സ്കൂളില്ല, അധ്യാപകരില്ല! ഫ്രാൻസിൽ വിദ്യാർത്ഥി പ്രതിഷേധം, വേട്ടയ്ക്കിറങ്ങി പോലീസ് ഒടുവിൽ, സമയം ചോദിച്ച് സർക്കാർ

Published : Oct 16, 2026, 09:49 AM IST
Student protests in France

Synopsis

ഫ്രാൻസിൽ അധ്യാപകരുടെ കുറവും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും ചൂണ്ടിക്കാട്ടി വിദ്യാർത്ഥികൾ നടത്തുന്ന പ്രതിഷേധം അക്രമത്തിലേക്ക് വഴിമാറി. സ്കൂളുകൾ ഉപരോധിച്ച വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയ നടപടികളിൽ നിരവധി പേർക്ക് പരിക്കേറ്റു. പ്രശ്നപരിഹാരത്തിനായി സർക്കാർ ശ്രമിക്കുന്നുണ്ടെങ്കിലും രാജ്യത്തുടനീളം പ്രക്ഷോഭം തുടരുകയാണ്.

ഫ്രാൻസിൽ വിദ്യാർത്ഥികളുടെ പ്രതിഷേധം അക്രമത്തിലേക്കും അറസ്റ്റുകളിലേക്കുമെത്തിയത് പെട്ടെന്നല്ല. പ്രതിഷേധം തുടങ്ങിയത് സെപ്തംബറിലാണ്. വിദ്യാഭ്യാസ ഫണ്ട് തികയുന്നില്ല. അതുകാരണം അധ്യാപകരില്ല, അത്യാവശ്യം വേണ്ട സൗകര്യങ്ങളില്ല, ഇതൊക്കെയാണ് സമരമുറയുമായി കുട്ടികൾ തെരുവിലിറങ്ങാൻ കാരണം. 'ലീസേ' എന്നറിയപ്പെടുന്ന 15 മുതൽ 18 വയസുവരെയുള്ളവ‍ർ പഠിക്കുന്ന സ്കൂളുകളാണ് വിഷയം. ഇപ്പോൾ അറസ്റ്റിലായവരിൽ പുറത്തുനിന്നുള്ള അക്രമികളുമുണ്ട്.

പല പ്രശ്നങ്ങൾ, ലക്ഷ്യമൊന്ന്

അധ്യാപകർ ലീവെടുക്കും ആഴ്ചകളോളം. പകരമാരും വരാറില്ല. അത്യാവശ്യം വേണ്ട സൗകര്യങ്ങളില്ല. ചുട്ടുപൊള്ളുന്ന കെട്ടിടങ്ങൾ, മൊബൈൽ ഫോൺ നിരോധനം, അധ്യയനസമയം വൈകീട്ട് 6 വരെ നീളുന്നത്, കുട്ടികൾ തിങ്ങിനിറഞ്ഞ ക്ലാസ്റൂമുകൾ, തകർന്നുവീഴാറായ സ്കൂൾ കെട്ടിടങ്ങൾ അങ്ങനെ ഒരുപാടുണ്ട് പരാതികൾ. ഇതെല്ലാം പോരാതെയാണ് ഉന്നതവിദ്യാഭ്യാസത്തിന് രജിസ്റ്റർ ചെയ്യേണ്ട ഓൺലൈൻ പ്ലാറ്റ്ഫോമിലെ പ്രശ്നങ്ങൾ. കുട്ടികൾക്ക് താൽപര്യമുള്ള യൂണിവേഴ്സിറ്റികളോ, വിഷയങ്ങളോ കിട്ടുന്നില്ല, പിന്നെ അതിനായി ഓട്ടം. പറയുന്ന പ്രശ്നങ്ങൾ ഇതൊക്കെയാണെങ്കിലും പ്രതിഷേധം അതൊക്കെ കടന്ന് വ്യവസ്ഥിതിക്കെതിരായ പ്രതിഷേധമായി രൂപംമാറി. 'പ്രവർത്തനരഹിതം' എന്നവർ പറയുന്ന വ്യവസ്ഥിതിക്കെതിരെ. അങ്ങനെ മറ്റുപലതിനും എതിരെ.

