അധോലോകം: ബാലന്‍ തളിയില്‍ എഴുതുന്ന ബോംബെ അധോലോകത്തെ കുറിച്ചുള്ള കോളം. ഇത്തവണ ഹസീന പാര്‍ക്കറുടെ ജീവിതവും മരണവും. അടുത്ത ആഴ്ച അഷറഫാ ഖാന്‍ അഥവാ സപ്‌നാ ദീദി | Mumbai Underworld | Column| Haseena Parker
ഹസീനാ ഇബ്രാഹിം കാസ്‌ക്കര്‍. ഇബ്രാഹിം കാസ്‌ക്കറുടെ പത്തുമക്കളില്‍ ഏഴാമത്തെ ആള്‍. ദാവൂദ് ഇബ്രാഹിമിന്റെ ഇളയ പെങ്ങള്‍. വിവാഹത്തോടെ അവള്‍ ഹസീനാ ഇബ്രാഹിം പാര്‍ക്കര്‍ എന്ന പേരില്‍ അറിയപ്പെട്ടു. ഭര്‍ത്താവിന്റെ മരണം അവളുടെ ജീവിതത്തെ മാറ്റിമറിച്ചു. ഹസീന അധോലോകത്തിന്റെ ഭാഗമായി. ഭീഷണിപ്പെടുത്തി പണം തട്ടുന്ന നിരവധി കേസുകളില്‍ പ്രതിയായി. മുംബൈയിലെ ലേഡി ഡോണ്‍ ആയി അവര്‍ അറിയപ്പെട്ടു. ദാവൂദിന്റെ ബോംബെയിലെ പ്രവര്‍ത്തനങ്ങള്‍ നോക്കിനടത്തുന്ന ആളായി ഹസീന മാറി. സഹോദരന്റെ പേരായിരുന്നു അവരുടെ ഏറ്റവും മൂര്‍ച്ചയുള്ള ആയുധം. അവരുടെ ജീവിതം പറയുന്ന ഹസീന പാര്‍ക്കര്‍ എന്ന സിനിമയില്‍ ശ്രദ്ധാ കപൂറായിരുന്നു നായിക.
1959 -ലായിരുന്നു ജനനം. സൗദ, ഫര്‍സാന, മുംതാസ് എന്നീ സഹോദരിമാര്‍. ദാവൂദ് ഇബ്രാഹിം അടക്കം ആറ് സഹോദരന്മാര്‍. സഹോദരന്‍മാരെല്ലാം ഡി കമ്പനിയുടെ ഭാഗമായിട്ടും സഹോദരിമാര്‍ക്ക് ദാവൂദ് ഇടം നല്‍കിയിരുന്നില്ല. അവര്‍ അവരുടെ ലോകത്ത് സന്തോഷത്തോടെ ജീവിക്കട്ടെ എന്ന് ദാവൂദ് നിശ്ചയിച്ചു. അതിന് വേണ്ട തുക പ്രതിമാസം കുടുംബസ്‌നേഹിയായ ദാവൂദ് എത്തിച്ചുകൊണ്ടിരുന്നു.

അരുണ്‍ ഗാവ്ലി
ദാവൂദ് ഗാവ്‌ലിയുമായി മുട്ടുന്നു
എണ്‍പതുകളുടെ അന്ത്യത്തില്‍ ദാവൂദ് ബോംബെ വിട്ടുപോയി. എങ്കിലും വിദേശത്ത് ഇരുന്ന് ദാവൂദ് ബോംബെയിലെ ഡി-കമ്പനിയെ നിയന്ത്രിച്ചു. സ്വര്‍ണക്കടത്ത്, ഹവാല ഇടപാട്, അനധികൃത കെട്ടിട നിര്‍മ്മാണം, മയക്കുമരുന്ന് കച്ചവടം, ആയുധക്കടത്ത് എന്നിവയാണ് ദാവൂദ് തിരഞ്ഞെടുത്ത വഴി. തടസ്സം നില്‍ക്കുന്ന എതിരാളികളെ ഓരോന്നായി നേരിടാനും വധിക്കാനും അയാള്‍ ശ്രമിച്ചു.
