
1947 -ൽ ഇന്ത്യ സ്വാതന്ത്ര്യം നേടുമ്പോൾ അതിദയനീയമായിരുന്നു നമ്മുടെ സമ്പദ്‍വ്യവസ്ഥ. 16 ശതമാനത്തിൽ താഴേ മാത്രം സാക്ഷരത. കാർഷിക വ്യാവസായിക മേഖലയെല്ലാം തകർച്ചയിൽ. ആകപ്പാടെ ഉണ്ടായിരുന്നത് റെയിൽവേ ശൃംഖല മാത്രം. അതും ഇന്ത്യയുടെ വിഭവങ്ങൾ ബ്രിട്ടണിലേക്ക് കടത്തി കൊണ്ടു പോകാൻ വേണ്ടിയുണ്ടാക്കിയതും. പിന്നയല്ലേ ശാസ്ത്ര ഗവേഷണം! എന്ത് കണ്ടിട്ടാണ് ആദ്യ പ്രധാനമന്തി ജവഹർലാൽ നെഹ്റു, ബഹിരാകാശ ഗവേഷണങ്ങൾക്ക് കോടികൾ നീക്കി വച്ചത്?
1947 -ൽ വിക്രം സാരാഭായിയുടെ നേതൃത്വത്തിൽ അഹമ്മദാബാദിൽ നാഷണൽ ഫിസിക്കൽ ലബോറട്ടറി സ്ഥാപിക്കപ്പെട്ടു. അവിടത്തെ പ്രമുഖ വ്യവസായ കുടുംമ്പാംഗമായിരുന്ന വിക്രം സാരാഭായി, സ്വന്തം കുടുംബത്തിൽ നിന്ന് കാശെടുത്താണ് പലപ്പോഴും അത് നടത്തി കൊണ്ടു പോയത്. പിന്നെയും ഒന്നര പതിറ്റാണ്ടെടുത്തു ഇന്ത്യ ബഹിരാകാശ രംഗത്തേക്ക് പിച്ച വെയ്ക്കാൻ. ഒന്നുമില്ലായ്മയിൽ നിന്ന് ഇന്ത്യ ബഹിരാകാശ ഗവേഷണം കെട്ടിപ്പടുത്തതിന് പിന്നിൽ വിക്രം സാരാഭായിയെയും ഹോമി ജെ ഭാഭയെയും പോലെയുള്ള ശാസ്ത്രകാരൻമാരുടെ പങ്ക് നിസ്തുലമാണ്. നമുക്കത് കുറച്ചൊക്കെ അറിയാം. എന്നാൽ, അന്നത്തെ രാഷ്ട്രീയ ഭരണ നേതൃത്വത്തിന്‍റെ പങ്കെന്തായിരുന്നു? ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവാണ് നമ്മുടെ എല്ലാ കുഴപ്പത്തിനും കാരണമെന്ന സമൂഹ മാധ്യമങ്ങളിലെ വിമർശനങ്ങൾ ശരിയാണോ?
ഇന്ത്യ അടിസ്ഥാന ഘടകങ്ങൾ കെട്ടിപ്പടുക്കാൻ ശ്രമിക്കുന്ന അക്കാലത്ത് ഊന്നൽ നൽകേണ്ടിയിരുന്നത് ആണവ ബഹിരാകാശ മേഖലക്കായിരുന്നോയെന്ന വലിയ ചോദ്യം രാജ്യമാകെ ഉയർന്നിരുന്നു. അമേരിക്കയും സോവിയറ്റ് യുണിയനും (ഇപ്പോൾ പരസ്പരം പോരടിക്കുന്ന റഷ്യയുടെയും ഉക്രൈനുമടക്കം ഏഷ്യയിലും യൂറോപ്പിലുമുള്ള പല രാജ്യങ്ങളുടെയും പൂർവ്വ രൂപം) ബഹിരാകാശ മേഖലയിൽ അക്കാലത്ത് ചില നിർണ്ണായക ചുവട് വെയ്പുകൾ നടത്തിയിരുന്നു. അന്ന് ഇരു ചേരികളിലായി ശീതയുദ്ധം നടത്തിവന്നിരുന്ന ഈ രാജ്യങ്ങൾ തങ്ങളുടെ സൈനിക ശേഷി വർദ്ധിപ്പിക്കാനാണ് ബഹിരാകാശ ഗവേഷണത്തെ ഉപയോഗപ്പെടുത്തിയിരുന്നത്. ബാലസ്റ്റിക്ക് മിസൈൽ അടക്കം റോക്കറ്റുകൾക്കായുള്ള അവരുടെ ഗവേഷണം ദീർഘദൂര പ്രഹരം സാധ്യമാകുന്ന ആയുധങ്ങൾ വികസിപ്പിക്കാൻ വേണ്ടിയായിരുന്നു. ബഹിരാകാശത്തെ ലക്ഷ്യം വയ്ക്കുന്നതിന് പകരം അവയുടെ കുന്തമുന നീണ്ടത് ശത്രു രാജ്യങ്ങളിലേക്കായിരുന്നു.
