
ഗാസ വെടിനിർത്തൽ ധാരണ അനുസരിച്ച് ബന്ദികളെയും തടവുകാരെയും പരസ്പരം കൈമാറുന്ന നടപടി തുടരുകയാണ് ഇസ്രയേലും ഹമാസും. പക്ഷേ, അതിലൊരു ദിവസം ബന്ദികളെ മോചിപ്പിച്ച ദൃശ്യങ്ങൾ ഇസ്രയേലിനെ ഞെട്ടിച്ചു. അതോടെ അന്നത്തെ പലസ്തീനി തടവുകാരുടെ മോചനം നീട്ടിവച്ചു ഇസ്രയേൽ. ഇനി ഇങ്ങനെ ഒരു സംഭവം ആവർത്തിക്കരുതെന്ന് ഉറപ്പ് കിട്ടണമെന്നും പ്രഖ്യാപിച്ചു. ബന്ദികളുടെ മോചനദൃശ്യം കണ്ട ഇസ്രയേലികളുടെ മനസിൽ പഴയൊരു ഓർമ്മയുടെ ഉണങ്ങാതെ കിടന്ന മുറിവിലും ചോര പൊടിഞ്ഞു.
മൂന്ന് ഇസ്രയേലികളെയും 5 തായ്‍ലൻഡ് സ്വദേശികളെയുമാണ് ഹമാസ് മോചിപ്പിച്ചത്. പകരം 110 പലസ്തീനി തടവുകാരെ ഇസ്രയേലും. പക്ഷേ, ഇസ്രയേലി തടവുകാരെ മോചിപ്പിച്ച ദൃശ്യങ്ങളാണ് ഇസ്രയേലിനെ ഞെട്ടിച്ചത്. ഹമാസിന്‍റെ ശക്തിപ്രകടനമാണ് നടന്നത്. ഒരു കൈമാറ്റം നടന്നത് ഇസ്രയേൽ വധിച്ച ഹമാസ് നേതാവ് യഹ്യ സിൻവറിന്‍റെ തകർന്ന വിടിന് മുന്നിൽ. ജബല്യയിൽ വിട്ടയച്ചത് അഗം ബെർഗർ (Agam Berger) എന്ന സൈനികയെയാണ്. അതൊരു നാടകം പോലെ അരങ്ങേറി. ഹമാസിന്‍റെയും തിങ്ങിനിറഞ്ഞ ജനക്കൂട്ടത്തിനും ഇടയിൽ കൂടി പ്രദർശിപ്പിച്ച് കൊണ്ടുപോയി റെഡ്ക്രോസിന് കൈമാറി. അതുതന്നെ അമ്പരപ്പിക്കുന്നതായിരുന്നു.
ഖാൻ യൂനിസിൽ നടന്ന മറ്റ് ഏഴ് പേരുടെ കൈമാറ്റ ദൃശ്യങ്ങൾ ശരിക്കും ഞെട്ടിച്ചു. അർബെൽ യാഹൂദ് (Arbel Yehoud) എന്ന 29 -കാരി നടന്നുനീങ്ങിയത് തോക്കും മാസ്കുമിട്ട ഹമാസിന്‍റെ ഇടയിൽ കൂടി. അതിന് ചുറ്റും ഇരമ്പിയാർക്കുന്ന ജനക്കൂട്ടം. ഉന്തിയും തള്ളിയും രസിക്കുന്ന ജനക്കൂട്ടത്തിന് ഇടയിൽ കൂടി ഭയന്ന മുഖവുമായി, നടക്കാൻ തന്നെ പ്രയാസപ്പെടുന്ന അർബൽ. 2023 ഒക്ടോബർ 7 -ന് വീട്ടിൽ നിന്ന് പലസ്തീൻ ഇസ്ലാമിക ജിഹാദ് എന്ന സംഘടന തട്ടിക്കൊണ്ട് പോയതാണ് അർബലിനെ. അതേപോലെയാണ് 80 -കാരനായ ഗാഡി മോശെ മോസസിനെയും (Gadi Moshe Mozes) തായ് സ്വദേശികളെയും വിട്ടയച്ചത്. അത്രയും ഭീകരമായിരുന്നില്ല എന്ന് മാത്രം.
