അധോലോകം: ബാലന്‍ തളിയില്‍ എഴുതുന്ന ബോംബെ അധോലോകത്തെ കുറിച്ചുള്ള കോളം. ഇത്തവണ ബോംബെയെ വിറപ്പിച്ച ഇഖ്ബാല്‍ മേമന്‍ മിര്‍ച്ചിയുടെ ജീവിതവും മരണവും. അടുത്ത ആഴ്ച ഫിറോസ് അബ്ദുള്ള സര്‍ഗുരു അഥവാ ഫിറോസ് കൊങ്കണിയുടെ കഥ
പണത്തിനുവേണ്ടി ഏത് വഴിയും സ്വീകരിക്കാന്‍ മടിയില്ലാത്ത മിര്‍ച്ചിയുടെ ജീവിതം പക്ഷേ ഇതോടെ മാറി. ഇന്ത്യയില്‍ ഇനി തുടരുക പ്രയാസമാണെന്ന് അയാള്‍ക്ക് ബോധ്യപ്പെട്ടു. ഇന്ത്യയിലെ ഇടപാടുകള്‍ മകനെ ഏല്‍പ്പിച്ച് ഇഖ്ബാല്‍ താമസം ലണ്ടനിലേക്ക് മാറ്റി.

ഇരട്ടപ്പേരുകളിലായിരുന്നു ബോംബെ അധോലോകത്തെ പല പ്രമുഖരും ഒരുകാലത്ത് അറിയപ്പെട്ടിരുന്നത്. ശരീരഭാഷയോ സ്വഭാവവൈചിത്ര്യമോ വസ്ത്രധാരണരീതിയോ അതിന് കാരണമായി. കാലിയ, മൂച്ചി, മൂച്ചട്ട്, യേഡ, ലംബു, ലങ്കട, കാണിയ, ചോട്ട, ബഡാ, അണ്ണ, മച്ചി, ഹഡ്ഢി, കുര്‍ത്ത, തേഡ, മാ, ഡാഡി, ദീദി... അങ്ങനെയങ്ങനെ അനേകം ഇരട്ടപ്പേരുകള്‍.
ബോളിവുഡ് നായികാനായകരെ മറയില്ലാതെ അനുകരിക്കുക അക്കാലത്തെ യുവാക്കളുടെ രീതിയായിരുന്നു. അമിതാഭിന്റെ ഹെയര്‍സ്‌റ്റൈല്‍, സഫാരി സൂട്ട്, രാജേഷ് ഖന്നയുടെ മീശ, അംജദ് ഖാന്റെ സംഭാഷണരീതി, 'നൂരി' എന്ന ചിത്രത്തില്‍ പൂനം ധില്ലന്‍ ധരിച്ച ചുരിദാര്‍, ചിലപ്പോള്‍ മിഥുന്‍ ചക്രവര്‍ത്തി ചുമലില്‍ ഇട്ടുനടക്കാറുള്ള ഷാള്‍ എന്നുവേണ്ട അനവധി യുവാക്കള്‍ ബോളിവുഡ് താരങ്ങളുടെ പരകായ പ്രേതങ്ങളായി സങ്കോചമില്ലാതെ നഗരത്തിലൂടെ നടന്നു. അക്കൂട്ടത്തില്‍ ചലച്ചിത്രതാരങ്ങളുടെ ചലനങ്ങള്‍ പോലും അനുകരിച്ചു പോന്നവരുമുണ്ട്. ദാവൂദ്, അരുണ്‍ ഗാവ്ലി, കാലിയ ആന്റണി തുടങ്ങി അസഖ്യം അണ്ടര്‍വേള്‍ഡ് ഡോണുകള്‍ സിനിമാതാരങ്ങളുടെ മീശകളെ പോലും അനുകരിച്ചു.
അധോലോകര്‍ക്കാകട്ടെ ചെല്ലപ്പേരുവിളി രഹസ്യമായ ചില ആശയവിനിമയത്തിനും വ്യക്തിസൂചനയ്ക്കും ഉപകാരപ്പെട്ടുപോന്നു. ആപ്പ, നാന, പോത്യ, ഡി, പത്താന്‍, ബ്രാ, മേമന്‍ എന്നീ പേരുകളില്‍ അവരുടെ ഗ്രൂപ്പുകളും അറിയപ്പെട്ടു.