ബൈക്കുള കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന അരുണ്‍ ഗാവ്ലി ആയിരുന്നു ശത്രുക്കളില്‍ പ്രമുഖന്‍. ആയുധവും സമ്പത്തും രാഷ്ട്രീയബന്ധവും മില്‍ത്തൊഴിലാളികളുമായുള്ള ചങ്ങാത്തവും ഗാവ്ലിയുടെ കരുത്തായിരുന്നു. പല കാരണങ്ങള്‍ പറഞ്ഞ് ഗാവ്ലി സംഘം മറ്റു സംഘങ്ങളോട് ഇടയുന്നത് പതിവായിരുന്നു. അങ്ങനെയൊരിക്കല്‍ ഗാവ്‌ലി ഡി കമ്പനിയുമായും ഇടഞ്ഞു. അന്ന് ഗാവ്ലിയുടെ സഹോദരന്‍ പപ്പാ ഗാവ്ലി കൊല്ലപ്പെട്ടു. ഗാവ്ലിക്ക് ആ മരണം വലിയ ആഘാതമായിരുന്നു. അതോടെ ഗാവ്ലി തന്റെ ഗ്രൂപ്പ് തന്നെ പിരിച്ചുവിട്ടു.
അധോലോകത്തിന്റെ പ്രഖ്യാപിത നിയമങ്ങളില്‍ ഒന്ന് ശത്രുക്കളുടെ കുടുംബത്തെയോ നിരപരാധികളെയോ ആക്രമിക്കില്ല എന്നതാണ്. ദാവൂദിന്റെ സഹോദരനെ കൊന്ന് കരീംലാലയും പപ്പാ ഗാവ്ലിയുടെ കൊലപാതകത്തോടെ ദാവൂദും ആ നിയമം തെറ്റിച്ചു കളഞ്ഞു. ബോംബ അധോലോകത്ത് അത് വലിയ പ്രത്യാഘാതങ്ങള്‍ക്ക് കാരണമായി.

ദാവൂദ് ഇബ്രാഹിമും ചോട്ടാ രാജനും
പാര്‍ക്കറിന്റെ കൊല
സഹോദരനെ കൊന്ന ദാവൂദിനെ കടന്നാക്രമിക്കുക എളുപ്പമല്ല. അതിനാല്‍, അതിനുപകരം സഹോദരി ഹസീനയുടെ ഭര്‍ത്താവ് ഇസ്മായില്‍ പാര്‍ക്കറെ ഗാവ്ലിയുടെ സംഘം വധിച്ചു. 1991 ജൂലായ് 26 -നായിരുന്നു ആ കൊലപാതകം. നാഗ്പടയില്‍ ഒരു ചെറു റെസ്റ്റോറന്റ് നടത്തുകയായിരുന്ന ഇസ്മായില്‍ പാര്‍ക്കറിനെ ഹോട്ടലിന്റെ കാഷ് കൗണ്ടറില്‍ ഇരിക്കുന്നതിനിടയില്‍ അക്രമികള്‍ വന്ന് വളഞ്ഞിട്ടു കൊല്ലുകയായിരുന്നു. ഇടയ്ക്ക് ഹിന്ദി സിനിമയില്‍ കൊച്ചുകൊച്ചു റോളുകളില്‍ അഭിനയിക്കാറുണ്ടായിരുന്ന പാര്‍ക്കറിന്റെ കൊലപാതകം ബോളിവുഡിലും ഞെട്ടലുണ്ടാക്കി.