ഉപരോധിച്ച് കുട്ടികൾ, വേട്ടയ്ക്കിറങ്ങി പോലീസ്

അക്രമത്തിന് വഴിമാറിയ പ്രതിഷേധത്തിൽ വിദ്യാർത്ഥികൾ സ്കൂളുകൾ ഉപരോധിച്ചു. ഫ്രാൻസിൽ, അത് നിയമവിരുദ്ധമാണ്. അതോടെ പൊലീസ് രംഗത്തിറങ്ങി. പൊലീസ് നടപടികളിൽ കുട്ടികൾക്കും പരിക്കേറ്റു. നിയമം നടപ്പാക്കമെന്ന് പൊലീസിന്‍റെ പക്ഷം. സ്കൂളുകൾ തകർക്കുന്നതും നിയമവിരുദ്ധമാണ്. കെട്ടിടങ്ങളും വെറുതേ വിട്ടില്ല പ്രതിഷേധക്കാർ. അതിൽ പലതും പൊളിയാറായതാണ് എന്നാണ് വിദ്യാർത്ഥികളുടെ ആരോപണം. സ്കൂളുകൾക്ക് മുന്നിലെ ചവറ്റുകൊട്ടകൾക്ക് തീയിട്ടു. ബസ് ഷെൽട്ടറുകൾ തകർത്തു. പൊലീസിന് നേർക്ക് പലതും വലിച്ചെറിഞ്ഞു. കണ്ണീർവാതകവും ലാത്തികളുമായി പൊലീസും നേരിട്ടു. സ്റ്റൺ ഗ്രനേഡ് പ്രയോഗത്തിൽ ഒരു കുട്ടിയുടെ കൈ അറ്റുപോയി. അതോടെ പൊലീസിന്‍റെ സ്റ്റൺഗ്രനേഡ് പ്രയോഗം സർക്കാർ നിരോധിച്ചു. 215 -ഓളം കുട്ടികൾക്കും 89 സ്കൂൾ ജീവനക്കാർക്കും 761 പൊലീസുകാർക്കും പരിക്കേറ്റുവെന്നാണ് റിപ്പോർട്ട്. 100 -ഓളം അധ്യാപകർക്കും പരിക്കേറ്റു. സ്കൂളുകൾ മാത്രമല്ല, യൂണിവേഴ്സിറ്റികൾക്ക് നേരെയും പ്രതിഷേധം തിരിഞ്ഞു. പലതും ഉപരോധിച്ചു. എന്തായാലും സർക്കാർ പ്രശ്നപരിഹാരം ഏറ്റു.

പ്രശ്നപരിഹാരത്തിന് ശ്രമം നടത്തി സർക്കാർ

ആദ്യത്തെ പരാതി അധ്യാപകരില്ല എന്നായത് കൊണ്ട് അത് പരിഹരിക്കാൻ 3,000 അധ്യാപകരെ തെരഞ്ഞ് കണ്ടുപിടിക്കാൻ വിദ്യാഭ്യാസ വകുപ്പ് ശ്രമം തുടങ്ങി. താഴ്ചന്ന വരുമാനക്കാരുടെ കുട്ടികൾ പഠിക്കുന്ന ലീസികൾക്ക് ആദ്യപരിഗണന. വിജയം ആഘോഷിച്ചെങ്കിലും ഇതിൽ തീരുന്നില്ല പ്രതിഷേധമെന്ന് മുന്നറിയിപ്പ് വിദ്യാർത്ഥികൾ നൽകി. ഉപരോധം തുടരുമെന്ന് പ്രഖ്യാപിച്ചു. ലിലി, റെന്നെ, ട്യൂലോൺ, മാർസെയിൽ തുടങ്ങിയ നഗരങ്ങളിലെല്ലാം പിന്നെയും പ്രതിഷേധ മാർച്ച് നടന്നു. വ്യാഴാഴ്ചത്തെ മാർച്ചിൽ ഇറങ്ങിയത് 75,000 പേരെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്‍റെ അറിയിപ്പ്.

പക്ഷേ, സത്യത്തിൽ ഫ്രാൻസിലെ സ്ഥിതി മറ്റ് രാജ്യങ്ങളോട് താരതമ്യം ചെയ്താൽ അത്ര പിന്നോട്ടല്ലെന്നാണ് OECD റിപ്പോർട്ട്. ഓരോ ലീസി വിദ്യാർത്ഥിക്കുമായി ഫ്രാൻസ് ചെലവാക്കുന്നത് യൂറോപ്യൻ യൂണിയൻ ശരാശരിയേക്കാൾ കൂടുതലാണ്. അധ്യാപകർക്ക് പക്ഷേ, ഫ്രാൻസിൽ ശമ്പളം കുറവാണ്. സ്കൂൾ സമയം പ്രശ്നമാണ്. പഠിക്കാൻ സമയം കിട്ടുന്നില്ലെന്ന പരാതി ഗുരുതരമാണ്. പക്ഷേ, കാലാകാലമായി ഫ്രാൻസിലെ രീതി അതാണ്. ഇത്രയും വലിയൊരു പ്രതിഷേധത്തിന് അത് മതിയായ കാരണമല്ലെന്നാണ് സർക്കാരിന്‍റെ പരാതി.

