സ്‌നേഹം പോലെന്തോ...; ജീവിതത്തില്‍നിന്ന് അഴിഞ്ഞഴിഞ്ഞു പോവുന്നത്!

By Rini RaveendranFirst Published Mar 31, 2023, 12:41 PM IST
Highlights

ജീവിതത്തില്‍ എന്തോ ഒന്ന് നഷ്ടപ്പെട്ട് പോകുന്നു എന്ന തോന്നല്‍ നിങ്ങള്‍ക്കും ഉണ്ടാവാറുണ്ടോ? - ഉള്‍മരങ്ങള്‍. റിനീ രവീന്ദ്രന്‍ എഴുതിയ കോളം തുടരുന്നു

ഉള്ളിനുള്ളില്‍ തറഞ്ഞുപോയ ഓര്‍മ്മകള്‍, മനുഷ്യര്‍. ഒട്ടും പ്രശസ്തരല്ലാത്ത, എവിടെയും അടയാളപ്പെടുത്തപ്പെടാത്ത, എടുത്തുപറയാന്‍ പ്രത്യേകതകളൊന്നുമില്ലാത്ത, എളുപ്പത്തില്‍ ആരാലും മറന്നുപോവുന്ന മനുഷ്യര്‍. പക്ഷേ, ചിലനേരം അവര്‍ ജീവിതംകൊണ്ട് കാണിച്ചുതന്ന പാഠങ്ങള്‍ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ചിലര്‍ വേദനകളായിട്ടുണ്ട്, ചിലര്‍ ആശ്ചര്യമായിട്ടുണ്ട്, എത്ര അനായാസമായാണ് അവര്‍ ജീവിതം ജീവിച്ചു തീര്‍ക്കുന്നതെന്ന് ആദരവോടെ നോക്കിപ്പോയിട്ടുണ്ട്. അവരൊക്കെ കൂടിയാണ് ആഹാ, ലോകം ജീവിക്കാന്‍ കൊള്ളാവുന്ന ഒരിടമാണല്ലോ എന്ന തോന്നലുണ്ടാക്കുന്നത്. അങ്ങനെ പലപ്പോഴായി വന്നുപോയ മനുഷ്യരെയോര്‍ത്തെടുക്കാനുള്ള, എഴുതിവയ്ക്കാനുള്ള ശ്രമമാണ് 'ഉള്‍മരങ്ങള്‍'.  

 

 

'പ്രണയമില്ലാതെയായ നാള്‍ സകലതും
തിരികെയേല്‍പ്പിച്ചു പിന്മടങ്ങുന്നു ഞാന്‍...'

-റഫീഖ് അഹമ്മദ്


ജീവിതത്തില്‍ എന്തോ ഒന്ന് നഷ്ടപ്പെട്ട് പോകുന്നു എന്ന തോന്നല്‍ നിങ്ങള്‍ക്കും ഉണ്ടാവാറുണ്ടോ? ഒരിക്കല്‍ സ്‌നേഹം തോന്നിയിരുന്ന ഒന്നിനോടും സ്‌നേഹമില്ലാതാവുന്നു. ഒരിക്കല്‍ സന്തോഷിപ്പിച്ചിരുന്നതൊന്നും ഇപ്പോള്‍ സന്തോഷിപ്പിക്കുന്നില്ല. ഒരിക്കല്‍ കാണണം എന്ന് ആഗ്രഹിച്ചിരുന്ന മനുഷ്യരെ ഇനി ഒരിക്കലും കാണാതിരുന്നെങ്കില്‍ എന്ന് തോന്നിപ്പോകുന്നു. ദിവസങ്ങള്‍ വളരെ യാന്ത്രികമായാണ് നീങ്ങുന്നത്. വേദനിച്ചുകൊണ്ടോ കരഞ്ഞുകൊണ്ടോ ഒന്നുമല്ല. പക്ഷേ, ജീവിതത്തില്‍ എന്തോ ഒന്ന് കുറവുണ്ട് എന്ന തോന്നലവശേഷിക്കുന്നു.