മിര്‍ച്ചി എന്ന ഇന്ത്യന്‍ എസ്‌കോബാര്‍
ഇഖ്ബാല്‍ മേമന്‍ ആയിരുന്നു 'മിര്‍ച്ചി' എന്ന പേരില്‍ അറിയപ്പെട്ട അണ്ടര്‍വേള്‍ഡ് ഡോണ്‍. കറിക്കൂട്ടു മസാലകളുടെ വ്യാപാരികളായിരുന്നു മേമന്‍ കുടുംബം. അതാണ് മിര്‍ച്ചി എന്ന പേരു വരാന്‍ കാരണം. ഇയാള്‍ക്ക് മറ്റൊരു പേരുമുണ്ടായിരുന്നു. 'ഇന്ത്യന്‍ എസ്‌കോബാര്‍.' മയക്കുമരുന്ന് കച്ചവടത്തിലൂടെ സമ്പത്തും കുപ്രസിദ്ധിയും നേടിയ വ്യക്തിയെന്ന നിലയിലാണ് മാധ്യമങ്ങള്‍ അങ്ങനെ വിശേഷിപ്പിച്ചത്. മയക്കുമരുന്ന് രാജാവായിരുന്ന കൊളംബിയന്‍ ഡോണ്‍ പാബ്ലോ എസ്‌കോബാറുമായി താരതമ്യം ചെയ്തു വന്നതാണ് ആ പേര്.
ഗുജറാത്തിലെ കച്ച് സ്വദേശികളായിരുന്നു മേമന്‍ സഹോദരന്മാര്‍. ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ വേരുള്ളവര്‍. മണ്ണുമായും സമുദ്രവുമായും ജൈവികബന്ധം പുലര്‍ത്തുന്നവര്‍ എന്ന വിശേഷണം കച്ച് നിവാസികള്‍ക്ക് പണ്ടേയുണ്ട്. മത്സ്യബന്ധനക്കാര്‍, ഉരുവിലെ തൊഴിലാളികള്‍, നാവികര്‍, ഉപ്പുപാടങ്ങളുടെ കുത്തകക്കാര്‍, കൃഷിക്കാര്‍ എങ്ങനെ പല മേഖലകളില്‍ മികവ് പുലര്‍ത്തിയവര്‍.
മയക്കുമരുന്നിന് പാകമായ വിധം ഇന്ത്യന്‍ വിപണി മാറിയത് എണ്‍പതുകളിലാണ്. അഫ്ഗാനിസ്ഥാന്‍, പാകിസ്താന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് വിവിധയിനം മയക്കുമരുന്നുകള്‍ അതീവിരഹസ്യമായി ഗുജറാത്ത് തീരങ്ങളില്‍ വന്നെത്താന്‍ തുടങ്ങി. അതോടെ. മീന്‍പിടുത്തക്കാരും ഉരുവില്‍ ജോലിചെയ്യുന്നവരും കള്ളക്കടത്തുകാരുടെ സഹായികളായി മാറി. അധികൃതരാവട്ടെ ഇത് ശ്രദ്ധിച്ചുമില്ല. പിടിക്കപ്പെട്ടവര്‍ നിയമപാലകര്‍ക്കു പാരിതോഷികങ്ങള്‍ നല്‍കി സ്വാധീനിച്ചു. അല്ലാത്തവരെ ഭീഷണികൊണ്ട് ഒതുക്കി.
മയക്കു മരുന്ന് ബിസിനസിലേക്കുള്ള വഴി
ബോംബെ ആയിരുന്നു ഇത്തരം ലഹരിവസ്തുക്കളുടെ പ്രധാന വിപണി. എത്തിക്കാന്‍ എളുപ്പമുള്ള വഴിയും അതായിരുന്നു. ഡാന്‍സ് ബാറുകള്‍, സമ്പന്നരുടെ വീടുകള്‍, പാര്‍ട്ടി ഹാളുകള്‍, വേശ്യാലയങ്ങള്‍, അപൂര്‍വ്വം ചില കോളേജുകള്‍, വിദേശികള്‍, എന്തിന് തെരുവു ജീവിതങ്ങള്‍പോലും അവരുടെ ലക്ഷ്യമായിരുന്നു. അങ്ങനെയാണ് ചരസ്സ്, കറുപ്പ് പോലുള്ള ലഹരിവസ്തുക്കള്‍ യഥേഷ്ടം വന്നിറങ്ങുന്ന ഇടങ്ങളായി ഗുജറാത്ത് മാറിയത്. ബോംബെയാകട്ടെ അത് സുലഭമായി കിട്ടുന്ന ഇടവും.
