‍. പില്‍ക്കാലം സ്വന്തം 'ചാച്ച' പോലും വെറുത്ത മുടിയനായ പുത്രന്‍.
മദ്യം, സ്ത്രീ, പണം. ഇവ മൂന്നുമായിരുന്നു സമദിന്റെ ജീവിതലക്ഷ്യം. അതിനുവേണ്ടി അയാള്‍ ഏതറ്റംവരെയും പോയി. എന്നാല്‍ അയാള്‍ നടത്തിയ ആക്രമണങ്ങളും കൊലകളും പില്‍ക്കാലം അയാളുടെ തന്നെ ദാരുണാന്ത്യത്തിന് കാരണമായി. അത് കാലം കരുതിവെച്ച പ്രതിഫലം.
കരീംലാലയുടെ വലംകൈ ആയിരുന്ന സമദിന് സുഖലോലുപതയ്ക്ക് കുറവൊന്നും ഉണ്ടായിരുന്നില്ല. എന്നിട്ടും സ്വന്തമായി പേരെടുത്തു മുന്നേറാന്‍ അവന്‍ എപ്പോഴും ശ്രമിച്ചുകൊണ്ടിരുന്നു. വാടകക്കൊലയായിരുന്നു അയാളുടെ അന്നം. അങ്ങനെ പണം സമ്പാദിക്കുക എളുപ്പമാണെന്ന് അയാള്‍ കരുതി. താന്‍ നേരിട്ടു കാണാത്തവരെ, ഒരു ശത്രുതയും ഇല്ലാതെ അയാള്‍ പണത്തിനു വേണ്ടി നിഗ്രഹിച്ചു. അന്ന് രണ്ടു ലക്ഷം രൂപയായിരുന്നു ഒരു കൊലയുടെ കൂലി. നാല്‍പതു വര്‍ഷംമുന്‍പ് അത്തരമൊരു സംഖ്യയുടെ മൂല്യം നമുക്ക് ഓര്‍ക്കാവുന്നതേയുള്ളൂ.
കരീംലാല
കരീം ലാലയ്ക്കും ദാവൂദിനുമിടയില്‍
ഒരു പരസ്പര ധാരണയിലാണ് അധോലോകം മുന്നോട്ടു പോവുന്നത്. വ്യത്യസ്ത മേഖലകള്‍ ഭരിക്കുന്ന അധോലോക നായകന്‍മാര്‍ തമ്മില്‍ അദൃശ്യമായ ചില അലിഖിത കരാറുകള്‍ ഉണ്ടായിരുന്നു. അപരന്റെ കാര്യങ്ങളില്‍ ഇടപെടില്ലെന്ന ധാരണ. കരീം ലാലയും ദാവൂദുമൊക്കെ ആ ധാരണ കാത്തുസൂക്ഷിച്ചു. അത് തകര്‍ക്കാന്‍ തുനിയരുത് എന്ന് കൂടെയുള്ള സമദ് ഖാന്‍ അടക്കമുള്ളവര്‍ക്ക് കരീം ലാല ആദ്യമേ താക്കീത് നല്‍കിയിരുന്നു. അതിനു പ്രധാന കാരണം ദാവൂദിന്റെ പിതാവ് പോലീസ് ഉദ്യോഗസ്ഥനായ ഇബ്രാഹിം കസ്‌കറുമായി ലാലയ്ക്കുണ്ടായിരുന്ന സൗഹൃദമാണ്. മറ്റൊന്ന് ഹാജി മസ്താനുമായുള്ള വാക്കാല്‍ ഉടമ്പടി.