വികാരങ്ങളില്ലാത്ത മനുഷ്യര്‍ ഗതികെട്ടവരാണ്, ഒന്ന് കരയാനെങ്കിലും കഴിഞ്ഞെങ്കില്‍ എന്ന് പലവട്ടം തോന്നിക്കഴിഞ്ഞു. കാരണങ്ങളൊന്നും ഇല്ലാതെ തന്നെ എല്ലാത്തിനോടും ദേഷ്യം തോന്നുകയാണ്. അതിലിരുന്നുകൊണ്ടാണ് സ്വയം, 'നീയൊന്നിനും കൊള്ളാത്ത ഒരാളാണ്' എന്ന് കുറ്റപ്പെടുത്തുന്നത്. 'നിനക്ക് ആരുമില്ല, ആരെങ്കിലും ഉണ്ടായാല്‍പ്പോലും അത് നിനക്ക് സന്തോഷം തരികയുമില്ല' എന്ന് ആയിരം തവണ ഉള്ളിലിരുന്നുകൊണ്ട് ആരോ പറയുന്നത്. 

ഒരിക്കല്‍, ഞാനൊരാളെ പ്രേമിച്ചിരുന്നു. ഒറ്റനോട്ടത്തില്‍ കല്ലുപോലെ എന്ന് തോന്നിയിരുന്നൊരു മനുഷ്യന്‍. അയാളെന്നെ പ്രേമിച്ചേ ഇല്ല. ഞാനയാളെ 'എന്റെ യേശു' എന്ന് വിളിച്ചു. അയാളുടെ കണ്ണില്‍, അയാളുടെ ഉള്ളില്‍ നിറയെ അലിവൊളിപ്പിച്ച് വച്ചിരിക്കുകയാണ് എന്നാണ് വെറുതെ സ്വപ്നം കണ്ടിരുന്നത്. അയാളെ കണ്ടാല്‍ ലോകത്തിലെ സകല കപടതകളെയും വെറുക്കുന്ന ഒരാളെ പോലെ തോന്നുമായിരുന്നു. അയാളെ കണ്ടാല്‍ ലോകത്തെ മടുത്ത ഒരാളെ പോലെ തോന്നുമായിരുന്നു. അതുകൊണ്ടാണ് അയാളെ പ്രേമിച്ചത്. എന്നെങ്കിലും ഒരുനാള്‍ അയാള്‍ തിരികെ പ്രേമിക്കും എന്ന് കരുതിയിരുന്നു. അന്ന് അയാളെ കെട്ടിപ്പിടിക്കും, വെറുതെ കരയും. പിന്നീടൊരിക്കലും അയാളിലേക്ക് തിരികെ പോവുകയേ ഇല്ല. ഇങ്ങനെയെല്ലാം മോഹിച്ചിരുന്നു.

അയാള്‍ക്ക് റോഡില്‍ നിന്നും മഞ്ചാടിമണികള്‍ പെറുക്കിക്കൊണ്ടു കൊടുത്തിരുന്നു, വാടിയ ചെമ്പകപ്പൂക്കള്‍ സമ്മാനിച്ചിരുന്നു, രണ്ടോ മൂന്നോ വരികള്‍ മാത്രമുള്ള കത്തുകളെഴുതിയിരുന്നു. അയാള്‍ തിരിച്ച് സ്‌നേഹിച്ചില്ല. മാത്രമല്ല, സ്‌നേഹത്തെ പരിഹസിക്കുക കൂടി ചെയ്തപ്പോള്‍ അയാള്‍ ലോകത്തെ മടുത്ത ഒരാളല്ലെന്നും, ലോകത്തിന്റെ കപടതകളെ തിരിച്ചറിഞ്ഞ ഒരാളല്ലെന്നും മനസിലാക്കി പിന്തിരിഞ്ഞു നടക്കുകയായിരുന്നു.

എനിക്ക് വേദനിച്ചില്ല, ഞാനയാളെ സ്‌നേഹിച്ചിരുന്ന കാലത്തെയാണ് ഞാന്‍ സ്‌നേഹിച്ചിരുന്നത് -അയാളെയല്ല.

