ആൻഡ്രൂ രാജകുമാരൻ പദവികൾ നഷ്ടപ്പെട്ട് അറസ്റ്റിലായപ്പോൾ, ജെഫ്രി എപ്സ്റ്റീന്റെ യുഎസ്സിലെ ശക്തരായ കൂട്ടാളികൾ നിയമനടപടികളിൽ നിന്ന് ഒഴിവാക്കപ്പെടുന്നു. വിക്ടോറിയ സീക്രട്ട് ഉടമ ലെസ് വെക്സ്നറിനെ ഉപയോഗിച്ച് എപ്സ്റ്റീൻ തന്‍റെ സാമ്രാജ്യം കെട്ടിപ്പടുത്തു.
രാജകുമാരനെന്ന പദവിയില്ല. കൊട്ടാരത്തിൽ നിന്ന് പുറത്ത്, സാമ്പത്തിക പിന്തുണയുമില്ല. പക്ഷേ, ആൻഡ്രൂ ഇപ്പോഴും ബ്രിട്ടീഷ് സിംഹാസനത്തിന്‍റെ എട്ടാമത്തെ അനന്തരാവകാശിയാണ്. അതിൽ നിന്ന് നീക്കാൻ പാർലമെന്‍റിനെ കഴിയൂ. എല്ലാ കോമൺവെൽത്ത് രാജ്യങ്ങളും അത് സമ്മതിക്കണം. പ്രായോഗികമായി സ്ഥാനം അലങ്കരിക്കാൻ കഴിയില്ലെങ്കിലും ഔദ്യോഗികമായി ഉപദേഷ്ടാവുമാണ് ആൻഡ്രൂ. പൊലീസ് സ്റ്റേഷനിൽ നിന്ന് വിട്ടയച്ച ആൻഡ്രൂവിന്‍റെ മുഖത്തെ അമ്പരപ്പും ഞെട്ടലും എല്ലാം വിളിച്ചു പറയുന്നുവെന്നാണ് മാധ്യമങ്ങളുടെ പക്ഷം.
അനക്കമില്ലാതെ യുഎസ്
ഈ വിവാദങ്ങളെല്ലാം കൊടുങ്കാറ്റാകുന്നത് അമേരിക്കയിൽ കൂടിയാണ്. യുഎസ് പ്രസിഡന്‍റിന്‍റെ നേർക്ക് തിരിയുന്നു കണ്ണുകളും ചോദ്യ ശരങ്ങളും. എന്തുകൊണ്ട് അമേരിക്കയിൽ അറസ്റ്റുകൾ നടക്കുന്നില്ല? നീതി നടപ്പാക്കുന്നില്ല എന്നാണ് ചോദ്യം. കോൺഗ്രസിലെ റിപബ്ലിക്കൻ അംഗങ്ങൾ തന്നെ ചോദിച്ചു തുടങ്ങിയിരിക്കുന്നു. അതിനിടെ ലെസ് വെക്സ്നർ (Les Wexner) കോൺഗ്രസ് കമ്മിറ്റിക്ക് മുന്നിൽ മൊഴി നൽകി. 88 -കാരനായ വെക്സനറുടെ വീട്ടിലെത്തിയാണ് മൊഴിയെടുത്തത്. പരിഹാസ്യമായ മൊഴി നൽകൽ. നിഷ്കളങ്കൻ, വിഡ്ഢി, എന്നൊക്കെയാണ് ഈ കോടീശ്വരൻ സ്വയം വിശേഷിപ്പിച്ചത്.

രാജകുടുംബാംഗമെന്ന നിലയിൽ നിന്ന് വെറും സാധാരണക്കാരനായി ആൻഡ്രൂ ഒതുങ്ങി, പൊലീസ് പ്രസ്താവനയിലും. അറുപതുകാരനായ നോർഫോക്കുകാരനെ കസ്റ്റഡിയിലെടുത്തു. പിന്നെ വിട്ടയച്ചുവെന്നാണ് പൊലീസിന്‍റെ പ്രസ്താവന വന്നത്. പക്ഷേ, യുഎസിൽ നീതി നടപ്പാക്കൽ കോൺഗ്രസിന്‍റെ ചോദ്യം ചെയ്യലിൽ മാത്രമൊതുങ്ങുകയാണ്. അതും പലരും ഒഴിവാക്കപ്പെട്ട പട്ടിക. 400 വർഷത്തിനിടെ ആദ്യമായി ബ്രിട്ടിഷ് രാജകുടുംബാംഗം അറസ്റ്റ് ചെയ്യപ്പെട്ടപ്പോൾ എപസ്റ്റീന്‍റെ യുഎസ് ക്ലയന്‍റ്സ് എന്തുകൊണ്ട് ഒഴിവാക്കപ്പെടുന്നുവെന്ന ചോദ്യത്തിന് ആർക്കും ഉത്തരമില്ല. എപ്സ്റ്റീൻ ഫയലുകളിൽ 5,000 -ത്തിലേറെ തവണ പേരു പരാമർശിക്കപ്പെട്ട പ്രസിഡന്‍റ് രാജ്യം ഭരിക്കുന്നു. എപ്സ്റ്റീന്‍റെ ഇരകൾക്ക് നീതിയെന്ന ക്യാംപെയിന് ശക്തി കൂടുമ്പോഴും 'ഇരകളുടെ മാനസികാഘാതം' വെറും തട്ടിപ്പെന്നാണ് പ്രസിഡന്‍റിന്‍റെ പക്ഷം. എപ്സ്റ്റീൻ ഫയൽ തന്നെ പഴങ്കഥയെന്നും ട്രംപ് പറയുന്നു.
