റഷ്യ നിർദ്ദേശിച്ച സമാധാനക്കരാർ യുക്രൈയ്ന് മേൽ അടിച്ചേൽപ്പിക്കാൻ ട്രംപ്

Published : Dec 03, 2025, 11:21 AM IST
 Trump to impose Russia proposed peace deal on Ukraine

Synopsis

ട്രംപിന്റെ വിശ്വസ്തനായ സ്റ്റീവ് വിറ്റ്‌കോഫ്, യുഎസ് പ്രസിഡന്റിനെ കൈകാര്യം ചെയ്യേണ്ടതെങ്ങനെയെന്ന് റഷ്യൻ പ്രസിഡന്റ് പുടിനെ ഉപദേശിക്കുന്ന ഫോൺ കോളുകൾ ചോർന്നു.ഈ രഹസ്യ ചർച്ചകൾ ട്രംപിൻറെ 28 ഇന യുക്രൈയ്ൻ സമാധാന നി‍ർദ്ദേശം, പുടിൻറെ പദ്ധതിയാണെന്ന ആശങ്ക ഉയർത്തി.

മേരിക്കൻ പ്രസിഡന്‍റിനെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് റഷ്യൻ പ്രസിഡന്‍റ് പുടിനെ ഉപദേശിച്ചത് ട്രംപിന്‍റെ തന്നെ വിശ്വസ്തൻ. സ്റ്റീവ് വിറ്റ്‌കോഫും യൂറി ഉഷാക്കോവുമാണ് കഥാപാത്രങ്ങൾ. വാഷിംഗ്ടണിലെ അമ്പരപ്പ് ചെറുതല്ല. പക്ഷേ, ട്രംപിന് അത് വിഷയമല്ല, അമേരിക്കയുടെ 28 ഇന സമാധാനപദ്ധതി യുക്രൈയ്ൻ ഏതാണ്ട് അംഗീകരിച്ച മട്ടാണ്. റഷ്യക്ക് യുക്രൈയ്ൻ മേഖലകൾ പലതും തീറെഴുതി കൊടുക്കുന്നതാണ് പദ്ധതിയിലെ പ്രധാന വ്യവസ്ഥകൾ. അപ്പോഴാണ് ഫോൺ ചോർച്ച. അമേരിക്കൻ പ്രസിഡന്‍റിന്‍റെ ദൂതൻ, അഥവാ മധ്യസ്ഥൻ, സ്റ്റീവ് വിറ്റ്‌കോഫും റഷ്യൻ വിദേശകാര്യ ഉപദേഷ്ടാവ് യൂറി ഉഷാകോവുമായുളള ഫോൺകോളുകളാണ് ചോർന്നത്. റഷ്യ - അമേരിക്കക്ക് കൈമാറിയ വ്യവസ്ഥകൾ അതേപോലെ പകർത്തിയെഴുതിയതാണ് ഇപ്പോഴത്തെ 28 ഇന പദ്ധതിയെന്നാണ് വാർത്താ ഏജൻസിയായ റോയിട്ടേഴ്സിന്‍റെ എക്സ്ക്ലൂസീവ് റിപ്പോർട്ട്. അങ്ങനെയൊരു കൈമാറ്റത്തിന്‍റെ കാര്യം നേരത്തെ തന്നെ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തിരുന്നു. അമ്പരപ്പോ ആശങ്കയോ കൂടുതലെന്ന് പറയാറായിട്ടില്ല.