സുകര്‍ നാരായണ്‍ ബഖിയ സ്വര്‍ണ്ണക്കടത്തിലെ രാജാവായി വാണകാലമാണ്. സ്വര്‍ണ്ണക്കടത്തുകാരുടെ ലാഭവിഹിതം പത്തോ ഇരുപതോ ശതമാനമാണ്. മയക്കുമരുന്നിന്റെ ലാഭമാവട്ടെ, നൂറിരട്ടിയോളമായിരുന്നു. അതാണ് കൂടുതല്‍ പേരെയും ആകര്‍ഷിച്ചത്. സ്വര്‍ണ്ണവും വെള്ളിയും ഇലക്ട്രോണിക് ഉപകരണങ്ങളും കസ്റ്റംസിനെ വെട്ടിച്ചും സ്വാധീനിച്ചും ഇറക്കുമതി ചെയ്തവരെ മയക്കുമരുന്ന് ബിസിനസിലേക്ക് അടുപ്പിച്ചത് ഈ അതിലാഭമായിരുന്നു. ആ വഴിക്കാണ് മേമന്‍ ബ്രദേഴ്‌സും മയക്കുമരുന്ന് കച്ചവടം നോട്ടമിട്ടത്. ഇഖ്ബാല്‍ അതിന്റെ നേതൃത്വം ഏറ്റെടുത്തു.
'മാന്‍ഡ്രാക്‌സ് കിങ്' എന്ന പേരില്‍ അറിയപ്പെട്ടിരുന്ന വിക്കി ഗോസ്വാമിയുമായി ചേര്‍ന്ന് ലഹരിഗുളികകളുടെ വില്‍പ്പനയാണ് ആദ്യം തുടങ്ങിയത്. പോലീസിനോ നാര്‍ക്കോട്ടിക് വിഭാഗങ്ങള്‍ക്കോ സ്‌നിപ്പര്‍ ഡോഗുകള്‍ക്കോ കണ്ടുപിടിക്കാന്‍ കഴിയാത്തവിധം നിഗൂഢമായിരുന്നു ഇഖ്ബാലിന്റെ ഇറക്കുമതി രീതി. ഭക്ഷ്യവസ്തുക്കളും സുഗന്ധദ്രവ്യങ്ങളും കയറ്റിവരുന്ന ട്രക്കുകള്‍ മുതല്‍ എല്ലാ സാധ്യതകളും അവര്‍ ഉപയോഗപ്പെടുത്തി. പണ്ടേ പാചക വസ്തുക്കളുടെ വ്യാപാരികള്‍ ആയതിനാല്‍ മേമന്‍ ബ്രദേഴ്സിന് പോലീസ് പരിശോധനയില്‍ ഇളവ് കിട്ടിക്കൊണ്ടിരുന്നു. അത് മയക്കുമരുന്ന് കച്ചവടത്തെ എളുപ്പമാക്കി. പ്രതിവര്‍ഷം കോടിക്കണക്കിനു രൂപയുടെ വരുമാനം എത്തിക്കൊണ്ടിരുന്നു. ഈ പണമൊക്കെ കയ്യാളാനും കണക്കുകള്‍ സൂക്ഷിക്കാനും അമര്‍ സുവര്‍ണ്ണ എന്ന വിശ്വസ്ഥനായൊരു കണക്കെഴുത്തുകാരനും അവര്‍ക്കുണ്ടായിരുന്നു.
