കൂടുതൽ ഇളവുകളുമായി ട്രംപ്, പക്ഷേ, ഇറാൻ നൽകിയത് ഒരൊറ്റ ഉറപ്പ് മാത്രം!

Published : Jun 22, 2026, 11:51 AM IST
US Iran ceasefire

Synopsis

അമേരിക്കൻ പ്രസിഡന്‍റ് ട്രംപ് ഇറാനുമായി ഒരു പുതിയ ധാരണാപത്രത്തിൽ ഒപ്പുവച്ചു, ഇത് ഇറാനോട് കൂടുതൽ ഇളവുകൾ നൽകുന്നതാണെന്ന് വിമർശനമുണ്ട്. ഹോർമൂസിലെ നിയന്ത്രണം, ഉപരോധം പിൻവലിക്കൽ എന്നിവയ്ക്ക് പകരമായി ആണവായുധം നിർമ്മിക്കില്ലെന്ന് ഇറാൻ ഉറപ്പുനൽകുന്നു. എന്നിരുന്നാലും, 14 ഇനങ്ങളുള്ള ഈ ധാരണയിലെ പല വ്യവസ്ഥകളിലും അവ്യക്തതകൾ നിലനിൽക്കുന്നു.

 

ഹോർമൂസ് ഇറാന്, ഡെമോക്ലീസിന്‍റെ വാളാകുമെന്ന് നേരത്തെ ഉറപ്പായതാണ്. MOU (Memorandum of Understanding) ഒപ്പിട്ട ശേഷം ലെബനണെ ചൊല്ലി ഇറാൻ, ഹോർമൂസ് പിന്നെയും അടച്ചു. ജനീവ ചർച്ചകൾക്ക് തിരിക്കുന്നതിന് തൊട്ടുമുൻപായിരുന്നു ഇതെല്ലാം. MOU -വിൽ തന്നെ സംശയങ്ങൾ പലതാണ്. അത് തീരും മുൻപാണ് ഇറാൻ പിന്നെയും ഇടഞ്ഞത

14 വ്യവസ്ഥകളുള്ള MOU. മെമ്മോറാണ്ടം ഓഫ് അണ്ടർസ്റ്റാൻഡിംഗ്. സ്വിറ്റ്സർലൻഡിൽ വെള്ളിയാഴ്ച ഒപ്പിടാനിരുന്ന ധാരണ, ജി 7 ഉച്ചകോടിക്കിടെ പാരിസിൽ വച്ച് ട്രംപ് ഒപ്പിട്ടു. അതോടെ പാകിസ്ഥാന് അന്താരാഷ്ട്ര വേദിയിൽ തിളങ്ങാനുള്ള അവസരം നഷ്ടപ്പെട്ടു. പക്ഷേ, ധാരണയിൽ അവ്യക്തതകളാണ് കൂടുതലും. ഒബാമയുടെ കാലത്തൊപ്പിട്ട ധാരണയെ കുറ്റം പറഞ്ഞിരുന്ന, അധികാരമേറ്റയുടൻ അതിൽ നിന്ന് പിൻമാറിയ ട്രംപ്, ഇപ്പോൾ ഒപ്പിട്ടിരിക്കുന്നത് ഇറാന് കൂടുതൽ ഇളവുകൾ നൽകുന്ന ധാരണയിലാണെന്നത് വിരോധാഭാസം. വിമർശനങ്ങൾ കടുത്തത്. പ്രത്യക്ഷത്തിൽ ആഘോഷിക്കുകയാണെങ്കിലും ഇറാനിൽ തീവ്രയാഥാസ്ഥിതികരുടെ എതിർപ്പും കടുത്തതാണ്. അമേരിക്കയുടെ അന്ത്യം പ്രഖ്യാപിച്ചവർക്ക് അമേരിക്കയുമായി ധാരണയൊപ്പിട്ടതിലാണ് അരിശം. രാജ്യത്തിന്‍റെ തകർച്ച അവർക്ക് വിഷയമല്ല. കുറച്ചൊരു മിതവാദിയായ പ്രസിഡന്‍റാണ് ധാരണയെ അനുകൂലിച്ചതും അതിന് വേണ്ടി വാദിച്ചതും.

