ഒപെക് വിട്ട്, എണ്ണ വില്ക്കാൻ ഒറ്റയ്ക്കിറങ്ങി യുഎഇ; പ്രതിരോധ, സൈനിക സഹായവുമായി ഇസ്രയേൽ

Published : May 08, 2026, 04:11 PM IST
UAE withdraw Opec

Synopsis

എണ്ണയുത്പാദക രാജ്യങ്ങളുടെ സംഘടനയായ ഒപെകിൽ നിന്ന് യുഎഇ പിന്മാറി. സൗദി അറേബ്യയുമായുള്ള ഭിന്നതയും മാറുന്ന ലോക സാഹചര്യങ്ങളും ഈ തീരുമാനത്തിന് പിന്നിലുണ്ട്. ഈ നീക്കം എണ്ണവിലയിലുള്ള ഒപെകിന്റെ നിയന്ത്രണം കുറയ്ക്കുമെന്നും ഇസ്രയേലുമായുള്ള സഹകരണം പോലുള്ള പുതിയ സമവാക്യങ്ങൾ പശ്ചിമേഷ്യയിൽ സൃഷ്ടിക്കുമെന്നും വിലയിരുത്തപ്പെടുന്നു.

 

യുഎഇ ഒപെക് (OPEC) വിട്ടു. ഒപെകിനും ഒപെക് പ്ലസിനും കനത്ത തിരിച്ചടിയാണ്. അതോടെ എണ്ണവിലയിലുള്ള ഒപെകിന്‍റെ നിയന്ത്രണം കുറയുമെന്നാണ് വിലയിരുത്തൽ. അത് ഇന്ത്യയടക്കം പല രാജ്യങ്ങൾക്കും പ്രയോജനം ചെയ്യുമെന്നും. സൗദി അറേബ്യയുമായുള്ള ഭിന്നത പക്ഷേ, കൂടുതൽ പ്രകടവുമായി.

ഒപെക് വിട്ടു, കണക്ക് കൂട്ടലോടെ

എണ്ണയുത്പാദക രാജ്യങ്ങളുടെ സംഘടനയാണ് ഒപെക്. സൗദി അറേബ്യയാണ് അതിന്‍റെ നേതൃസ്ഥാനത്ത്. പക്ഷേ, ഏറ്റവും കൂടുതൽ എണ്ണയുത്പാദിപ്പിക്കുന്ന രാജ്യങ്ങളുടെ പട്ടികയിലാണ് യുഎഇ. തിരിച്ചടി ചെറുതല്ല. യുഎഇയ്ക്ക് പലതാണ് കണക്കുകൂട്ടൽ. നയപരമായ തീരുമാനം. ലോകത്തിനാവശ്യമുള്ള എണ്ണ നൽകാൻ തങ്ങൾക്ക് കഴിയുമെന്നുമാണ് യുഎഇയുടെ കണക്കുകൂട്ടൽ.

ഒപെകിലെ അംഗങ്ങൾ ഇപ്പോൾ 12 രാജ്യങ്ങളാണ്. 1960 -ൽ രൂപം കൊണ്ട സംഘടന അന്ന് ഇറാൻ, ഇറാഖ്, സൗദി, വെനിസ്വേല എന്നിവരായിരുന്നു അംഗങ്ങൾ. പിന്നെ അംഗബലം കൂടി. ഒപെക് പ്ലസ് രൂപമെടുത്തത് 2016 -ലാണ്. എണ്ണവില ഇടിഞ്ഞപ്പോൾ, റഷ്യയുൾപ്പടെ കൂടുതൽ രാജ്യങ്ങളെ അംഗങ്ങളാക്കി രൂപീകരിച്ച സംഘടന. എണ്ണവില നിയന്ത്രിക്കുകയാണ് പ്രധാന ദൗത്യം.

