'എന്താ ആണ്‍കുട്ടി വേണ്ടാന്ന് വച്ചിട്ടാണോ?'

By Speak UpFirst Published Apr 10, 2019, 5:04 PM IST
Highlights

എനിക്കും പറയാനുണ്ട്:  മൃദുല രാമചന്ദ്രന്‍ എഴുതുന്നു

ചില നേരം രോഷം വരാറില്ലേ? സങ്കടങ്ങള്‍. പ്രതിഷേധങ്ങള്‍. അമര്‍ഷങ്ങള്‍. മൗനം കുറ്റകരമാണെന്ന് തോന്നുന്ന നേരങ്ങളില്‍, വിഷയങ്ങളില്‍, സംഭവങ്ങളില്‍ ഉള്ളിലുള്ളത് തുറന്നെഴുതൂ. കുറിപ്പുകള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ ഫോട്ടോ സഹിതം അയക്കൂ. സബ്ജക്ട് ലൈനില്‍ 'എനിക്കും ചിലത് പറയാനുണ്ട്!' എന്നെഴുതാന്‍ മറക്കരുത്. എഴുതുന്ന ആളുടെ പൂര്‍ണമായ പേര് മലയാളത്തില്‍ എഴുതണം. വ്യക്തിഹത്യ, അസഭ്യങ്ങള്‍, അശ്ലീലപരാമര്‍ശങ്ങള്‍ തുടങ്ങിയവ ഒഴിവാക്കണം.

'എത്ര കുട്ടികള്‍ ഉണ്ട്?'

'ഒരാള്‍'

'ആണോ,പെണ്ണോ?'

'മോളാണ്'

'എന്താ ഒരു ആണ്‍കുട്ടി വേണ്ടാന്ന് വച്ചിട്ടാണോ?'

പതിനഞ്ച് വയസുള്ള ഒരു ഒറ്റ പെണ്‍കുട്ടിയുടെ അമ്മയായ ഞാന്‍ ഈ ചോദ്യം ഇടയ്ക്കിടെ കേള്‍ക്കും. ഇതിനൊരു ഉത്തരം എന്താണ് പറയേണ്ടത്? ഒരു പെണ്‍കുട്ടി മാത്രം ഉള്ള അച്ഛനമ്മമാരോട്, ഒരു ആണ്‍കുട്ടി വേണ്ടേ എന്നു ചോദിക്കുന്നതില്‍ എന്ത് സാംഗത്യം ആണുള്ളത്? ഒന്നിലധികം പെണ്‍കുട്ടികള്‍ ഉള്ള മാതാപിതാക്കളെ വളരെ സഹതാപത്തോടെ നോക്കി 'അയ്യോ, പാവങ്ങള്‍! രണ്ടു പെണ്കുട്ടികള്‍ ആണ് ട്ടോ' എന്നു പറയുന്ന എത്ര പേരുണ്ട് എന്നോ! ഒരു ആണ്‍കുട്ടിയോ, ഒന്നിലധികം ആണ്കുട്ടികളോ ഉള്ള അച്ഛനമ്മമാര്‍ക്ക് ഇത്തരം ചോദ്യങ്ങള്‍,സഹതാപം ഒന്നും നേരിടേണ്ടി വരാറില്ല. 'എന്തേ,ഒരു പെണ്കുട്ടി വേണ്ടേ?' എന്ന് അവരോട് ആരും ചോദിക്കാറില്ല. അവര്‍ ആണ്‍കുഞ്ഞുങ്ങള്‍ക്ക് അച്ഛനമ്മമാരായ ഭാഗ്യവാന്മാര്‍

ഇങ്ങനെ ചോദിക്കുന്നവരോട് ഒന്നും പറയാനില്ല. നല്ല നമസ്‌കാരം മാത്രം. പറയാനുള്ളത് എന്റെ മകള്‍ അടക്കമുള്ള പെണ്മക്കളോട് ആണ്. എത്ര ചിറകിട്ടടിച്ചു കരഞ്ഞാലും ആരും കൂട് തുറന്ന് തരില്ല, തല്ലി പൊളിക്കണം-കരുത്തോടെ എന്ന ബോധ്യം ഉണ്ടാകണം.