ചെറുപ്പം മുതല്‍ക്കേ കച്ചവടത്തില്‍ തല്പരനായതിനാല്‍ ഇഖ്ബാലിന് ബാംഗ്‌ളൂര്‍, ബോംബെ, ഹൈദരാബാദ് നഗരങ്ങളില്‍ അനവധി വ്യാപാരികളുമായി സൗഹൃദമുണ്ടായിരുന്നു. ഇക്കൂട്ടത്തില്‍ വിശ്വസ്തരായ ചിലരെ അയാള്‍ തന്റെ മയക്കുമരുന്ന് വ്യാപാരത്തില്‍ പങ്കാളികളാക്കി. അതില്‍ പ്രധാനികളായിരുന്നു ബോംബെയിലെ ധോല്‍കിയ ബ്രദേഴ്സ്. അവര്‍ കൊക്കെയിന്‍, ഫെറ്റാനില്‍, ഹെറോയിന്‍, മരിജുവാന തുടങ്ങിയ അപകടകാരികളായ മയക്കുമരുന്നുകള്‍ വില്‍പ്പന തുടങ്ങി. അക്കാലത്ത് കിലോയ്ക്ക് ഒരു കോടി രൂപ വരെ വിലയുള്ള മാരകവിഷങ്ങളായിരുന്നു അതൊക്കെ എന്നോര്‍ക്കണം. ആരെയും എളുപ്പം അടിമകളാക്കുന്ന മാരകവസ്തുക്കള്‍.
ഊരിപ്പോയ കേസുകള്‍
ഒരിക്കല്‍ താനെയിലെ ഒരു ഫാം ഹൗസില്‍ പോലീസും നാര്‍ക്കോട്ടിക് വിഭാഗവും ചേര്‍ന്ന് ഒരു വമ്പന്‍ മയക്കുമരുന്ന് വേട്ട നടത്തി. ലോകമാര്‍ക്കറ്റില്‍ ഒന്‍പത് കോടി രൂപ വിലയുള്ള മയക്കുമരുന്നുകള്‍ പിടികൂടി. ഇവ ധോല്‍കിയ ബ്രദേഴ്സിന്റെതാണെന്ന് പറഞ്ഞ് ഇഖ്ബാല്‍ തടിയൂരാന്‍ ശ്രമിച്ചെങ്കിലും ഇരുവരും കോഫെപോസ പ്രകാരം അറസ്റ്റ് ചെയ്യപ്പെട്ടു. പക്ഷേ അത് ധോല്‍കിയ സഹോദരന്മാരുടെതാണെന്ന് തെളിയിക്കാന്‍ പോലീസിന് കഴിഞ്ഞില്ല. കേസുകള്‍ വഴുതിപ്പോയി.
കൊക്കെയിനും ഹെറോയിനും മരിജുവാനയും മറ്റും വന്‍തോതില്‍ വില്‍പ്പന നടക്കുന്നത് ഡാന്‍സ് ബാറുകളെ കേന്ദ്രീകരിച്ചാണ്. സമ്പന്നരുടെ മക്കള്‍ പണമെറിയുന്ന ഇടങ്ങളാണത്. അതോടെ ബോംബെയിലെ ഏറ്റവും വലിയ ഡാന്‍സ് ബാര്‍ തുടങ്ങാന്‍ ഇഖ്ബാല്‍ മിര്‍ച്ചി തയ്യാറായി. ആരെയും ആകര്‍ഷിക്കുന്ന ഒരു പേര് അതിനിട്ടു-ദ ഫിഷര്‍മെന്‍ വാര്‍ഫ്.
