ഇടഞ്ഞ് യുഎഇ, അടവ് പിഴച്ച് ഹോർമൂസ്, യുഎസ് ഉപരോധവും; ഇറാൻ പ്രതിസന്ധിയിലേക്ക്?

Published : Aug 24, 2026, 03:16 PM IST
UAE Iran Trade

Synopsis

മിസൈൽ ആക്രമണങ്ങളെ തുടർന്ന് ഇറാനുമായുള്ള വ്യാപാരബന്ധം യുഎഇ അവസാനിപ്പിച്ചു. ഇതോടെ, അമേരിക്കൻ ഉപരോധങ്ങളെ മറികടക്കാൻ ഇറാൻ ഉപയോഗിച്ചിരുന്ന പ്രധാന മാർഗമാണ് അടഞ്ഞത്. ട്രംപിന്റെ പുതിയ സാമ്പത്തിക ഉപരോധ പ്രഖ്യാപനം കൂടി വന്നതോടെ ഇറാൻ കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ്.

മേരിക്കയും കാനഡയുമായുള്ള ചർച്ചകൾ പരാജയപ്പെട്ടു. ചുങ്കം ചുമത്തിയാൽ അതേ നാണയത്തിൽ തിരിച്ചടിയെന്നാണ് കാനഡയുടെ നിലപാട്. 50 ശതമാനം ചുങ്കമാണിപ്പോൾ കനേഡിയൻ ഉത്പന്നങ്ങൾക്കുമേൽ ചുമത്തിയിരിക്കുന്നത്. 20 ബില്യൻ വരുന്ന ഉത്പന്നങ്ങൾക്ക് ഇത് ബാധകമാകും. അമേരിക്കൻ പ്രസിഡന്‍റ് കാനഡയെ കുറ്റം പറയുന്നു. അവസാനനിമിഷം വ്യവസ്ഥകൾ മാറ്റിയ അമേരിക്കയെ കാനഡ കുറ്റം പറയുന്നു. അമേരിക്കയിലെ ഡയറി ഉത്പന്നങ്ങൾക്ക് കാനഡയിലുള്ള നിയന്ത്രണങ്ങളിലാണ് ട്രംപിന്‍റെ പരാതി. 1930 -കളിലെ അധികം പേർക്കും അറിയാത്തൊരു നിയമത്തിന്‍റെ ബലത്തിലാണ് ട്രംപിന്‍റെ ചുങ്കം ചുമത്തൽ. നിയമക്കുരുക്കുകൾ ഉറപ്പാണ്. ലോകത്തിന്‍റെ മറ്റൊരു കോണിലും ഒരു വ്യാപാരക്കുരുക്ക് രൂപപ്പെട്ടിരിക്കുന്നു. ഇറാൻ യുദ്ധത്തിന്‍റെ ഗതിതന്നെ മാറ്റിമറിക്കാൻ കഴിവുള്ളൊരു കുരുക്കാണിത്. ഇറാൻ - യുഎഇ വ്യാപാരക്കുരുക്ക്. ഇന്ന് ലോകത്തിന്‍റെ ശ്രദ്ധ മുഴുവൻ അവിടേക്കാണ്.

കച്ചവടം നിർത്തി യുഎഇ

ഇറാനുമായുള്ള വ്യാപാരബന്ധം യുഎഇ അവസാനിപ്പിച്ചു. പിന്നെയും രണ്ട് ബാലിസ്റ്റിക് മിസൈലുകൾ വന്നൂവീണതിലാണ് പ്രതിഷേധം. അത് തങ്ങളയച്ചതല്ലെന്ന് ഇറാൻ പറയുന്നുണ്ട്. ഇസ്രയേലും അമേരിക്കയും അയച്ചാതാകാമെന്നും. പക്ഷേ, യുഎഇ അത് അംഗീകരിച്ചിട്ടില്ല. വ്യാപാര ഉപരോധം ഇറാന് ചെറിയ ആഘാതമല്ല. അത്രത്തോളം ആശ്രയിക്കുന്നുണ്ട് ഇറാൻ. അതിനുപിന്നാലെ അമേരിക്കൻ പ്രസിഡന്‍റും ഇറാനുമേൽ കടുത്ത സാമ്പത്തിക നടപടി പ്രഖ്യാപിച്ചു. ഫലം അറിയാനിരിക്കുന്നതേ ഉള്ളൂ.

