
അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന് കുറേയധിക നാളത്തെ ഒരാഗ്രഹം സാധിച്ചു. ഒരു നൊബേൽ സമ്മാനം കൈയിൽ കിട്ടി. പക്ഷേ, സ്വന്തം പേരിലല്ല, കിട്ടിയ ആൾ ദാനം ചെയ്തതാണ്. അപ്പോൾ ഇനി അതിന്‍റെ സൂക്ഷിപ്പുകാരനെന്ന് വേണമെങ്കിൽ പറയാം. അല്ലാതെ എന്തുപറയാൻ? ഇതുവരെ ഉണ്ടായിട്ടില്ല ഇത്രയും നാണംകെട്ടൊരു കാര്യമെന്നാണ് വിമർശനം. ഈ കൈമാറ്റത്തിന് നിയമസാധുതയില്ലെന്ന് പെട്ടെന്ന് തന്നെ പറഞ്ഞുറപ്പിച്ചു നൊബേൽ കമ്മിറ്റി.മറ്റൊരാളിന്‍റെ പേരിലേക്ക് ആക്കാനോ പങ്കുവയ്ക്കാനോ ഒന്നും പറ്റുന്നതല്ല നൊബേൽ സമ്മാനം. ആൽഫ്രഡ് നൊബേലിന്‍റെ വിൽപത്രത്തിലടക്കം പറഞ്ഞിട്ടുള്ളതാണത്. സമ്മാനത്തുകയോ മെഡലോ ആർക്ക് വേണമെങ്കിലും കൊടുക്കാം. പക്ഷേ, പേരുമാറ്റാൻ പറ്റില്ല. നോർവേ എന്തായാലും ഞെട്ടി, കൊടുത്തതിലും അത് കൈനീട്ടി വാങ്ങിയതിലും. മച്ചാഡോയും സമ്മാനത്തെ ബഹുമാനിക്കുന്നില്ല. അവിശ്വസനീയം, ഹാനികരം എന്നൊക്കെയാണ് പ്രതികരണങ്ങൾ. സമ്മാനത്തിന്‍റെ വില പോയി, മച്ചാഡോ അതർഹിച്ചിരുന്നില്ല, പ്രസിഡന്‍റിന് നാണക്കേട് തോന്നുന്നില്ലേ? എന്നൊക്കെയാണ് ഓൺലൈൻ കമന്‍റുകൾ.
എന്തായാലും മച്ചാഡോയുടെ പേരിലെ നൊബേൽ സമ്മാനം ഇനി വൈറ്റ്ഹൗസിലുണ്ടാവും. മച്ചാഡോ അത് കൊടുത്തതിന്‍റെ ഉദ്ദേശ്യമൊട്ടുനടന്നുമില്ല, ആഗ്രഹിച്ചത് പ്രതിപക്ഷ നേതാവായ ഗോൺസാലസിനുള്ള (Gonsalez) ട്രംപിന്‍റെ പിന്തുണയാണ്, വെനിസ്വേല പ്രസിഡന്‍റ് സ്ഥാനത്തേക്ക്. പക്ഷേ, കിട്ടിയില്ല. കിട്ടിയത് പ്രശംസയും ട്രംപിന്‍റെ പേരെഴുതിയ ഒരു സമ്മാനപ്പൊതിയും. വെനിസ്വേലയിൽ, തൽകാലം മുൻ വൈസ് പ്രസിഡന്‍റായ ഡെൽസി റോഡ്രിഗസിനെ (Delcy Rodríguez) ആക്ടിംഗ് പ്രസിഡന്‍റായി അംഗീകരിച്ചിരിക്കുകയാണ് അമേരിക്ക.
മദൂറോ സർക്കാരിന്‍റെ ഭാഗമായിരുന്നെങ്കിലും ഡെൽസി റോഡ്രിഗസുമായി ആശയവിനിമയം നടത്തുന്നതാണ് പ്രായോഗികമെന്ന് നേരത്തെ അമേരിക്ക വ്യക്തമാക്കിയിരുന്നു. നിലവിലെ ഭരണവ്യവസ്ഥിതി അട്ടിമറിക്കുന്നത് ഗുണകരമാകില്ലെന്ന വിലയിരുത്തൽ തന്നെയാവണം കാരണം. മദൂറോയുടെ സ്വന്തം സൈന്യവും വിശ്വസ്തരായ ഉദ്യോഗസ്ഥരും അവരുടെ വിശ്വസ്തരായ സായുധ സംഘടനകളും ഒരുങ്ങിയിറങ്ങിയാൽ ഏതുസർക്കാരിനെയും അട്ടിമറിക്കാം. പട്ടാള അട്ടിമറിയ്ക്കാണ് സാധ്യത. പിന്നെ അധികാരമേൽക്കുന്നവർ അമേരിക്കയുമായി ചർച്ചകൾക്ക് തയ്യാറാവണമെന്നില്ല. എണ്ണ മോഹം അമേരിക്കയ്ക്ക് മാറ്റിവയ്ക്കേണ്ടിവരും.
