ഗാസയുടെ കടൽത്തീരത്തെ റിയൽ എസ്റ്റേറ്റില്‍ കണ്ണ് വച്ച് ട്രംപ്; വെളുപ്പിച്ചെടുക്കാന്‍ പാടുപെട്ട് വൈറ്റ് ഹൗസ്

Published : Feb 10, 2025, 10:01 PM IST
ഗാസയുടെ കടൽത്തീരത്തെ റിയൽ എസ്റ്റേറ്റില്‍ കണ്ണ് വച്ച് ട്രംപ്; വെളുപ്പിച്ചെടുക്കാന്‍ പാടുപെട്ട് വൈറ്റ് ഹൗസ്

Synopsis

ഇസ്രയേലിന്‍റെ വെടിനിർത്തലിന് പിന്നാലെ ട്രംപ്, സ്വന്തം നിലയില്‍ ചില കാര്യങ്ങൾ വിളിച്ച് പറഞ്ഞ് തുടങ്ങിയിരിക്കുന്നു. അതിൽ പ്രധാനപ്പെട്ടത് ഗാസ, യുഎസ് ഏറ്റെടുക്കുകയാണെന്നതാണ്. ഒരു രാഷ്ടീയക്കാരനില്‍ നിന്നും മാറി വെറും ബിസിനസുകാരനായി ട്രംപ് പ്രവര്‍ത്തിക്കുന്നു. വായിക്കാം, ലോകജാലകം  ഗാസയിലെ ട്രംപ് താത്പര്യങ്ങൾ. 


ഡോണൾഡ് ട്രംപ് പിന്നെയും ലോകത്തെ ‌ഞെട്ടിച്ചു. ഞെട്ടിച്ചു എന്നത് ചെറിയ വാക്കാണ്. എന്താണ് സത്യത്തിൽ സംഭവിക്കുന്നതെന്ന് ആർക്കും മനസിലാകാത്ത ഒരു പ്രഖ്യാപനം. പണ്ടത്തെ പോലെ ആരോടും ചർച്ച ചെയ്യാതെ ഒരു പ്രഖ്യാപനം. പിന്നെ, ട്രംപ് സംഘത്തിന്‍റെ ജോലി, പണ്ടത്തെപ്പോലെ ‍ഡാമേജ് കൺട്രോളായി. ഗാസ അമേരിക്ക ഏറ്റെടുക്കും. എന്നിട്ട് വികസിപ്പിക്കും. ജനത്തെ ഈജിപ്തും ജോർദാനും ഏറ്റെടുക്കണം. വികസനം കഴിഞ്ഞാൽ അവരെ തിരിച്ചുവരാൻ അനുവദിക്കുമോ എന്ന് മാത്രം പറഞ്ഞില്ല. ഈജിപ്തും ജോർദാനും ഒറ്റയടിക്ക് തള്ളിക്കളഞ്ഞു. ട്രംപിന്‍റെ അബ്രഹാം അക്കോർഡ്സിൽ (Abraham Accords) ഇതുവരെ ഒപ്പിടാത്ത സൗദി അറേബ്യയും തള്ളിക്കളഞ്ഞു. വിമർശിക്കുകയും ചെയ്തു. പക്ഷേ, ഈ പ്രസ്താവനയ്ക്ക് പിന്നിലെന്ത് എന്നതാണ് കൗതുകകരമായ കാര്യം. വെറും കൗതുകമല്ല, അമ്പരപ്പോ, വിശ്വസിക്കാൻ ബുദ്ധിമുട്ടോ ഒക്കെ തോന്നാവുന്ന ഒരു വസ്തുത.