തർക്ക വിഷയങ്ങൾ

ഹോർമൂസും ഇറാന്‍റെ ആണവ പദ്ധതിയും യുറേനിയം ശേഖരവുമായിരുന്നു പ്രധാന തർക്ക വിഷയങ്ങൾ. ഇളവുകൾക്ക് തയ്യാറല്ലെന്ന് അമേരിക്ക വാശിപിടിച്ചപ്പോൾ, വിട്ടുവീഴ്ചയില്ലെന്ന് ഇറാനും നിലപാടെടുത്തിരുന്നു. ഇസ്രയേലിന് യുദ്ധം അവസാനിപ്പിക്കുന്നതിനോട് തന്നെ താൽപര്യമുണ്ടായിരുന്നില്ല. ഒടുവിൽ നെതന്യാഹുവിനോട് അരിശപ്പെട്ടു ട്രംപ്. ധാരണയിലൊപ്പിട്ടു. പക്ഷേ, വടംവലിയിൽ ആര് ജയിച്ചുവെന്ന് ചോദിച്ചാൽ ബുദ്ധിമുട്ടും. ഉപരോധങ്ങൾ അവസാനിച്ചു, ഹോർമൂസിൽ നിയന്ത്രണം സ്വന്തമാക്കി, പണവും കിട്ടി. പകരം ഇറാൻ നൽകിയത് ആണവായുധം സ്വന്തമാക്കില്ല എന്ന ഉറപ്പ് മാത്രം. 300 ബില്യൻ ആരുനൽകുമെന്ന ചോദ്യത്തിന് ഇപ്പോഴും വ്യക്തമായ ഉത്തരമില്ല. എത്ര ഇഴകീറി പരിശോധിച്ചാലും അമേരിക്കയുടെ നേട്ടം ഇറാന്‍റെ വെറുമൊരു ഉറപ്പിലൊതുങ്ങുകയാണ്.

ധാരണ എന്തെല്ലാം കാര്യങ്ങളിൽ?

14 ഇന ധാരണയിലെ ആദ്യ വ്യവസ്ഥ എല്ലാ മുന്നണികളിലെയും സൈനിക നടപടി അവസാനിപ്പിക്കുന്നുവെന്നാണ്. ലബനണിലടക്കം. ഇനി പരസ്പരം ആയുധമെടുക്കില്ല എന്നുറപ്പുമുണ്ട്. പക്ഷേ, ലബനണിൽ പടവെട്ടുന്ന ഹെസ്ബുള്ളയെക്കുറിച്ചോ ഇസ്രയേലിനെക്കുറിച്ചോ പരാമർശമില്ല. ഹെസ്ബുള്ളയെ ആക്രമിച്ചതിന് ഇറാൻ, ഇസ്രയേലിൽ മിസൈൽ മഴയാണ് പെയ്യിച്ചത്. അതും ധാരണയ്ക്ക് തൊട്ടുമുമ്പ്. ലെബനണിന്‍റെ സുരക്ഷ, ഇറാൻ ഏറ്റെടുത്ത പോലെയാണ് ധാരണയിൽ ലബനണും ഉൾപ്പെടുത്തിയുള്ള വ്യവസ്ഥ. പക്ഷേ, കാര്യങ്ങൾ അങ്ങനെയല്ല, ഇറാൻ ഇനി ഹെസ്ബുള്ളയെപ്പോലെയുള്ള പ്രോക്സി സംഘടനകളെ സഹായിക്കില്ല എന്നാണർത്ഥമെന്ന് വൈസ് പ്രസിഡന്‍റ് ജെ ഡി വാൻസാണ് വ്യാഖ്യാനിച്ചത്. പരസ്പരം ആഭ്യന്തര വിഷയങ്ങളിൽ ഇടപെടില്ലെന്ന ഉറപ്പാണ് അടുത്ത വ്യവസ്ഥ. ഭരണമാറ്റം എന്ന ആഹ്വാനം നേരത്തെ അവസാനിപ്പിച്ചിരുന്നു ട്രംപ്.