ഗാവ്ലിക്കുവേണ്ടി ദയാനന്ദ് പൂജാരി എന്ന വാടകക്കൊലയാളിയും കൂട്ടരുമായിരുന്നു ആ കൊല നടത്തിയത്. (അതോടെ ഒളിവില്‍ പോയ പൂജാരിയെ 1992 -ല്‍ പോലീസ് പിടികൂടി. നാലുവര്‍ഷത്തിന് ശേഷം അയാള്‍ക്ക് ജാമ്യം കിട്ടി. അതോടെ ദയാനന്ദ് വീണ്ടും ഒളിവിലായി. 22 വര്‍ഷത്തിന് ശേഷം കൂട്ടുകാര്‍ തന്നെ ദയാനന്ദിനെ പൊലീസുകാര്‍ക്ക് ഒറ്റിക്കൊടുത്തു).
ബോംബെ പോലീസിന് വലിയ തലവേദനയായിരുന്നു ഇസ്മായില്‍ പാര്‍ക്കറുടെ കൊലപാതകം. ദാവൂദില്‍ നിന്ന് നിരന്തര സമ്മര്‍ദ്ദവും ഭീഷണിയും വന്നുകൊണ്ടിരുന്നു. പൊലീസ് ജാഗരൂകരായി.

പകരത്തിനു പകരം
ഭര്‍ത്താവിന്റെ കൊലപാതകം ഹസീനയുടെ ജീവിതം മാറ്റിമറിച്ചു. നാഗ്പടയിലെ ഗാവ്ലിയുടെ അടഞ്ഞുകിടന്ന ഫ്‌ലാറ്റിന്റെ പൂട്ട് തകര്‍ത്ത് ഹസീന തന്റെ നാല് മക്കളുമായി അവിടേക്കു താമസംമാറ്റി. ചോദിക്കാനും കുടിയൊഴിപ്പിക്കാനും ആര്‍ക്കും ധൈര്യം വന്നില്ല. ആ സമയത്താണ് അവിടുത്തെ ഒരു മൊബൈല്‍ ഷോപ്പുടമയുടെ സഹോദരി കാമുകനോടൊപ്പം ഒളിച്ചോടുന്നത്. ഹസീന കാമുകന്‍ പയ്യനെ ഭീഷണിപ്പെടുത്തി. അവന്‍ പെണ്‍കുട്ടിയെ അവരുടെ മുന്നില്‍ ഹാജരാക്കി ഓടിപ്പോയി. അതോടെ ഹസീന അത്തരത്തിലുള്ള പ്രശ്‌നങ്ങളില്‍ ഇടപെട്ടു തുടങ്ങി. അതോടെ പലര്‍ക്കും അവര്‍ അഭയമായി.
ഇസ്മായില്‍ പാര്‍ക്കറുടെ മരണം നടക്കുമ്പോള്‍ ദാവൂദിന്റെ ആത്മസുഹൃത്തും ബോംബെയിലെ കാര്യകര്‍ത്താവുമായിരുന്ന ചോട്ടാ രാജന്‍ മൗനിയായിരുന്നു. ഇത് ദാവൂദിന്റെ മാനേജര്‍ ചോട്ടാ ഷക്കീലിനും കൂട്ടര്‍ക്കും വലിയ സംശയമുണ്ടാക്കി. രാജന്‍ എന്നിട്ടും മിണ്ടിയില്ല. അയാള്‍ തിരശ്ശീലയ്ക്ക് പിന്നില്‍ ഗാവ് ലിയോടുള്ള പ്രതികാരത്തിനുള്ള തയ്യാറെടുപ്പ് നടത്തുകയായിരുന്നു. ചോട്ടാ ഷക്കീലും സൗത്യയും ഇക്കാര്യത്തില്‍ രാജനെ പിന്തുണച്ചു. ദാവൂദ് അറിയാതെ സഹോദരി ഹസീനയും അവര്‍ക്ക് കൂട്ടുനിന്നു. യുപിയില്‍ നിന്നും ബ്രിജേഷ് സിംഗ് എന്ന ഷാര്‍പ്പ്ഷൂട്ടറുടെ നേതൃത്വത്തില്‍ മൂന്നുപേരെ രാജന്‍ ബോംബയില്‍ ഇറക്കി. അവര്‍ക്കൊപ്പം ദവൂദ് സംഘത്തിലെ 21 പേര്‍ കൂടി ചേര്‍ന്നതോടെ ബോംബെയെ ഞെട്ടിച്ച ജെ ജെ ഹോസ്പിറ്റല്‍ ഷൂട്ടൗട്ട് നടന്നു.