പ്രസിഡന്‍റിന്‍റെ പ്രഖ്യാപനം, തന്നെ കാണാനെത്തിയ ഇസ്രയേലി പ്രധാനമന്ത്രിയുമായി ചേർന്നു നടത്തിയ വാർത്താ  സമ്മേളനത്തിലാണ് ഉണ്ടായത്. പേപ്പറിൽ നിന്ന് നോക്കി വായിക്കുകയായിരുന്നു ട്രംപ്. ആദ്യം ‌ഞെട്ടിയത് വൈറ്റ് ഹൗസിലെയും സർക്കാരിലെയും മുതിർന്ന അംഗങ്ങളാണ്. ഒരു മുൻ ചർച്ചകളോ പരിഗണനയോ ഉണ്ടാകാതിരുന്ന പ്രഖ്യാപനം. നെതന്യാഹു അറിഞ്ഞിരുന്നോ എന്ന് വ്യക്തമല്ല. പക്ഷേ, ഒപ്പമുണ്ടായിരുന്ന ഇസ്രയേലി സംഘാംഗങ്ങൾ അറിഞ്ഞിരുന്നില്ല. പരിഗണിക്കാവുന്നതാണെന്ന് നെതന്യാഹു പ്രതികരിച്ചപ്പോൾ എങ്ങനെ, എന്ത് എന്ന് അമ്പരന്നത് വൈറ്റ്ഹൗസും പെന്‍റഗണും.

വെളുപ്പിച്ചെടുക്കാന്‍ വൈറ്റ്ഹൗസ്

സാധാരണ വിദേശനയത്തിലെ നിർദ്ദേശങ്ങളെന്തായാലും അതെത്ര ചെറുതായാലും അത് സ്വന്തം സർക്കാരുമായി , വിദേശ പ്രതിരോധ വകുപ്പുകളുമായി ചർച്ചചെയ്യും. എന്നിട്ടേ നിർദ്ദേശത്തിന്‍റെ കരട് തന്നെ തയ്യാറാക്കൂ. ഗാസ ഏറ്റെടുക്കൽ എന്നത് ചെറിയ കാര്യമല്ലെന്ന് വ്യക്തം. സൈന്യം, ചെലവ്, എങ്ങനെ നടപ്പാക്കുമെന്ന രൂപരേഖ. ഗാസയിലെ തകർന്ന കെട്ടിടങ്ങളുടെയും മറ്റും അവശിഷ്ടങ്ങൾ നീക്കം ചെയ്യാൻ തന്നെ മാസങ്ങളെടുക്കും. പൊട്ടാതെ കിടക്കുന്ന സ്ഫോടകവസ്തുക്കൾ കണ്ടെത്തണം, വെള്ളം , വൈദ്യുതി എന്നിവ പുനസ്ഥാപിക്കണം. സ്കൂളുകളും കടകളും ആശുപത്രികളും പുനർനിർമ്മിക്കണം. വർഷങ്ങൾ വേണ്ടി വന്നേക്കാം. ഇതിനെല്ലാം പുറമേ ഈ ഏറ്റെടുക്കൽ അന്താരാഷ്ട്ര നിയമ ലംഘനമല്ലേ എന്നാണ് ചോദ്യം. പക്ഷേ, ട്രംപ് ഒരിക്കലും അന്താരാഷ്ട്ര നിയമങ്ങൾക്ക് വഴങ്ങിയിട്ടില്ല.  അമേരിക്ക പ്രഥമപ്രധാനം. ബാക്കിയെല്ലാവരും അമേരിക്കയുടെ രക്തമൂറ്റിക്കുടിക്കുന്നു. അത് അവസാനിപ്പിക്കണം. എങ്ങനെയായാലും വേണ്ടില്ല എന്നതാണ് പ്രസിഡന്‍റെ നയം.

Read More: ബന്ദികളെ വിട്ടയക്കുമ്പോഴും പ്രകോപനം തുടർന്ന് ഹമാസ്; അസ്വസ്ഥതയോടെ ഇസ്രയേൽ