അമേരിക്ക - ഇറാൻ യുദ്ധം തുടങ്ങിയശേഷം ഇറാൻ ഏറ്റവും കൂടുതൽ ആക്രമിച്ചത് യുഎഇയെയാണ്. അമേരിക്കയും ഇസ്രയേലും ഇറാനെ ആക്രമിച്ചതിന്‍റെ പിന്നാലെതന്നെ ദുബായ് ആക്രമിക്കപ്പെട്ടു. പിന്നെ അബുദബി, ഫുജൈറ, ബരാക്കാ ആണവോർജ പ്ലാന്‍റ് അങ്ങനെ തുടർന്നു അത്. 15 പേർ ഇതിനകം കൊല്ലപ്പെട്ടു.

ഉയരുന്ന മുന്നറിയിപ്പുകൾ

3,000 -ത്തോളം മിസൈലുകളും ഡ്രോണുകളുമാണ് ഇറാൻ തൊടുത്തത്. അതിൽ 500 -ലേറെ ബാലിസ്റ്റിക് മിസൈലുകൾ, 2,200 ഡ്രോണുകൾ, ക്രൂയിസ് മിസൈലുകൾ... മേയിലായിരുന്നു അവസാനത്തെ ആക്രമണം. ജൂണിൽ ഒരു ധാരണയുണ്ടായി. അതിൽ പിന്നെ കരയാക്രമണമുണ്ടായില്ല. പക്ഷേ, അബുദബി ദേശീയ എണ്ണക്കമ്പനിയുടെ ടാങ്കറുകൾ ഇറാൻ അതിനുശേഷവും ആക്രമിച്ചു. ഇപ്പോൾ, ആദ്യമെത്തിയത് മിസൈൽ ആക്രമണമെന്ന് ഫോൺ വഴിയുള്ള മുന്നറിയിപ്പ്. പിന്നാലെ യുഎഇ സർക്കാറിന്‍റെ സ്ഥിരീകരണം. ഏറ്റവുമടുത്ത സുരക്ഷിത കെട്ടിടത്തിലേക്ക് മാറുക. രണ്ട് മിസൈലുകളും വീണു. യുഎഇയുടെ സമുദ്രപരിധിക്കപ്പുറം ഒരെണ്ണം. ഇപ്പുറം രണ്ടാമത്തേത്.

ക്ഷമ നശിച്ച് യുഎഇ

ജൂണിലും ജൂലൈയിലും ഇത്തരം മുന്നറിയിപ്പുകളുണ്ടായിരുന്നു. അതൊന്നും ആക്രമണത്തിലേക്ക് എത്തിയില്ല. പക്ഷേ, രാജ്യത്തിന്‍റെ എണ്ണ ടാങ്കറുകൾ സ്ഥിരമായി ആക്രമിക്കപ്പെടുന്നുണ്ടായിരുന്നു. ഇതും കൂടിയായപ്പോൾ, യുഎഇക്ക് ക്ഷമ നശിച്ചു കാണണം. വ്യാപാര, വാണിജ്യ സാമ്പത്തിക ഇടപാടുകൾ നിർത്തിവച്ചതായി പ്രഖ്യാപിച്ചു. ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ. അത്ര നല്ല വാർത്തയല്ല ഇറാന്. Observatory of Economic Complexity - OEC -യുടെ ഡേറ്റ അനുസരിച്ച്, 2023 -ൽ രണ്ടുകൂട്ടർക്കുമിടയിൽ 6.2 ബില്യണിന്‍റെ വരെ വ്യാപാരം നടന്നിരുന്നു. ഇറാനിലേക്കുള്ള കയറ്റുമതി 5 ബില്യൺ, ഇറക്കുമതി മില്യനുകളുടേത്. ഇറാൻ - യുഎഇയെ ആശ്രയിച്ചിരുന്നുവെന്ന് വ്യക്തമാക്കുന്ന കണക്കുകൾ. 2024 -ലെ ഉച്ചകോടിയിൽ പല മേഖലകളിലും പരസ്പര സഹകരണം വർധിപ്പിക്കാനും ധാരണയായിരുന്നു.