അധോലോകവുമായുള്ള നേര്‍ബന്ധം
ബോംബെയിലെ വര്‍ളി അന്നൊരു ചേരി പ്രദേശമായിരുന്നു. അവിടം പുതിയ ടൗണ്‍ഷിപ്പായി മാറാന്‍ തുടങ്ങിയതോടെ ധോല്‍കിയയും ഇക്ബാലും ചേര്‍ന്ന് പടുകൂറ്റന്‍ വീടുകളും ഫ്‌ലാറ്റുകളും വിലകൊടുത്തു വാങ്ങി. അവര്‍ തങ്ങളുടെ ഫ്‌ലാറ്റുകള്‍ മയക്കുമരുന്ന് സൂക്ഷിക്കാനുള്ള രഹസ്യ സങ്കേതമാക്കിമാറ്റി. ഈ സമയത്താണ് ഇഖ്ബാല്‍ അധോലോകത്തെ പ്രമുഖരായ വരദരാജ മുതലിയാര്‍, ഹാജി മസ്താന്‍, കരീം ലാല, ദാവൂദ് ഇബ്രാഹിം എന്നിവരുമായി അടുക്കുന്നത്. പുറംലോകത്ത് നിന്നും പോലീസില്‍നിന്നും വന്നേക്കാവുന്ന ഭീഷണിയെ അതുവഴി പ്രതിരോധിക്കാമെന്നായിരുന്നു അയാളുടെ കണക്കുകൂട്ടല്‍. പിന്നീട് ദാവൂദ് ഇബ്രാഹിമിന്റെ ബിസിനസ് പങ്കാളിയായി ഇഖ്ബാല്‍ മാറി. എന്നാല്‍, ഒരിക്കലും ദാവൂദ് ബന്ധം ഇയാള്‍ സമ്മതിച്ചിരുന്നില്ല. പക്ഷേ, ദാവൂദും ഇഖ്ബാലും തമ്മില്‍ ദുബായില്‍ കൂടിക്കാഴ്ചകള്‍ നടത്താറുള്ളതായി പലരും വെളിപ്പെടുത്തിയിട്ടുണ്ട്. 1993-ലെ ബോംബെ സ്‌ഫോടന പരമ്പര കേസില്‍ ദാവൂദിനൊപ്പം ഇഖ്ബാലും പ്രതിയായിരുന്നു.
ആയിടെയാണ് ധോല്‍കിയയും ഇഖ്ബാലും തമ്മില്‍ പിണങ്ങുന്നത്. ദോല്‍കിയയുടെ പേരില്‍ വന്നൊരു മയക്കുമരുന്ന് പാര്‍സല്‍ അബദ്ധത്തില്‍ മിര്‍ച്ചിക്ക് നല്‍കിയതിനെ തുടര്‍ന്നാണ് പ്രശ്‌നങ്ങളുണ്ടായത്. വന്‍തുക വിലവരുന്ന മയമക്കുമരുന്നുകള്‍ ധോല്‍കിയയ്ക്ക് വിട്ടുകൊടുക്കാന്‍ ഇഖ്ബാല്‍ തയ്യാറായില്ല. വമ്പന്മാര്‍ മധ്യസ്ഥത്തിന് ഇറങ്ങിയിട്ടും മയക്കുമരുന്നുകള്‍ തിരിച്ചുനല്‍കാന്‍ ഇഖ്ബാല്‍ വിസമ്മതിച്ചു. അതോടെ ഇരുവരും കടുത്ത ശത്രുതയിലായി.
ധോല്‍കിയ സഹോദരന്മാരായ മുകേഷും അരവിന്ദും ചില്ലറക്കാരല്ല. ഏത് സമയത്തും താന്‍ ആക്രമിക്കപ്പെടുമെന്ന് ഇഖ്ബാലിന് ബോധ്യമായി. അപ്പോഴേക്കും ഇന്ത്യയിലെ ഏറ്റവും വലിയ മയക്കുമരുന്ന് കച്ചവടക്കാരനായി ഇഖ്ബാല്‍ മാറിക്കഴിഞ്ഞിരുന്നു. ഒന്നിന് പിറകെ ഒന്നായി ഇഖ്ബാല്‍ മിര്‍ച്ചിക്കെതിരെ കേസുകള്‍ വന്നുകൊണ്ടിരുന്നു. ഒപ്പം മറ്റൊരു സംഭവം കൂടി നടന്നു. ഇഖ്ബാലിന്റെ ഡാന്‍സ് ബാറില്‍ രണ്ട് സംഘങ്ങള്‍ തമ്മില്‍ ഭീകരമായ ഏറ്റുമുട്ടലുണ്ടായി. മാരകായുധങ്ങളുമായി നടത്തിയ ആക്രമണത്തില്‍ ബാറിലുണ്ടായിരുന്ന അനേകം പേര്‍ക്ക് പരുക്കുപറ്റി. അതോടെ ഡാന്‍സ് ബാര്‍ പോലീസ് സീല്‍വെച്ചു പൂട്ടി.