എന്നാല്‍ ഇരുഭാഗത്തുമുള്ള പണം മാത്രം നോറ്റ് കഴിയുന്ന അണികള്‍ പലപ്പോഴും അത് ലംഘിച്ചുകൊണ്ടിരുന്നു. അതില്‍ പ്രമുഖര്‍ അമീര്‍ സാദയും ആലം സേബും ആയിരുന്നു. അവര്‍ ഈ പരസ്പര ധാരണ മുഖവിലയ്‌ക്കെടുത്തില്ല. അവര്‍ ദാവൂദ് സംഘവുമായി ഇടയ്ക്കിടെ ഏറ്റുമുട്ടലുകളും കൊലവിളികളും നടത്തി. അതിനിടെയാണ് ദാവൂദിന്റെ സഹോദരന്‍ ഷബീറിനെ ഈ സംഘം വധിച്ചത്. അതോടെ കോപിഷ്ടനായ ദാവൂദ്, ഡേവിഡ് പരദേശി എന്ന വാടകഗുണ്ടയെ വെച്ച് അമീര്‍സാദയെ വധിച്ചു. ഇതോടെ സമദ് ഖാന്‍ കലിതുള്ളി. ദാവൂദിന്റെ സഹോദരന്‍ അനീസ് കസ്‌കറിന്റെ വിവാഹവേദിയിലേക്ക് കയറിച്ചെന്ന സമദ് വെടിവെപ്പ് തുടങ്ങി. അനീസ് അടക്കം പലര്‍ക്കും ഗുരുതരമായി പരിക്കുപറ്റി. സമദ് പിടിയിലായി.
ജയിലിലെ രാജാവ്
ആര്‍തര്‍ റോഡ് ജയിലില്‍ അന്ന് ദാവൂദിന്റെ സംഘത്തിലെ അനേകം തടവുകാരുണ്ട്. സമദ് ജയിലില്‍ എത്തിയതോടെ അവര്‍ ഒതുങ്ങി. സമദ് ജയിലിലെ രാജാവായി. ഭയം കാരണമാകാം, ജയില്‍ സൂപ്രണ്ട് പോലും സമദിന് വിഹരിക്കാന്‍ സ്വാതന്ത്ര്യം നല്‍കി. ഓഫീസില്‍ ചെന്ന് യഥേഷ്ടം ഫോണ്‍ ചെയ്യാനും വേണ്ടവരോടൊക്കെ സംസാരിക്കാനും അയാള്‍ക്ക് സാധിച്ചു. നേരമ്പോക്കിന് സിനിമ കാണാനും മദ്യപാനത്തിനുമുള്ള സൗകര്യം അയാള്‍ക്ക് ജയിലില്‍ കിട്ടി. എന്നാല്‍ തെളിവിന്റെ അഭാവത്തില്‍ സമദ് ശിക്ഷയില്‍നിന്ന് ഒഴിവായി. അയാള്‍ ജയിലില്‍നിന്നിറങ്ങി.
സമദ് ജയിലിലുള്ള സമയത്ത്, ദാവൂദ് തന്റെ ശത്രുക്കളെ തിരഞ്ഞുപിടിച്ചു വധിക്കുകയായിരുന്നു. അധോലോകം ചോരപ്പുഴയായി. അനേകം പേര്‍ കൊല്ലപ്പെട്ടു. ഇതിനിടയിലാണ് സമദ് ഖാന്‍ വീണ്ടും പുറത്തുവന്നത്. പക്ഷേ, അധികം അയാള്‍ക്ക് വിഹരിക്കാന്‍ കഴിഞ്ഞില്ല. വ്യാജ പാസ്‌പോര്‍ട്ട് കേസില്‍ സമദ് വീണ്ടും ജയിലായി. അതിന് സാക്ഷി നിന്ന രണ്ടുപേരെ സമദിന്റെ നിര്‍ദ്ദേശമനുസരിച്ചു പോലീസ് തെരുവില്‍നിന്ന് പൊക്കി. സമദ് അവരെ ജയിലിനകത്തേക്ക് വിളിപ്പിച്ചു. ശേഷം ജയില്‍ ക്ഷുരകനെക്കൊണ്ട് ഇരുവരെയും നഗ്‌നരാക്കി മുടിയും താടിയും മീശയും പാതി മുറിപ്പിച്ചു. ശേഷം കത്തി വാങ്ങി കഴുത്തിനു നേരെപിടിച്ച് സാക്ഷിമൊഴി മാറ്റിപറയിപ്പിച്ച് രേഖയാക്കി. മരണഭയമാണ് ആ പാവങ്ങളെ മൊഴിമാറ്റിച്ചത്. അങ്ങനെ ആ കേസിലും സമദ് ശിക്ഷ കൂടാതെ പുറത്തുവന്നു.