മാറിയ സാഹചര്യത്തിൽ നഷ്ടപ്പെട്ട പ്രാധാന്യം

അംഗങ്ങൾ എത്ര വിൽക്കണമെന്ന് തീരുമാനിക്കുന്നത് സംഘടനയാണ്. ഉത്പാദനവും വിൽപ്പനയും കൂട്ടിയാൽ വില ഇടിയും. കുറച്ചാൽ വില കൂടും. ആവശ്യമനുസരിച്ച് ഇതിൽ മാറ്റങ്ങൾ വരുത്തും. കൂടുതൽ ഇടിയാതെ പിടിച്ചുനി‌‍‍‍ർത്തുക പ്രധാന ഉദ്ദേശ്യം. കൊവിഡ് കാലത്ത് ആവശ്യം കുറഞ്ഞപ്പോൾ ഉത്പാദനം കുറച്ചാണ് വില പിടിച്ചുനിർത്തിയത്. റഷ്യയുടെ യുക്രെയ്ൻ അധിനിവേശം തുടങ്ങിയതോടെ ഉത്പാദനം കൂട്ടി ആദ്യം, പിന്നെ കുറച്ചു.

ഒപെക് അംഗങ്ങൾ ഏറ്റവും കൂടുതൽ എണ്ണ കയറ്റുമതി ചെയ്യുന്നത് സൗദിയാണ്, പിന്നിൽ ഇറാഖ്, അതിന് പിന്നിലാണ് യുഎഇ. പക്ഷേ, 1970 -കളിൽ ലോകത്തെ ആകെ ക്രൂഡിന്‍റെ പകുതിയും ഒപെകിന്‍റെ സംഭാവനയായിരുന്നെങ്കിൽ, ഇപ്പോഴത് മൂന്നിലൊന്നാണ്. 1970 -കളിലെ പ്രാധാന്യം ഇന്നില്ലെന്ന് അർത്ഥം. അംഗങ്ങളല്ലാത്ത അമേരിക്കയും കാനഡയും ബ്രസീലും എണ്ണയുത്പാദകരാണിന്ന്. ആഗോളതലത്തിൽ അമേരിക്കയാണ് ഒന്നാംസ്ഥാനത്ത്. പിന്നിൽ റഷ്യ. റഷ്യ പക്ഷേ, ഒപെക് പ്ലസ് അംഗമാണ്.

 

യുദ്ധ പ്രത്യാഘാതം

യുഎഇ ഒപെക് വിട്ടത്, ഇറാൻ യുദ്ധത്തിന്‍റെ ഒരു പ്രത്യാഘാതമാണ്. ഇറാനുമായി യുഎഇയ്ക്കുണ്ടായിരുന്ന ബന്ധത്തിൽ വിള്ളലേറ്റത് അതിന്‍റെ പ്രധാന കാരണം. മറ്റൊന്ന് സൗദിയുമായി ഉണ്ടായിരുന്ന ഭിന്നതകൾ കൂടുതൽ പ്രകടവുമായി എന്നതാണ്. 

ഹോർമൂസല്ലാതെ മറ്റൊരു വഴി തേടാനാണ് യുഎഇയുടെ നീക്കം. അബുദബി എണ്ണപ്പാടങ്ങളിൽ നിന്ന് പൈപ്പ് ലൈൻ പോകുക ഫുജൈറയിലേക്കാവും. എണ്ണയെ മാത്രം ആശ്രയിക്കുന്നൊരു ലോകമാവില്ല ഇനി വരിക എന്നൊരു കണക്കുകൂട്ടലും യുഎഇയുടെ നീക്കത്തിന് പിന്നിൽ ഉണ്ടാവുമെന്ന വിലയിരുത്തലുമുണ്ട്. ചൈനയെപ്പോലെ വൈദ്യുതീകരണത്തിൽ കൂടുതൽ നിക്ഷേപിക്കുന്നതോടെ ലോകത്തിന്‍റെ എണ്ണയാവശ്യം കുറയും. അതിനകം എണ്ണ കഴിയുന്നത്ര വിറ്റഴിക്കുകയാവും ചിലപ്പോൾ യുഎഇയുടെ ലക്ഷ്യം.

