യൂറോപ്പിനെ ലക്ഷ്യമിട്ട് മസ്കിന്റെ 'മേക്ക് യൂറോപ്പ് ഗ്രേറ്റ് എഗെയ്ൻ' മുദ്രാവാക്യം വിവാദമാകുന്നു. തീവ്ര വലതുപക്ഷ പോപ്പുലിസത്തോടുള്ള മസ്കിന്റെ താൽപര്യവും എക്സിലെ തെറ്റായ വാർത്തകളുടെ പ്രചാരണവും ആശങ്ക ഉയർത്തുന്നു. എക്സിനെതിരെ അന്വേഷണം ഊർജിതമാക്കി യൂറോപ്യൻ യൂണിയനും. വായിക്കാം ലോകജാലകം
എലോൺ മസ്ക് യൂറോപ്പിനെ ലക്ഷ്യമിട്ടിരിക്കയാണ്. ബ്രിട്ടിഷ് പ്രധാനമന്ത്രിക്കെതിരെ ആരോപണങ്ങൾ, ജർമ്മനിയുടെ തീവ്ര വലതിന് പിന്തുണ, പോരാത്തതിന് മുദ്രാവാക്യമായി മുഴക്കുന്നത് 'മേക്ക് യൂറോപ്പ് ഗ്രേറ്റ് എഗെയ്ൻ' (Make Europe Great Again) എന്നാണ്. 14 വർഷമായി ഹംഗറിയുടെ പ്രധാനമന്ത്രിയായി തുടരുന്ന വിക്ടർ ഓർബന്‍റെയും (Viktor Orban) മുദ്രാവാക്യം ഇതായിരുന്നു. അത് കഴിഞ്ഞ വർഷം. തീവ്ര വലതുപക്ഷ പോപ്പുലിസ്റ്റ് (Right-wing populism) നേതാവാണ് ഓർബനും. യൂറോപ്യൻ യൂണിയനുള്ളിൽ നിലകൊള്ളാൻ തന്നെ താൽപര്യമില്ലാത്ത നേതാവ്.
'രാഷ്ട്രീയത്തിൽ താൽപര്യമേയില്ല, അതിൽ തലയിടില്ലെന്ന്' മസ്ക് 2021 -ൽ പറഞ്ഞിരുന്നു. അന്ന് അത് 'ട്വിറ്ററി'ലാണ്. ഇന്നത് 'എക്സാ'ണ്. മസ്കാണ് ഉടമ. 44 ബില്യൻ കൊടുത്തു വാങ്ങിയ സ്ഥാപനം കൊണ്ട് ആഗോള സ്വാധീനം നേടിയെടുക്കാനാണ് ഇപ്പോൾ മസ്കിന്‍റെ ശ്രമമെന്ന് നിരീക്ഷകർ പറയുന്നു. താനാണ് ട്രംപിന്‍റെ രണ്ടാം വിജയം ഉറപ്പാക്കിയതെന്നും മസ്ക് വിശ്വസിക്കുന്നു. 25 മില്യൻ ചെലവാക്കിയത് വെറുതേയല്ലല്ലോ. രണ്ടാം ട്രംപ് സർക്കാരില്‍ 'ഡോജ്' (Department of Government Efficiency - DOGE) എന്ന വകുപ്പിന്‍റെ മേധാവിയായതും വെറുതേയല്ല.
പക്ഷേ, മസ്കിന്‍റെ യൂറോപ്പിനോടുള്ള താൽപര്യം എന്തെന്ന് യൂറോപ്പിനും മനസിലാകുന്നില്ല. അതും ബ്രിട്ടനോട്, ജർമ്മനിയോട് ഒക്കെയാണ് താൽപര്യം. എല്ലാ രാജ്യങ്ങളോടുമില്ല. ബ്രിട്ടനിലെ കെയ്ർ സ്റ്റാർമറിനെ 'EVIL' എന്ന് വിളിച്ച മസ്ക് , ജയിലിലുള്ള തീവ്രവലതുപക്ഷ പ്രവർത്തകന്‍റെ മോചനവും ആവശ്യപ്പെട്ടു.

Read More:അനധികൃത സ്വർണ്ണ ഖനികളില്‍ ഒരു ദക്ഷിണാഫ്രിക്കന്‍ ഭരണകൂട 'കൂട്ടക്കൊല'
'മസ്ക്' എന്ന വിശ്വാസം
പറഞ്ഞുവരുമ്പോൾ ട്രംപിന്‍റെ അതേ സ്വഭാവമാണ് മസ്കിനും എന്നാണ് നിരീക്ഷപക്ഷം. സ്വന്തം അഭിപ്രായങ്ങൾ മാത്രം ശരിയെന്ന് വിശ്വസിക്കുക. അത് വിളിച്ച് പറഞ്ഞ് മറ്റ് ആളുകളെയും വിശ്വസിപ്പിക്കാൻ ശ്രമിക്കുക. അതാണ് രണ്ടുപേരുടെയും സ്വഭാവം. പക്ഷേ, ഈ സ്വഭാവം കാരണം തെറ്റായ വാർത്തകളുടെ ഒരു കുത്തൊഴുക്കാണ് എക്സിലിപ്പോൾ. ആർക്കും എന്തും വിളിച്ചു പറയാം. അത് തെറ്റോ, ശരിയോ എന്നന്വേഷിച്ച് നടക്കുന്നു മുഖ്യധാരാ മാധ്യമങ്ങൾ. മസ്കിനെ സംബന്ധിച്ച് ആയുധമാണിപ്പോൾ എക്സ്.
കുഴഞ്ഞുമറിഞ്ഞ പ്രശ്നങ്ങളുള്ള രാജ്യങ്ങളിൽ ഇടപെട്ട് എല്ലാം ശരിയാക്കാമെന്ന അമിതമായ ആത്മവിശ്വാസത്തിന് എന്ത് പരിഹാരം? എന്ന് ആർക്കും മനസിലാകുന്നില്ല. ട്രംപ് അമേരിക്കൻ പ്രസിഡന്‍റാണ്. പക്ഷേ, മസ്ക് ഒരു വ്യവസായി മാത്രമാണ്. ട്രംപിനോടുള്ള അടുപ്പം കാരണം തൽകാലം ആരും മസ്കിനെ എതിർക്കില്ല. പക്ഷേ, അധികനാൾ അതങ്ങനെ മുന്നോട്ട് പോകില്ലെന്നും പറയുന്നുണ്ട് പലരും. പക്ഷേ, മസ്കിന്‍റെ അഭിപ്രായങ്ങൾ കേൾക്കുന്നവരുണ്ട്. സത്യമെന്ന് വിചാരിക്കുന്നവരുമുണ്ട്. ആരാധിക്കുന്നവരുണ്ട്. അവിടെയാണ് അപകടം.