കേസുകള്‍ വഴിതിരിച്ചു വിടാനും രക്ഷപ്പെടാനും സമദിനുള്ള വിരുത് അപാരമായിരുന്നു. അത്ര കണിശവും മാരകമായിരുന്നു സമദിന്റെ ഇടപെടലുകള്‍. ജീവനില്‍ കൊതിയുള്ളവര്‍ അവന്റെ ചെയ്തികള്‍ക്ക് വഴങ്ങി. എതിര് പറയാന്‍ ആരും ഭയന്നു.
അമീര്‍ സാദ, സമദ്ഖാന്‍, ദാവൂദ് ഇബ്രാഹിം, ആലം സേബ്
ദാവൂദുമായി അടുക്കുന്നു
ജയില്‍ മോചിതനായ സമദിനെ കരീംലാല നേരില്‍ വിളിച്ചുപദേശിച്ചു. എന്നാല്‍, അതൊന്നും ഫലം കണ്ടില്ല. തുടര്‍ന്ന്, ലാല പത്താന്‍ ഗ്രൂപ്പില്‍നിന്നും അയാളെ ഒഴിവാക്കി. താനും സമദുമായി യാതൊരു ബന്ധവും ഇല്ലെന്ന് ലാല മാധ്യമപ്രവര്‍ത്തകരോട് പറയുകയും ചെയ്തു. ബോംബയില്‍ അന്നത് വലിയ വാര്‍ത്തയായിരുന്നു. അതോടെ ദാവൂദുമായി അടുക്കാന്‍ സമദ് ശ്രമിച്ചു. ദാവൂദിന്റെ സഹോദരന്റെ കൊലയില്‍ തനിക്കു പങ്കില്ലെന്ന് അയാള്‍ ആണയിട്ടു. ദാവൂദിന് ആ തുറന്നുപറച്ചില്‍ ബോധിച്ചു. അവര്‍ ചങ്ങാത്തത്തിലായി. സ്ഥിരം ബന്ധങ്ങളോ കടപ്പാടുകളോ ഇല്ലാത്ത അധോലോകത്ത് ഇത്തരത്തിലുള്ള അവിഹിത കൂട്ടുകെട്ടുകള്‍ സാധാരണയാണ്. ആജന്മശത്രുക്കള്‍പോലും ഒരു നിമിഷം കൊണ്ട് ആത്മമിത്രങ്ങളാവും.
ദാവൂദുമായുള്ള അടുപ്പം തുടങ്ങിയതോടെ സുഹൃത്തുക്കള്‍ സമദിനെ ഉപേക്ഷിച്ചു. സമദിന് തുണ ദാവൂദ് മാത്രമായി. എന്നാല്‍ ദാവൂദിന്റെ സഹോദരന്‍ നൂറ, സമദ് തങ്ങളുടെ കുടുംബത്തോട് കാണിച്ച ചെയ്തികളെക്കുറിച്ച് ദാവൂദിനെ പറഞ്ഞ് മനസ്സിലാക്കി. വിവരമറിഞ്ഞ സമദ് നൂറയെ തിരഞ്ഞുപിടിച്ച് ആക്രമിച്ച് പരിക്കേല്‍പ്പിച്ചു. നൂറയെ കൊല്ലാതെ വിട്ടത് ദാവൂദിനെ ഓര്‍ത്താണെന്ന് സമദ് പ്രഖ്യാപിച്ചു. ദാവൂദ് ഒരക്ഷരം പറഞ്ഞില്ല. സ്വന്തം കുടുംബത്തിന്റെ സുരക്ഷിതത്വം ഉറപ്പിച്ച ദാവൂദ് അവസരം കാത്തിരുന്നു.