കോടികളുടെ ആസ്തികള്‍ കുമിഞ്ഞു കൂടാന്‍ തുടങ്ങിയതോടെ ഇഖ്ബാല്‍ പ്രതിസന്ധികളും നേരിട്ടു തുടങ്ങി. എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന്റെയും സാമ്പത്തികകാര്യ വകുപ്പിന്റെയും നോട്ടപ്പുള്ളിയായി അയാള്‍ മാറി. ഭരണകൂടം മിര്‍ച്ചിയെ സംശയത്തോടെ കണ്ടു. തുടരെത്തുടരെ കേസുകള്‍. അത് സുപ്രീം കോടതിവരെ ചെന്നെത്തി. അപ്പോഴൊക്കെ താനൊരു അനധികൃത കച്ചവടക്കാരനല്ലെന്നും നിയമം അനുസരിക്കുന്ന വ്യക്തിയാണെന്നും ബിസിനസില്‍ വിജയിക്കുമ്പോഴുണ്ടാകുന്ന സംശയവും ഈര്‍ഷ്യയുമാണ് തനിക്കെതിരെയുള്ള നീക്കത്തിനു കാരണമെന്നും ഇഖ്ബാല്‍ കോടതിയില്‍ വാദിച്ചു.
ആ വാദം തെറ്റാണെന്ന് തെളിയിക്കാന്‍ പോലീസിനായില്ല. തുടര്‍ന്ന്, സംശയത്തിന്റെ പേരിലാണ് മിര്‍ച്ചിയെ നിരന്തരം കേസുകളില്‍ അകപ്പെടുത്തുന്നതെന്നും അക്കാരണത്താല്‍ മിര്‍ച്ചിക്ക് വലിയ സാമ്പത്തിക നഷ്ടം സംഭവിക്കുന്നുവെന്നും അത് നികത്താനുള്ള ബാധ്യത ഗവണ്മെന്റിനാണെന്നും കോടതി വിധിച്ചു.
ഇന്ത്യ വിട്ട് വിദേശത്തേക്ക്
പണത്തിനുവേണ്ടി ഏത് വഴിയും സ്വീകരിക്കാന്‍ മടിയില്ലാത്ത മിര്‍ച്ചിയുടെ ജീവിതം പക്ഷേ ഇതോടെ മാറി. ഇന്ത്യയില്‍ ഇനി തുടരുക പ്രയാസമാണെന്ന് അയാള്‍ക്ക് ബോധ്യപ്പെട്ടു. ഇന്ത്യയിലെ ഇടപാടുകള്‍ മകനെ ഏല്‍പ്പിച്ച് ഇഖ്ബാല്‍ താമസം ലണ്ടനിലേക്ക് മാറ്റി. അവിടെ ആഡംബര വസതികളും കാറുകളും വാങ്ങി. വിവിധ അരികള്‍ പോളിഷ് ചെയ്യുന്ന കൂറ്റന്‍ കമ്പനി തുടങ്ങി. ഈഡന്‍ ഫൈന്‍ റൈസ് എന്നായിരുന്നു ആ കൂറ്റന്‍ കമ്പനിയുടെ പേര്. ദക്ഷിണാഫ്രിക്ക, യുകെ എന്നിവിടങ്ങളില്‍ കോടികളുടെ ബിസിനസ് വ്യാപിച്ചു. എല്ലാത്തിന്റെയും ഇഖ്ബാലും അമര്‍ സുവര്‍ണ്ണയും കയ്യാളി.