ഹോർമൂസ് 30 ദിവസത്തിനകം പൂർണസുരക്ഷിതമാക്കുമെന്നാണ് ഇറാന്‍റെ ഉറപ്പ്. പകരം അമേരിക്ക നാവിക ഉപരോധം അവസാനിപ്പിക്കും. മേഖലയിലെ സൈനികരെയും പിൻവലിക്കും. പക്ഷേ, പിന്നെയാണ് യഥാർത്ഥ കഥാതന്തു. കപ്പലുകൾക്ക് സൗജന്യയാത്ര 60 ദിവസത്തേക്ക് മാത്രം.അതായത് അന്തിമ ധാരണയൊപ്പിടുന്നതുവരെ മാത്രമെന്ന്. അതിനുശേഷം ഇറാനും ഗൾഫ് രാജ്യങ്ങളും ചേർന്ന് പുതിയ സംവിധാനം നടപ്പിലാക്കും. അന്താരാഷ്ട്ര നിയമം പാലിച്ച് കൊണ്ട് എന്നാണ് കൂട്ടിച്ചേർക്കൽ. അന്താരാഷ്ട്ര പാതകളിൽ പരമാധികാരം ആർക്കുമില്ലെന്ന് നിയമം. കപ്പലുകൾക്ക് വാടക ചോദിക്കാനാണ് ഇറാന്‍റെ തീരുമാനമെങ്കിൽ അത് നിയമ ലംഘനം തന്നെയാവും. പക്ഷേ, അതാണ് ഇറാന്‍റെ നേരത്തെയുള്ള ആവശ്യം. ഗൾഫ് രാജ്യങ്ങൾക്ക് കടുത്ത എതിർപ്പുമായിരുന്നു. ധാരണ ഔദ്യോഗികമായി പുറത്തുവിടും മുമ്പ് തന്നെ വിവാദമായതാണ് 300 ബില്യണിന്‍റെ സഹായം. അതെവിടെനിന്ന്, എന്തിന്, ആര് നൽകും എന്നൊക്കെ ചോദ്യങ്ങൾ ഉയർന്നു. ധാരണയിൽ ഉത്തരമുണ്ടാവുമെന്ന് പ്രതീക്ഷിച്ചു. പക്ഷേ, അതുണ്ടായില്ല. പുനർനിർമ്മാണത്തിനും സാമ്പത്തിക വികസനത്തിനും പദ്ധതി, അത് നടപ്പാക്കുന്നതെങ്ങനെ എന്ന് അന്തിമധാരണയുടെ ഭാഗമായി തീരുമാനിക്കും. ചർച്ചകളിലൂടെയാണ് തീരുമാനം. അതിനായുള്ള സാമ്പത്തിക ഇടപാടുകൾക്ക് വേണ്ടുന്ന ഇളവുകൾ അമേരിക്ക സാധ്യമാക്കും. അതെല്ലാം ഗൾഫ് രാജ്യങ്ങളടക്കമുള്ളവരുടെ സ്വകാര്യ നിക്ഷേപം എന്നാണ് അമേരിക്കയുടെ വാദം. അതേസമയം ധാരണയിൽ അത്തരം വിവരങ്ങളൊന്നുമില്ല. എല്ലാം പ്രസിഡന്‍റ് ട്രംപ് പലപ്പോഴായി പറയുന്നത് മാത്രമാണ്.

കൂടുതൽ ഇളവുമായി ട്രംപ്

പിന്നത്തെ വ്യവസ്ഥയും വിമർശന വിധേയമാണ്. എല്ലാത്തരം ഉപരോധങ്ങളും പിൻവലിക്കുമെന്നാണ് വ്യവസ്ഥ. അതും അന്തിമധാരണയ്ക്ക് വിധേയമാണ്. അതിലെല്ലാം ചർച്ച നടക്കും ഉടൻതന്നെ. 1979 മുതൽ തുടങ്ങിയതാണ് ഉപരോധങ്ങൾ. ഇസ്ലാമിക വിപ്ലവം മുതൽ, എംബസി ഉപരോധവും ബന്ദിപ്രശ്നവും 'Death to America and Death to Israel' മുദ്രാവാക്യങ്ങളും ഒക്കെ തുടങ്ങിയ കാലത്ത്. ഒബാമയുടെ കാലത്ത് ഒപ്പിട്ട ധാരണയിൽ പോലും ഉപരോധങ്ങൾ പൂർണമായി പിൻവലിച്ചിരുന്നില്ല. ആണവപദ്ധതിയുമായി ബന്ധമുള്ള ഉപരോധം മാത്രമാണ് അന്ന് പിൻവലിച്ചത്. അധികാരത്തിലെത്തിയ ട്രംപ് ആദ്യം ചെയ്തത് അത് കീറിയെറിയലാണ്. ധാരണയിൽ നിന്ന് പിൻമാറുകയും ചെയ്തു. ഫ്രാൻസ് അടക്കമുള്ള രാജ്യങ്ങളുടെ അഭ്യർത്ഥന വകവയ്ക്കാതെ. ഇപ്പോൾ അതൊക്കെ മറികടന്നിരിക്കുന്നു ട്രംപിന്‍റെ ധാരണ. എണ്ണ വിൽക്കാനുള്ള ഉപരോധം, അന്താരാഷ്ട്ര ബാങ്കിംഗ് ഇടപാടുകൾക്കുള്ള ഉപരോധം എല്ലാം പിൻവലിക്കുകയാണ്. അതിൽ പലതും തടഞ്ഞത് ഹെസ്ബുള്ള - ഹമാസ് തുടങ്ങിയ പ്രോക്സികൾക്കുള്ള സഹായമെന്ന് ആരോപിച്ചാണ്. അപ്പോൾ ഇനി ഇറാന് വേണമെങ്കിൽ പരസ്യമായി തന്നെ സഹായം തുടരാമെന്നാണോ അർത്ഥമെന്നാണ് ചോദ്യം. ലബനണിലെ യുദ്ധം അവസാനിപ്പിക്കുന്നുവെന്നും ഇറാന്‍റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടില്ലെന്നുമുള്ള വ്യവസ്ഥകൾ ഇതുമായി കെട്ടുപിണഞ്ഞു കിടക്കുകയാണ്.