ജെ ജെ ഹോസ്പിറ്റലിലെ വെടിവെപ്പ്
മുംബൈയിലെ പ്രധാന ഹോസ്പിറ്റലുകളില്‍ ഒന്നാണ് ജെ ജെ. ഇസ്മായില്‍ പാര്‍ക്കര്‍ വധക്കേസിലെ പ്രതികളെ പരിക്കുകളോടെ ഈ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദാവൂദിന്റെ ഭീഷണിയുള്ളതിനാല്‍ ഇവര്‍ക്ക് ശക്തമായ പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയിരുന്നു. അവിടെ ചെന്ന് അവരെ വധിക്കാനായിരുന്നു ദാവൂദിന്റെ സംഘത്തിന്റെ പ്ലാന്‍.
1992 സെപ്റ്റംബര്‍ 12. പാര്‍ക്കര്‍ വധക്കേസിലെ പ്രധാന പ്രതികളില്‍ ഒരാളായ ശൈലേഷ് ഹല്‍ദാന്‍കര്‍ ജെ ജെ ആശുപത്രിയിലെ ഒരു മുറിയില്‍ കിടക്കുകയായിരുന്നു. ആയുധമേന്തിയ രണ്ട് പൊലീസുകാര്‍ അയാള്‍ക്ക് കാവലിരുന്നു. മറ്റൊരു പ്രതി ബിപിന്‍ ഷെരെ അടുത്ത വാര്‍ഡിലായിരുന്നു. ഇവിടേക്കാണ് ആയുധധാരികളായ ദാവൂദ് സംഘം എത്തിയത്.
ദാവൂദ് സംഘത്തിലെ ചില അംഗങ്ങള്‍ ആദ്യം ആശുപത്രിയിലെത്തി അവിടുത്തെ പോലീസ് സുരക്ഷയും വിന്യാസവും വിലയിരുത്തുന്നതിനായി നിരീക്ഷണം തുടര്‍ന്ന്, പുലര്‍ച്ചെ എകെ-47 തോക്കുകളും പിസ്റ്റളുകളും റിവോള്‍വറുകളും കൈവശം വെച്ച ഇരുപത്തിനാലോളം ഷൂട്ടര്‍മാര്‍ അവിടെയെത്തി. ഹല്‍ദാന്‍കറെ പാര്‍പ്പിച്ചിരുന്ന വാര്‍ഡിലേക്ക് കടക്കുന്നതിനായി ആക്രമണകാരികള്‍ പോലീസുകാരുടെ വേഷം ധരിച്ചെത്തിയതായാണ് പറയപ്പെടുന്നത്.
സായുധസംഘം വാര്‍ഡിലേക്ക് കടക്കാന്‍ ശ്രമിച്ചപ്പോള്‍, കാവലുണ്ടായിരുന്ന പോലീസ് കോണ്‍സ്റ്റബിള്‍മാര്‍ വാതില്‍ അടച്ചു. ഇതിനെത്തുടര്‍ന്ന് വെടിവെപ്പ് ആരംഭിച്ചു. അടഞ്ഞുകിടന്ന വാതിലിനു നേരെ ഓട്ടോമാറ്റിക് ആയുധങ്ങള്‍ ഉപയോഗിച്ച് വെടിയുതിര്‍ത്തതോടെ ആശുപത്രി പരിസരത്ത് ഇരുവിഭാഗങ്ങളും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. ഈ വെടിവെപ്പില്‍ ഹല്‍ദാന്‍കറും സുരക്ഷയ്ക്കായി നിയോഗിക്കപ്പെട്ട രണ്ട് കോണ്‍സ്റ്റബിള്‍മാരും കൊല്ലപ്പെട്ടു. പ്രതി വിപിന്‍ ഷെരെ മറ്റൊരു വാര്‍ഡില്‍ അഡ്മിറ്റ് ആയതിനാല്‍ അയാളെ വധിക്കാനായില്ല. മുംബൈ അധോലോകത്ത് ആദ്യമായി എകെ 47 തോക്ക് ഉപയോഗിച്ചത് അന്നായിരുന്നു.