ഒരു പഴയ ഓർമ്മ
ഈ ദൃശ്യങ്ങൾ ഇസ്രയേലിനെ ഓർമ്മിപ്പിച്ചത് 2000 -ലെ ആൾക്കൂട്ടക്കൊലപാതകമാണ്. രണ്ട് ഇസ്രയേലി സൈനികർ അതിർത്തി കടന്ന് റമല്ലയിലേക്ക് വാഹനമോടിച്ച് കയറ്റി. ചെന്നുപെട്ടത് ഇസ്രയേലി സൈന്യത്തിന്‍റെ വെടിയേറ്റ് മരിച്ച 17 -കാരന്‍റെ മൃതദേഹം വഹിച്ചുള്ള വിലാപ യാത്രയിൽ. ഇരുവരെയും പിടികൂടിയ പലസ്തീൻ ജനക്കൂട്ടം അടിച്ചും കുത്തിയും കെട്ടിടത്തിന്‍റെ രണ്ടാംനിലയിൽ നിന്ന് വലിച്ചെറിഞ്ഞ് കൊന്നു. ഒരു പ്രകോപനം ഉണ്ടാകാതിരിക്കാൻ ശ്രമിച്ചിരുന്ന ഇസ്രയേലി പ്രധാനമന്ത്രി യഹൂദ് ബാരക് അതോടെ കൃത്യമായ ലക്ഷ്യങ്ങൾ അടയാളപ്പെടുത്തി ഹെലികോപ്ടറുകൾ അയച്ചു. അതിലൊന്ന് യാസർ അറഫാത്തിന്‍റെ ഗാസ ആസ്ഥാനത്തിന് തൊട്ടടുത്തായിരുന്നു.
ഈ കൊലപാതകത്തിന്‍റെ ദൃശ്യങ്ങൾ ഇസ്രയേൽ മറന്നിട്ടില്ല. അർബൽ എന്ന 29 -കാരി കഷ്ടിച്ചാണ് ജീവനും കൊണ്ട് രക്ഷപ്പെട്ടത് എന്ന് ഈ പഴയ സംഭവം അവരെ ഓർമ്മിപ്പിച്ചു. അതുമാത്രമല്ല, ഹമാസിനെയും മറ്റ് ഭീകര സംഘടനകളെയും ഏതാണ്ട് തകർത്തു എന്ന ഇസ്രയേലിന്‍റെ പ്രഖ്യാപനത്തിനുള്ള മറുപടി കൂടിയായിരുന്നു ഈ ഇരമ്പിയാർക്കുന്ന ജനസമുദ്രം. ഹമാസിനുള്ള പിന്തുണ ഒട്ടും കുറഞ്ഞിട്ടില്ലെന്ന പ്രഖ്യാപനം കൂടിയായി അത്. ആസൂത്രിതമാണോ എന്നതിൽ ഉറപ്പൊന്നുമില്ലെങ്കിലും.
Read More: തീവ്ര വലതുപക്ഷത്തിന് വേണ്ടി മസ്ക്; അസ്വസ്ഥതയോടെ യൂറോപ്പ്
അസ്വസ്ഥതയോടെ ഇസ്രയേൽ
എന്തായാലും ദൃശ്യങ്ങൾ കണ്ട നെതന്യാഹു മാത്രമല്ല, തീവ്രപക്ഷക്കാരനായ ധനമന്ത്രി ബെസലേൽ സ്മോട്രിച്ചും (Bezalel Smotrich) കലിതുള്ളി. ധാരണ തന്നെ മണ്ടത്തരം. യുദ്ധം പുനരാരംഭിക്കണം എന്ന് പ്രഖ്യാപിച്ചു. 8 പേർക്ക് പകരം ഇസ്രയേൽ വിട്ടയച്ച 110 പലസ്തീൻ തടവുകാരിൽ 30 കുട്ടികളുമുണ്ടായിരുന്നു. ഗുരുതര കുറ്റങ്ങൾ ചുമത്തിയ ചിലരെ ഈജിപ്തിലേക്കാണ് വിട്ടത്. 110 -ൽ ഒരാൾ ഫത്താ പാർട്ടിയുടെ അൽ അഖ്സ ബ്രിഗേഡ്സ് (Al-Aqsa Martyrs Brigades) എന്ന സായുധ വിഭാഗം നേതാവിയായ സക്കറിയ സുബൈദി (Zakaria Zubeidi) ആണ്. ഇസ്രയേലിട്ടിരിക്കുന്ന പേര് 'കറുത്ത എലി' എന്നാണ്. 14 വയസിൽ ആദ്യം അറസ്റ്റിലായി. പിന്നെ പലതവണ.