സ്വന്തം നിലയ്ക്ക് പ്രവര്‍ത്തിക്കുമ്പോള്‍ ഏതൊരു കൊലയാളിക്കും ആയുധങ്ങള്‍ ആവശ്യമായി വരും. ആര്‍ഭാടജീവിതത്തിനും ആയുധങ്ങള്‍ക്കുമായി സമദിനും പണം അത്യാവശ്യമായിരുന്നു. വരുമാനം നിലച്ച അവസ്ഥയില്‍ സമദ് വാടകക്കൊലയാളിയായും സാമ്പത്തിക ഇടപാടുകളിലെ അഴിയാക്കുരുക്കുകള്‍ അഴിച്ചെടുക്കുന്ന ഇടനിലക്കാരനുമായി മാറി. ഡോങ്ഗ്രിയിലെ രണ്ട് കെട്ടിട ഉടമകള്‍ തമ്മില്‍ കീറാമുട്ടിയായി കിടന്ന പ്രശ്‌നം ഒറ്റ രാത്രികൊണ്ട് പരിഹരിച്ച് സമദ് ഹീറോയായി. അതോടെ ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ഒറ്റമുലിയായി സമദ് മാറി. അതിനുവേണ്ടി വ്യാജരേഖകള്‍ ചമക്കുന്നതടക്കം എന്തും ചെയ്യാനും സമദ് മടിച്ചില്ല.
ചോരക്കൊതി തീരുന്നില്ല
ആയിടയ്ക്കാണ് ഒരു വ്യവസായി ശത്രുവിനെ വകവരുത്താനായി സമദിനെ കാണുന്നത്. രണ്ടു ലക്ഷം 'സുപ്പാരി'ക്ക് കച്ചവടം ഉറപ്പിച്ചു. ജെയിന്‍ എന്ന മറ്റൊരു വ്യവസായിയായിരുന്നു ടാര്‍ഗറ്റ്. അയാളെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ച് രണ്ടു കൂട്ടുകാരുമായി സമദ് ബാന്ദ്രയിലെ സീറോക്ക് ഹോട്ടലില്‍ ചെന്നു. സമയം രാത്രി പത്തുമണി കഴിഞ്ഞിരുന്നു. അസമയത്തു വന്ന സന്ദര്‍ശകര്‍ക്കു മുകളിലേക്കു പോകാന്‍ അനുവാദം കിട്ടിയില്ല. സമദ് അരയില്‍നിന്നും റിവോള്‍വര്‍ എടുത്ത് ഫ്രണ്ട് ഓഫീസിന്റെ മേശമേല്‍ വെച്ചു. ജീവന്‍ വേണമെങ്കില്‍ സമ്മതം വേണമെന്ന് ആവശ്യപ്പെട്ടു. സ്വന്തം ജീവന് സുരക്ഷ ഉറപ്പാക്കാന്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന സുരക്ഷാ ജോലിക്കാര്‍ക്ക് മനസ്സില്ലാമനസ്സോടെ അനുമതി കൊടുക്കേണ്ടി വന്നു.
