ട്രംപിന്‍റെ വിശ്വസ്തയും വൈറ്റ് ഹൗസിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസ് സെക്രട്ടറിയുമായിരുന്ന കരോലിൻ ലെവിറ്റ് രാജിവച്ചു. കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാനാണ് രാജിയെങ്കിലും, പ്രസിഡന്‍റിന്‍റെ ഉപദേഷ്ടാവായി അവർ തുടരും.
വൈറ്റ് ഹൗസ് മാധ്യമ സെക്രട്ടറി കരോലിൻ ലെവിറ്റ് രാജിവച്ചു. രണ്ട് കുഞ്ഞുങ്ങളെ നോക്കാൻ സമയം കിട്ടുന്നില്ലെന്നാണ് വിശദീകരണം. ട്രംപിന്‍റെ ഏറ്റവും വിശ്വസ്തയായ വക്താവ് കൂടിയായിരുന്നു ലീവിറ്റ്. പകരം വെയ്ക്കാൻ ബുദ്ധിമുട്ടാകുന്നത്ര വിശ്വസ്തയും സമർത്ഥയും. മണിക്കൂറുകളുടെ ഇടവേളകളിൽ നിലപാടും നയവും മാറ്റുന്ന പ്രസിഡന്‍റിന് ഇതുപോലൊരു പ്രസ് സെക്രട്ടറിയെ കിട്ടാൻ പ്രയാസമാവുമെന്നാണ് അമേരിക്കൻ മാധ്യമങ്ങളുടെ തന്നെ റിപ്പോർട്ട്.
ഏറ്റവും പ്രായം കുറഞ്ഞ വൈറ്റ് ഹൗസ് സെക്രട്ടറി
28 വയസിൽ ഏറ്റവും പ്രായം കുറഞ്ഞ വൈറ്റ് ഹൗസ് സെക്രട്ടറിയായതാണ് കരോലിൻ ലെവിറ്റ്. കോൺഗ്രസിലേക്ക് മത്സരിച്ചിരുന്നു ലീവിറ്റ്. പക്ഷേ, തോറ്റു. 2024 -ലെ തെരഞ്ഞെടുപ്പിലാണ് ട്രംപ് സംഘത്തിലെത്തിയത്. വിശ്വസ്തയാകാൻ അധികം സമയമെടുത്തില്ല. പ്രസിഡന്‍റിന്‍റെ നയങ്ങൾ വിശദീകരിക്കുന്നതിനേക്കാൾ കൂടുതൽ, മാധ്യമങ്ങൾക്ക് മുമ്പിൽ പ്രസിഡന്‍റിനെ പ്രതിരോധിക്കേണ്ടിവന്നു ലീവിറ്റിന്. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മുന്നിൽ പതറുന്നത് കണ്ടിട്ടില്ല. ഏതുവഴിക്കെങ്കിലും പ്രസിഡന്‍റിന്‍റെ എല്ലാ പ്രസ്താവനകളും നയം മാറ്റങ്ങളും ന്യായീകരിക്കാനും ലീവിറ്റ് പഠിച്ചു കഴിഞ്ഞിരുന്നു. അതിന്‍റെ ബുദ്ധിമുട്ടുകൾ വ്യക്തിജീവിതത്തിലുമുണ്ടായിയെന്നത് സത്യം.