2021 -ൽ ജയിൽ ഭേദിച്ച് രക്ഷപ്പെട്ടു പിന്നെയും അറസ്റ്റിലായെന്ന് മാത്രം. ശനിയാഴ്ച ഹമാസ് വിട്ടയച്ചത് 3 പേരെയാണ്. അതിൽ ഹമാസിന്‍റെ ഏറ്റവും കുഞ്ഞ് ബന്ദി, 10 മാസക്കാരൻ കെഫിറിന്‍റെ (Kfir) അച്ഛനുമുണ്ട്. കെഫിറിന് ഇപ്പോൾ രണ്ട് വയസായിട്ടുണ്ടാവും, ജീവിച്ചിരിപ്പുണ്ടെങ്കിൽ. സഹോദരൻ ഏരിയലിന് അന്ന് നാല് വയസ് ഇപ്പോൾ 5. കുഞ്ഞുങ്ങളെയും അവരുടെ അമ്മയെയും കൊണ്ടുപോയി ഹമാസ്. മൂന്നുപേരുടെയും അവസ്ഥ എന്തെന്ന് അറിയില്ല. 18 ബന്ദികൾക്ക് പകരം ഇസ്രയേൽ വിട്ടയച്ചത് 400 തടവുകാരെയാണ്. പലരും വെസ്റ്റ്ബാങ്കിലേക്കും കിഴക്കൻ ജറുസലേമിലേക്കും ഗാസയിലേക്കും മടങ്ങി. ഗുരുതര കുറ്റം ചുമത്തപ്പെട്ടവരെ നാടുകടത്തി.
Read More: ട്രംപിന് മേൽക്കൈ; ഗാസയിൽ വെടി നിർത്തൽ ധാരണ, സമാധാനം
ഗാസയിൽ ഇപ്പോഴും സ്ഥിതി മോശമാണ്. ഹമാസിന്‍റെ കൈമാറ്റ നാടകങ്ങൾ ഒരുവശം മാത്രമേ ആകുന്നുള്ളൂ. മറുവശം മറ്റൊന്നാണ്. ധാരണയെ തുടർന്ന് സഹായമെത്തുന്നുണ്ട്. പക്ഷേ, തകർന്ന ആശുപത്രികളിൽ ചികിത്സാ സൗകര്യമില്ലാതെ അതിർത്തി കടന്നുപോകാൻ അനുമതി കാത്തുകിടക്കുന്നവരുണ്ട്. അക്കൂട്ടത്തിൽ ഒരു രണ്ട് വയസുകാരിയും. പ്രോട്ടീൻ സിയുടെ കുറവ് കാരണമുള്ള അപൂർവരോഗം. കൈയിലും കാലിലും രക്തം കട്ടപിടിച്ചു കഴിഞ്ഞു. അത് പടർന്ന് കയറുകയാണ്. എത്രയും വേഗം മികച്ച ചികിത്സ കിട്ടിയില്ലെങ്കിൽ ദിവസങ്ങൾക്കകം മരണം. അതാണ് ഡോക്ടർമാർ സിഎന്‍എന്‍ പ്രതിനിധിയോട് പറഞ്ഞത്. അനുമതി കിട്ടിയതാണ്. പക്ഷേ, എന്തുകൊണ്ടോ നീട്ടിവച്ചു. ചികിത്സ വേണ്ടുന്ന 2,500 ഓളം കുട്ടികളിൽ ഒരാൾ മാത്രമാണ് നിമിഷം തോറും മരിച്ചുകൊണ്ടിരിക്കുന്ന ഈ രണ്ട് വയസുകാരി. അത് ദുരന്തത്തിന്‍റെ ആഘാതം വ്യക്തമാക്കുന്നു.