ഇറാന്‍റെ വ്യാപാരം

അമേരിക്കൻ ഉപരോധങ്ങൾ ഇറാൻ മറികടന്നിരുന്നത് ഇറാഖ്, പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളുടെ സഹായം കൊണ്ടാണ്. ഊഹിക്കാൻ കഴിയാത്തത്ര വലിയ ശൃംഖല. അതിൽ എണ്ണ കടത്താനും പണം കൈമാറാനും കപ്പലുകൾ രജിസ്റ്റർ ചെയ്യാനും കമ്പനികൾ തന്നെയുമുണ്ട്. കരയതിർത്തികൾ പാകിസ്ഥാനും തുർക്കിയും അസർബൈജാനും. കാസ്പിയൻ കടൽവഴി റഷ്യൻ തീരം. റെയിൽ വഴി ചൈന. സിഗ്നൽ ഓഫ് ചെയ്ത് സഞ്ചരിക്കുന്ന ഷാഡോ ഫ്ലീറ്റുമുണ്ട്. യുദ്ധം തുടങ്ങിയപ്പോൾ അമേരിക്ക, ഇറാന്‍റെ തുറമുഖങ്ങൾ ഉപരോധിച്ചു. അതോടെ ഇറാൻ വഴി മാറ്റി. ഇറാഖിലെ Umm Qasr തുറമുഖത്തേക്കായി എല്ലാം. പക്ഷേ, അതുമാത്രമായിരുന്നില്ല, കരയിലെയും കടലിലെയും ഗതാഗതത്തിന്‍റെ ഒരറ്റത്ത് യുഎഇയായിരുന്നു. യുഎഇയുടെ തുറമുഖങ്ങളിൽ കയറ്റിറക്കുമതി. ദുബായിലെ വ്യാപാരികൾ കരയിലെ കച്ചവടത്തിന്‍റെ ചുക്കാൻ പിടിച്ചു.

ദുബായ്‍യുടെ കൈ സഹായം

പടിഞ്ഞാറൻ രാജ്യങ്ങൾ ഇറാന് ഉൽപ്പന്നങ്ങൾ വിൽക്കാൻ വിസ്സമ്മതിച്ചപ്പോൾ ദുബായിലെ വ്യാപാരികൾ അവ വാങ്ങി, ഇറാന് മറിച്ച് വിറ്റു. ഇറാന് വിൽക്കാനുള്ളത് വാങ്ങി മറിച്ചുവിൽക്കാനും ഇതേ സംവിധാനമാണ് പ്രയോജനപ്പെടുത്തിയത്. അനൗദ്യോഗികമായി ബില്യൻ കണക്കിന് ഡോളറുകളുടെ വ്യാപാരം അങ്ങനെ നടന്നു. 2024 -ൽ 30 ബില്യണിന്‍റെ ഇറക്കുമതി നടന്ന് ഈ വഴിയാണ്. കയറ്റുമതിയുടെ 13 ശതമാനം! 6.6 ബില്യണിന്‍റെ എണ്ണയിതര വ്യാപാരം. കൂടുതൽ എണ്ണത്തിലും മധ്യസ്ഥ വേഷമായിരുന്നു യുഎഇയ്ക്ക്.

ദുബായിയിലെ ബാങ്കുകളിലാണ് ഇറാന്‍റെ അക്കൗണ്ടുകളുണ്ടായിരുന്നത്. തുർക്കി മറ്റൊരു രാജ്യം. വർഷം 6 ബില്യണിന്‍റെ വ്യാപാരം. പ്രകൃതിവാതകമാണ് പ്രധാനം. ഇറാഖുമായി 2025 -ൽ നടന്നത് 10 ബില്യണിന്‍റെ വ്യാപാരം. പാകിസ്ഥാനുമായുണ്ടായിരുന്നത് 4 ബില്യൺ. ഇന്ത്യയുമായുണ്ടായിരുന്ന വ്യാപാരം 2020 -ൽ ഇടിഞ്ഞിരുന്നു. അമേരിക്കയുടെ ഉപരോധങ്ങൾ കാരണം അത് കുറഞ്ഞു.

അടയുന്ന സഹകരണം

അമേരിക്കൻ ഉപരോധങ്ങൾക്ക് ഇറാനെ ശ്വാസം മുട്ടിക്കാനായെങ്കിലും തോൽപ്പിക്കാനാകാതെ പോയത് അതുകൊണ്ടാണ്. പക്ഷേ, യുദ്ധത്തിനിടെ ജബൽഅലി തുറമുഖത്തുണ്ടായ സ്ഫോടനവും തീപിടുത്തവും യുഎഇയെ ഞെട്ടിച്ചിരുന്നു. ജബൽ അലി അത്രകണ്ട് പ്രധാനമാണ് യുഎഇയ്ക്ക്. ഇറാനും ആശ്രയിച്ചിരുന്ന തുറമുഖം. എന്തായാലും ഇപ്പോഴത്തെ മിസൈൽ ആക്രമണത്തോടെ യുഎഇ ഔദ്യോഗികവും അനൗദ്യോഗികവുമായ വ്യാപാരമെല്ലാം അവസാനിപ്പിച്ചിരിക്കയാണ്. നിർണായകമായ തീരുമാനം. ഇത്രയും നാളത്തെ വിദേശനയമാണ് യുഎഇ തിരുത്തുന്നത്. ഇറാനുമായുള്ള ബന്ധം നിലനിർത്തിയിരുന്ന യുഎഇ, പ്രാദേശിക സ്ഥിരതയ്ക്കാണ് പ്രാധാന്യം നൽകിയിരുന്നത്. വ്യാപാര പാതകൾ സുരക്ഷിതമായിരിക്കുക എന്നതും പ്രധാനമായിരുന്നു. എല്ലാം തിരുത്തിയിരിക്കുന്നു ഇപ്പോൾ.ഇറാന് നഷ്ടമാകുന്നത് ഒരർത്ഥത്തിൽ ജീവനാഡിയാണ്.