എന്നാൽ, നമ്മുടെ ആദ്യ പ്രധാനമന്തി ജവഹർലാൽ നെഹ്റു കൃത്യമായി ലക്ഷ്യം വച്ചത് നമ്മുടെ ബഹിരാകാശ സാങ്കേതിക വിദ്യകൾ സമാധാനപരമായ ആവശ്യങ്ങൾക്ക് ഉപകരിക്കണമെന്നതിനായിരുന്നു. അത് സംശയങ്ങൾക്ക് ഇടയില്ലാത്ത വിധം നമ്മുടെ ആദ്യകാല ബഹിരാകാശ ഗവേഷണ നേതൃത്തതിന് വ്യക്തമാക്കി കൊടുക്കുകയും ചെയ്തു. രാജ്യത്തിന്‍റെ സാമൂഹ്യ വെല്ലുവിളികൾ നേരിടാനും കൃഷിയ്ക്കും വ്യവസായത്തിനും അഭിവൃദ്ധി നേടാനും ഉതകുന്ന രീതിയിൽ നമ്മുടെ ബഹിരാകാശ സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തണം എന്നതായിരുന്നു നെഹ്റുവിന്‍റെ ലക്ഷ്യം. അന്ന് ഇന്ത്യയുടെ ആണവമേഖലയുടെ ചുമതലക്കാരനായ ഹോമി ജെ ഭാഭയെ ബഹിരാകാശ ഗവേഷണത്തിന്‍റെ ചുമതല ഏൽപ്പിക്കുമ്പോഴും നെഹ്റു ഇക്കാര്യം വ്യക്തമാക്കിയിരുന്നു. വിക്രം സാരാഭായിയെന്ന യുവ ശാസ്ത്രജ്ഞന് ഈ ലക്ഷ്യം വ്യക്തമാക്കിയാണ് നെഹ്റു ചുമതല കൈമാറിയത്.
അങ്ങനെ 1962 -ൽ INCOSPAR (Indian National Committee for Space Research) രൂപം കൊണ്ടത്, എങ്ങനെ നമ്മുടെ ബഹിരാകാശ സാങ്കേതിക വിദ്യ സമാധാനപരമായ ആവശ്യങ്ങൾക്ക് വിനിയോഗിക്കാമെന്ന പദ്ധതി തയ്യാറാക്കാൻ വേണ്ടിയാണ് ഇന്ത്യൻ നാഷണൽ കമ്മിറ്റി ഫോർ സ്പേസ് റിസർച്ച് രൂപം കൊണ്ടത്. വിക്രം സാരാഭായി അദ്ധ്യക്ഷനായ എട്ടംഗ കമ്മിറ്റിയിൽ മലയാളി ശാസ്ത്രജ്ഞരായ പ്രൊഫസർ എം ജി കെ മേനോനും പി ആർ പിഷാരടിയും ഉണ്ടായിരുന്നു. ആ കമ്മിറ്റിയാണ് ഇന്ത്യൻ ബഹിരാകാശ പദ്ധതികൾക്ക് രൂപം കൊടുത്തത്. 1963 -ൽ തിരുവനന്തപുരത്തെ തുമ്പയിൽ നിന്ന് ആദ്യ റോക്കറ്റ് വിക്ഷേപിച്ചു കൊണ്ട് നമ്മുടെ ബഹിരാകാശ പദ്ധതികൾക്ക് അഗ്നി ചിറകേറുന്നത് നെഹ്റു പ്രധാനമന്തിയായിരിക്കെയാണ്. അടുത്ത കാലം വരെ കൃത്യമായ കാഴ്ചപ്പാടോടെ ആ ലക്ഷ്യം കൈവരിക്കുകയും ചെയ്തു. ഇന്ത്യയുടെ ബഹിരാകാശ നേട്ടങ്ങൾ, കാലാവസ്ഥാ പ്രവചനത്തിനും കാർഷിക മേഖലയ്ക്കും നഗരാസൂത്രണത്തിനും ടെലിമെഡിസിനും ടെലിവിഷൻ സംപ്രക്ഷണത്തിനും... അങ്ങനെ, ഭൂമിക്കും മനുഷ്യനും വേണ്ടിയുള്ള നിരവധി ആവശ്യങ്ങൾക്ക് ബഹിരാകാശ സാങ്കേതിക വിദ്യയെ പ്രയോജനപ്പെടുത്തുവാൻ നമുക്കായി. ക്രാന്തതശികളായ നിരവധി പേരുടെ അക്ഷീണ പ്രയത്നങ്ങളാണ് ഇന്ത്യയെ ഈ നേട്ടങ്ങളിലേക്ക് നയിച്ചത്. അതിൽ അന്നത്തെ രാഷ്ട്രീയ നേതൃത്വം നൽകിയ ദിശബോധം വളരെ പ്രധാനമാണ്.
ഇത് പോലെ ഇന്ത്യയുടെ വികസനത്തിൽ നെഹ്റു നൽകിയ സംഭാവനകളിലെ ചെറിയൊരേട് മാത്രമാണിത്. ഓരോ മോഖലകൾക്കും അനുയോജ്യമായവരെ കണ്ടെത്താനുള്ള അസാമന്യ പാടവം നെഹ്റുവിനെ പോലെയുള്ള ആദ്യ കാല നേതാക്കൾക്ക് ഉണ്ടായിരുന്നു. രാജ്യം മറ്റൊരു സ്വാതന്ത്ര്യദിനം കൂടി ആഘോഷിക്കുമ്പോൾ പുതിയ തലമുറ, പഴയ തലമുറയുടെ ഇത്തരം കാര്യങ്ങളിലൊക്കെയെത്ര കണ്ട് ബോധവാൻമാരാണ്? എന്ന ചോദ്യമുയരുന്നു.