റൂം നമ്പര്‍ 1921. ജെയിന്‍ കിടന്ന മുറിയുടെ കതകില്‍ സമദും കൂട്ടുകാരും മുട്ടി. പേരു ചോദിച്ചു ഉറപ്പുവരുത്തിയ ശേഷം അകത്തുകടന്ന് കതകു പൂട്ടി. പിന്നെ നടന്നത് അതിക്രൂരമായിരുന്നു. അകത്ത് ടിവിയില്‍ അമിതാഭിന്റെ പടം ഓടുന്നുണ്ടായിരുന്നു. വ്യവസായിയോട് നഗ്‌നനായി ടിവിയിലെ പാട്ടിനൊപ്പം നൃത്തം ചെയ്യാന്‍ കൊലയാളി സംഘം ആവശ്യപ്പെട്ടു. അതിനിടെ സമദ് കയ്യില്‍ കരുതിയ മെഴുകുതിരി കത്തിച്ച് ജെയിനിന്റെ ശരീരത്തിലേക്ക് തുള്ളിതുള്ളിയായി ഇറ്റിച്ചു കൊണ്ടിരുന്നു. ജനനേന്ദ്രിയം മുതല്‍ ശരീരത്തിന്റെ എല്ലാ ഭാഗത്തും ഉരുകിയ മെഴുകുതുള്ളികള്‍ വീണുകൊണ്ടിരുന്നു. ജയിനിന്റെ പാതിബോധം നശിച്ചു. അയാള്‍ അര്‍ദ്ധപ്രാണനായി ജീവനുവേണ്ടി കെഞ്ചി. നേരം പുലരുംവരെ ആ സാധുമനുഷ്യനെ കൊണ്ട് അവര്‍ നൃത്തം ചെയ്യിപ്പിച്ചു. അതിനുശേഷം വെടിവെച്ചു കൊന്ന് ഒന്നും സംഭവിക്കാത്ത പോലെ ഹോട്ടല്‍ മുറിയില്‍നിന്നും ഇറങ്ങിപ്പോയി. ശബ്ദമുഖരിതമായ ആ പഞ്ചനക്ഷത്ര മുറിയില്‍ നിന്നും ജെയിനിന്റെ കരച്ചില്‍ പുറത്തേക്ക് കേട്ടില്ല.
പിറ്റേന്ന് കാലത്താണ് തനിക്കുപറ്റിയ അബദ്ധം സമദ് ഖാന്‍ അറിഞ്ഞത്. ആളുമാറിപ്പോയി. ജെയിന്‍ എന്നു പേരുള്ള മറ്റൊരാളെയായിരുന്നു അവര്‍ കൊന്നത്. തലേന്ന് രാത്രി ഹോട്ടല്‍ മുറിക്കുള്ളില്‍ ഒരാള്‍ കൊല്ലപ്പെട്ട വിവരം ജീവനക്കാര്‍ അറിഞ്ഞിരുന്നില്ല. അതിനാല്‍, അതിരാവിലെ വീണ്ടുമെത്തിയ സമദിനും സംഘത്തിനും അകത്ത് കടക്കാന്‍ അനുവാദം കിട്ടി. വാതില്‍ തുറന്നയുടനെ ജെയിനിനെ അവര്‍ വെടിവെച്ചുകൊന്നു. അതല്ല, ബ്ലേഡ് കൊണ്ട് കീറി തൊലി പൊളിച്ചെടുത്താണ് കൊല നടത്തിയതെന്നും അഭ്യൂഹമുണ്ടായിരുന്നു. മാധ്യമങ്ങള്‍ക്ക് വ്യക്തമായ വിവരങ്ങള്‍ പോലീസ് നല്‍കിയില്ല.
ശില്‍പ്പ എന്ന കാമുകി
സ്ത്രീകളായിരുന്നു സമദിന്റെ പ്രധാന ദൗര്‍ബല്യം. ഏത് പെണ്ണിനെ കണ്ടാലും അയാള്‍ അവരെ ആഗ്രഹിക്കും. അവര്‍ക്ക് പിന്നാലെ പോവും. അനേകം സ്ത്രീകളുമായി സമദിന് ബന്ധമുണ്ടായിരുന്നു. അത് ശില്‍പ്പ സാവേരി എന്ന പെണ്‍കുട്ടിയെ പരിചയപ്പെടും വരെ തുടര്‍ന്നു. അവളുടെ വ്യക്തിത്വം, സംഭാഷണചാതുരി, സൗന്ദര്യം... സമദ് ശരിക്കും പിടിവിട്ടു വീണു. ധനികയും വിദ്യാസമ്പന്നയുമായ ശില്‍പ്പയെ സമദുമായുള്ള ബന്ധത്തില്‍ നിന്നും അകറ്റുവാന്‍ കുടുംബം ആവതു ശ്രമിച്ചുനോക്കിയെങ്കിലും അവള്‍ വഴങ്ങിയില്ല.