എല്ലാറ്റിനും മേലെ ഗാസക്കാരെ എങ്ങനെ, എങ്ങോട്ട് ഒഴിപ്പിക്കുമെന്നത്. ഒന്നും ചർച്ചചെയ്യാതെ, അത് പ്രായോഗികമാണോ എന്ന് പോലും നോക്കാതെ ഇങ്ങനെയൊരു പ്രഖ്യാപനം രാഷ്ട്ര തലവന്മാർക്ക് കഴിയുന്നതല്ല. സൗദി വരെ തിരിച്ചടിച്ചതോടെ ഡാമേജ് കൺട്രോളിംഗ് ഏറ്റെടുത്തത് വൈറ്റ്ഹൗസ് നേരിട്ട്. പ്രസ് സെക്രട്ടറി കരോലിൻ ലെവിറ്റ് (Karoline Leavitt)ആണ് ചുമതല ഏറ്റെടുത്തത്. താൽകാലികമായി ഒരു പുനരധിവാസം മാത്രമാണ് ട്രംപ് ഉദ്ദേശിച്ചത്. അതിന് വേണ്ടിവരുന്ന ചെലവോ ദീർഘകാല നിയന്ത്രണമോ പ്രസിഡന്‍റ് ഉദ്ദേശിക്കുന്നില്ല എന്ന് വ്യക്തമാക്കി ലെവിറ്റ്. സൈന്യത്തെ ഇറക്കുന്നതൊന്നും തീരുമാനമായിട്ടില്ല എന്നും.

വെടി നിർത്തലും
റിയൽ എസ്റ്റേറ്റ് താത്പര്യവും

പക്ഷേ, സ്വകാര്യ സംഭാഷണങ്ങളിൽ ഗാസ ഏറ്റെടുക്കൽ ട്രംപിന് വിഷയമായിത്തുടങ്ങിയിട്ട് കുറച്ചുനാളായി എന്നാണ് മാധ്യമ റിപ്പോർട്ടുകൾ.  അത് വെറുമൊരു ആശയം മാത്രമായിരുന്നു. ഒരു പ്രഖ്യാപനത്തിന് വേണ്ട രൂപരേഖ ഒന്നുമില്ലാത്ത ആശയം. അത് എരിഞ്ഞടങ്ങിത്തുടങ്ങി രണ്ട് ദിവസത്തിനകം എന്നാണ് പിന്നെ വന്ന റിപ്പോർട്ടുകൾ. എങ്കിലും ഇതിന് ട്രംപിനെ പ്രേരിപ്പിച്ച ഘടകം എന്ത് എന്നതാണ് ചിന്താവിഷയം.

ഒരു റിയൽ എസ്റ്റേറ്റ് അവസരമല്ലേ അമേരിക്കൻ പ്രസിഡന്‍റ് ഇതിൽ കണ്ടത് എന്നാണ് സംശയം. നയതന്ത്രം ട്രംപിന് പണ്ടേ അന്യമാണ്.  വിദേശനയത്തിലടക്കം. മുന്നറിയിപ്പ്, ഭീഷണി, നികുതികൂട്ടൽ, കരാറുകളിൽ നിന്ന് പിൻമാറൽ ഇതൊക്കെയാണ് ആദ്യ ഭരണ കാലാവധിയിലും ട്രംപ് സ്വീകരിച്ച മാ‍ർഗം. ഇത്തവണയും അതിന് മാറ്റമില്ല. അടിസ്ഥാനപരമായി അമേരിക്കൻ പ്രസിഡന്‍റ് ഒരു ബിസിനസുകാരനാണ്. കൊടുക്കൽ വാങ്ങൽ, അതിലെന്ത് ലാഭം, കൂടുതൽ ലാഭം എവിടെ? എങ്ങനെ? ഇതാണ് ചിന്തയുടെ രീതിയും. യുക്രെയ്ന്‍റെ പ്രകൃതി സ്രോതസുകൾ അമേരിക്കയ്ക്ക് നൽകണം, ഇത്രയും നാൾ നൽകിയ സഹായത്തിന് പകരം എന്ന ആവശ്യം  ഇതിന്‍റെ ഉദാഹരണമാണ്. അതുതന്നെയാണ് ഗാസയിലും സംഭവിച്ചതെന്ന് വേണം വിചാരിക്കാൻ.