27 വയസുള്ള ഒരു സ്ത്രീ പട്ടിണി കിടന്ന് മരിച്ചു. മരിക്കുമ്പോള്‍ അവളുടെ തൂക്കം 27 കിലോ. ഭര്‍ത്താവും,അമ്മായി അമ്മയും പീഡിപ്പിച്ചു, പട്ടിണിക്കിട്ട് കൊന്നു. എന്തു കൊണ്ട് അവള്‍ക്ക് രണ്ടു മക്കളെയും കൊണ്ട് ആ വീട് വിട്ട് ഇറങ്ങി ഓടി  എവിടെയെങ്കിലും അഭയം തേടി കൂടായിരുന്നു മരിക്കും മുന്‍പേ എന്ന് മനം കേഴാത്തവരുണ്ടോ മനുഷ്യരില്‍? എന്തു കൊണ്ട് പ്രാണനും കൊണ്ട് ഓടാന്‍ കൂടി അശക്തയായി അവള്‍ എന്ന് ഒന്ന് ഓര്‍ത്തു നോക്കാമോ?

ഭൂമിയോളം ക്ഷമിക്കണം എന്നല്ല പെണ്‍ മക്കളെ പഠിപ്പിക്കേണ്ടത്! അഗ്‌നി പോലെ ജ്വലിക്കാനാണ്. ഇലയുടെയും, മുള്ളിന്റെയും പഴകിയ കഥ പറഞ്ഞല്ല അവളെ വളര്‍ത്തേണ്ടത്.തന്റെ സമ്മതം ഇല്ലാതെ സ്വന്തം ദേഹത്ത് തൊടുന്നവന്റെ കരണം അടിച്ചു പുകയ്ക്കാനുള്ള ആര്‍ജവം ആണ് അവളില്‍ ഉണ്ടാക്കേണ്ടത്.

ഇലയുടെയും, മുള്ളിന്റെയും പഴകിയ കഥ പറഞ്ഞല്ല അവളെ വളര്‍ത്തേണ്ടത്.

എന്റെ മോളെ, പും നരകത്തില്‍ നിന്ന് എന്നെ ത്രാണനം ചെയ്യാന്‍ എനിക്കൊരു പുത്രന്‍ ഇല്ലല്ലോ എന്നോര്‍ത്ത് എനിക്ക് യാതൊരു വ്യാകുലതയും ഇല്ല. മകളും, മകനും തുല്യര്‍ ആണ് എന്ന് അമ്മയ്ക്ക് അറിയാം. നീ പഠിച്ചു, നല്ല ജോലി നേടണം. അച്ഛനും,അമ്മയും നിനക്ക് സ്ത്രീധനം ആയി ഒന്നും തരില്ല. നിനക്ക് തരുന്ന വിദ്യാഭ്യാസവും, മൂല്യ ബോധവും മാത്രമാണ് നിന്റെ സ്വത്ത്. ആ മൂലധനത്തില്‍ നിനക്ക് വേണ്ടത് നീ നേടി കൊള്ളണം.

നിനക്ക് സ്‌നേഹവും, മാന്യതയും, മതിപ്പും തരുന്ന ഒരു ആളെ നിനക്ക് കണ്ടെത്താം. അവന്‍ ഞങ്ങളുടെ മകനായിരിക്കും. വിവാഹം എന്നാല്‍ നിന്നെ ഞങ്ങള്‍ ആര്‍ക്കെങ്കിലും അടിമയായി വിറ്റു എന്ന ഒരു അര്‍ത്ഥവും ഇല്ല. അന്ന് മുതല്‍ നിനക്ക് രണ്ട് വീട് ഉണ്ട്.ര ണ്ടു വീടും നിന്റെ ഉത്തരവാദിത്വം ആണ്. സ്വന്തം വീടിനെയും, അച്ഛനെയും,അമ്മയെയും ഉപേക്ഷിക്കണം എന്ന് ആരെങ്കിലും പറഞ്ഞാല്‍ അവരോടു പോയി പണി നോക്കാന്‍ പറയാനുള്ള ധൈര്യം വേണം.

നിന്റെ അഭിമാനവും അന്തസും ചോദ്യം ചെയ്യപ്പെടുന്ന ഏത് സന്ദര്‍ഭത്തിലും ഞങ്ങള്‍ നിന്റെ കൂടെ ഉണ്ടാകും. നീ ഞങ്ങളുടെ ഏറ്റവും വില പിടിച്ച നിധിയാണ്. എടുത്താല്‍ പൊങ്ങാത്ത, എത്രയും വേഗം ഒഴിച്ചു കളഞ്ഞ് സമാശ്വസിക്കേണ്ട ഭാരം അല്ല.