 

 

മുപ്പതുകളിലും നാല്‍പ്പതുകളിലും പ്രണയിക്കുന്നവരെ കുറിച്ച് പലരും എഴുതിയ മികച്ച കവിതകളെ പോലും പുച്ഛിച്ചുകൊണ്ട് എപ്പോഴോ ഞാനൊരു പ്രണയവിരോധിയായി. പ്രേമം വെറും കാല്‍പ്പനികതയാണ് എന്നും ആ കാല്‍പ്പനികത വെറും തേങ്ങയാണ് എന്നും ഞാനവരെ നിഷ്‌കരുണം തള്ളിക്കളഞ്ഞു. ഒറ്റപ്പുസ്തകവും വായിക്കാതെയായി. ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ പുലരുവോളം ക്രൈം ത്രില്ലറുകളും ഹൊറര്‍ മൂവികളും മാത്രം കണ്ടു. എനിക്കൊന്നിനോടും സ്‌നേഹമില്ലാതെയായി.

ആദ്യമായി പ്രണയം വന്ന് തൊടുന്നത് നാലാം ക്ലാസില്‍ പഠിക്കുമ്പോഴാണ്. അതിനുശേഷം എത്ര പ്രേമങ്ങള്‍. പ്രണയിക്കുന്നവര്‍ക്ക് വേണ്ടി 'ഇതെന്റെ രക്തമാണിതെന്റെ മാംസമാണെടുത്തുകൊള്‍ക' എന്ന് പാടിയിട്ടുണ്ട്. ജീവിതമിപ്പോള്‍ തരിശുഭൂമിയാവുന്നു. പ്രണയത്തോടല്ല പ്രണയം നഷ്ടപ്പെട്ടിരിക്കുന്നത്, ജീവിതത്തോടാണ്, മനുഷ്യരോടാണ്. അവരെന്നെ കൗതുകം കൊള്ളിച്ചില്ല. അവരെ വേഗം മടുത്തു. സൂര്യോദയമോ സൂര്യാസ്തമയമോ കണ്ടാല്‍, ചുടുചായക്കപ്പ് ചുണ്ടോട് ചേര്‍ത്താല്‍, നല്ലൊരു പുസ്തകം വായിച്ചാല്‍, നല്ലൊരു പാട്ട് കേട്ടാല്‍, ഒറ്റയ്‌ക്കൊരു യാത്ര പോയാല്‍, പ്രിയപ്പെട്ട ഒരാളെ കണ്ടാല്‍ ലോകത്തോടാകെയും സ്‌നേഹം തോന്നിയിരുന്ന ഒരാള്‍ മരിച്ചുപോയി എന്നറിഞ്ഞിട്ടും കരച്ചില്‍ വരുന്നില്ല.

കരച്ചില്‍ വരണമെങ്കിലും നമുക്കെന്തിനോടെങ്കിലും സ്‌നേഹം വേണം -തിരിച്ചറിവ്. അതില്ലെങ്കില്‍ നമ്മള്‍ ജീവിച്ചിരിക്കുകയേ അല്ലായെന്ന് തോന്നും. മരിച്ചിട്ടും നാം ഭക്ഷണം കഴിക്കും, മരിച്ചിട്ടും നാം ജോലി ചെയ്യും, മരിച്ചിട്ടും നമ്മള്‍ ചിരിക്കും, അങ്ങനെയങ്ങനെ...

ഉറക്കെ കരയാന്‍ തോന്നി. 'ഗതികെട്ട സ്ത്രീയേ' എന്ന് കവിളത്തടിക്കാനും സ്വയം മുറിവേല്‍പ്പിക്കാനും തോന്നി. തന്നെത്തന്നെ ചേര്‍ത്ത് പിടിച്ച് ആശ്വസിപ്പിക്കാന്‍ പോലും സാധിക്കാത്തത്രയും കല്ലായിപ്പോയല്ലോ എന്ന് കുറ്റബോധം തോന്നി. ഇത്തരം ഗതികെട്ട നിമിഷങ്ങളില്‍, 'എനിക്കെന്റെ പ്രണയം തിരികെത്തരൂ' എന്ന് ആരോടാവും ഒരാള്‍ ചോദിക്കേണ്ടത്?

 

.....................................................

Read more: ആണുങ്ങള്‍ക്ക് അറിഞ്ഞുകൂടാത്ത ചില പെണ്‍രഹസ്യങ്ങള്‍...!

