നേരം വെളുത്തപ്പോള്‍, ദേ കഴുത്തിലൊരു മുഴ!

By Tulu Rose TonyFirst Published Sep 23, 2021, 6:29 PM IST
Highlights

 ടുലുനാടന്‍ കഥകള്‍. ടുലു റോസ് ടോണി എഴുതുന്ന കുറിപ്പുകള്‍ തുടരുന്നു

ഞാനുറപ്പിച്ചു. ഇതത് തന്നെ, കാന്‍സര്‍!

കാറിക്കൂവി കരയുന്നത് കേട്ട് അമ്മയും കരയാന്‍ തുടങ്ങി. ആകെ മൊത്തം ഒരു ആഘോഷ കമ്മിറ്റി മീറ്റിങ്ങ് പോലെ. അങ്ങനെ എല്ലാവരും കൂടെ ഓപ്പറേഷന്‍ ഫിക്‌സഡ്!

കഴല മാന്തിയെടുത്ത്, ബയോപ്‌സിക്കയച്ച്, പുഴുങ്ങിത്തിന്നുവാന്‍ അവര്‍ തീരുമാനിച്ചു.

 

 


ഒരു ദിവസം നേരം ചറപറ കറുത്തപ്പോള്‍ ഞാനെണീറ്റു. കഴുത്തിലൊരു തടസ്സം തോന്നി തൊട്ട് നോക്കിയപ്പോള്‍ അവിടെ ഒരു മുഴ. കഴല എന്ന് ഞങ്ങള്‍ പറയും. ഈ സാധനത്തില് തൊടാന്‍ ആ സാധനം സമ്മതിക്കുന്നുമില്ല. തെന്നി തെന്നി നീങ്ങുന്നു. േനരെ കണ്ണാടിയില്‍ നോക്കി. ഒന്നും കാണുന്നില്ല. രണ്ട് ദിവസം കഴിഞ്ഞിട്ടും അത് മാറിയില്ല. എന്നുമാത്രമല്ല അതു  കുറച്ച് വലുതാകുകയും ചെയ്തു. 

പണ്ടൊക്കെ ആയിരുന്നെങ്കില്‍ കഴലക്കൊക്കെ പുല്ല് വില ആയിരുന്നു. ഇപ്പോ ഓരോ കഴലക്കും നല്ല കാന്‍സറിന്റെ വിലയാണല്ലോ. 

അതുകൊണ്ട് ഞാന്‍ ആരോടും പറയാതെ ഒരു ഇ.എന്‍.ടി ഡോക്ടറെ കൊണ്ട് കാണിച്ചു. അങ്ങേരതില് കുറേ തട്ടിക്കളിച്ചിട്ട് ഒരു ടെസ്റ്റിന് എഴുതി തന്നു. 

നേരെ വീട്ടിലെത്തി മ്മടെ അദ്ദഹത്തിനോട് കാര്യം പറഞ്ഞ് സാധനവും കാണിച്ച് കൊടുത്തു. 

ഒന്ന് തൊട്ടുഴിഞ്ഞ് കൊണ്ട് അങ്ങേര്‍ അരുളി ചെയ്തു:

'ഇത് തുടക്കമാരിക്കും. കാന്‍സറിന്റെ തുടക്കത്തില്‍ തന്നെ അറിയുന്നത് ഭാഗ്യമാ. കണ്‍ഗ്രാജുലേഷന്‍സ്.' 

മുഖത്ത് നോക്കി അങ്ങേരത് പറഞ്ഞപ്പോള്‍ എവിടുന്നൊക്കെയോ ഒരു പേടി അരിച്ച് കയറാന്‍ തുടങ്ങി. 

എന്റെ കൈകള്‍ കഴലയില്‍ ഞെരടി. കഴല എന്നെ പറ്റിച്ച് കൊണ്ട് ചാട്ടവും തുടങ്ങി.

അല്ലാ, എന്റെ ഭാഗത്താണ് തെറ്റ്. എന്ത് കുരു വന്നാലും അത് കാന്‍സറാ എന്ന് പറയുന്ന ഒരസുഖം ഉള്ള ആളിനാണ് ഞാനെന്റെ കഴല കാണിച്ച് കൊടുത്തത്.