എല്ലാം ഇറാന്‍റെ ഒരൊറ്റ ഉറപ്പിൻ മേൽ

ഇറാന്‍റെ ആണവ പദ്ധതിയും യുറേനിയം ശേഖരവുമാണ് അടുത്ത വ്യവസ്ഥയുടെ വിഷയം. ആണവായുധം വാങ്ങുകയോ വികസിപ്പിക്കുകയോ ചെയ്യില്ലെന്ന് ഉറപ്പുനൽകിയിരിക്കുന്നു ഇറാൻ. അത് 8 -മത്തെ വ്യവസ്ഥയാണ്. ആദ്യത്തെ ഏഴ് വ്യവസ്ഥകളിൽ അമേരിക്ക നൽകിയ ഉറപ്പുകൾക്ക് പകരം ഇറാൻ നൽകിയ ഒരേ ഒരു ഉറപ്പാണിത്. അന്തിമ തീരുമാനം വരെ അമേരിക്ക പുതിയ ഉപരോധങ്ങൾ ഏർപ്പെടുത്തില്ല. ഇതൊക്കെയാണ് വ്യവസ്ഥയിൽ പറയുന്നത്. 2015 -ൽ ഒബാമ സർക്കാർ ഒപ്പിട്ട ധാരണയിൽ വെള്ളം ചേർത്ത് നേർപ്പിച്ച പോലെയാണെല്ലാം. ആണവ പദ്ധതി തുടരില്ലെന്ന് ഇറാൻ പറയുന്നില്ല. ആണവായുധം നിർമ്മിക്കില്ലെന്ന് ആണവ നിർവ്യാപന കരാറിൽ ഒപ്പിട്ടകാലത്ത് തന്നെ ഇറാൻ സമ്മതിച്ചതാണ്. അപ്പോൾ ഇനി ധാരണയിൽ പുതിയ വാഗ്ദാനങ്ങളില്ലെന്ന് വ്യക്തം. യുറേനിയം ശേഖരം തൽസ്ഥിതി തുടരും. അന്തിമധാരണയിലെ ചർച്ചകൾക്കൊപ്പം അതിലും തീരുമാനമുണ്ടാകും. ഭൂഗർഭത്തിലുള്ള യുറേനിയം ഉടനെ നീക്കം ചെയ്യാൻ അമേരിക്ക ശ്രമിക്കില്ലെന്നർത്ഥം. യുറേനിയം സമ്പുഷ്ടീകരണത്തിലും ചർച്ച നടക്കും.

അന്താരാഷ്ട്ര ബാങ്കിംഗ് ഇടപാടുകൾക്കും എണ്ണ കയറ്റുമതിയ്ക്കും അതുമായി ബന്ധപ്പെട്ട ഇടപാടുകൾക്കും തൽകാലം ഇളവാണ്, ഉപരോധം പതുക്കെ പിൻവലിക്കും. മരവിപ്പിച്ച ആസ്തികളും വിട്ടുകൊടുക്കാനാണ് ധാരണ. അതിനുള്ള നടപടിക്രമങ്ങളിലും ചർച്ച നടക്കും. 24 ബില്യണിന്‍റെ മരവിപ്പിച്ച ആസ്തി വിട്ടുകിട്ടണമെന്നത് ഇറാന്‍റെ പ്രധാന ആവശ്യമായിരുന്നു. പക്ഷേ, ശരിയായ തുക 124 ബില്യൻ എന്നാണ് ഇറാനിയൻ മാധ്യമങ്ങളുടെ കണക്ക്. ഇതെല്ലാം നടപ്പാകുന്നുവെന്ന് ഉറപ്പ് വരുത്താനും സംവിധാനമുണ്ടാകും. നിരീക്ഷണം എന്നർത്ഥം. അന്തിമ ധാരണയായാൽ അത് യുഎൻ സെക്യൂരിറ്റി കൌൺസിലിന്‍റെ പ്രമേയത്തോടെ നിയമ വിധേയമാക്കും.

 

നാളെ: ട്രംപ് - ഇറാൻ ധാരണകൾ എന്തെല്ലാം?

 

PREV
Read more Articles on
click me!

Recommended Stories

പണിതിട്ടും പണിതിട്ടും പണിതീരാത്തൊരു ബസലിക്ക ഒടുവിൽ, പണി തീരും മുമ്പൊരു കുർബാന
വടക്കൻ അയർലന്‍റിൽ ആവർത്തിക്കുന്ന കത്തി അക്രമണങ്ങൾ; പ്രതികൾ കുടിയേറ്റക്കാർ