 

എത്രയോ വര്‍ഷങ്ങളായി ഞങ്ങള്‍ സുഹൃത്തുക്കളായിരുന്നു. കാണുമ്പോഴെല്ലാം ഞങ്ങള്‍ കെട്ടിപ്പിടിച്ചു. കണ്ടുപിരിയുന്ന നേരത്ത് അതിലേറെ നേരം കെട്ടിപ്പിടിച്ചു. അപ്പോള്‍ എന്റെയും അവളുടെയും ഹൃദയം ഒന്നുകില്‍ നിറഞ്ഞിരിക്കയാവും, അല്ലെങ്കില്‍ ഒരോളം പോലുമില്ലാത്ത പുഴപോലെ ശാന്തം.

അവനും അതുപോലെയായിരുന്നു. അവന്‍ കെട്ടിപ്പിടിക്കുമ്പോള്‍ ധ്യാനത്തിലെന്ന പോലെ എല്ലാം മറക്കാറുണ്ടായിരുന്നു. മണിക്കൂറുകള്‍ മാത്രം സഞ്ചരിച്ചാലെത്താവുന്ന രണ്ട് നഗരങ്ങളിലിരുന്ന്, ഏകാന്തത കൊന്ന് തിന്നുന്ന നേരങ്ങളില്‍ ഞങ്ങള്‍ മെസേജയക്കുമായിരുന്നു, 'Craving for your hugs...'

ഇപ്പോള്‍, ആരുടേയും കൈകള്‍ ചേര്‍ത്ത് പിടിക്കാന്‍ തോന്നുന്നില്ല. പിടിച്ചാലും പഴയ ഊഷ്മളതയില്ല. കെട്ടിപ്പിടിക്കാന്‍ മറന്നുപോയി. അല്ലെങ്കിലും മനുഷ്യന്‍ വളരുന്തോറും കെട്ടിപ്പിടിക്കാന്‍ മറന്നുപോകുന്ന ജീവി. വളര്‍ന്നാല്‍ അമ്മ പോലും നമ്മെ കെട്ടിപ്പിടിക്കില്ല.

ഒരുദിവസം വൈകുന്നേരത്തെ കാറ്റും കൊണ്ട് ടെറസിലിരിക്കവേ പ്രിയപ്പെട്ട മനുഷ്യരെയെല്ലാം കാണാന്‍ തോന്നി. അവരെയെല്ലാം കെട്ടിപ്പിടിക്കാന്‍ തോന്നി. അമ്മയെ, അനിയനെ, കൂട്ടുകാരെ, പ്രിയപ്പെട്ടവരെയെല്ലാം. എപ്പോഴാണ് അവസാനമായി അമ്മയും അനിയനും കെട്ടിപ്പിടിച്ചത് എന്നോര്‍ത്ത് നോക്കി. എന്തുകൊണ്ടാവും പ്രിയപ്പെട്ടവര്‍ കെട്ടിപ്പിടിക്കാന്‍ മടിക്കുന്നത് എന്നും. ശാന്തികവാടത്തിന് തൊട്ടടുത്താണ് അപാര്‍ട്‌മെന്റ്. അപ്പോളാരോ അവിടെ എരിഞ്ഞടങ്ങുകയായിരുന്നു. ടെറസിലിരുന്നുകൊണ്ട് ഞാനതിന്റെ മണം അനുഭവിച്ചു. ഓക്കാനം വന്നില്ല, പകരമപ്പോള്‍ ഒരല്‍പം ശാന്തത തോന്നി. മരിച്ചുപോയ മനുഷ്യരെ കുറിച്ചല്ല ഓര്‍ക്കുന്നത് അവര്‍ ഓര്‍മ്മകള്‍ ബാക്കിവച്ചു പോകുന്ന ജീവനുള്ള മനുഷ്യരെ കുറിച്ചാണ്.

സ്‌നേഹത്തിലായിരിക്കുമ്പോള്‍ രണ്ട് അവസ്ഥകളുണ്ട്;  

ഒന്ന്: തീവ്രമായ ഭയം. ഈ സ്‌നേഹം ഉപേക്ഷിച്ച് ഈ ഭൂമിയില്‍ നിന്നും എനിക്ക് പോകാന്‍ വയ്യ എന്ന പിടച്ചില്‍.

രണ്ട്: ഈ നിമിഷം വേണമെങ്കിലും ഞാന്‍ മരിച്ചു പോയ്‌ക്കോട്ടേ, ഞാന്‍ സ്‌നേഹത്തിലാണല്ലോ? ഈ ജീവിതത്തില്‍ ഇതിനുമപ്പുറം ഇനി എന്താണ് കിട്ടാനുള്ളത് എന്ന നിറവ്.

