തനിക്കൊപ്പം നിന്നില്ലെങ്കിൽ യൂറോപ്പ് ഇല്ലാതാക്കുമെന്ന് ട്രംപിന്‍റെ മുന്നറിയിപ്പ്; പുറത്ത് നിന്ന് ഉപദേശം വേണ്ടെന്ന് യൂറോപ്പ്

Published : Dec 11, 2025, 04:31 PM IST
 Trump warns Europe

Synopsis

ട്രംപ് പുറത്തുവിട്ട പുതിയ നയരേഖ യൂറോപ്യൻ രാജ്യങ്ങൾക്ക് കടുത്ത മുന്നറിയിപ്പ് നൽകുന്നു. കുടിയേറ്റം പോലുള്ള നയങ്ങൾ തിരുത്തിയില്ലെങ്കിൽ 20 വർഷത്തിനകം യൂറോപ്പ് ഇല്ലാതെയാകുമെന്ന ഭീഷണി. ചൈന, റഷ്യ എന്നിവരുമായി പുതിയ നയം വേണമെന്നും ട്രംപ് ആവശ്യപ്പെടുന്നു. 

 

യൂറോപ്യൻ രാജ്യങ്ങളുടെ ആശങ്കകൾ ശരിവച്ച് കൊണ്ട് അമേരിക്കൻ പ്രസിഡന്‍റ് പുതിയ നയരേഖ പുറത്തുവിട്ടു. പടിഞ്ഞാറൻ വ്യക്തിത്വം വീണ്ടെടുത്തില്ലെങ്കിൽ, അതായത്, തന്‍റെ വഴിക്ക് സഞ്ചരിച്ചില്ലെങ്കിൽ യൂറോപ്പ് ഇല്ലാതെയാകുമെന്നാണ് മുന്നറിയിപ്പ്. 20 വർഷത്തിനകം യൂറോപ്പിനെ തിരിച്ചറിയാനാകാതെ ആകുമെന്ന് വിവക്ഷ. മറ്റൊന്നുകൂടിയുണ്ട്, ചൈനയുമായി അധികാരം പങ്കിടാൻ തയ്യാറാവുക. റഷ്യയുമായി, സമാധാനം സ്ഥാപിക്കുക. അതാണ് അമേരിക്കൻ പ്രസിഡന്‍റ് സ്വപ്നം കാണുന്ന 'സുന്ദരലോകം'.

ട്രംപിയൻ നയരേഖ

അമേരിക്കൻ പ്രസിഡന്‍റിന്‍റെ കാഴ്ചപ്പാടുകൾ വ്യക്തമാക്കുന്ന നയരേഖ പതിവുള്ളതാണ്. ഭാവിനയങ്ങളും അതിനുവേണ്ടുന്ന പണവും ഒക്കെയാണ് ഉണ്ടാകാറ്. പക്ഷേ, ഈ നയരേഖയിൽ യൂറോപ്പിനുള്ള മുന്നറിയിപ്പുകളാണ് കൂടുതലും. ഐക്യരാഷ്ട്ര സഭയിൽ മുമ്പ് നടത്തിയ പ്രസംഗത്തിന്‍റെ ആവർത്തനമാണിത്. അമേരിക്ക വിജയക്കൊടി പാറിച്ച് നിലനിൽക്കാൻ എന്തൊക്കെ ചെയ്യണമെന്നതിന്‍റെ 'റോഡ് മാപ്പ്' എന്നാണ് ട്രംപ് അതിനെ വിശേഷിപ്പിക്കുന്നത്. 'ഉപദേശം വേണ്ട' എന്ന് ജർമ്മൻ വിദേശകാര്യ മന്ത്രി ജോഹാൻ വാഡെഫുൾ പ്രതികരിച്ചു.