ദാവൂദിന്റെ ദുബായ് വസതിയായ വൈറ്റ് ഹൗസില്‍ ദിവസങ്ങളോളം അതിന്റെ ആഘോഷം നടന്നു. ബോംബയില്‍ ദാവൂദിന്റെ സഹോദരന്‍ അനീസ് ഇബ്രാഹിം കാസ്‌ക്കറുടെ വീട്ടിലും ആഘോഷമുണ്ടായി. ഈ സംഭവത്തിനു ശേഷമാണ് ജെ ജെ ഹോസ്പിറ്റലിന് സംരക്ഷണം നല്‍കുന്നതിനായി ജെ ജെ മാര്‍ഗ് പോലീസ് സ്റ്റേഷന്‍ നിലവില്‍ വന്നത്.
ഈ വെടിവെപ്പ് ബോംബെയില്‍ വലിയ കോളിളക്കം ഉണ്ടാക്കി. പൊലീസുകാരുടെ മരണം സര്‍ക്കാറിന് തിരിച്ചടിയായി. പൊലീസ് ഊര്‍ജിതമായി അന്വേഷണം നടത്തി. സുഭാഷ് താക്കൂര്‍ അടക്കം പ്രധാന പ്രതികള്‍ പിടിയിലായി. ഉല്ലാസ് നഗര്‍ എംഎല്‍എ പപ്പു കലാനി, യൂണിയന്‍ മിനിസ്റ്റര്‍ കല്‍പനാഥ റായിയുടെ മരുമകന്‍ വീരേന്ദ്ര റായ് എന്നിവരുടെ അകമഴിഞ്ഞ സഹായം കൊലയാളികള്‍ക്ക് കിട്ടിയതായി പിന്നീട് അന്വേഷണ സംഘങ്ങള്‍ക്ക് വിവരം കിട്ടി.

ഹസീന
അധോലോകത്തിന്റെ ഹസീന
ഹസീന എന്ന മാഫിയ റാണിയുടെ ഉദയം തുടങ്ങുന്നത് അങ്ങനെയാണ്. ദാവൂദിന്റെ സഹോദരി, ജെജെ ആക്രമണത്തിന്റെ സൂത്രധാര എന്നീ കാരണങ്ങള്‍ മതിയായിരുന്നു അവര്‍ക്ക് ജ്വലിച്ചു തുടങ്ങാന്‍. നാഗ്പടയും ബൈക്കുളയും അവര്‍ തന്റെ ശക്തികേന്ദ്രമാക്കി. ഹസീനയുടെ അനുവാദമില്ലാതെ അവിടങ്ങളില്‍ ഒരീച്ച പോലും പറക്കാതായി. നിര്‍മ്മാണപ്രവൃത്തികള്‍ നടത്താന്‍ ഹസീനയുടെ അനുവാദം വേണം എന്ന നില വന്നു.