സ്റ്റീവ് വിറ്റ്‌കോഫ്

സ്റ്റീവ് വിറ്റ്‌കോഫ് എന്ന റിയൽ എസ്റ്റേറ്റ് വ്യവസായി പറന്ന് നടക്കുകയാണ് ദൂതുമായി. മോസ്കോ, ദോഹ, റോം, പാരിസ്... വിദേശങ്ങളിലെ യുദ്ധങ്ങൾ അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകളാണ് എല്ലാം, കൂട്ടത്തിൽ ഇറാനുമായുള്ള പുതിയ ആണവ ധാരണയിലും ചർച്ച നടക്കുന്നുണ്ട്. അമേരിക്കൻ പ്രസിഡന്‍റിന്‍റെ ഏറ്റവും വിശ്വസ്തനായ മധ്യസ്ഥനായിരിക്കുന്നു വിറ്റ്കോഫ്. മുമ്പൊരിക്കലും സർക്കാർ ഉദ്യോഗസ്ഥനായി പോലും പ്രവർത്തിച്ചിട്ടില്ലാത്ത വിറ്റ്കോഫിന് ഇത്തരം ദൗത്യങ്ങൾക്ക് വേണ്ടുന്ന പരിചയ സമ്പത്തില്ല. ഒറ്റയാൾ പട്ടാളമായാണ് വിറ്റ്കോഫിന്‍റെ പ്രവർത്തനം. ഒപ്പം വിഷയമറിയാവുന്ന വിദഗ്ധരില്ല. പിന്നെയെന്തിനെന്ന ചോദ്യം പക്ഷേ, പ്രസിഡന്‍റിനെ സംബന്ധിച്ച് പ്രസക്തമേയല്ല. വിറ്റ്കോഫിന് ശമ്പളമില്ല, വിമാനയാത്രകൾക്ക് സ്വന്തം പോക്കറ്റിൽ നിന്നാണ് പണമെടുക്കുന്നതെന്നാണ് വിവരം. ഇവാൻക ട്രംപിന്‍റെ മുൻ ഓഫീസാണ് വിറ്റ്കോഫിന്. എപ്പോൾ വേണമെങ്കലിലും ഓവൽ ഓഫീസിലേക്ക് കയറിച്ചെല്ലാം. അതേസമയം സർക്കാർ പ്രതിനിധികൾ അനുസരിക്കുന്ന ചട്ടങ്ങളൊന്നും അനുസരിക്കാറുമില്ല. 12 ഓളം ജീവനക്കാരുണ്ട് വിറ്റ്കോഫിന്‍റെ ഓഫീസിൽ. അത് പക്ഷേ വിദേശകാര്യ വകുപ്പിനടുത്താണ്. വിറ്റ്കോഫ് വൈറ്റ് ഹൗസിലും.

ട്രംപിന്‍റെ പ്രതിനിധി

വിദേശ രാജ്യങ്ങളിൽ വിറ്റ്കോഫിനെ കുറിച്ച് മതിപ്പാണ്, ട്രംപിന്‍റെ പ്രതിനിധി എന്നാണ് വാഷിംഗ്ടണിലെ അഭിപ്രായം. മിടുക്കനായ മധ്യസ്ഥനെന്ന് പശ്ചിമേഷ്യൻ ഉദ്യോഗസ്ഥർ. ഒറ്റയാളായത് കൊണ്ട് തീരുമാനങ്ങളും നടപ്പാക്കലും എളുപ്പം എന്നാണവരുടെ പക്ഷം. ഗാസ ധാരണ വിറ്റ്കോഫിന്‍റെ തൊപ്പിയിലെ തൂവലായി കണക്കാക്കാം, വേണമെങ്കിൽ. ഇനി യുക്രൈയ്ൻ ധാരണയാവുകയാണെങ്കിൽ അതുമൊരു അലങ്കാരമാകും.