തൻവഴി

ട്രംപിന്‍റെ റോഡ് മാപ്പിൽ പറയുന്നത് യൂറോപ്പ് ഇപ്പോഴത്തെ നയങ്ങൾ തിരുത്തണമെന്നാണ്. കൂട്ടകുടിയേറ്റം വിദേശസ്വാധീനം ചെറുക്കണം, മയക്കുമരുന്ന് കാർട്ടലുകളെ ഇല്ലാതെയാക്കണം. ഇതൊക്കെ പ്രാവർത്തികമാക്കാൻ അമേരിക്കക്കൊപ്പം നിന്നില്ലെങ്കിൽ യൂറോപ്പിലെ പൗരസമൂഹങ്ങൾ തന്നെ ഇല്ലാതെയാകുമെന്ന് അമേരിക്കൻ പ്രസിഡന്‍റ് മുന്നറിയിപ്പ് നൽകുന്നു. സഹിഷ്ണുത തീരെയില്ലാത്ത തീവ്ര വലതുപക്ഷ നിലപാട് തന്നെയാണ് പ്രസിഡന്‍റ് വ്യക്തമാക്കുന്നത്.

(ജർമ്മൻ വിദേശകാര്യ മന്ത്രി ജോഹാൻ വാഡെഫുൾ)

മാറ്റം വേണം യൂറോപ്പിന്, ലോകത്തിന്

യൂറോപ്പടക്കമുള്ള ട്രാൻസ് നാഷണൽ വ്യവസ്ഥിതികൾ രാഷ്ട്രീയ സ്വാതന്ത്ര്യത്തെയും പരമാധികാരത്തെയും തുരങ്കം വയ്ക്കുന്നു. അവരുടെ കുടിയേറ്റ നയങ്ങൾ ജന്മാവകാശം തകർക്കുന്നു എന്നൊക്കെ ആരോപിക്കുന്നുണ്ട്. ആകെയുള്ള പ്രതീക്ഷയായി ട്രംപ് പറയുന്നത് ദേശീയവാദി പാർട്ടികളുടെ വളർച്ചയാണ്. ലോകമെമ്പാടുമുള്ള സൈനിക വിന്യാസത്തിൽ മാറ്റങ്ങൾ വേണമെന്നും പ്രസിഡന്‍റ് ആവശ്യപ്പെടുന്നു. ജപ്പാൻ, തെക്കൻ കൊറിയ, ഓസ്ട്രേലിയ തായ്‍വാൻ എന്നീ രാജ്യങ്ങൾ പ്രതിരോധത്തിനായി കൂടുതൽ ചെലവാക്കണമെന്നും ട്രംപ് ആവശ്യപ്പെടുന്നു.

'മുരളുന്ന നായ' മാത്രമോയെന്ന് പരിഹാസം

എല്ലാം കൂട്ടിവായിച്ചാൽ നയം വ്യക്തം. ഇതുവരെയുള്ള ലോകക്രമം മാറ്റുക, ഭീഷണികൾ ഇതുവരെയുള്ളതല്ല, അമേരിക്ക എല്ലാവരേയും താങ്ങിനിർത്തണമെന്ന ലോകക്രമം മാറ്റുക. ഇതാണ് ആഹ്വാനം. പക്ഷേ, വിമർശനങ്ങൾ കടുത്തതാണ്. പുറത്ത് നിന്നുള്ള ഉപദേശം വേണ്ടെന്ന് ജർമ്മൻ വിദേശകാര്യ മന്ത്രി ജോഹാൻ വാഡെഫുൾ പ്രതികരിച്ചു. അമേരിക്കൻ മാധ്യമങ്ങളും കടുപ്പിച്ചിട്ടാണ്. പുതിയ നയത്തിൽ അമേരിക്കയുടെ സ്ഥാനം എന്തെന്നാണ് ചോദ്യം. 'മുരളുന്ന നായ' മാത്രമാണോയെന്ന് പരിഹാസം. വൈസ് പ്രസിഡന്‍റ് ജെഡി വാൻസ് മ്യൂണിച്ച് സുരക്ഷാ സമ്മേളനത്തിൽ നടത്തിയ പ്രസംഗത്തിന്‍റെ അതേ മട്ടെന്നും വിമർശനമുണ്ട്.

 

PREV
Read more Articles on
click me!

Recommended Stories

യുദ്ധഭീതിയിൽ യൂറോപ്പ്; സൈനീകരുടെ എണ്ണം കൂട്ടാൻ രാജ്യങ്ങൾ പക്ഷേ, മരിക്കാനില്ലെന്ന് യുവാക്കൾ
നിസഹായരായ മനുഷ്യനെ മിസൈൽ അയച്ച് കൊന്നത് യുദ്ധക്കുറ്റം; ഉത്തരമില്ലാതെ ട്രംപ് ഭരണകൂടം