മരിച്ചു കഴിഞ്ഞു ചെയ്യുന്ന ഒരു അന്ത്യകര്‍ മ്മത്തിലും എനിക്ക് വിശ്വാസം ഇല്ല. അങ്ങനെ വിശ്വാസം ഉള്ള ഒരു അമ്മ ആയിരുന്നെങ്കില്‍ എന്റെ ചിതയ്ക്ക് തീ കൊളുത്തുന്നത് അടക്കം എല്ലാ അന്ത്യ കര്‍മങ്ങളും നീ തന്നെ ചെയ്യണം എന്ന് ഞാന്‍ നിര്‍ബന്ധം വയ്ക്കുമായിരുന്നു. നിന്നെക്കാള്‍ പ്രിയപ്പെട്ടതായി ആരുണ്ട് എനിക്ക് പട്ടട തീ കൊളുത്താന്‍?

പെട്ടന്ന് രാത്രി ഒരു ആവശ്യം വന്നാല്‍ പെണ്‍കുട്ടിയെ എങ്ങനെ പുറത്ത് പറഞ്ഞു വിടും? അതിന് ഒരു ആണ്കുട്ടി തന്നെ വേണ്ടേ എന്ന് അമ്മയോട് ചോദിക്കുന്നവരുണ്ട്. പക്ഷെ നിനക്ക് രാത്രി പുറത്ത് ഇറങ്ങി നടക്കാനും, ഒറ്റയ്ക്ക് യാത്ര ചെയ്യാനും കഴിയുന്നില്ല എങ്കില്‍ കുറ്റം നിന്റേതല്ല. ആണ്‍കുഞ്ഞുങ്ങളെ പെറ്റു, പോറ്റുന്നവരോട് ആണ് അപേക്ഷിക്കാനുള്ളത്...പെണ്ണ് ഒരു ശരീരം അല്ല എന്ന് മക്കളെ പഠിപ്പിക്കൂ! പെറ്റമ്മയും പെണ്ണ് ആണെന്ന് അവരോട് പറഞ്ഞു കൊടുക്കൂ. ഇവിടത്തെ നിയമത്തിനോട് ആണ് യാചിക്കാനുള്ളത്-സ്ത്രീയെ ദ്രോഹിക്കുന്നവരെ ശിക്ഷിക്കാനുള്ള ഊര്‍ജം കാണിക്കൂ.

നിയമവും,സമൂഹവും ഒക്കെ മാറും. കൈനഖം മുതല്‍ മനക്കരുത്ത് വരെ നിനക്ക് ആയുധം ആകണം. നിന്നെ അവഹേളിക്കുന്നവര്‍ക്ക് എതിരെ ഉയരുന്ന ഏറ്റവും മൂര്‍ച്ചയേറിയ സ്വരം നിന്‍േറത് ആകണം. അതിന് തുണ ആരെയും കാത്ത് നില്‍ക്കരുത്.

ലോകത്തുള്ള എല്ലാ പുരുഷന്മാരും മോശക്കാരല്ല. എന്തു ചെയ്യാം, ചിലര്‍ കൊള്ളരുതാത്തവര്‍ ആയി! അവരോട് സന്ധി വേണ്ട!സമരം തന്നെ! നീ തറപ്പിച്ചു ഒന്നു നോക്കിയാല്‍, സ്വരം ഒന്ന്  ഉയര്‍ത്തിയാല്‍ തീരുന്നതാണ് മിക്കപ്പോഴും പുരുഷന്റെ അഹങ്കാരങ്ങള്‍.

പെണ്ണിനെ തോല്പിക്കുന്നത് പലപ്പോഴും പെണ്ണ് തന്നെയാണ്.അത് അവരുടെ കുറ്റമല്ല.അടിമത്തം ഒരു ആഭരണം ആയി കരുതുന്ന സ്ത്രീകള്‍ ഇപ്പോഴും ഉണ്ട്. അവരുടെ എണ്ണം കുറഞ്ഞു വരും എന്ന് പ്രതീക്ഷിക്കാം.

എന്റെ മോളെ, നാളെ നിനക്ക് ഒരു മകള്‍ ഉണ്ടായാല്‍' അയ്യോ,പെണ്‍കുഞ്ഞു ആണോ' എന്ന് ആരും ചോദിക്കാത്ത ഒരു ലോകം ഉണ്ടാകണം.അതു ആരും ഉണ്ടാക്കി തരില്ല. നമ്മള്‍,ഞാനും,നീയും അടങ്ങുന്ന പെണ്ണുങ്ങള്‍ ഉണ്ടാക്കി എടുക്കണം.
 
തീര്‍ച്ചയായും അത് ഉണ്ടാകും...അല്ലാതെ എവിടെ പോകാന്‍!

എനിക്കും ചിലത് പറയാനുണ്ട്: ഈ പംക്തിയില്‍ നേരത്തെ വന്ന കുറിപ്പുകള്‍ ഇവിടെ വായിക്കാം

click me!