പശ്ചിമേഷ്യ എന്ന റിയൽ എസ്റ്റേറ്റ്

ട്രംപിന്‍റെ പശ്ചിമേഷ്യൻ പ്രതിനിധി വിറ്റ്കോഫ് ( Steve Witkoff) റിയൽ എസ്റ്റേറ്റ് ഏജന്‍റാണ്. വിറ്റ്കോഫാണ് നെതന്യഹുവിനെ ഇപ്പോഴത്തെ വെടിനിർത്തലിലേക്ക് കൊണ്ടുവന്നത്. പക്ഷേ, അതെന്തുപറഞ്ഞ് പ്രലോഭിപ്പിച്ചിട്ടാവണം എന്നൊരു സംശയം തോന്നിയാൽ  അതിൽ തെറ്റുപറയാനില്ല. ഗാസയിൽ നിന്ന് എല്ലാവരെയും ഒഴിപ്പിക്കുക എന്നത് നെതന്യാഹുവിന്‍റെ സ്വപ്നമാണ്. അക്കൂട്ടത്തിൽ ഹമാസും പോകുമല്ലോ. ഇസ്രയേലിന് പിന്നെ ഭീഷണികളില്ല. അത് ട്രംപ് മുന്നോട്ടുവച്ചാൽ , പിന്നെ വരുന്നതെന്തായാലും നെതന്യാഹുവിന് അത് സ്വീകാര്യമാവും.

Read More:  തകർന്ന് വീഴുന്ന അമേരിക്കന്‍ വിമാനങ്ങളും ട്രംപിന്‍റെ വിചിത്ര കണ്ടെത്തലും

ട്രംപിന്‍റെ ആദ്യഭരണ കാലത്തെ പശ്ചിമേഷ്യൻ പ്രതിനിധി സ്വന്തം മരുമകൻ ജാരെഡ് കുഷ്നെറായിരുന്നു. മറ്റൊരു റിയൽ എസ്റ്റേറ്റ് നിക്ഷേപകൻ. കുഷ്നെറും ഗാസയുടെ സാധ്യതകളെക്കുറിച്ച് കഴിഞ്ഞ വർഷം ഹാർവേ‍ഡ് യൂണിവേഴ്സിറ്റിക്കുനൽകിയ അഭിമുഖത്തിൽ പറ‍ഞ്ഞിരുന്നു. കടൽത്തീരമാണ് ആകർഷണം . ജനങ്ങളെ അവിടെ നിന്ന് മാറ്റുക. ഗാസ വികസിപ്പിക്കുക. ടൂറിസ്റ്റ് കേന്ദ്രമാക്കുക. പിന്നെ, ജനങ്ങൾക്ക് തിരിച്ചുവരാം. ഉപജീവന മാർഗം വിനോദ സഞ്ചാരമാകാമെന്നാണ് കുഷ്നെർ പറഞ്ഞതിന്‍റെ ആകെത്തുക. വളരെ പ്രായോഗികം എന്ന മട്ടിലാണ് കുഷ്നെർ പറഞ്ഞത്. ഗാസക്ക് അങ്ങനെ വലിയൊരു ചരിത്ര പ്രാധാന്യമില്ല. പല ഗോത്രങ്ങൾ താമസിച്ച സ്ഥലം. പല രാജ്യങ്ങളുടെ കീഴിലായിരുന്ന പ്രദേശം. യുദ്ധമാണ് ഗാസയ്ക്ക് പ്രാധാന്യം നൽകിയത്. അവിടെയുള്ളവരെ വേണമെങ്കിൽ നെഗെവ് മരുഭൂമിയിലും (Negev desert) പുനരധിവസിപ്പിക്കാം. പലസ്തീൻ രാജ്യമെന്ന പരിഹാരത്തോടും കുഷ്നെർക്ക് യോജിപ്പില്ല.

ട്രംപിനെ പിന്തുണക്കുന്നവർ വേറെയുമുണ്ട്. ആദ്യഭരണകാലത്ത് ഇസ്രയേലിലേക്കുള്ള അമേരിക്കൻ അംബാസിഡറായിരുന്ന ഡേവിഡ് ഫ്രീഡ്മാൻ (David D. Friedman) ഗാസ ഏറ്റെടുക്കലിനെ പിന്തുണക്കുന്നു. 25 മൈൽ നീളമുള്ള, സൂര്യാസ്തമനം കാണാനാകുന്ന കടൽത്തീരം  ഫ്രീഡ്മാനും ഒരു വലിയ സാധ്യതയായി കാണുന്നു.

