
കരീബിയൻ കടലിൽ അമേരിക്ക നടത്തിയ ബോട്ടാക്രമണങ്ങളിൽ ആടിയുലയുകയാണ് ട്രംപ് സർക്കാർ. വെനിസ്വേലയെ ലക്ഷ്യം വച്ചുള്ള യുദ്ധക്കപ്പൽ വിന്യാസം തന്നെ ന്യായീകരിക്കാൻ പാടുപെടുകയാണ് അമേരിക്കൻ പ്രസിഡന്‍റ്. അതിനിടെയാണ് പുതിയ വിവാദം. സംഭവം നടന്നത് സെപ്തംബറിലാണ്. മയക്കുമരുന്ന് സംഘങ്ങളെ വെടിവച്ചുവെന്ന് പ്രസിഡന്‍റ് തന്നെ വെളിപ്പെടുത്തിയതാണ്. പക്ഷേ, രണ്ടാമത്തെ ആക്രമണം കോൺഗ്രസംഗങ്ങളെ ഞെട്ടിച്ചുവെന്നാണ് റിപ്പോർട്ട്. റിപബ്ലിക്കൻ അംഗങ്ങൾ പക്ഷേ, അതും ന്യായീകരിക്കുന്നു.
ആദ്യത്തെ ആക്രമണത്തിൽ ബോട്ടിന് തീപിടിച്ചു. ബോട്ടിൽ കൊക്കെയ്നായിരുന്നുവെന്ന് അമേരിക്കൻ സർക്കാർ വിശ്വസിക്കുന്നു. 9 പേർ അപ്പോൾത്തന്നെ കൊല്ലപ്പെട്ടു. ബോട്ട് രണ്ടായി പിളർന്നു. മറിഞ്ഞു. പുകപടലം മൂടി. ദൃശ്യങ്ങളിൽ പിന്നെ കാണുന്നത് തീപിടിച്ച ബോട്ടിന്‍റെ ഒരു ഭാഗത്ത് തൂങ്ങിക്കിടന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്ന രണ്ടുപേരെ. രണ്ടാമത്തെ ആക്രമണം 41 മിനിറ്റിന് ശേഷമാണ്. അതിൽ രണ്ടുപേരും മരിക്കുന്നു. അതാണ് കോൺഗ്രസ് അംഗങ്ങൾ കണ്ട ദൃശ്യം. എന്തിന് രണ്ടാമത്തെ ആക്രമണമെന്നാണ് അവരുടെ ചോദ്യം. തിരിച്ചാക്രമിക്കാനോ രക്ഷപ്പെടാനുള്ള വഴിയോ ഇല്ലാതിരുന്ന രണ്ട് മനുഷ്യരെ എന്തിന് കൊന്നുവെന്ന് ഡമോക്രാറ്റംഗങ്ങൾ ചോദിക്കുന്നു. പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത് ആക്രമണദൃശ്യം കാണുന്നുണ്ടായിരുന്നു. ഹെഗ്സെത് ആണ് രണ്ടാമത്തെ ആക്രമണത്തിനും ഉത്തരവിട്ടതെന്നാണ് ആദ്യം പുറത്തുവന്ന വിവരം. പക്ഷേ, അത് പിന്നെ നാവികസേനാ മേധാവി അഡ്മിറൽ ഫ്രാങ്ക് ബ്രാഡ്ലിയാണ് ഉത്തരവിട്ടതെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലെവിറ്റ് സ്ഥിരീകരിച്ചു. ആക്രമണം നടന്ന ശേഷം അഡ്മിറൽ ഫ്രാങ്ക് ബ്രാഡ്‌ലിക്ക് പ്രമോഷൻ കിട്ടിയിരുന്നു. ഇപ്പോൾ അഡ്മിറൽ ഫ്രാങ്ക് ബ്രാഡ്‌ലി സ്പെഷ്യൽ പ്രത്യേക ഒപി കമാൻഡ് കമാണ്ടറാണ്. അഡ്മിറൽ ഫ്രാങ്ക് ബ്രാഡ്‌ലി തന്‍റെ അധികാര പരിധിക്കുള്ളിൽ നിന്നാണ് പ്രവർത്തിച്ചതെന്ന് വൈറ്റ് ഹൗസ് പിന്തുണക്കുകയും ചെയ്തു.