ചുവട് മാറിയ ട്രംപ്

പക്ഷേ, യുക്രെയ്നിലെ ധാരണയിൽ വിറ്റ്കോഫിന്‍റെ പങ്കെന്ത് എന്നതാണ് ഇപ്പോഴത്തെ ചർച്ച. പുടിൻ - ട്രംപുമായി നടത്തിയ ഫോൺ സംഭാഷണങ്ങൾ അമേരിക്കയുടെ യുക്രൈയ്ൻ നയത്തിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെന്നത് നേരത്തെ വെളിപ്പെട്ടതാണ്. ടോമഹാക്ക് മിസൈൽ നൽകുമെന്ന് സൂചിപ്പിച്ച ട്രംപ് അതിൽ നിന്ന് പിൻമാറിയത് പുടിൻ ഫോൺ ചെയ്ത ശേഷമാണ്. ഒന്നര മണിക്കൂർ നീണ്ട ഫോൺകോളിൽ, ടോമഹാക്ക് മിസൈൽ യുദ്ധ മുന്നണിയിൽ വലിയ മാറ്റമൊന്നും വരുത്തില്ല, പക്ഷേ, റഷ്യ - അമേരിക്ക ബന്ധത്തെ അത് ബാധിക്കുമെന്ന് പുടിൻ പറഞ്ഞതായാണ് റിപ്പോർട്ടുകൾ.

ചോർന്ന ഫോൺ കോളുകൾ

ഫോൺകോളുകൾ എങ്ങനെ വേണമെന്ന് ക്രെംലിനെ ഉപദേശിച്ചത് വിറ്റ്കോഫാണെന്നാണ് ഇപ്പോൾ പുറത്തായ ചില ഫോൺ കോളുകളിൽ നിന്ന് വ്യക്തമാകുന്നത്. റഷ്യൻ വിദേശകാര്യ ഉപദേഷ്ടാവ് യൂറി ഉഷാക്കോവും കിറിൽ ദ്മിത്രിയേവുമായി വിറ്റ്കോഫ് നടത്തിയ രണ്ട് ഫോൺകോളുകൾ. പുറത്തുവിട്ടത് ബ്ലൂംബർഗ് (Bloomberg). ബൈലൈനോ ഡേറ്റ്‍ലൈനോ ഇല്ലാതെയാണ് ട്രാൻസ്ക്രിപ്റ്റ്. ചിലത് തെറ്റെന്നാണ് ഉസക്കോവിന്‍റെ പ്രതികരണം. ബാക്കിയുള്ളതിൽ പ്രതികരണമില്ല. അത് ചോർന്നതിലാണ് ഉസക്കോവിന്‍റെ ഞെട്ടൽ. അത് മറച്ചുവയ്ക്കുന്നുമില്ല.

ഫോൺകോൾ ചോർത്തിയത് ആര് എന്നാണിപ്പോഴത്തെ ചർച്ച. റഷ്യയിലെ ഉന്നതർക്കിടയിലെ അഭിപ്രായ വ്യത്യാസം ചോർച്ചയ്ക്ക് വഴിവച്ചതാകാമെന്ന് പറയുന്നുണ്ട്. പക്ഷേ, ചോർച്ചയിലെ ലാഭം യുക്രൈയ്നാണ്. വിറ്റ്കോഫിന്‍റെ ഇടപെടലുകളിൽ കീവിന് അസ്വസ്ഥതയുണ്ടെന്നാണ് റിപ്പോർട്ട്. പക്ഷേ, അമേരിക്കയുമായുള്ള ബന്ധം പണയം വച്ച് ഇങ്ങനെയൊരു നീക്കത്തിന് ഒരുങ്ങുമോയെന്ന സംശയം ശക്തം. ഇനി അമേരിക്ക തന്നെയാകാമെന്നും പലർക്കും സംശയമുണ്ട്. ട്രംപ് സർക്കാരിന്‍റെ റഷ്യൻ നയത്തിലുള്ള എതിർപ്പ് മതിയായ കാരണമാണ്. അതേസമയം മുൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ യൂറോപ്പിനെയും സംശയിക്കുന്നു.