ട്രംപിന്‍റെ സാമ്പത്തിക ഉപരോധം

അതിനിടെയാണ് ട്രംപ് ഇറാനുമേൽ സാമ്പത്തിക യുദ്ധം പ്രഖ്യാപിച്ചത്. ഇറാനെ സഹായിക്കുന്ന ബിസിനസ്, ധനകാര്യ സ്ഥാപനങ്ങൾ, വിമാനത്താവളങ്ങൾ, എല്ലാം ലക്ഷ്യമിടുമെന്നാണ് പ്രഖ്യാപനം. തങ്ങളെ തോൽപ്പിക്കാൻ പറ്റില്ലെന്ന് ഇറാൻ മുമ്പ് അവകാശപ്പെട്ടത് യുഎഇ ഉൾപ്പെടുന്ന ശൃംഖലയുടെ ബലത്തിലാണ്. അതില്ലെന്ന് വന്നാൽ ശൃംഖലയുടെ കണ്ണികൾ പൊട്ടും. അതാണ് അമേരിക്കയുടെ ലക്ഷ്യവും. പക്ഷേ, സഹകരിക്കണമെന്ന ട്രംപിന്‍റെ ആവശ്യം എല്ലാ രാജ്യങ്ങളും അംഗീകരിക്കാനിടയില്ല. പ്രത്യേകിച്ച് ചൈന.

മുന്നറിയിപ്പ്, പിന്നാലെ യുദ്ധം നിർത്താൻ ആഹ്വാനം

ഇറാൻ പകരം നൽകിയത് മുന്നറിയിപ്പാണ്. അമേരിക്കൻ നടപടികൾ ഫലിക്കില്ല. അതിൽ പങ്കെടുക്കുന്ന രാജ്യങ്ങൾ ശിക്ഷയേറ്റുനാങ്ങും എന്നാണ് മുന്നറിയിപ്പ്. ഇറാന്‍റെ സൈനിക മേധാവിയാണ് മുന്നറിയിപ്പ് നൽകിയത്. പക്ഷേ, അതിന് തൊട്ടുപിന്നാലെ യുദ്ധം അവസാനിപ്പിക്കണം എന്ന ഇറാൻ പ്രസിഡന്‍റിന്‍റെ പ്രസ്താവനയും വന്നു. ഇറാന്‍റെ വിജയം ലോകം അംഗീകരിച്ചിരിക്കുന്നു. ഇനി യുദ്ധം അവസാനിപ്പിക്കാനുള്ള നീക്കമുണ്ടാവണമെന്നാണ് പെസഷ്കിയാന്‍റെ ആഹ്വാനം. തോറ്റുകൊടുക്കുന്നു എന്നല്ല അതിനർത്ഥമെന്നും പെസഷ്കിയാൻ കൂട്ടിച്ചേർത്തു. പക്ഷേ, കൂട്ടത്തിലെ മിതവാദിയായ പ്രസിഡന്‍റിന്‍റെ വാക്കുകൾക്ക് IRGC വലിയ വില കൽപ്പിക്കാൻ ഇടയില്ല. അമേരിക്കയുമായി നടന്ന ചർച്ചകളുടെ പേരിലുണ്ടായ വിമർശനവും പെസഷ്കിയാൻ തള്ളിക്കളഞ്ഞു. വിട്ടുവീഴ്ചകൾക്ക് ഇറാൻ തയ്യാറായിട്ടില്ല, വ്യവസ്ഥകളെല്ലാം ഇറാന് അനുകൂലമെന്നും വിശദീകരിച്ചു.