ആക്രമണവിവരം ആദ്യം മാധ്യമങ്ങളോട് പറഞ്ഞത് പ്രസിഡന്‍റാണ്. കുപ്രസിദ്ധ വെനിസ്വേലൻ അധോലോക സംഘമായ ട്രെയിൻ ഡി അരഗ്വയുടെ (Tren de Aragua) അംഗങ്ങളെ കൊന്നുവെന്നാണ് പ്രസിഡന്‍റ് പറഞ്ഞത്. വിദേശ ഭീകര സംഘടനകളുടെ പട്ടികയിൽപ്പെടുത്തിയ സംഘടനയാണത്. ആക്രമണത്തിന്‍റെ ഒരു ദൃശ്യം പ്രസിഡന്‍റ് ട്രൂത്ത് സോഷ്യലിൽ പോസ്റ്റ് ചെയ്തു. 4 മിസൈലുകളാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്ന് ഉദ്യോഗസ്ഥരും സ്ഥിരീകരിച്ചു. കൂടുതലൊന്നും അന്ന് പുറത്തുവന്നില്ല. ബോട്ട് അമേരിക്കയെ ലക്ഷ്യം വച്ച് വന്നതാണെന്ന് പ്രസിഡന്‍റ് പറഞ്ഞപ്പോൾ കരീബിയൻ രാജ്യത്തേക്കെന്നാണ് വിദേശകാര്യ സെക്രട്ടറി മാർകോ റൂബിയോ പറഞ്ഞത്. പിന്നീട് റൂബിയോ അത് മാറ്റിപ്പറഞ്ഞു. അന്ന് പീറ്റ് ഹെഗ്സെത്ത് ഫോക്സ് ന്യൂസിനോട് പറഞ്ഞത് ആക്രമണം മുഴുവൻ താൻ തൽസമയം കാണുന്നുണ്ടായിരുന്നുവെന്നാണ്. പിന്നീടും അത്തരത്തിൽ പല ആക്രമണങ്ങൾ നടന്നു.
(പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത്,)
കഴിഞ്ഞ മാസം അവസാനമാണ് സെപ്തംബറിലെ രണ്ടാമത്തെ ആക്രമണത്തിൽ രണ്ട് നിസ്സഹായരായ മനുഷ്യരെയാണ് കൊന്നതെന്നും അതിന് ഉത്തരവിട്ടത് പീറ്റ് ഹെഗ്സെത്താണെന്നും വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തത്. മാധ്യമസൃഷ്ടി, പെരുപ്പിച്ച വാർത്ത എന്നൊക്കെ അപലപിച്ചു ഹെഗ്സെത്ത്. പെൻറഗൺ വക്താവും അപ്പോഴേ അത് തള്ളി. പക്ഷേ, റിപബ്ലിക്കൻ - ഡമോക്രാറ്റ് ജനപ്രതിനിധികൾ അത്ര പെട്ടെന്ന് അത് തള്ളാൻ തയ്യാറായില്ല. സെനറ്റിലെ ആംഡ് സർവീസസ് കമ്മിറ്റി ആക്രമണത്തിന്‍റെ വിവരം ശേഖരിക്കുമെന്ന് രണ്ട് പാർട്ടിയിലെയും അംഗങ്ങൾ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു. ജനപ്രതിനിധിസഭാംഗങ്ങളും അതേപോലെ സംയുക്ത പ്രസ്താവനയിറക്കി. രണ്ടാമത്തെ ആക്രമണത്തിനുള്ള ഉത്തരവ് യുദ്ധ കുറ്റകൃത്യമെന്ന് വ്യക്തമാക്കി ഡമോക്രാറ്റ് സെനറ്റർ ടിം കെയ്ൻ. മണിക്കൂറുകൾക്കകം ട്രംപിന്‍റെ പ്രസ്താവന വന്നു. രണ്ടാമത്തെ ആക്രമണത്തിന് താനായിരുന്നെങ്കിൽ ഉത്തരവിടില്ലായിരുന്നുവെന്ന്. ഹെഗ്സെത്തല്ല അതിനുത്തരവിട്ടതെന്നും കൂട്ടിച്ചേർത്ത. പിന്നെയാണ് വൈറ്റ് ഹൗസിന്‍റെ സ്ഥിരീകരണം വന്നത്. ബ്രാഡ്ലിയുടെ പേരായിരുന്നു അതിൽ.
രണ്ടാമത്തെ ആക്രമണം തന്‍റെ അറിവോടെയല്ലെന്ന് ഹെഗ്സെത്തും പറഞ്ഞു. ബോട്ടാക്രമണങ്ങളിൽ ഇതുവരെ കൊല്ലപ്പെട്ടത് 80 പേരാണ്. അതിൽ ആദ്യത്തെ ആക്രമണത്തിലാണ് ഈ പറഞ്ഞ രണ്ട് പേർ കൊല്ലപ്പെട്ടത്. യുദ്ധ കുറ്റകൃത്യമെന് വാദം ഉദ്യോഗസ്ഥർ തള്ളുന്നു. പക്ഷേ, കഴിഞ്ഞ ദിവസം അഡ്മിറൽ ബ്രാഡ്ലി ഒരു കാര്യം കോൺഗ്രസംഗങ്ങളോട് സമ്മതിച്ചു. കൊല്ലപ്പെട്ട രണ്ടുപേർക്കും സഹായം തേടാനുള്ള അവസ്ഥയോ അതിനുള്ള സൗകര്യമോ ഉണ്ടായിരുന്നില്ലെന്നും രണ്ടാമത്തെ ആക്രമണത്തിന് ഉത്തരവിട്ടത് താൻ തന്നെയായിരുന്നുവെന്നും. ബോട്ടിന്‍റെ ശേഷിച്ച ഭാഗത്ത് കൊക്കെയ്ൻ ഉണ്ടെന്ന വിശ്വാസത്തിലാണ് അത് ചെയ്തതെന്നും കൂട്ടിചേർത്തു. രണ്ടുപേരെയും വെറുതേ വിട്ടിരുന്നെങ്കിൽ അവരത് കരക്കെത്തിച്ച് കച്ചവടം ചെയ്തേനെയെന്നും. പക്ഷേ, ഭ്രാന്ത് എന്നാണ് ചിലരെങ്കിലും പ്രതികരിച്ചത്.