റഷ്യൻ ഇടപെടലുകൾ

റിപബ്ലിക്കൻ നേതാക്കൾക്കുവരെ അത് ആശങ്കയായിരിക്കയാണ്. പക്ഷേ, ഒരു കാര്യവുമില്ലെന്ന് അമേരിക്കൻ പ്രസിഡന്‍റ് പറയുന്നു. അതേസമയം റഷ്യയുടെ അതൃപ്തി പ്രകടം. സെലൻസ്കി - ട്രംപ് കൂടിക്കാഴ്ചക്ക് മുമ്പും ട്രംപുമായി സംസാരിക്കാൻ വിറ്റ്കോഫ്, പുടിനെ ഉപദേശിച്ചിരുന്നു. അതും ഉസക്കോവ് വഴി. പിന്നീട് നടന്ന കൂടിക്കാഴ്ചയിൽ സെലൻസ്കിയുമായി പ്രസിഡന്‍റ് കൊമ്പുകോർത്തു. യുക്രൈയ്ന്‍റെ മേഖലകൾ വിട്ടുകൊടുക്കുന്നതിലായിരുന്നു തർക്കം. അജണ്ട തീരുമാനിച്ചത് ആരെന്ന് ഇപ്പോൾ വ്യക്തം. 20 ഇന പദ്ധതിയും നിർദ്ദേശിച്ചത് വിറ്റ്കോഫ്. അത് 28 ഇനമായെന്ന് മാത്രം. ലാഭം മുഴുവൻ റഷ്യക്ക്. യുക്രൈയ്ൻ പ്രദേശങ്ങൾ കിട്ടുന്നു. അതേസമയം യുക്രൈയ്ൻ നേറ്റോ അംഗത്വം തേടില്ല. സൈന്യം വെട്ടിച്ചുരുക്കൽ അതെല്ലാം വേറെ.

നാൽവർ സംഘം

ഇതിനിടയിൽ മറ്റൊരു കഥാപാത്രം കൂടിയുണ്ട്. അതാണ് ആർമി സെക്രട്ടറി എന്ന സ്ഥാനം വഹിക്കുന്ന ഡാൻ ഡ്രിസ്കോൾ. വിറ്റ്കോഫിനെ പോലെ തന്നെ, നയതന്ത്ര പരിചയമില്ല. ഡ്രോൺ സാങ്കേതിക വിദഗ്ധനാണ്. പക്ഷേ, വൈസ് പ്രസിഡന്‍റ് ജെഡി വാൻസിന്‍റെ സഹപാഠിയാണ്. 'ഡ്രോൺ ഗൈ' (Drone Guy) എന്നാണ് ട്രംപ് ഡ്രിസ്കോളിനെ വിശേഷിപ്പിക്കുന്നത്. ധാരണ അംഗീകരിക്കാൻ യുക്രൈയ്നെ പ്രേരിപ്പിക്കാനുള്ള ചുമതല ഡ്രിസ്കോളിനെ ഏൽപ്പിച്ചത് ട്രംപാണ്. ട്രംപ്, വിറ്റ്കോഫ്, വാൻസ്, ഡ്രിസ്കോൾ ഈ നാൽവർ സംഘം മാത്രമറിഞ്ഞാണ് എല്ലാം മുന്നോട്ട് പോയത്. സ്ഥാനത്തിൽ കവിഞ്ഞ ഉത്തരവാദിത്തമാണ് ഡ്രിസ്കോൾ ഇപ്പോൾ നടപ്പാക്കുന്നത്. അതിന് പ്രതിഫലമായി ഡ്രിസ്കോളിനെ കാത്തിരിക്കുന്നത് പ്രതിരോധ സെക്രട്ടറി സ്ഥാനമെന്നാണ് കേൾവി.