എപ്പോഴും സ്‌നേഹത്തില്‍ തിരയുന്നത് രണ്ടാമത്തെ അനുഭവമാണ്. ഒരു നിമിഷമെങ്കിലും ജീവിച്ചിരുന്നു എന്ന നിറവ്.  

 

.....................................................

Read More: അതുകൊണ്ട്, എനിക്കൊരു മുറിവേണം 

 

അമ്പത്തിയഞ്ചാമത്തെ വയസില്‍ അതിസുന്ദരിയായിരിക്കുന്ന ഒരുവളെ കുറിച്ച്, അതിലും മനോഹരമായി ജീവിതം കൊണ്ടുനടക്കുന്നവളെ കുറിച്ച് സംസാരിക്കുകയായിരുന്നു ഞാനും അവളും. 'അവര്‍ക്കുറപ്പായും ഒരു പ്രേമം കാണും' അവളെന്നെ നോക്കി ചിരിക്കുന്നു. 'ഒന്നുപോടീ' എന്ന് ഞാന്‍ മറുചിരി ചിരിക്കുമ്പോള്‍ അവള്‍ പറഞ്ഞു. 'നോക്കൂ, ജീവിതത്തില്‍ എന്തിനെയെങ്കിലും പ്രണയിക്കുന്നവര്‍ സുന്ദരികളും സുന്ദരന്മാരുമായിരിക്കുന്നു. ഇല്ലാത്തവര്‍ എന്നെ പോലെ തളര്‍ന്ന്, ചിരിക്കാന്‍ മറന്ന്, കണ്ണുകള്‍ക്ക് താഴെ കറുപ്പ് ബാധിച്ച് എളുപ്പം വയസ്സന്മാരാകുന്നു.' 'എന്തിനെയെങ്കിലും' എന്നത് ഞാനുള്ളിലെടുത്തുവച്ചു.

നിലാവ് പോലെ ചിരിക്കുന്നൊരു ചെറുപ്പക്കാരനെ എനിക്കറിയാമായിരുന്നു. ആരെ കണ്ടാലും ചിരിക്കുന്ന ഒരുവന്‍. സ്‌നേഹത്തോടെ കെട്ടിപ്പിടിക്കുന്ന ഒരുവന്‍. എന്റെ അറിവില്‍ അവന് കാമുകിമാരില്ലായിരുന്നു. ഒരു ദിവസം ഞാനവനോട് കൗതുകം കൊണ്ടു, അസൂയപ്പെട്ടു, നീയെങ്ങനെ ഇങ്ങനെ ചിരിക്കുന്നു. അവന്‍ പറഞ്ഞത്, 'ജീവിതമാണെന്റെ എക്കാലത്തെയും കാമുകി. ജീവിതത്തോട് എനിക്ക് തീരാത്ത ആസക്തിയാണ്' എന്നാണ്.

ജീവിച്ച് കൊതിതീരാതെ മരിച്ചു പോയ മനുഷ്യരെയെല്ലാം മനസ്സിലോര്‍ത്തുകൊണ്ട് അവന്റെ വാക്കുകളും ഉള്ളിലെടുത്തുവച്ചു.

ഒരിക്കല്‍ മലമുകളില്‍ ഒരു സന്യാസി ധ്യാനത്തിലിരിക്കയായിരുന്നു, കാലങ്ങളോളം അയാള്‍ ആ ഇരിപ്പ് തുടര്‍ന്നു. ആരോടും മിണ്ടിയില്ല, ആരേയും കണ്ടില്ല. ഒടുവില്‍ കണ്ണ് തുറന്നപ്പോള്‍ അതില്‍ നിറയെ പ്രകാശം. അയാള്‍ കുഞ്ഞുങ്ങളെ പോലെ ചിരിക്കുന്നു. അയാള്‍ തന്റെ ദൈവവുമായി പ്രണയത്തിലായിരുന്നുവത്രെ. ആ കണ്ണുകളിലെ പ്രകാശം മരണം വരെ കെട്ടില്ല.

റഫീഖ് അഹമ്മദ് എഴുതിയത് ജീവിതത്തെ കുറിച്ചാവണം. 

click me!