പ്രമുഖർ ഒരുപാടുണ്ട് ഫയലിലെ പേരുകാരായി. അതിൽ എപ്സ്റ്റീന്‍റെ സാമ്രാജ്യം കെട്ടിപ്പടുക്കാൻ തന്നെ സഹായിച്ച കോടീശ്വരൻ ലെസ് വെക്സ്നറുമുണ്ട്. വിക്ടോറിയ സീക്രട്ട്സിന്‍റെ (Victoria's Secret) ഉടമ. 2019 =ലെ എഫ്ബിഐ ഡോക്യുമെന്‍ററിയിൽ ഗൂഢാലോചനയിലെ പങ്കാളിയെന്നാണ് വെക്സ്നറിനെക്കുറിച്ച് രേഖപ്പെടുത്തിയിരിക്കുന്നത്. ഒന്നുമറിഞ്ഞില്ല, കണ്ടില്ല, കേട്ടില്ല എന്നൊക്കെയുള്ള മൊഴി രേഖപ്പെടുത്തി തിരിച്ചുപോരുന്നു കമ്മിറ്റി. താനും കുടുംബവും ഒരിക്കൽ മാത്രമാണ് എപ്സ്റ്റീന്‍റെ അതിഥികളായതെന്നും ആദ്യത്തെ കേസോടെ തന്നെ ബന്ധം അവസാനിപ്പിച്ചുവെന്നും എപ്സ്റ്റീൻ തന്‍റെ സമ്പത്ത് കൊള്ളയടിച്ചുവെന്നുമാണ് വെക്സ്നർ നൽകിയ മൊഴി. പച്ചക്കള്ളമെന്നാണ് കോൺഗ്രസ് അംഗങ്ങളുടെ പക്ഷം.
എൽ ബ്രാൻഡ്
വിക്ടോറിയ സീക്രട്ട് (Victoria’s Secret), അബർക്രോംബി & ഫിച്ച് (Abercrombie & Fitch), , ബാത്ത് & ബോഡി വർക്ക്സ് (Bath & Body Works) എന്നിവയുടെ പിന്നിലെ ബ്രാൻഡായ എൽ ബ്രാൻഡുകളുടെ (L Brands) സ്ഥാപകനാണ് ലെസ് വെക്സ്നർ. 1980 -കളിൽ എപ്സ്റ്റീൻ കമ്പനിയുടെ സാമ്പത്തിക ഉപദേഷ്ടാവായിരുന്നു. എപ്സ്റ്റീൻ, വെക്സ്നറുടെ വിമാനങ്ങളും ഉപയോഗിച്ചു. വീടുകളിൽ താമസിച്ചു. യാട്ടുകളിൽ യാത്ര നടത്തി. ഒരു ബില്യനാണ് വെക്സ്നർ, എപ്സ്റ്റീന് നൽകിയതായി രേഖയുള്ളത്. മാത്രമല്ല, വെക്സ്നറാണ് എപ്സ്റ്റീന്‍റെ ചെലവുകൾ കൂടുതലും വഹിച്ചിരുന്നതെന്ന് അന്വേഷണത്തിൽ വ്യക്തമായ കാര്യമാണ്. പക്ഷേ, ഓർമ്മയില്ലെന്നാണ് 88 -കാരനായ വെക്സ്നറുടെ ഉത്തരം. എല്ലാം തന്നെ പറ്റിച്ചതാണെന്നും. വെക്സ്നറുടെ വീട്ടിൽ വച്ചാണ് എപ്സ്റ്റീൻ തന്നെ ആക്രമിച്ചതെന്ന് ഒരു അതിജീവിത വെളിപ്പെടുത്തിയിരുന്നു. വെക്സ്നർ പക്ഷേ, അതുമറിഞ്ഞിട്ടില്ല. ട്രംപ് എപ്പോഴും വിക്ടോറിയാസ് സീക്രട്ടിന്‍റെ ഫാഷൻ ഷോകൾക്ക് എത്തിയിരുന്നു. അതും വെക്സ്നർ കണ്ടിട്ടില്ല.