സീറോക്ക് ഹോട്ടലിലെ ഇരട്ടക്കൊല കഴിഞ്ഞ് സമദിനെ പോലീസ് അറസ്റ്റ് ചെയ്തു. ജാമ്യത്തില്‍ ഇറങ്ങുന്നതിന് തൊട്ടുമുമ്പ്, പലപല സ്റ്റേഷനുകളില്‍ നേരത്തെ നിലവിലുള്ള അനേകം കേസ് രേഖകളുമായി പൊലീസ് കോടതിക്ക് പുറത്ത് കാത്തുനില്‍പ്പുണ്ടായിരുന്നു. എന്നാല്‍ ജാമ്യം കിട്ടി കോടതിക്ക് പുറത്തുകടന്നതും സമദിനെ പൊക്കിയെടുത്ത് ഒരു ഫിയറ്റ് കാര്‍ കണ്ണുചിമ്മുന്ന വേഗത്തില്‍ കടന്നുപോയി. ശില്‍പ്പ തനിച്ചു നടത്തിയ സഹസികമായ ഒരു റാഞ്ചല്‍!
അതോടെ ശില്‍പ്പ പോലീസ് നിരീക്ഷണത്തിലായി. അവള്‍ക്കെതിരെ പല ആരോപണങ്ങളും ഉയര്‍ന്നു. മുന്‍പ് റമ നായിക്കിനെ കൊന്നുവെന്ന് കരുതുന്ന രാജന്‍ കാഡ്ദാലെ എന്ന പോലീസ് ഓഫീസര്‍ സമദിന്റെ നീക്കങ്ങള്‍ അറിയാന്‍ ശില്‍പ്പയെ തേടിച്ചെന്നു. സമദ് നടത്തിയ ക്രൂരകൃത്യങ്ങളെക്കുറിച്ചായിരുന്നു ചോദ്യങ്ങള്‍. അതിനുവേണ്ടി പോലീസ് പല വാഗ്ദാനങ്ങളും നിരത്തി. പക്ഷേ ശില്‍പ്പ വഴങ്ങിയില്ല. പോലീസ മാനസിക സമ്മര്‍ദ്ദം തുടര്‍ന്നു. അതോടൊപ്പം, ദാവൂദ് ഇബ്രാഹിമും അവളെ ഭീഷണിപ്പെടുത്തി. മാനസികമായി തകര്‍ന്ന ശില്‍പ്പ ഒടുക്കം അമിത മയക്കുമരുന്ന് ഉപയോഗത്തിലേക്ക് നീങ്ങി.
ദാവൂദ് ഇബ്രാഹിം, ചോട്ടാ രാജന്‍
കഥ കഴിയുന്നു
പക്ഷേ, ദാവൂദ് ഇരകാത്തിരിക്കുന്ന കഴുകനെപ്പോലെ സമദിന് പിന്നാലെ ഉണ്ടായിരുന്നു. പല ്രപശ്‌നങ്ങളും തമ്മിലുണ്ടായെങ്കിലും ദാവൂദ് മൗനം തുടരുകയായിരുന്നു. സത്യത്തില്‍ അത് നിസ്സംഗത ആയിരുന്നില്ല. പറ്റിയ സന്ദര്‍ഭം കാത്തിരിക്കുകയായിരുന്നു ദാവൂദ്. നേരവും കാലവും ഒത്തുവന്നപ്പോള്‍ കണക്കു തീര്‍ക്കാന്‍ തീരുമാനമായി.
അന്ന്, ഫ്‌ലാറ്റില്‍നിന്നിറങ്ങി ലിഫ്റ്റില്‍ ശില്‍പ്പയോടൊപ്പം താഴെയെത്തിയ സമദ് മരണത്തെ ആദ്യമായി മുന്നില്‍ കണ്ടു.