ഹിന്ദി സിനിമകളുടെ നിര്‍മ്മാണവും വിദേശനാടുകളിലെ വിതരണാവകാശവും അന്ന് അധോലോകത്തിന്റെ കൈകളിലായിരുന്നു. മദ്ധ്യപൂര്‍വേഷ്യന്‍ രാജ്യങ്ങളിലും റഷ്യയിലുമുള്ള വിതരണം ഹസീന നേടിയെടുത്തു. അതുവഴി കോടിക്കണക്കിനു രൂപ അവരുടെ കൈകളിലെത്തി. കൂടാതെ ഹവാലാ ഇടപാടിലൂടെയും മറ്റു അനധികൃത വഴികളിലൂടെയും അവര്‍ പണമുണ്ടാക്കുന്നതായി പൊലീസ് കോടതിയില്‍ നല്‍കിയ രേഖകള്‍ വ്യക്തമാക്കുന്നു.
അക്കാലത്ത് ഇന്ത്യാ ടുഡെയില്‍ ഒരു വാര്‍ത്ത പരന്നു. പ്രമുഖരായ പലരും നിയമക്കുരുക്കുകളും വ്യക്തിപരമായ വിഷയങ്ങളും ബിസിനസ്സ് കാര്യങ്ങളും പരിഹരിക്കാന്‍ ഹസീനയെ സമീപിക്കുന്നതായിരുന്നു വാര്‍ത്ത. കെട്ടിട നിര്‍മ്മാണ പ്രശ്‌നങ്ങള്‍ അവര്‍ ഇടപെട്ട് പരിഹരിക്കുന്നതായും ആ വാര്‍ത്തയില്‍ പറഞ്ഞു.
2005 കാലത്താണ് ചേരിനിര്‍മാര്‍ജനത്തിനുള്ള അതോറിറ്റി ചേരികള്‍ പൊളിച്ചു നീക്കി കെട്ടിടം പണിയാനുള്ള അനുമതി നിര്‍മ്മാതാക്കള്‍ക്ക് നല്‍കുന്നത്. ഹസീനയ്ക്ക് കാശുണ്ടാക്കാന്‍ കിട്ടിയ വലിയ അവസരമായി അത് മാറി. കെട്ടിട ഉടമയായ കിഷന്‍ ശുക്ലയും ഇടനിലക്കാരന്‍ ജയേഷ് ഷായും ഹസീനയുടെ പങ്കാളിത്തം ആഗ്രഹിച്ച് അവരെ സമീപിച്ചു. പ്രോപ്പര്‍ട്ടി ബ്രോക്കറായ വിനോദ് അല്‍വാതി ഓരോ കോടിവീതം ആവശ്യപ്പെട്ടതോടെ ആ കച്ചവടം നടന്നില്ല. ഹസീനയുടെ കയ്യിലുള്ള ജയേഷിന്റെ വിഹിതമായ ഒരു കോടി തിരികെ ആവശ്യപ്പെട്ടെങ്കിലും കമ്മീഷന്‍ കഴിച്ച് 70 ലക്ഷം മാത്രം ഹസീന തിരിച്ചുകൊടുത്തു. കേസ് കോടതിയില്‍ എത്തി. ഹസീനയെ പിടികൂടാന്‍ ഉത്തരവായി. അതോടെ അവര്‍ വിദേശത്തേക്ക് കടന്നു. ദാവൂദുമായി അകല്‍ച്ചയില്‍ ആണെന്ന് അതിനുമുന്‍പേ ഹസീന കോടതിയെ ബോധിപ്പിച്ചിരുന്നുവെങ്കിലും ദുബായിലും പാകിസ്ഥാനിലും പോയി അവര്‍ സഹോദരനെ കണ്ട വിവരങ്ങള്‍ പുറത്തുവന്നിരുന്നു.