അങ്ങനെ ടെസ്റ്റ് ദിവസം ആയി. പറഞ്ഞ സമയത്തിന് തന്നെ ഞാന്‍ ലാബില്‍ എത്തി. ഒരു സിസ്റ്റര്‍ വന്ന് എന്നെ കൊണ്ട് പോയി അകത്തേക്ക്. 

'സിസ്റ്ററേ, വേദനിപ്പിക്കാതെ കുത്തണേ.'

ഒരു വലിയ സിറിഞ്ചില്‍ സൂചി ഉറപ്പിച്ചടുത്ത് വന്നു. ഒറ്റ കുത്ത് പതുക്കെ. കഴലയിലെ വെള്ളം വലിച്ചെടുക്കുന്നതിനിടയിലൊരു ചോദ്യം :

'മോളേ, മോള്‍ക്കെത്ര മക്കളാ?'

'എന്റെ സിസ്റ്ററേ അപ്പഴിത് കാന്‍സര്‍ തന്നെയാണോ?'

'ധൈര്യമായിട്ടിരിക്ക് മോളേ.'

അത് കേട്ടതും ധൈര്യം കൂടി തല കറങ്ങി ഒരു വിധം വീട്ടിലെത്തി. 

ആകെ ഒരു ചത്ത ഫീലിങ്ങ്. റിസള്‍ട്ട് കിട്ടണത് വരെ ടോയ്‌ലറ്റിലാരുന്നു കിടപ്പ്. ടെന്‍ഷന്‍ വന്നാലെനിക്കങ്ങനെയാ. ആരോ പറഞ്ഞേല്‍പ്പിച്ച പോലെ ലൂസ്‌മോഷന്‍ വരും. 

റിസള്‍ട്ട് കിട്ടിയതും വെപ്രാളത്തോടെ തുറന്ന് വായിച്ചു. വെപ്രാളം കൊണ്ട് ഒന്നും മനസ്സിലായില്ല. 

ഇംഗ്ലീഷൊക്കെ മണി മണി പോലെ വായിക്കാനറിയാഞ്ഞിട്ടല്ല. പക്ഷേ, എനിക്ക് ആകെ കൂടെ വായിക്കാനൊത്തത് ഇതാണ്.

'go for a biopsy--'

ഇതില്‍ ബയോപ്‌സിക്ക് മാത്രം കട്ടി കൂടി എന്റെ കണ്ണില്‍. ഞാനുറപ്പിച്ചു. ഇതത് തന്നെ, കാന്‍സര്‍!

കാറിക്കൂവി കരയുന്നത് കേട്ട് അമ്മയും കരയാന്‍ തുടങ്ങി. ആകെ മൊത്തം ഒരു ആഘോഷ കമ്മിറ്റി മീറ്റിങ്ങ് പോലെ. അങ്ങനെ എല്ലാവരും കൂടെ ഓപ്പറേഷന്‍ ഫിക്‌സഡ്!

കഴല മാന്തിയെടുത്ത്, ബയോപ്‌സിക്കയച്ച്, പുഴുങ്ങിത്തിന്നുവാന്‍ അവര്‍ തീരുമാനിച്ചു.

ഒരു ദിവസം രാത്രി ഉറക്കത്തീന്ന് ഞാനൊന്നുണര്‍ന്നപ്പോള്‍ ഒരു കൈ എന്റെ തലയിലൂടെ തലോടുന്നു. 

എന്നിട്ട് പറയുന്നു :

'നീ പേടിക്കണ്ട. ഞാന്‍ നിന്നെ നോക്കിക്കോളാം. വെഷമിക്കണ്ട'

'എന്തിന്!?'

'അല്ലാ, നിനക്ക് ധൈര്യം...'

'ദേ നിങ്ങളെന്നോട് സത്യം പറഞ്ഞോ. ഞാന്‍ മരിച്ചിട്ട് നിങ്ങടെ പ്ലാനെന്താ? പറ.'

അത് കേട്ടതോടെ അങ്ങേര്‍ക്ക് നല്ല ഉറക്കം കിട്ടി. എന്റെ ഉറക്കം പോകുകയും ചെയ്തു. 

മെന്‍ വില്‍ ബീ മെന്‍.

അങ്ങനെ ആ 'ഓപ്പറേഷന്‍ കഴല' ദിവസം വന്നെത്തി. ഞങ്ങള്‍ക്ക് നല്ല പോലെ പരിചയമുള്ള ഒട്ടും മനോഹരനല്ലാത്ത ഡോ. മനോഹര്‍ ആണ് ആ ദൗത്യം ഏറ്റെടുത്തത്. 