വര്‍ഷങ്ങളോളം ഇഖ്ബാല്‍ മിര്‍ച്ചിയുടെ വലംകൈയായി പ്രവര്‍ത്തിച്ച ആളാണ് സുവര്‍ണ്ണ. മാന്യന്‍, വിശ്വസ്തന്‍. മിര്‍ച്ചിയുടെ എല്ലാ രഹസ്യങ്ങളും അറിയാവുന്ന ഏകവ്യക്തി. ബിസിനസ്സില്‍ തന്നെക്കാള്‍ പിടിപാടുള്ള ആളാണ് സുവര്‍ണ്ണ എന്ന് മിര്‍ച്ചിക്ക് നന്നായറിയാം. എങ്കിലും അവര്‍ക്കിടയില്‍ പതിയെ അവിശ്വാസത്തിന്റെ കോടമഞ്ഞ് നിറഞ്ഞു. അപ്രതീക്ഷിതമായി സംഭവിക്കുന്ന നഷ്ടങ്ങള്‍, ഇടപാടുകാരുമായി സുവര്‍ണ്ണ ഉണ്ടാക്കുന്ന കൂടുതല്‍ ആഴത്തിലുള്ള ബന്ധങ്ങള്‍ എന്നിവയെ മിര്‍ച്ചി സംശയത്തോടെ ശ്രദ്ധിച്ചു. സുവര്‍ണ്ണ സ്വന്തമായി ബിസിനസ്സ് തുടങ്ങാനുള്ള ശ്രമമാണെന്ന് അയാള്‍ക്ക് തോന്നി. സംശയ രോഗവും പണക്കൊതിയും മിര്‍ച്ചിയില്‍ സംശയങ്ങള്‍ വളര്‍ത്തി.
ഇതോടെ ഇരുവരും തമ്മിലകന്നു. പൊരിഞ്ഞ വഴക്കും ശത്രുതയും പതിവായി. ഇഖ്ബാല്‍ സുവര്‍ണ്ണയുടെ പാസ്‌പോര്‍ട്ട് പിടിച്ചുവെച്ചു. പ്രകോപിതനായ സുവര്‍ണ്ണ ബ്രിട്ടീഷ് പോലീസില്‍ പരാതിപ്പെട്ടു. അപരന്റെ പാസ്‌പോര്‍ട്ട് തടഞ്ഞുവെക്കാനോ കൈവശം വെക്കാനോ മറ്റൊരാള്‍ക്ക് അവകാശമില്ലാത്ത രാജ്യത്ത് അതൊരു ക്രിമിനല്‍ കുറ്റമാണ്. ഇഖ്ബാലിന് അവിടെയും അടിതെറ്റി. പോലീസ് ഇടപെട്ട് സുവര്‍ണ്ണയുടെ പാസ്‌പോര്‍ട്ട് തിരികെ വാങ്ങി നല്‍കി. വര്‍ഷങ്ങളോളം ഒന്നിച്ചു ജീവിച്ച ആ സൗഹൃത്തുക്കള്‍ സംശയത്തിന്റെ പേരില്‍ ആജന്മശത്രുക്കളായി മാറി. സുവര്‍ണ്ണ യുകെ ജീവിതം ഉപേക്ഷിച്ച് ബോംബെയിലേക്ക് പറന്നു.
1994 ഫെബ്രുവരി 24. ഗേറ്റ് വേ ഓഫ് ഇന്ത്യ, താജ് ഹോട്ടല്‍, ജഹാംഗീര്‍ ആര്‍ട്ട് ഗാലറി, റിഥം ഹൌസ്, ഡോക്ക് യാര്‍ഡ്, സെഷന്‍സ് കോടതി എന്നിവ ഉള്‍പ്പെടുന്ന കാലാഘോഡയിലെ തൃഷ്ണ റസ്റ്റോറന്റിന് മുന്നില്‍ സുവര്‍ണ്ണ വെടിയേറ്റ് വീണു. മരണത്തിന് മുമ്പ് അയാള്‍ പൊലീസിന് നല്‍കിയ മൊഴിയില്‍ ചില സുപ്രധാന വിവരങ്ങളുണ്ടായിരുന്നു. തുടര്‍ന്ന് പ്രതികളായ ആദം ഗഫൂര്‍ ഷൈയ്ക്ക്, ഷേരു മുഹമ്മദ് അസ്ലം എന്നിവര്‍ അറസ്റ്റ് ചെയ്യപ്പെട്ടു. ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചതായിരുന്നു ആ കേസ്. 'മുംബൈ മിറര്‍ പോലുള്ള പത്രങ്ങള്‍ ഈ കൊലപാതകം വാര്‍ത്താപ്രാധാന്യത്തോടെ അക്കാലത്ത് അവതരിപ്പിച്ചിരുന്നു.