'അവധി'കളില്ലാത്ത ജോലി
ആദ്യത്തെ കുഞ്ഞ് ജനിച്ചപ്പോൾ ലീവെടുത്തത് വെറും നാലു ദിവസം. 2024 -ലെ തെരഞ്ഞെടുപ്പ് പ്രചാരണ കാലമായിരുന്നു അത്. പെൻസിൽവേനിയയിലെ വധശ്രമത്തിന് ശേഷം. വളരെ പെട്ടെന്നു തന്നെ കരോലിൻ, ട്രംപിന്‍റെ വിശ്വസ്ത സംഘത്തിലെ അംഗമാവുകയും ചെയ്തു. ഇപ്പോൾ രണ്ടാമത്തെ കുഞ്ഞ് ജനിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പാണ് മാധ്യമ വിരുന്നിനിടെ മറ്റൊരു വധശ്രമം നടന്നത്. അധികം കഴിയും മുമ്പ് വൈറ്റ് ഹൗസിൽ തിരിച്ചെത്തി. ലീവിറ്റ് അവധിയായിരുന്ന കാലത്ത്, പ്രസ് ബ്രീഫിംഗുകൾ തന്നെ കുറവായിരുന്നു. അവർ തിരിച്ചെത്തിയ ശേഷം ആദ്യത്തെ ബ്രിഫിംഗിലെ വാക്കുകൾ, 'Lets get back to work' എന്നായിരുന്നു. ഈ ജോലിയെ അങ്ങേയറ്റം ഗൗരവമായി കാണുന്നുവെന്ന് ലീവിറ്റ് പറഞ്ഞിട്ടുണ്ട്.

വേണം, കുടുംബം
പ്രസ് സെക്രട്ടറിയെന്ന റോളിലാണ് അമേരിക്കൻ ജനതയ്ക്ക് കരോലിനെ കൂടുതൽ പരിചയമെങ്കിലും ഭാര്യയായും അമ്മയായും കരൊലൈൻ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. കുഞ്ഞു മകനൊപ്പം എയർഫോഴ്സ് വണ്ണിലും ഭർത്താവിനൊപ്പം വാറ്റൈറ്റ് ഹൗസിലെ ആഘോഷങ്ങളിലും കരൈലൈൻ എത്തുമായിരുന്നു. മകളും കൂടി ജനിച്ചതോടെയാണ് കുഞ്ഞുങ്ങൾക്ക് അമ്മയെ തീരെയും കിട്ടില്ലെന്ന് തോന്നിയതും ഇപ്പോൾ ജോലി വിട്ടതും. ഒരു മാസത്തെ പ്രസവാവധിക്കിടെ പ്രസിഡന്‍റ് നേരിട്ട് അവരെ പലതവണ വിളിച്ചുവെന്നാണ് റിപ്പോർട്ട്. എന്ന് തിരിച്ചെത്തുമെന്നതായിരുന്നു പ്രധാന ചോദ്യം. തിരിച്ചെത്തി അധികമാവും മുമ്പ് രാജി. പക്ഷേ, രാജി അത്ര നല്ല സമയത്തല്ല. പ്രത്യേകിച്ചും ട്രംപിനെ സംബന്ധിച്ച്. ഇറാൻ യുദ്ധം, വധഭീഷണിി, കുറഞ്ഞു വരുന്ന ജനപ്രീതി, അടുത്തു വരുന്ന ഇടക്കാല തെരഞ്ഞെടുപ്പ്.
ഇനി ഉപദേഷ്ടാവ്
പക്ഷേ, പ്രസിഡന്‍റ് രാജി അംഗീകരിച്ചു, കാരണവും. എങ്കിലും ട്രംപ് എന്ന പ്രസിഡന്‍റിനെ ഇത്രയും ന്യായീകരിക്കാൻ അറിയുന്ന, മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ഇങ്ങനെ മറുപടി പറയാനറിയുന്ന മറ്റൊരാളെ കണ്ടെത്തുക അത്ര എളുപ്പമല്ല. ഏറ്റവും ബുദ്ധിമുട്ടേറിയ ജോലികളിലൊന്ന് എന്നാണ് വൈസ് പ്രസിഡന്‍റ് പ്രസ് സെക്രട്ടറിയുടെ ചുമതലകളെ വിശേഷിപ്പിച്ചത്. രാജിവച്ചെങ്കിലും ഉപദേഷ്ടാവായി തുടരാനാണ് പ്രസിഡന്‍റ് ആവശ്യപ്പെട്ടിരിക്കുന്നത്. അത് സമ്മതിച്ചതായും 'Make America Great Again' -ന്‍റെ വക്താവായിരിക്കുമെപ്പോഴുമെന്നും കരൊലൈനും കുറിച്ചു.