അതിനിടക്കങ്ങേരുടെ ഒരു ചോദ്യം ഡോക്ടറോട്: 'ഡാക്ടര്‍ ഡാക്ടര്‍, ഫസ്റ്റ് സ്റ്റേജാണേല് കീമോ ചെയ്താ കൈയീ കിട്ടും അല്ലേ?'

എന്ത് കിട്ടുവോന്ന് കഴലയോ?

'ഡോക്ടറേ, ഒന്നുകില്‍ ഞാന്‍. അല്ലെങ്കിലും ഞാന്‍. ഇങ്ങേരെ പുറത്താക്ക്.' 

ഞാന്‍ വലിയ ഒരു ഓപ്പറേഷനുള്ള സെറ്റപ്പൊക്കെ ആയാണ് വന്നത്. 

പക്ഷേ...

'റോസ് , ദോണ്ടാ മേശേല് കേറി കെട.'

നോക്കുമ്പോള്‍ കാഷ്വാല്‍റ്റിയിലെ ഒരു മൂലക്കിട്ടിരിക്കുന്ന മേശ. ഇവിടെ കിടന്ന് ഞാനെങ്ങെനെ എന്റെ കഴല കൊടുക്കും!? 

അതെന്താ എന്റെ കഴലക്ക് ഒരു നെലേം വെലേം ഒന്നുമില്ലേ?

എന്തേലുമാവട്ട്, ഞാനതില്‍ കയറി കിടന്നു.

'ഡോക്ടര്‍, അതേയ് ബോധം കെടുത്തുമ്പോള്‍ പറഞ്ഞിട്ട് ബോധം കെടുത്തണേ. പിന്നെ പതുക്കെ കീറണേ. പിന്നേയ്, ആ കഴലേടെ ഒരു ഫോട്ടോ എടുക്കണേ. പിന്നെ..'

'ഇതിലും ഭേദം റോസിന്റെ കെട്ട്യോനാ. മിണ്ടാതെ കിടക്ക്. ഇതിപ്പോ തീരും.'

അങ്ങനെ ഒരു മുപ്പത് മിനിറ്റില്‍ ഓപ്പറേഷന്‍ സക്‌സസ്. 

ഈ ചീള് കേസാണോ ഓപ്പറേഷന്‍! ഇത്രേയൊള്ളാരുന്നേല് എന്റെ സ്വന്തം ചേട്ടനേ കൊണ്ട് ചെയ്യിക്കാര്ന്നല്ലോ. 

അവന് പാടത്തും പറമ്പിലും റോന്ത് ചുറ്റുന്ന തവളേനേം ഓന്തിനേമൊക്കെ കീറി തുന്നാന്‍ ഒരു പ്രത്യേക ഇതാണ്.

പാവം, ഹീ മിസ്സ്ഡ് ഇറ്റ്!

എല്ലാം കഴിഞ്ഞിറങ്ങുമ്പോള്‍ ഒരു സ്വരം :

'ഞാന്‍ പറഞ്ഞില്ലാരുന്നോ ഇത് വെറും കഴലയാണെന്ന്. കാന്‍സര്‍ ഒന്നും നിനക്ക് വരില്ല.'

'കഴലയല്ല കടല കടല. വെര്‍തേ ഒരാവശ്യോമില്ലാതെ പേടിപ്പിച്ച് കഴുത്തും കീറിയിട്ടിപ്പോ?'

'എടീ അത് പിന്നെ എനിക്ക് വല്ലാതങ്ങ് വിഷമമായി പോയതോണ്ടല്ലേ.'

'ഉം ഉം നിങ്ങടെ വെഷമം എനിക്ക് മനസ്സിലാവുന്നുണ്ട് കേട്ടോ.'

ഗുണപാഠം : കുഞ്ഞിക്കഴലകളെ 'വെറും' കഴലകളായി കാണരുത്. അതിനെ കഴലകളായി തന്നെ കാണണം.

 

ടുലുനാടന്‍ കഥകള്‍:  വായിച്ചു ചിരിക്കാന്‍  ഇവിടെ ക്ലിക്ക് ചെയ്യാം

click me!