2007 -ല്‍ മറ്റൊരു കെട്ടിട നിര്‍മ്മാതാവും സമാനമായ തട്ടിപ്പ് ആരോപണമുന്നയിച്ച് കോടതിയില്‍ പോയി. ഹസീന അന്‍പതു ലക്ഷം ഭീഷണിപ്പെടുത്തി തട്ടിച്ചു എന്നായിരുന്നു കേസ്. എന്നാല്‍, തെളിവോ സാക്ഷികളോ രേഖയോ ഇല്ലെന്ന കാരണത്താല്‍ കേസ് തള്ളിപ്പോയി. ചില കേസുകളാവട്ടെ അവര്‍ സ്വയം പരിഹരിച്ചു. കേബിള്‍ ഓപ്പറേറ്റര്‍മാര്‍ക്കിടയില്‍ നിരന്തരം സംഘര്‍ഷങ്ങള്‍ നടക്കുന്ന സമയമായിരുന്നു അത്. പലപ്പോഴും അത് കൊലപാതകങ്ങള്‍ക്ക് വഴിവെച്ചു. അവിടെയും ഹസീന ഇടപെട്ടു.

ഹസീനയുടെ ഇളയ മകളും കുഞ്ഞും മുംബൈയിലെ ഒരു കോടതിയില്‍നിന്ന് ഇറങ്ങിവരുന്നു
തകര്‍ച്ചയുടെ നാള്‍വഴികള്‍
അതിനിടയില്‍ ഹസീനയുടെ മകന്‍ ഡാനിഷ് പാര്‍ക്കര്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു. ദാവൂദിന് ഏറ്റവും പ്രിയപ്പെട്ട അനന്തിരവന്‍ ആയിരുന്നു അത്. ഡാനിഷ് ഡി കമ്പനിയിലേക്ക് ചേക്കേറുമെന്നും അന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ഹസീനയുടെ വലംകൈ ആയിരുന്നു ഷാനിഷ്. ചില കാരണങ്ങളാല്‍ ഹസീനയും ഡാനിഷും തമ്മില്‍ പ്രശ്‌നങ്ങള്‍ നിലനിന്നിരുന്നതായും മരണത്തിന് പിന്നില്‍ ഹസീനയുടെ കൈകള്‍ ഉണ്ടെന്നുമുള്ള ഗോസിപ്പുകള്‍ അന്നുണ്ടായിരുന്നു. ഇളയമകന്‍ അലി ഷാ ആവട്ടെ അമ്മയുടെ ദുഷ്‌ചെയ്തികളില്‍ നിന്നും മാറിനിന്ന് അച്ഛനെപ്പോലെ മൗനിയായി കഴിഞ്ഞു. രണ്ട് പെണ്‍മക്കള്‍ക്കൊപ്പമായിരുന്നു ഹസീനയുടെ താമസം.
ഭര്‍ത്താവും മകനും മരിച്ചു. 88 ഓളം കേസുകള്‍പൊലീസ് ചുമത്തി. അവരുടെ സംരക്ഷണയിലുള്ള പലരുടെയും അനധികൃത കെട്ടിടങ്ങള്‍ 'മുംബൈ മഹാനഗര്‍ പാലിക' ഇടിച്ചു തകര്‍ത്തുകൊണ്ടിരുന്നു. അതിനിടയില്‍, അനുയായികള്‍ ഓരോരുത്തരായി പിരിഞ്ഞുപോവുന്നുണ്ടായിരുന്നു. അതോടെ അധോലോകത്തുനിന്നും പിന്മാറാന്‍ ഹസീന ആഗ്രഹിച്ചു. ലേഡി ഡോണ്‍ എന്നറിയപ്പെടുന്ന ഹസീന പുറത്തിറങ്ങാതായി. ഡ്രൈവര്‍ മാത്രം സഹായിയായി കൂടെ നിന്നു. അവരുടെ അധോലോക സാമ്രാജ്യം പതുക്കെ നിശ്ചലമായിക്കൊണ്ടിരുന്നു.
ഇതിനിടയില്‍ സൂക്ഷിച്ചുവെച്ച അനവധി ഫയലുകള്‍ അവര്‍ നശിപ്പിച്ചു. ടെലിഫോണ്‍ ബന്ധം മുറിച്ചുമാറ്റി. പ്രമേഹം, രക്തസമ്മര്‍ദ്ദം തുടങ്ങി പല രോഗങ്ങളും മൂര്‍ച്ഛിച്ചു. ഞാന്‍ പഴയ ഹസീനയല്ല നിങ്ങളുടെ ആപ്പ (അമ്മ) മാത്രമാണെന്ന് അവര്‍ പലരോടും പറഞ്ഞു.