Read More: പശ്ചിമേഷ്യയിൽ സമാധാനം കൊണ്ടുവന്ന യുഎസ് പ്രസിഡന്‍റ് / ഇസ്രയേൽ പക്ഷപാതി; ട്രംപിന്‍റെ
'എല്ലാം ഒരു വഴിക്ക്'
ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും എക്സിന്‍റെ വഴിക്ക് നീങ്ങിയിരിക്കുന്നു. ഫാക്റ്റ് ചെക്കേഴ്സിനെ (Fact Checkers) ഒഴിവാക്കുന്നുവെന്ന് സക്കർബർഗ് അറിയിച്ച് കഴിഞ്ഞു. ഇത്തവണത്തെ തെരഞ്ഞെടുപ്പാണ് അതിന് പ്രേരിപ്പിക്കുന്നതെന്നും സക്കർബർഗ് വീഡിയോയിൽ പറഞ്ഞു.
അമേരിക്കയിൽ സ്ഥാനമൊഴിഞ്ഞ പ്രസിഡന്‍റ് ജോ ബൈഡൻ തന്‍റെ വിടവാങ്ങൽ പ്രസംഗത്തിൽ പറഞ്ഞ ചില കാര്യങ്ങൾ പ്രസക്തമാണെന്നാണ് നിരീക്ഷണം. അമിതസമ്പത്ത്, അധികാരം, സ്വാധീനം എല്ലാം കൂടിച്ചേർന്നുള്ള ഒരു പുതിയ വർഗം തന്നെ അമേരിക്കയിൽ രൂപപ്പെട്ടിരിക്കുന്നു. അത് ജനാധിപത്യത്തിന് ഭീഷണിയാണ്. അതേപോലെ അപകടകരമായി ബൈഡൻ കാണുന്നത് ടെക്നോളജിയും വ്യവസായവും കൂടിച്ചേർന്ന ഒരു പുതിയ സംസ്കാരമാണ്. തെറ്റായ വാർത്തകളുടെയും മനപൂർവം പ്രചരിപ്പിക്കുന്ന വ്യാജവാർത്തകളുടെയും കുത്തൊഴുക്ക് അധികാര ദുരുപയോഗത്തിന് വഴിവയ്ക്കും എന്നാണ് മുന്നറിയിപ്പ്.

Read More: ട്രംപിന് മേൽക്കൈ; ഗാസയിൽ വെടി നിർത്തൽ ധാരണ, സമാധാനം
മസ്കിന്‍റെ 'മേക്ക് യൂറോപ്പ് ഗ്രേറ്റ് എഗെയ്ൻ' മുദ്രാവാക്യം യൂറോപ്പിലെ പല നേതാക്കളെയും അസ്വസ്ഥരാക്കുന്നുണ്ട്. അതിന്‍റെ ഫലമായി എക്സിനെതിരായ അന്വേഷണം ഊർജിതമാക്കി. യൂറോപ്പിന്‍റെ ഡിജിറ്റല്‍ സര്‍വ്വീസ് ആക്റ്റ് (Digital Services Act) എന്ന DSA അനുസരിച്ച് ഡിജിറ്റൽ പ്ലാറ്റ്ഫോമിന്‍റെ ഉള്ളടക്കം അപകടകരമോ അക്രമം പ്രോത്സാഹിപ്പിക്കുന്നതോ പ്രകോപനപരമോ ആകാൻ പാടില്ല. ഒരു പരിധി വരെ നിയന്ത്രിക്കാൻ കഴിയും. ഇവിടെ എക്സിന്‍റെ അൽഗോരിതങ്ങളാണ് വിഷയം. ഇനിയെന്ത് വായിക്കണമെന്ന് ഉപയോക്താക്കളോട് നിർദ്ദേശിക്കുന്ന റെക്കമെന്‍ഡർ സിസ്റ്റത്തിലെ (Recommender Systems) രേഖകൾ ചോദിച്ചിരിക്കയാണ് യൂറോപ്യൻ കമ്മീഷൻ. അഭിപ്രായ സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും തടയിടാൻ ശ്രമിക്കരുതെന്നാണ് മസ്കിന്‍റെ മറുപടി. പക്ഷേ, ആകെക്കൂടി കാര്യങ്ങളുടെ പോക്ക് എങ്ങോട്ടാണ് എന്നതിൽ ആശങ്ക കനക്കുകയാണ്.