കൈവിടുന്ന ഹോർമൂസ്

അതേസമയം ഇറാനെ മറികടന്ന് ഹോ‍ർമൂസിലെ ഒമാനോട് ചേർന്ന കടൽപാതയിലൂടെ കപ്പലുകൾ കടന്നുപോകുന്നുണ്ട്. കഴിഞ്ഞയാഴ്ച 95, അതിനുമുമ്പത്തെയാഴ്ച 118, എന്നാണ് Marine Traffic -ന്‍റെ കണക്ക്. ഈവഴി പോയാൽ ആക്രമിക്കുമെന്നാണ് ഇറാന്‍റെ മുന്നറിയിപ്പ്. ആക്രമിച്ചിട്ടുമുണ്ട്. പക്ഷേ, അത് അവഗണിച്ചാണ് കപ്പലുകളുടെ യാത്ര. അമേരിക്കയുമായുള്ള ധാരണയുടെ കാലാവധി അവസാനിച്ചതോടെ ഇറാൻ കപ്പലുകളോട് ചുങ്കം ആവശ്യപ്പെട്ട് തുടങ്ങിയിരുന്നു. അതോടെ ഒഴിഞ്ഞുകിടന്ന ഒമാന്‍റെ കപ്പൽപാതയിൽ തിരക്കായി. മാത്രമല്ല, ഹോർമൂസ് വഴി തന്നെ പോകുന്ന കപ്പലുകൾ, ട്രാൻസ്പോണ്ടറുകൾ ഓഫ് ചെയ്ത് കടന്നുപോകുന്നുണ്ട്. സൗദി, കുവൈറ്റ്, യുഎഇ എന്നീ രാജ്യങ്ങളുടെ ഭീമൻ ടാങ്കറുകൾ ഈ ഇരുണ്ട വഴിയാണ് പോക്ക്. അങ്ങനെ നോക്കിയാൽ ഇറാന് തിരിച്ചടിയാണ്. ഹോർമൂസിലെ ഇറാന്‍റെ നിയന്ത്രണം ഉദ്ദേശിച്ച ഫലം കാണുന്നില്ലെന്ന സിഎൻഎൻ റിപ്പോർട്ട് കണക്കുകളിലുൾപ്പെടാത്ത ഈ കണക്കിന്‍റെ അടിസ്ഥാനത്തിലാണ്.

കുറയുന്ന ചൈനീസ് വ്യാപാരം

എന്തായാലും പശ്ചിമേഷ്യയിൽ വിന്യസിച്ചിരുന്ന യുഎസ്എസ് അബ്രഹാം ലിങ്കൺ നാട്ടിലേക്ക് തിരിച്ചു. യുഎസ്എസ് ജോർജ് വാഷിംഗ്ടണ് ഇപ്പോൾ പശ്ചിമേഷ്യൻ കടലിന്‍റെ ചുമതല.അമേരിക്കയുടെ പുതിയ സാമ്പത്തിക യുദ്ധപ്രഖ്യാപനത്തോടെ എണ്ണവില കുതിച്ചു. ഹോർമൂസ് കടക്കുന്ന, ട്രാക്ക് ചെയ്യാൻ പറ്റുന്ന കപ്പലുകളുടെ എണ്ണവും കുറഞ്ഞു. ചൈനയിലേക്കുള്ള എണ്ണ കയറ്റുമതിയും കുറഞ്ഞുവെന്നാണ് റിപ്പോർട്ട്. ഇറാനിൽ നിന്ന് ഏറ്റവും കൂടുതൽ എണ്ണ വാങ്ങുന്നത് ചൈനയാണ്. മലേഷ്യ, ഇന്തോനേഷ്യ വഴിയാണ് എത്തുന്നത്. ചൈനീസ് കറൻസിയിലാണ് ഇടപാടുകൾ. മധ്യസ്ഥരെ കണ്ടെത്താൻ എളുപ്പവുമല്ല. ഏപ്രിലിൽ അമേരിക്ക ഒരു ചൈനീസ് റിഫൈനറിക്കുമേൽ ഉപരോധം ഏർപ്പെടുത്തിയിരുന്നു. ബാങ്കുകൾക്ക് മുന്നറിയിപ്പും നൽകി. അതൊന്നും പ്രശ്നപരിഹാരമല്ലെന്നാണ് ചൈനയുടെ നിലപാട്.

PREV
Read more Articles on
click me!

Recommended Stories

വൈറ്റ് ഹൗസ് മാധ്യമ സെക്രട്ടറിയുടെ രാജി, ട്രംപിനെ ന്യായീകരിക്കാൻ ഇതുപോലെ ഇനി മറ്റാര്?
ഇന്ത്യയുടെ ശാസ്ത്ര നേട്ടങ്ങൾ; യഥാർത്ഥത്തിൽ നെഹ്റു ആഘോഷിക്കപ്പെടേണ്ടതുണ്ടോ?