ഇനി അതല്ല, കലാപമാണ് നടക്കുന്നതെങ്കിൽ അതൊരു തലവേദനയാകും, മറ്റൊരു ഇറാഖോ, അഫ്ഗാനിസ്ഥാനോ പോലെ. ഇതൊക്കെ കണക്കുകൂട്ടിത്തന്നെയാവണം അമേരിക്കൻ ഭരണകൂടം ഡെൽസി റോഡ്രിഗസിനെ നിലനിർത്തിയിരിക്കുന്നത്. ഇതൊന്നും മനസിലാക്കാതെയാണോ മച്ചാഡോ തനിക്ക് കിട്ടിയ പുരസ്കാരം കൈമാറിയത് എന്നാണ് സംശയം.
ഏകാധിപതിയില്ലാതെ, ഭരണസംവിധാനം നിലനിർത്തുന്നത് അപകടങ്ങൾ പതിയിരിക്കുന്നൊരു തീരുമാനമാണ്. പക്ഷേ, തൽകാലം വേറെ വഴിയില്ല. അതുകൊണ്ടാവണം, മച്ചാഡോയെ ജനങ്ങൾ ബഹുമാനിക്കുന്നില്ലെന്നും അതേസമയം ഡെൽസി റോഡ്രിഗസിനെ മാന്യതയുള്ള വ്യക്തിയെന്നും വിശേഷിപ്പിച്ചത്. പക്ഷേ, തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടിയ മച്ചാഡോയുടെ പാർട്ടിയെ എങ്ങനെ തള്ളിക്കളഞ്ഞു എന്നത്ഭുതപ്പെടുന്നവരുമുണ്ട്. അത് വാൽക്കഷ്ണം.
തൽകാലം അമേരിക്കയുടെ തീരുമാനം പ്രായോഗികമാണ്. വെനിസ്വേല ഒരു ഭാരമാകാതെ വേണ്ടത് നേടിയെടുക്കുക. നിലവിലെ ഭരണസംവിധാനം നിലനിർത്തുകയാവും നല്ലതെന്ന അമേരിക്കൻ ഇന്‍റലിജൻസ് വിലയിരുത്തൽ റിപ്പോർട്ട് ചെയ്തത് വാൾ സ്ട്രീറ്റ് ജോർണലാണ്. എന്നാൽ, വൈറ്റ് ഹൗസ് ഈ റിപ്പോർട്ടിനോട് പ്രതികരിച്ചിട്ടില്ല.
വെനിസ്വേലയിൽ എന്തായാലും അമേരിക്ക വിചാരിച്ച വഴിക്ക് കാര്യങ്ങൾ അടുക്കുന്നുണ്ട്. സിഐഎ മേധാവി ജോൺ റാറ്റ്ക്ലിഫ്, റോഡ്രിഗസുമായി ചർച്ച നടത്തി. ആദ്യത്തെ സ്റ്റേറ്റ് ഓഫ് ദ യൂണിയൻ അഭിസംബോധനക്ക് ശേഷം നടന്ന കൂടിക്കാഴ്ച. അഭിസംബോധനയിൽ റോഡ്രിഗസ് ചില പരിഷ്കരണങ്ങൾ പ്രഖ്യാപിച്ചിരുന്നു. എണ്ണ വ്യവസായ മേഖലയിൽ വിദേശ നിക്ഷേപം അനുവദിക്കുന്നതുൾപ്പടെ. മദുറോയുടെ നയത്തിന് വിരുദ്ധമാണത്.
വിദേശ നിക്ഷേപമാണ് അമേരിക്കയുടേയും ലക്ഷ്യം. പക്ഷേ, കമ്പനികൾ അതിന് തയ്യാറാകുമെന്ന് ഇതുവരെ ഉറപ്പായിട്ടില്ല. വിദഗ്ധർക്ക് നിക്ഷേപത്തോട് വിയോജിപ്പാണ്. 100 ബില്യനാണ് ട്രംപ് ആവശ്യപ്പെടുന്നത്. പക്ഷേ, അടിസ്ഥാന സൗകര്യങ്ങളടക്കം വികസിപ്പിച്ച്, എണ്ണഖനനം തുടങ്ങാൻ വർഷങ്ങളെടുക്കും, ലാഭം കിട്ടിത്തുടങ്ങാൻ പിന്നെയും സമയമെടുക്കുമെന്നാണ് വിദഗ്ധ പക്ഷം. അതുമാത്രമല്ല, രാഷ്ട്രീയ അസ്ഥിരത നിലനിൽക്കുന്ന രാജ്യത്ത് അത്രയും തുക നിക്ഷേപിക്കുന്നത് ബുദ്ധിമോശമാവുമെന്ന വിലയിരുത്തൽ വേറെ.