ദാവൂദിന്റെ സ്വന്തക്കാരന്‍
ദാവൂദ് ഇബ്രാഹിമിന്റെ സ്വന്തക്കാരനായി അറിയപ്പെട്ടിരുന്ന ഇഖ്ബാല്‍ മിര്‍ച്ചി 1993-ലെ ബോംബെ സ്‌ഫോടന പരമ്പരകളിലും പ്രതി ചേര്‍ക്കപ്പെട്ടിരുന്നു. എന്നാല്‍, ഇയാളെ യുകെയില്‍ ജീവിച്ചിരുന്ന ഇയാളെ വിട്ടുനല്‍കാനുള്ള നിയമപോരാട്ടത്തില്‍ ഇന്ത്യ പരാജയപ്പെടുകയായിരുന്നു. അതിനാല്‍, കൊട്ടാരതുല്യമായ ലണ്ടന്‍ വസതിയില്‍ ആഡംബരപൂര്‍വ്വം ജീവിതം തുടരുകയായിരുന്നു ഇഖ്ബാല്‍. താന്‍ നിയമവിധയമായാണ് ബിസിനസ് നടത്തുന്നതെന്നും ദാവൂദുമായി ബന്ധമില്ലെന്നും ബിസിനസിലെ ഉയര്‍ച്ചയോടുള്ള അസൂയയും ശത്രുതയുമാണ് തനിക്കെതിരായ ആരോപണങ്ങള്‍ക്കു പിറകില്‍ എന്നുമായിരുന്നു എല്ലാ കാലത്തും ഇയാള്‍ പറഞ്ഞിരുന്നത്.
രണ്ട് തവണ വിവാഹം കഴിച്ചു. ഹാജറ ആയിരുന്നു ആദ്യ ഭാര്യ. അതില്‍ രണ്ട് ആണ്‍മക്കള്‍. ലണ്ടനില്‍ താമസിച്ചിരുന്ന ഹാജറയ്ക്കും മക്കള്‍ക്കുമെതിരെ ബോംബെ പൊലീസ് കള്ളപ്പണ കേസുകള്‍ ചുമത്തിയിരുന്നു. 1991-ല്‍ സിനിമാ നടി ഹീനാ കൗസറിനെ വിവാഹം ചെയ്തു. മുഗള്‍ എ അസം എന്ന ഐതിഹാസിക സിനിമയുടെ സംവിധായകനായിരുന്ന കെ ആസിഫിന്റെ മകളായിരുന്നു ഹീന. ഇവര്‍ക്ക് കുട്ടികള്‍ ഉണ്ടായിരുന്നില്ല. ഹാജറയുടെ മക്കളും ഹീനയുമായി മിര്‍ച്ചിയുടെ സ്വത്തുക്കളെച്ചൊല്ലി തര്‍ക്കവും പ്രശ്‌നങ്ങളും നിലനിന്നിരുന്നു. അവസാന കാലത്ത് ഇഖ്ബാല്‍ മിര്‍ച്ചിയുടെ വലിയ തലവേദന അതായിരുന്നു. 2013 ആഗസ്ത് പതിനാലിന് അറുപത്തിമൂന്നാം വയസ്സിലായിരുന്നു മിര്‍ച്ചിയുടെ മരണം. ഹൃദയസ്തംഭനമായിരുന്നു മരണകാരണം.
…………………………
(ബാലന്‍ തളിയില്‍: കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി തളീക്കര സ്വദേശി. പതിനെട്ടാം വയസ്സില്‍ വീട്ടില്‍നിന്നും ഒളിച്ചോടി കള്ളവണ്ടി കയറി ബോംബെയിലെത്തി. അധോലോകം അരങ്ങുവാണ 1979 മുതല്‍ 1988 വരെയും 1997 മുതല്‍ 2004 വരെയും ബോംബയില്‍ ജീവിച്ചു. ഇതിനിടയില്‍ 18 വര്‍ഷം ദുബായില്‍. ഇപ്പോള്‍ നാട്ടില്‍ സ്ഥിരതാമസം. ഒരു നോവല്‍ അടക്കം അഞ്ചു പുസ്തകങ്ങള്‍ എഴുതി. തെരുവില്‍ നിന്നൊരാള്‍, ബോംബെ: സ്വപ്നങ്ങള്‍ നൃത്തം വെച്ച നഗരം എന്നീ പുസ്തകങ്ങള്‍ ബോംബെയിലെ ജീവിതാനുഭവങ്ങളാണ്.)