'ഫലമെന്തായാലും വിജയം വരെ പ്രതിഷേധം'

മറ്റൊരു വസ്തുത ഇതിനെല്ലാം പിന്നിലുണ്ട്. ഫ്രാൻസിന്, ഫ്രഞ്ച് ജനതയ്ക്ക്, പ്രതിഷേധം പുത്തരിയല്ല. അതൊരായുധമാണ് അവർക്ക്. ഫ്രഞ്ച് വിപ്ലവം അത് തെളിയിച്ചതുമാണ്. 'അനന്തരഫലം എന്തായാലും വിജയം വരെ പ്രതിഷേധം' എന്നതൊരു നയമാണ് ഫ്രഞ്ച് ജനതയ്ക്ക്. വിദ്യാർത്ഥികളും പ്രതിഷേധവുമായി ഇറങ്ങുന്നത് ആദ്യമായല്ല. 1990 -ൽ സ്കൂളിനുള്ളിൽ വിദ്യാർത്ഥിനി ബലാത്സംഗം ചെയ്യപ്പെട്ടതിൽ തുടങ്ങിയ പ്രതിഷേധം വൻറാലികളായി രൂപംമാറിയത് ഫണ്ട് അപര്യാപ്ചയും അധ്യാപകരുടെ കുറവും ഉന്നയിച്ചാണ്. അന്ന് 1.2 ബില്യൻ യൂറോ ലീസികൾക്കായി സർക്കാർ നീക്കിവച്ചു. യൂണിവേഴ്സിറ്റികളിലെ പരിഷ്കരണം സർക്കാർ വേണ്ടെന്നുവച്ച് പ്രതിഷേധം കാരണമാണ്. കുറഞ്ഞ വേതനത്തിലെ തീരുമാനവും വേണ്ടെന്നുവച്ചത് യുവാക്കളുടെ പ്രതിഷേധം കാരണം. പക്ഷേ 2006 -ലാണ് ഫ്രാൻസിനെ പിടിച്ചുകുലുക്കിയ പ്രതിഷേധം നടന്നത്. തൊഴിലില്ലാ്യമ നേരിടാൻ നടപ്പിലാക്കിയ നിയമം, അന്ന് സർക്കാരിന് പിൻവലിക്കേണ്ടിവന്നു. മഞ്ഞക്കോട്ട് പ്രതിഷേധം (Yellow vests protests) 2018 -ൽ, ഇന്ധനനികുതി കൂട്ടിയത് പിൻവലിപ്പിച്ചു സർക്കാരിനെ ക്കൊണ്ട്.

സമയം ചോദിച്ച് സർക്കാർ, ഉയരുന്ന അസംതൃപ്തികൾ

ജനം ഇപ്പോഴത്തെ പ്രതിഷേധത്തെയും പിന്തുണയ്ക്കുന്നു. തൊഴിലാളി യൂണിയനുകളും. ഇമ്മാനുവൽ മക്രോൺ സർക്കാരിന് ഇത് നല്ലകാലമല്ല. ആറുമാസത്തിനകം പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പാണ്. മക്രോണിന് സ്ഥാനാർത്ഥിയാകാൻ പറ്റില്ല. കാലാവധി കഴിഞ്ഞു. 2032 -ൽ ഒരു തിരിച്ചുവരവ് സൂചിപ്പിക്കുന്നുണ്ടെങ്കിലും. പ്രധാനമന്ത്രി ലെക്കോർണ്യൂ സ്വയം വിശേഷിപ്പിക്കുന്നത് ഏറ്റവും ബലഹീനനായ പ്രധാനമന്ത്രിയെന്നാണ്. 2027 -ലെ ബജറ്റിൽ കുറവുകൾ പരിഹരിക്കാമെന്നാണ് വിദ്യാർത്ഥികൾക്ക് സർക്കാർ നൽകിയിരിക്കുന്ന വാഗ്ദാനം. പക്ഷേ, ലെക്കോർണ്യൂവിന് അത് പാസാക്കിയെടുക്കാൻ കഴിയുമോയെന്ന് ഉറപ്പില്ല. പൊതുകടം മാനത്തോളം. ജിഡിപിയിലെ കുറവ്, 5.4 ശതമാനം. ഇതെല്ലാം നിരീക്ഷിക്കുകയാണ് അന്താരാഷ്ട വിപണികൾ. ഇന്ധനവില കുതിക്കുന്നു. കാർഷിക മേഖലയും പ്രതിഷേധത്തിന്‍റെ വക്കിലാണെന്നാണ് റിപ്പോർട്ട്. ഒക്ടോബർ 17 -ന് പഴയ 'മഞ്ഞക്കോട്ട് വിപ്ലവം' പുനരുജ്ജീവിപ്പിക്കുമെന്നാണ് മുന്നറിയിപ്പ്.

PREV
Read more Articles on
click me!

Recommended Stories

സൈനികനെ വെടിവച്ച് കൊല്ലാൻ ഉത്തരവിട്ട് ട്രംപ്, അതും ലൈവ് സ്ട്രിംമിൽ; 'ഇരുണ്ട മധ്യകാല'മെന്ന് ഡമോക്രാറ്റുകൾ
രണ്ട് തവണ വിഷമരുന്ന് മറികടന്നു, ബോധം വന്നപ്പോൾ ദേഷ്യപ്പെട്ടു... ; മരണമില്ലാതെ ക്രിസ്റ്റ പൈക്