എതിർപ്പുകളും മറുപടികളും

ബരാക് ഒബാമയുടെ മുൻ ഉദ്യോഗസ്ഥർ പലരും ഈ ആശയത്തെ അതികഠിനമായ എതിർത്തു. കലാപമായിരിക്കും ഫലം എന്നായി. പക്ഷേ, അമേരിക്കൻ എംബസി ജറുസലേമിലേക്ക് മാറ്റിയപ്പോൾ അത് കലാപകാരണമാകും എന്ന് മുന്നറിയിപ്പ് നൽകിയ കൂട്ടരല്ലേ, അത് സംഭവിച്ചില്ലല്ലോ എന്നാണ് ട്രംപ് സംഘത്തിന്‍റെ മറുചോദ്യം. ഗൾഫ്, ഇസ്രയേൽ ബന്ധം മെച്ചപ്പെടുത്തിയ അബ്രഹാം അക്കോർഡ്സിന്‍റെ ശിൽപിയും ട്രംപാണ്.  അത് മുന്നോട്ട് കൊണ്ടുപോകാൻ ബൈഡൻ സർക്കാർ ശ്രമിച്ചെങ്കിലും ഫലിച്ചില്ലല്ലോ എന്നുമുണ്ട് കുറ്റപ്പെടുത്തൽ.

പക്ഷേ, ഗാസയിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നത് തന്നെ നടക്കാത്ത കാര്യമാണ്. കുറേപ്പേർ പോയി. ചിലർക്ക് തിരിച്ചുവരാൻ താൽപര്യമുണ്ടാവില്ല. മറ്റുള്ളവർ അങ്ങനെയാവില്ല. 1948 -ലെ ഇസ്രയേൽ രൂപീകരണ കാലത്ത് കുടിയൊഴിപ്പിക്കപ്പെടുകയോ പലായനം ചെയ്യുകയോ ചെയ്തവരുടെ പിൻമുറക്കാരാണ് ഗാസയിൽ വലിയൊരു പക്ഷം. നഖ്ബ എന്നവർ വിളിക്കുന്ന കുടിയൊഴിപ്പിക്കൽ അവർക്ക് ഉണങ്ങാത്ത മുറിവാണ്. ഇനിയൊരു കുടിയൊഴിപ്പിക്കൽ അവർ സഹിക്കില്ല, ചെറുക്കും. തുരങ്കമോ റെയിൽവെയോ നിർമ്മിച്ച് ഗാസയെയും വെസ്റ്റ് ബാങ്കിന്‍റെ ഭാഗമാക്കാമെന്ന് 2020 -ലെ സമാധാന നിർദ്ദേശത്തിൽ ട്രംപ് പറഞ്ഞിരുന്നു. അതിന്‍റെ നേർവിപരീതമാണ് ഇപ്പോൾ പറയുന്നത്.

Read More:  തീവ്ര വലതുപക്ഷത്തിന് വേണ്ടി മസ്ക്; അസ്വസ്ഥതയോടെ യൂറോപ്പ്

എളുപ്പമല്ല, ഗാസ

1967 ലെ യുദ്ധത്തിനു് മുമ്പ് ഗാസ ഈജിപ്തിന്‍റെ അധീനതയിലായിരുന്നു. പിന്നെ ഇസ്രയേൽ പിടിച്ചെടുത്തു. അതുപക്ഷേ, അന്താരാഷ്ട്ര നിയമത്തിന് വിരുദ്ധമാണ്. അധിനിവേശം എന്ന വ്യാഖ്യാനം പക്ഷേ, ഇസ്രയേൽ തള്ളുന്നു. ഗാസയിൽ നിന്ന് തങ്ങൾ 2006 -ൽ പിൻമാറിയെന്നും അധിനിവേശം ഇല്ലെന്നുമാണ് വാദം. പിൻമാറിയെന്നത് സത്യമാണ്. പക്ഷേ, അതിർത്തികൾ ഇപ്പോഴും ഗാസയ്ക്ക് സ്വന്തമല്ല. 2006 -ൽ ഹമാസ് പിടിച്ചെടുത്തതോടെ ഈജിപ്തും ഇസ്രയേലും ഗാസയ്ക്ക് ഉപരോധം ഏ‌ർപ്പെടുത്തി. സുരക്ഷാ കാരണങ്ങൾ പറഞ്ഞ്. അതിർത്തി കടക്കാൻ ഇസ്രയേലിന്‍റെ അനുവാദം വേണം. വിമാനത്താവളം തുറന്നിരുന്നു, 1998 -ൽ. അത് രണ്ടാമത്തെ പലസ്തീൻ പ്രക്ഷോഭകാലത്ത് ഇസ്രയേൽ തകർത്തു.