അമേരിക്കയുമായി ഇടയാൻ റോഡ്രിഗസ് തയ്യാറല്ല. അമേരിക്കയിൽ പോകേണ്ടി വന്നാൽ, തന്നെ വലിച്ചിഴച്ച് കൊണ്ടുപോവില്ല, നടന്നുതന്നെ പോകും എന്നാണ് റോഡ്രിഗസിന്‍റെ പക്ഷം. രാജ്യത്തിന് ഭീഷണിയാണ് തൽകാലം, അത് നേരിടാൻ ഐക്യത്തിലൂടെ തന്നെ പിന്തുണയ്ക്കൂവെന്ന് അവർ സ്വന്തം ജനതയോട് അഭ്യർത്ഥിച്ചിട്ടുമുണ്ട്.
സാമ്പത്തിക പരിഷ്കരണം, എണ്ണയിലെ വിദേശ നിക്ഷേപം ഒക്കെ ഈ വഴിക്ക് നടക്കും. ഡെൽസി റോഡ്രിഗസ് അതിനോട് എതിർപ്പ് കാണിച്ചേക്കില്ല. പകരം ഉപരോധങ്ങൾ പിൻവലിക്കാൻ കൂടി അമേരിക്ക തയ്യാറായാൽ പ്രത്യേകിച്ചും. പക്ഷേ, വിദഗ്ധർ മുന്നറിയിപ്പ് നൽകുന്ന മറ്റൊരു കാര്യമുണ്ട്. ജനാധിപത്യത്തിലേക്ക് ഒരു മാറ്റമാണ് അമേരിക്ക ആഗ്രഹിക്കുന്നതെങ്കിൽ, അതത്ര എളുപ്പമാകില്ല. അവിടെ പ്രശ്നങ്ങൾ തുടങ്ങും. അമേരിക്കയ്ക്ക് വഴങ്ങി ഭരിക്കാൻ റോഡ്രിഗസ് തയ്യാറാവും. മദൂറോയുടെ പടയാളികളും രാജ്യത്തുണ്ടെന്ന് പറയപ്പെടുന്ന സായുധ സംഘങ്ങളും, ഒതുങ്ങി നിൽക്കും. അവരുടെ കാര്യങ്ങൾ മുറപോലെ നടക്കുമെന്നുളളതുകൊണ്ട്. പക്ഷേ, ഭരണമാറ്റം നിർദ്ദേശിച്ചാൽ, ഇപ്പോഴുള്ള വെനിസ്വേലയായിരിക്കില്ല പിന്നെ. എല്ലാം കെട്ടഴിഞ്ഞു ചിതറും.
മൂന്ന് ഘട്ടങ്ങളായുള്ള പദ്ധതിയാണ് അമേരിക്കൻ വിദേശകാര്യ സെക്രട്ടറിയുടെ സ്വപ്നം. ആദ്യം സ്ഥിരതയും എണ്ണയും. പിന്നെ രാഷ്ട്രീയ തടവുകാരുടെ മോചനം, സമൂഹ പുനർനിർമ്മാണം. അതുകഴിഞ്ഞ്, മാറ്റം. അതെന്തു മാറ്റമെന്ന് റൂബിയോ വിശദമാക്കിയില്ല. ഭരണഘടനയനുസരിച്ച്, പ്രസിഡന്‍റിന് ഭരിക്കാൻ നിർവാഹമില്ലാത്ത അവസ്ഥയിലായാൽ, 30 ദിവസത്തിനകം തെരഞ്ഞെടുപ്പ് നടക്കണം. പക്ഷേ, തെരഞ്ഞെടുപ്പ് ഇപ്പോഴില്ലെന്നാണ് ട്രംപിന്‍റെ അറിയിപ്പ്. അങ്ങനെയെങ്കിൽ ലാഭം താൽകാലിക സർക്കാരിനും അമേരിക്കക്കും മാത്രം. ജനം പിന്നെയും കാഴ്ചക്കാരാകുകയല്ലേയെന്ന് ചോദിക്കുന്നു ജനാധിപത്യ വാദികൾ. അതൊരു ചോദ്യമായി തന്നെ അവശേഷിക്കുന്നു.