ആ ഹൃദയം നിലയ്ക്കുന്നു
2014 ജൂലൈ എഴ്. വൈകുന്നേരം അതികഠിനമായ തലവേദനയില്‍ അവര്‍ പുളഞ്ഞു. ഡോങ്ഗ്രിയിലെ ഹബീബ് ആശുപത്രിയില്‍ എത്തും മുന്‍പേ വഴിക്കുവെച്ച് ഹൃദയാഘാതത്തെ തുടര്‍ന്ന് ഹസീന മരിച്ചു. കഠിനമായ പ്രമേഹരോഗവും ഹസീനയെ അലട്ടിയിരുന്നു. മരിക്കുമ്പോള്‍ അവര്‍ക്ക് പ്രായം വെറും അന്‍പത്തിയഞ്ച്.
സ്വന്തമായി ആയുധമെടുക്കാത്ത അധോലോക റാണി ആയാണ് ഹസീന അറിയപ്പെടുന്നത്. ആയുധധാരികള്‍ അവര്‍ക്കു ചുറ്റുമുണ്ടായിരുന്നു. എതിരാളികളെ വകവരുത്താന്‍ അവര്‍ അനുയായികളോട് നിര്‍ദേശിക്കുകയായിരുന്നു പതിവ്. ദാവൂദിന്റെ പേര് പറഞ്ഞും എതിരാളികളെ ഭീഷണിപ്പെടുത്തിയുമാണ് അവര്‍ ആവുന്നതെല്ലാം നേടിയത്. മരണപ്പെട്ട മകന്‍ ഡാനിഷിന്റെ നാമധേയത്തില്‍ ഒരു ആശുപത്രിയോ ട്രസ്റ്റോ സ്ഥാപിക്കാന്‍ അവര്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ അ്തിനുള്ള സാഹചര്യമായിരുന്നില്ല. കോടിക്കണക്കിന് ആസ്തി ഉണ്ടായിട്ടും അവര്‍ക്കതിന് കഴിഞ്ഞിട്ടില്ല.
2017 -ലാണ് ആ സിനിമ ഇറങ്ങിയത്. 'ഹസീനാ പാര്‍ക്കര്‍.' അത് ഹസീനയുടെ കഥയായിരുന്നു. ശ്രദ്ധാ കപൂറായിരുന്നു നായിക. എഴുകോടിക്കടുത്ത് മാത്രം കളക്ഷന്‍ നേടിയ ആ ചിത്രം ബോളിവുഡില്‍ പരാജയമായിരുന്നു.
………………………………..
(ബാലന്‍ തളിയില്‍: കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി തളീക്കര സ്വദേശി. പതിനെട്ടാം വയസ്സില്‍ വീട്ടില്‍നിന്നും ഒളിച്ചോടി കള്ളവണ്ടി കയറി ബോംബെയിലെത്തി. അധോലോകം അരങ്ങുവാണ 1979 മുതല്‍ 1988 വരെയും 1997 മുതല്‍ 2004 വരെയും ബോംബയില്‍ ജീവിച്ചു. ഇതിനിടയില്‍ 18 വര്‍ഷം ദുബായില്‍. ഇപ്പോള്‍ നാട്ടില്‍ സ്ഥിരതാമസം. ഒരു നോവല്‍ അടക്കം അഞ്ചു പുസ്തകങ്ങള്‍ എഴുതി. തെരുവില്‍ നിന്നൊരാള്‍, ബോംബെ: സ്വപ്നങ്ങള്‍ നൃത്തം വെച്ച നഗരം എന്നീ പുസ്തകങ്ങള്‍ ബോംബെയിലെ ജീവിതാനുഭവങ്ങളാണ്.)