(അഡ്മിറൽ ഫ്രാങ്ക് ബ്രാഡ്ലി)
ബോട്ടോ കപ്പലോ തകർന്ന് അകപ്പെടുന്നവരെ കൊല്ലുന്നത് യുദ്ധ കുറ്റകൃത്യമാണ്. പെന്‍റഗണിന്‍റെ മാനുവൽ അനുസരിച്ച്. കരീബിയൻ സൈനിക വിന്യാസം പിന്തുണക്കുന്ന റിപബ്ലിക്കൻ അംഗങ്ങളും പക്ഷേ, നിരായുധരായ നിസഹായരായ രണ്ടുപേരെ മിസൈലയച്ച് കൊല്ലുന്നത് കണ്ടിരിക്കാൻ തന്നെ പ്രയാസം എന്നാണ് പറയുന്നത്. മാധ്യമസൃഷ്ടി എന്നൊക്കെ ആദ്യം പറഞ്ഞത് തിരുത്തിപ്പറയാൻ ഇപ്പോഴും പ്രതിരോധ സെക്രട്ടറി തയ്യാറായിട്ടില്ല. ആക്രമണത്തിൽ നിന്ന് ആരും രക്ഷപ്പെടരുതെന്ന് ഹെഗ്സെത്ത് പറഞ്ഞിരുന്നുവെങ്കിലും രണ്ടാമത്തെ ആക്രമണത്തെ കുറിച്ച് ഹെഗ്സെത്തിന് അറിയാമായിരുന്നില്ലെന്നാണ് ഉദ്യോഗസ്ഥപക്ഷം. ഇതിനുശേഷവും ആക്രമണങ്ങൾ നടന്നിട്ടുണ്ട്. നാർകോ ഭീകരവാദികളെ ഇല്ലാതാക്കാനെന്ന് ട്രംപ് സർക്കാർ വാദിക്കുന്നു. ഇതെല്ലാം നിയമവിരുദ്ധം എന്ന പക്ഷമാണിപ്പോൾ കൂടുതൽ.
കടലിലെ നിയമത്തിലുള്ള യുഎൻ കൺവെൻഷനിൽ അമേരിക്ക ഒപ്പിട്ടിട്ടില്ല. പക്ഷേ, നിയമവിരുദ്ധമാകാൻ പാടില്ലെന്നാണ് നിയമവിദഗ്ധരുടെ പക്ഷം. അന്താരാഷ്ട്ര അതിർത്തിയിലെ യാനങ്ങളിൽ ഇടപെടാൻ പാടില്ലെന്നാണ് ഈ നിയമം പറയുന്നത്. ചില ഇളവുകളുണ്ടെങ്കിലും. യുഎൻ ചാർട്ടർ അനുസരിച്ച് പ്രതിരോധത്തിന് സൈനിക നടപടിയാകാം. പക്ഷേ, അതെല്ലാം ലംഘിക്കുന്നതാണ് അമേരിക്കയുടെ ഇപ്പോഴത്തെ നടപടി. ഇത്തരത്തിലെ നടപടികൾക്ക് കോൺഗ്രസിന്‍റെ അനുവാദം വേണമെന്ന നിയമവുമുണ്ട് അമേരിക്കയിൽ. അതും തെറ്റിയില്ലേയെന്ന ചോദ്യവും ശേഷിക്കുന്നു.
വെനിസ്വേലയെ ലക്ഷ്യംവെയ്ക്കുന്ന പ്രസിഡന്‍റ് ട്രംപ് യുദ്ധക്കപ്പലുകൾ മാത്രമല്ല വിന്യസിച്ചിരിക്കുന്നത്. രാജ്യത്ത് രഹസ്യ ഓപ്പറേഷൻസിന് സിഐഎയ്ക്ക് നിർദ്ദേശം നൽകിയെന്നും പ്രസിഡന്‍റ് തന്നെ വെളിപ്പെടുത്തിയിരുന്നു. ചെയ്യുന്നതെല്ലാം വിളിച്ചുപറയുന്നത് നല്ലതോ ചീത്തയോ എന്നിത് വരെ തീരുമാനിക്കാനായിട്ടില്ലെങ്കിലും, രഹസ്യനീക്കങ്ങൾ രഹസ്യമല്ലാതായിയെങ്കിലും, വെനിസ്വേലയെ പേടിപ്പിക്കൽ എന്ന ഉദ്ദേശം പ്രസിഡന്‍റ് നടപ്പാക്കി.