(ലെസ് വെക്സ്നർ)
ലെസ് വെക്സ്നറിലൂടെ വളർന്ന എപ്സ്റ്റീൻ
ന്യൂയോർക്ക് ടൈംസ് ഉൾപ്പടെയുള്ള മാധ്യമങ്ങൾ 2019 -ൽ തന്നെ ലെസ് വെക്സ്നറുടെ എപ്സ്റ്റീൻ ബന്ധത്തെക്കുറിച്ച് വിശദമായി റിപ്പോർട്ട് ചെയ്തിരുന്നു. 1997 പ്രശസ്ത മോഡലായിരുന്ന അലീസിയ ആർഡനെ സമീപിച്ച ഒരാൾ, വിക്ടോറിയാസ് സീക്രട്ട്സിന്‍റെ ടാലന്‍റ് സ്കൗട്ടായി പരിചയപ്പെടുത്തിയ ശേഷം ഓഡിഷന് ക്ഷണിച്ച് ലൈംഗീക അതിക്രമത്തിന് ശ്രമിച്ചത് കമ്പനി അറിഞ്ഞിരുന്നു. വെക്സ്നറുടെ ഉപദേഷ്ടാവായിരുന്ന അയാളെക്കുറിച്ച് വെക്സ്നറിനെ അറിയിക്കയും ചെയ്തു. പക്ഷേ, എന്ത് നടപടിയുണ്ടായെന്ന് ആർക്കും അറിയില്ല.
വെക്സ്നറുടെ മേൽ അസാധാരണ സ്വാധീനമുണ്ടായിരുന്നു അയാൾക്ക്. 1980 -കളിലാണ് ജെഫ്രി എപ്സ്റ്റീൻ ഒഹായോവിലെ എൽ ബ്രാൻഡ്സിന്‍റെ ആസ്ഥാനത്തെത്തുന്നത്. റോബർട്ട് മെയ്സ്റ്റർ (Robert Meister) എന്ന ഇൻഷുറൻസ് എക്സിക്യൂട്ടിവാണ് എപ്സ്റ്റീനെ, വെക്സ്നർക്ക് പരിചയപ്പെടുത്തിയത്. അന്നുമുതൽ വെക്സ്നറുടെ ഏറ്റവുമടുത്തയാളായി എപ്സ്റ്റീൻ. എങ്ങനെയെന്ന് ആർക്കും വ്യക്തമല്ല. സ്കൂൾ പഠനം പൂർത്തിയാക്കാത്ത എപ്സ്റ്റീൻ, കണക്ക് അധ്യാപകനായതും ഇൻവെസ്റ്റ്മെന്‍റ് ഉപദേഷ്ടാവായതും എങ്ങനെയെന്നും വ്യക്തമല്ല. പക്ഷേ, തന്‍റെ സാമ്പത്തിക ഇടപാടുകളെല്ലാം വെക്സ്നർ, എപ്സ്റ്റീനെ ഏൽപ്പിച്ചു. പണം കടമെടുക്കാനുള്ള അധികാരവും നികുതി റിട്ടേണിലും ചെക്കുകളിലും ഒപ്പിടാനും വസ്തുവകകൾ വാങ്ങാനും വിൽക്കാനുമുള്ള അധികാരം വരെ. അതായത് പവർ ഓഫ് അറ്റോർണി.
അതോടെ എപ്സ്റ്റീന്‍റെ സമ്പത്ത് കൂടി, വീടുകൾ, സ്വകാര്യ വിമാനങ്ങൾ, അതിൽ പലതും വെക്സ്നറുടെയോ കമ്പനിയുടെയോ ഉടമസ്ഥതയിലുള്ളതുമായിരുന്നു. അതേസമയം എപ്സ്റ്റീൻ, വെക്സ്നറെ സുഹൃത്തുക്കളിൽ നിന്നും ബിസിനസ് പങ്കാളികളിൽ നിന്നും അകറ്റി. കുടുംബാംഗം പോലെയായിരുന്നവരെ പോലും ചെറിയ കാരണങ്ങളുടെ പേരിൽ വെക്സ്നർ വെട്ടിമാറ്റി. പലതിന്‍റെയും ട്രസ്റ്റി സ്ഥാനത്ത് എപ്സ്റ്റീന്‍റെ പേര് പ്രത്യക്ഷപ്പെട്ടു. സ്വാധീനം കൂടുകയായിരുന്നു. വരുമാനവും. ഒരു പ്രശ്നത്തിൽ വെക്സ്നറുടെ അമ്മയെ വരെ എപ്സ്റ്റീൻ കേസിൽപ്പെടുത്തി.

