
ക്യൂബ നിശ്ചലമാവുകയാണ്. ഇന്ധനമില്ല, ആരും ഇന്ധനം കൊടുക്കുന്നില്ല. കൊടുക്കാനൊരുങ്ങിയവരെ യുഎസ് ഭീഷണിപ്പെടുത്തി. ഒരുക്കി നിർത്തിയ കപ്പലുകൾ മെക്സിക്കോ വിട്ടില്ല. വെനിസ്വേല അമേരിക്കയുടെ നിയന്ത്രണത്തിലായതോടെ അവിടെ നിന്നുള്ള ഇന്ധനവും നിന്നു. അന്നേ അമേരിക്കൻ പ്രസിഡന്‍റ് പ്രഖ്യാപിച്ചിരുന്നു 'Cuba is a failed state' എന്ന്. ഇന്ധനം തേടി ക്യൂബൻ ടാങ്കറുകൾ കരീബിയിൻ കടലിൽ അലഞ്ഞു തിരിയുന്നു. പക്ഷേ, അതിനായി ചെലവാക്കുന്ന ഇന്ധനവും നഷ്ടം. തുറമുഖങ്ങളിലേക്ക് അടുക്കാൻ കഴിയുന്നില്ല. കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിൽ പോലും ഒരു പ്രതിഷേധവും ഉയരുന്നില്ല, മുറവിളികളും. എന്തിന് ഒരു ഐക്യദാർഢ്യ പ്രഖ്യാപനം പോലും കേൾക്കുന്നില്ല.
ജനുവരി 29 -നാണ് ട്രംപ്, 'ക്യൂബ ചാരൻമാരുടെയും ഭീകരവാദികളുടെയും താവള'മെന്ന് പ്രഖ്യാപിച്ചത്. ക്യൂബയ്ക്ക് പെട്രോളിയം ഉൽപ്പന്നങ്ങൾ ആരും വിൽക്കരുതെന്നും മുന്നറിയിപ്പ് നൽകി. അന്ന് കൊളംബിയൻ തുറമുഖത്ത് നിന്ന് ഒരു കപ്പൽ യാത്ര തിരിച്ചു. പതിവായി ക്യൂബക്ക് എണ്ണയെത്തിക്കുന്ന കപ്പൽ. പക്ഷേ, ക്യൂബയിലെത്തുന്നതിന് തൊട്ടുമുമ്പ് അമേരിക്കൻ കപ്പൽ ടാങ്കറിനടുത്തെത്തി. പിന്നാലെ വഴിതിരിച്ചു വിട്ടു. ബ്ലോക്കേഡ് (Blockade) എന്ന് യുഎസ് പറയുന്നില്ല. കാരണം, അതൊരു യുദ്ധ പ്രഖ്യാപനമാണ്. പക്ഷേ, ഫലത്തിൽ ഇത് ബ്ലോക്കേഡ് തന്നെയാണ്. ക്യൂബക്ക് എണ്ണ വിൽക്കുന്നത് വിലക്കിക്കൊണ്ട് ട്രംപ് എക്സിക്യൂട്ടിവ് ഓർഡറിൽ ഒപ്പിട്ടത് കഴിഞ്ഞ മാസം. അതോടെ മെക്സിക്കോയും വഴിമാറി. അവശ്യസാധനങ്ങൾ എത്തിക്കുമെന്ന് അറിയിച്ചു. എണ്ണയില്ലെന്നും. കരിബീയൻ കടലിൽ യുഎസ് സൈനിക വിന്യാസം വെനിസ്വേലയെ ഉദ്ദേശിച്ചായിരുന്നു. ഇപ്പോഴത് ക്യൂബയ്ക്ക് ചുറ്റുമാണ്.
അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമെന്ന് യുഎൻ കുറ്റപ്പെടുത്തി. അതിൽ അവസാനിച്ചു, എല്ലാ കാര്യങ്ങളും. ക്യൂബയെ ചൊല്ലി വിലപിക്കാൻ യൂറോപ്പുമില്ല. കാരണം, കമ്മ്യൂണിസ്റ്റ് വിരോധം. പക്ഷേ, രാജ്യത്തെ 10 മില്യൻ വരുന്ന ജനം സമ്പൂർണ ദുരിതത്തിലാണ്. മാലിന്യം തെരുവുകിളിൽ കുന്നുകൂടുന്നു. സ്കൂളുകൾ അടച്ചു. ആശുപത്രികളിൽ ശസ്ത്രക്രിയകൾ നടക്കുന്നില്ല. ഉപകരണങ്ങൾ കൊണ്ടുവന്നാൽ ചെയ്യാമെന്നാണ് അറിയിപ്പ്. ഭക്ഷ്യവസ്തുക്കളുടെ വില ആകാശം തൊട്ടു. എന്നിട്ടും നിന്നിട്ടില്ല.
പകുതി സമയവും ജനം ഇരുട്ടിലാണ്. പാചക വാതകവുമില്ല. യുഎസിൽ നിന്നടക്കം ഭക്ഷ്യവസ്തുക്കൾ എത്തുന്നുണ്ട്. അതും കത്തോലിക്കാസഭ വഴി. അതൊന്നിനും മതിയാകുന്നില്ല. ക്യൂബയുടെ ജീവനാഡിയായിരുന്നു ടൂറിസം. ഇപ്പോൾ കടൽത്തീരങ്ങൾ ഒഴിഞ്ഞു കിടക്കുന്നു. വൻകിട ഹോട്ടലുകളെല്ലാം അടച്ചു. റഷ്യയും കാനഡയും വിമാന സർവീസ് നിർത്തിവച്ചു. ഇത്രയും നാളത്തെ ഉപരോധങ്ങൾ പോലും ക്യൂബയെ ഇത്രകണ്ട് ശ്വാസം മുട്ടിച്ചിട്ടില്ല. കമ്പനികൾ ഖനനം വരെ നിർത്തിവച്ചു. ഹബാനോസ് സിഗാർ ഫെസ്റ്റിവൽ വരെ റദ്ദാക്കി.
ക്യൂബൻ വിപണി തുറക്കട്ടെ എന്നാണ് ട്രംപിന്‍റെ നിലപാട്. ചർച്ച നടക്കുകയാണെന്നും അറിയിച്ചു. ക്യൂബൻ - അമേരിക്കനാണ് വിദേശകാര്യ സെക്രട്ടറി മാർകോ റൂബിയോ. അദ്ദേഹത്തിന്‍റെ നേതൃത്വത്തിലാണ് ചർച്ചകൾ. കമ്മ്യൂണിസ്റ്റ് നേതൃത്വം അധികാരം ഒഴിയണം എന്നതിലേ ചർച്ച നടക്കൂവെന്ന് റൂബിയോ മുമ്പ് പറഞ്ഞിട്ടുണ്ട്. സോവിയറ്റ് യൂണിയന്‍റെയും വെനിസ്വേലയുടെയും സബ്സിഡികളിൽ ജീവിച്ച സർക്കാരിന്, ഇനി തുടരാനുള്ള അർഹതയില്ലെന്നാണ് ഇക്കഴിഞ്ഞ മ്യൂണിക് സുരക്ഷാ കോൺഫറൻസിൽ റൂബിയോ പ്രസംഗിച്ചത്. പക്ഷേ, ശിക്ഷിക്കുന്നത് ജനങ്ങളെയാണ്, കുഞ്ഞുങ്ങളെയാണ്. ലോകം അതൊന്നും കണ്ടില്ലെന്ന് നടിക്കുന്നു.