ഇസ്രയേൽ നീക്കം

'പറഞ്ഞു' എന്നല്ലാതെ ഗാസ ഏറ്റെടുക്കൽ എളുപ്പമല്ല എന്നാണ് വിദഗ്ധ പക്ഷം. ഗ്രീൻലന്‍റ് വേണം. കാനഡ വേണം എന്നൊക്കെ പറയുന്നത് പോലെ ഒരാശയം മാത്രം എന്നും. യുദ്ധമോ അധിനിവേശമോ താൽപര്യമില്ല എന്ന പ്രഖ്യാപനത്തിനും ഏതിരാകും അത്. അമേരിക്കൻ പട്ടാളം ഇപ്പോഴുണ്ട് ഗാസയിൽ. ഒരു സുരക്ഷാ സ്ഥാപനം മുൻ സൈനികരെ നിയോഗിച്ചിട്ടുണ്ട്,  തെക്കൻ ഗാസയിൽ. വടക്കൻ ഗാസയിലേക്ക് ആയുധക്കടത്ത് നടക്കുന്നില്ല എന്നുറപ്പ് ഉറപ്പു വരുത്താൻ. ഈജിപ്ഷ്യൻ സൈന്യവുമുണ്ട് ഇതേ സ്ഥലത്ത്. വെടിനിർത്തലിനോട് അനുബന്ധിച്ച് പല പദ്ധതികൾ ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. പലസ്തീൻ അഥോറിറ്റിയുടെ നിയന്ത്രണം, ഹമാസ് - ഫത്താ സംയുക്ത നിയന്തണം, അന്താരാഷ്ട്ര സമാധാന സേന. ഒന്നും നടപ്പായിട്ടില്ല. പലസ്തീൻ അഥോറിറ്റിയെ ഏൽപ്പിക്കില്ല എന്നാണ് നെതന്യാഹുവിന്‍റെ പരസ്യ നിലപാട്. രഹസ്യമായി ചർച്ചകൾ നടന്നു എന്നാണ് റിപ്പോർട്ടെങ്കിലും.

പക്ഷേ, ട്രംപിന്‍റെ പ്രഖ്യാപത്തിന് പിന്നാലെ ഗാസ വിട്ടുപോകാൻ താൽപര്യമുള്ളവരെ ഒഴിപ്പിക്കാനുള്ള പദ്ധതി തയ്യാറാക്കാൻ ഇസ്രയേലി പ്രതിരോധ മന്ത്രി സൈന്യത്തോട് നിർദ്ദേശിച്ചു. സ്പെയിൻ, അയർലൻഡ്, നോർവേ തുടങ്ങി തങ്ങളുടെ സൈനിക നടപടിയെ വിമർശിച്ച രാജ്യങ്ങൾക്ക് അവരെ പുനരധിവസിക്കാനുള്ള ബാധ്യതയുണ്ടെന്നും ഇസ്രയേലി പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് (Israel Katz) കൂട്ടിചേർത്തു. ട്രംപിന്‍റെ പ്രഖ്യാപനം വേറെയാരും ഏറ്റെടുത്തില്ലെങ്കിലും ഇസ്രയേലിലെ തീവ്രവലത് പക്ഷം ഏറ്റെടുത്തെന്ന് ചുരുക്കം.

PREV
Read more Articles on
click me!

Recommended Stories

അതി‍ർത്തിയിൽ പടക്കപ്പലുകൾ; വെനിസ്വേലയുടെ എണ്ണയിൽ കണ്ണുവച്ച് ട്രംപിന്‍റെ നീക്കം
വയസ് 16 ആണോ? സോഷ്യൽ മീഡിയ വേണ്ടെന്ന നിയമവുമായി ഓസ്ട്രേലിയ