യുഎഇ വിപണിയിൽ ഒറ്റയ്ക്കിറങ്ങുമ്പോൾ അത് നേരിടാൻ സൗദിയും നടപടികൾ സ്വീകരിച്ചേക്കും. വിലയിലാവും മത്സരം. യുഎഇയുടെയും സമ്പദ് വ്യവസ്ഥ എണ്ണയെ മാത്രം ആശ്രയിക്കുന്നതല്ല, അതുകൊണ്ട് വിലയിലെ മാറ്റങ്ങൾ താങ്ങും. പക്ഷേ, എല്ലാ രാജ്യങ്ങൾക്കും അത് താങ്ങാൻ പറ്റിയേക്കില്ലെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.

ഇസ്രയേൽ സഹകരണം

യുദ്ധം അവസാനിക്കുമ്പോഴേ സംഭവിച്ചതിന്‍റെ മാനം വ്യക്തമാകൂ. വേറെ ചില സഹകരണങ്ങളും ഇതിനിടയിൽ സംഭവിച്ചു. ഇറാന്‍റെ ആക്രമണം നേരിട്ട യുഎഇ, പ്രതിരോധത്തിനായി ഇസ്രയേലിന്‍റെ സഹായം തേടി. അബ്രഹാം അക്കോർഡ്സിൽ ഒപ്പിട്ട ആദ്യ രാജ്യമാണ് യുഎഇ. അതുകൊണ്ട് സഹായം തേടിയതിൽ അത്ഭുതമില്ല. ഇസ്രയേൽ Iron Dome ബാറ്ററി എത്തിച്ചു. അത് ഓപ്പറേറ്റ് ചെയ്യാൻ സൈനികരെയും. ഒരു അറബ് രാജ്യത്ത് ആദ്യമായാണ് ഇസ്രയേലി സൈനികരെത്തി സഹകരിക്കുന്നത്. മുമ്പും യുഎഇയ്ക്ക് ഇസ്രയേൽ പ്രതിരോധ സംവിധാനം നൽകിയിട്ടുണ്ട്. 2022 -ലെ ഹൂതി ആക്രമണ സമയത്താണ് ബരാക് 8 പ്രതിരോധ സംവിധാനമെത്തിച്ചത്.

പക്ഷേ, ഇത്തവണ കൂടുതൽ സംവിധാനം വേണമെന്ന ആവശ്യം തള്ളേണ്ടി വന്നു ഇസ്രയേലിന്. തങ്ങൾക്കും ആവശ്യമെന്നുള്ളത് കൊണ്ട്. ഇതിനെല്ലാം പിന്നാലെ ഒരു അഭ്യൂഹവും പരന്നു. ജിസിസി വിടാൻ ആലോചിക്കുന്നു എന്ന അഭ്യൂഹം. അതുണ്ടായില്ല. പക്ഷേ, ഇറാന്‍റെ ആക്രമണ സമയത്ത് ഗൾഫ്, അറബ് ഭരണകൂടങ്ങൾ തങ്ങളെ വേണ്ടത്ര പിന്തുണച്ചില്ലെന്നും പരാതിപ്പെട്ടു പ്രസിഡന്‍റിന്‍റെ ഉപദേഷ്ടാവ്. അതും പരസ്യമായി.ദുബായിലെ വാർത്താ സമ്മേളനത്തിൽ. പിൻമാറ്റങ്ങൾ പരിഗണനയിലെന്നാണ് ഇപ്പോഴുമുള്ള സൂചന. ഇസ്രയേൽ ഈ സഹകരണത്തിൽ സന്തുഷ്ടരാണ്. അറബ് ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിലും സന്തോഷം. ഇറാൻ യുദ്ധം പശ്ചിമേഷ്യൻ സാഹചര്യങ്ങളെ തന്നെ മാറ്റിമറിക്കുന്നുവെന്നും വ്യക്തം.

 

PREV
Read more Articles on
click me!

Recommended Stories

ഒരുമയുടെ ചരിത്രം ട്രംപിനെ ഓർമ്മപ്പെടുത്തി ചാൾസ്, പറയാതെ പറഞ്ഞത് മറ്റ് ചിലതും
മയക്കുമരുന്ന് രാജാവ്, ദാവൂദിന്റെ വലംകൈ, ലണ്ടനില്‍ ആഡംബര ജീവിതം, ഇഖ്ബാല്‍ മിര്‍ച്ചിയുടെ ജീവിതം