ജാരെഡ് കുഷ്നെർ

ഇതിന്‍റെ ബാക്കിയുള്ള കഥ റോയിട്ടേഴ്സിന്‍റെ റിപ്പോർട്ടാണ്. റഷ്യ എഴുതിത്തയ്യാറാക്കിയ പദ്ധതിയാണ് അമേരിക്ക യുക്രൈയ്ന് മുന്നിൽ അവതരിപ്പിച്ചതെന്നാണ് റോയിട്ടേഴ്സിന്‍റെ റിപ്പോർട്ട്. പദ്ധതി, റഷ്യ തയ്യാറാക്കിയതാണെന്ന് മാർകോ റൂബിയോ സെനറ്റർമാരോട് പറഞ്ഞിരുന്നു. മൂന്ന് പേരുടെ സംഘമാണ് പദ്ധതി ആദ്യം തയ്യാറാക്കത് സ്റ്റീവ് വിറ്റ്കോഫും കിറിൽ ദ്മിത്രിയേവും ഇതിലും കഥാപാത്രങ്ങളാണ്. ട്രംപിന്‍റെ മരുമകൻ ജാരെഡ് കുഷ്നെറാണ് ആദ്യത്തെ കഥയിലില്ലാത്ത മൂന്നാമൻ. ഈ പദ്ധതിയിൽ പിന്നെ മാറ്റങ്ങൾ വരുത്തിയെന്നാണ് റോയിട്ടേഴ്സ് റിപ്പോർട്ട്.

റഷ്യൻ പദ്ധതി

എന്തായാലും ഈ പദ്ധതിയാണ് സമാധാന ധാരണയുടെ അടിസ്ഥാനം. റഷ്യ കൈമാറിയതെന്ന് വിചാരിക്കാൻ ന്യായമുണ്ട് താനും. എല്ലാം റഷ്യക്കനുകൂലം. യുക്രൈയ്ന് നഷ്ടങ്ങൾ മാത്രം. ക്രിമിയ, ഫലഭൂയിഷ്ടമായ ഡോൺബാസിന്‍റെ ലുഹാൻസ്ക്, ഡൊനെറ്റ്സ്ക്, കെർസണും സപോരിസിയയും റഷ്യക്ക് കൈമാറണം. സൈന്യബലവും വെട്ടിക്കുറച്ച് 6 ലക്ഷമാക്കണം, നേറ്റോ അംഗത്വത്തിന് ശ്രമിക്കരുത്. ഡിനീപ്രോ നദി വഴിയുള്ള ധാന്യക്കയറ്റുമതി റഷ്യ ഇനി തടയില്ല. ഇതൊക്കയാണ് ആദ്യത്തെ പദ്ധതിയിലെ നിർദ്ദേശങ്ങൾ. പക്ഷേ, യൂറോപ്യൻ യൂണിയനും യുക്രൈയ്നും എതിർത്തതോടെ മാറ്റങ്ങൾ വരുത്തി. യുക്രൈയ്ന് അമേരിക്കയുടെ സുരക്ഷാ ഉറപ്പ് കിട്ടും. യുക്രൈയ്ന് നേരെയോ, അയൽക്കാർക്കെതിരെയോ ഇനി റഷ്യ ആയുധമെടുക്കില്ല. നിർദ്ദേശിക്കപ്പെട്ട മാറ്റങ്ങളാണിത്. കൂടുതൽ ചർച്ച ആവശ്യമെന്നാണ് യുക്രൈയ്ൻ പ്രസിഡന്‍റ് സെലൻസ്കി അറിയിച്ചിരിക്കുന്നത്. ട്രംപ് - സെലൻസ്കി കൂടിക്കാഴ്ചയിൽ നേറ്റോ അംഗത്വും മേഖലകൾ വിട്ടുകൊടുക്കുന്നതും ചർച്ച ചെയ്യും. സൈനിക ബലം കുറക്കില്ലെന്നാണ് പുതിയ ധാരണയെന്ന് റിപ്പോർട്ടുണ്ട്. അന്തിമ തീരുമാനം ഇപ്പോഴും വ്യക്തമല്ല.

 

PREV
Read more Articles on
click me!

Recommended Stories

അന്ന് വിശ്വസ്ത ഇന്ന് വിമ‍ർശക; ട്രംപ് 'രാജ്യദ്രോഹി' എന്ന് വിശേഷിപ്പിച്ച ഗ്രീന്‍റെ രാജി
കുറ്റവാളി സംഘങ്ങളെ താലോലിച്ച് മദൂറോ; വെനിസ്വേല മറ്റൊരു അഫ്ഗാനാകുമോ? പക്ഷേ, ട്രംപിന് കാര്യങ്ങൾ അത്ര എളുപ്പമല്ല