മൂന്ന് പേരായിരുന്നു മുന്നില്‍. ദാവൂദ് ഇബ്രാഹിം, സമദ് ആക്രമിച്ച് പരിക്കേല്‍പ്പിച്ച ദാവൂദിന്റെ സഹോദരന്‍ നൂറ, ചോട്ടാ രാജന്‍. ശില്‍പ്പയെ വകഞ്ഞുമാറ്റി അവര്‍ സമദിനു നേരെ തിരിഞ്ഞു. ആദ്യം ദാവൂദ് നിറയൊഴിച്ചു. പിന്നീട് നൂറ, അവസാനം രാജന്‍. വെടിയുണ്ടകള്‍ തീരുംവരെ അത് തുടര്‍ന്നു. ലിഫ്റ്റില്‍ രക്തത്തില്‍ കുളിച്ചുകിടന്നു, സമദ്.
അധോലോക ഗ്രൂപ്പുകള്‍ പരസ്പരം കൊന്നൊടുക്കുമ്പോള്‍ പോലീസ് നിസ്സംഗത പാലിക്കാറാണ് പതിവ്. മാത്രമല്ല, ദയ തൊട്ടുതീണ്ടാത്ത സമദിനെപ്പോലൊരു കൊലയാളി തീരേണ്ടത് പൊലീസിന്റെയും ആവശ്യമായിരുന്നു. അതിനാല്‍, പൊലീസ് നിസ്സംഗത പാലിച്ചു.
ആ കൊലയ്ക്ക് തൊട്ടുപിന്നാലെ, ദാവൂദ് ദുബായിലേക്ക് പറന്നു. 'താന്‍ എന്തും സഹിക്കും. പക്ഷെ കുടുംബത്തിലെ ആരെങ്കിലും ആക്രമിക്കപ്പെട്ടാല്‍ അതിനു മറുപടി കൊടുക്കാതെ അടങ്ങില്ല' എന്നാണ് പിന്നീട് ബാല്‍ജിത് പാര്‍മര്‍ എന്ന പത്ര പ്രവര്‍ത്തകനോട് ദാവൂദ് പറഞ്ഞത്.
സമദിന്റെ മരണശേഷം കോളേജില്‍ ഒന്നിച്ചു പഠിച്ച കൂട്ടുകാരന്‍ ശില്‍പ്പയെ വിവാഹം കഴിച്ചു. പക്ഷേ അമിതമായ മയക്കുമരുന്ന് ഉപയോഗം കാരണം ശില്‍പ അകാലത്തില്‍ മരിച്ചു. അതൊരു സാധാരണ മരണമല്ല, ആത്മഹത്യയാണെന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു. സമദിനെ ദാവൂദിന് ഒറ്റുകൊടുത്തു എന്ന ആരോപണവും അക്കാലത്ത് ശില്‍പ്പ നേരിട്ടിരുന്നു.
………………………………..
(ബാലന്‍ തളിയില്‍: കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി തളീക്കര സ്വദേശി. പതിനെട്ടാം വയസ്സില്‍ വീട്ടില്‍നിന്നും ഒളിച്ചോടി കള്ളവണ്ടി കയറി ബോംബെയിലെത്തി. അധോലോകം അരങ്ങുവാണ 1979 മുതല്‍ 1988 വരെയും 1997 മുതല്‍ 2004 വരെയും ബോംബയില്‍ ജീവിച്ചു. ഇതിനിടയില്‍ 18 വര്‍ഷം ദുബായില്‍. ഇപ്പോള്‍ നാട്ടില്‍ സ്ഥിരതാമസം. ഒരു നോവല്‍ അടക്കം അഞ്ചു പുസ്തകങ്ങള്‍ എഴുതി. തെരുവില്‍ നിന്നൊരാള്‍, ബോംബെ: സ്വപ്നങ്ങള്‍ നൃത്തം വെച്ച നഗരം എന്നീ പുസ്തകങ്ങള്‍ ബോംബെയിലെ ജീവിതാനുഭവങ്ങളാണ്.)