(എപ്സ്റ്റീൻ)
ഒരു റിയൽ എസ്റ്റേറ്റ് പദ്ധതിയിൽ വെക്സ്നറുടെ ബിസിനസ് പങ്കാളിക്ക് വേണ്ടി പണിത 23 മുറികളുള്ള പതിനായിരത്തിൽ പരം ചതുരശ്ര അടിയുള്ള വീടും എപ്സ്റ്റീൻ സ്വന്തമാക്കി. അതും വളരെ കുറഞ്ഞ വിലയ്ക്ക്. പിന്നെയത് മറ്റൊരാൾക്ക് വിറ്റു ഇരട്ടിയിലധികം വിലയ്ക്ക്. അക്കാലത്താണ്, ലിറ്റിൽ സെന്‍റ് ജെയിംസ് ദ്വീപ് (Little Saint James Islands), എപ്സ്റ്റീൻ വാങ്ങിയത്. വെക്സ്നറുടെ ന്യൂയോർക്കിലെ വീടും എപ്സ്റ്റീൻ സ്വന്തമാക്കി. വിലകൊടുത്തുവെന്ന് പറയുന്നെങ്കിലും രേഖയില്ല. പിന്നെ വെക്സ്നറുടെ വിമാനം, അതിനും രേഖയില്ല. വെക്സ്നർ വഴിതന്നെയാണ് എപ്സ്റ്റീന് യുവ മോഡലുകളുമായി ബന്ധം സ്ഥാപിക്കാൻ കഴിഞ്ഞതും. വിക്ടോറിയാസ് സീക്രട്ട്സിന് വേണ്ടിയുള്ള മോഡലുകളുടെ തെരഞ്ഞെടുപ്പിൽ എപ്സ്റ്റീൻ ഇടപെടാൻ തുടങ്ങി.
അലീസിയ ആർഡൻ എന്ന മോഡലിനെ ആക്രമിച്ചത് അക്കാലത്താണ്. അലീസിയ പൊലീസിൽ നൽകിയ പരാതിയാണ് എപ്സ്റ്റീനെക്കുറിച്ചുള്ള ആദ്യത്തെ ലൈംഗീകാതിക്രമ പരാതി. പിന്നെയും 10 വർഷം കഴിഞ്ഞ്, 2006 -ലാണ് എപ്സ്റ്റീനെതിരെ കേസുകൾ വരുന്നതും പ്ലീ ഡീലിലൂടെ അയാൾ രക്ഷപ്പെടുന്നതും. പിന്നെയും 18 മാസം കഴിഞ്ഞാണ് വെക്സ്നർ എപ്സ്റ്റീനുമായുള്ള ബന്ധം അവസാനിപ്പിക്കുന്നത്. ഇതൊന്നും പക്ഷേ തനിക്ക് ഓർമ്മയില്ലെന്നാണിപ്പോൾ വെക്സ്നറുടെ മൊഴി. വിശ്വസ്തനായ സുഹൃത്തെന്ന് വെക്സ്നർ, എപ്സ്റ്റീനെ വിശേഷിപ്പിച്ചിട്ടുണ്ട്. പറ്റിക്കപ്പെട്ടു എന്നാണ് ഇപ്പോഴത്തെ മൊഴി. വെക്സ്നറുടെ പണവും പിന്തുണയുമില്ലായിരുന്നെങ്കിൽ എപ്സ്റ്റീനോ, അയാളുടെ ദ്വീപോ സമ്പത്തോ, ലൈംഗീകാതിക്രമങ്ങളോ, പെൺകുട്ടികളുടെ കടത്തോ ഉണ്ടാകില്ലായിരുന്നുവെന്നാണ് കാലിഫോർണിയയിലെ കോൺഗ്രസംഗം തന്നെ പറഞ്ഞത്.
വെക്സ്നറുടെ പണം
വെക്സ്നറുടെ മൊഴിയെടുക്കാൻ പോയ കൂട്ടത്തിൽ റിപബ്ലിക്കൻ അംഗങ്ങളുണ്ടായിരുന്നില്ല. അവരിൽ ചിലരുടെ ജീവനക്കാർ മാത്രമാണുണ്ടായിരുന്നത്. ഡമോക്രാറ്റ് അംഗങ്ങൾ മാത്രമെത്തി മൊഴിയെടുക്കാൻ. വെക്സ്നർ നൽകിയ സംഭാവനകൾ തന്നെ സംഭാവനകളായി കൊടുക്കാൻ തുടങ്ങിയിട്ടുണ്ട് ജനപ്രതിനിധികൾ. അകലം പാലിക്കാൻ ശ്രമിക്കുന്നു. അല്ലെങ്കിൽ അങ്ങനെ വരുത്തിത്തീർക്കാനെങ്കിലും ശ്രമിക്കുന്നു എന്ന് ചുരുക്കം.


