Asianet News MalayalamAsianet News Malayalam

അതുകൊണ്ട്, എനിക്കൊരു മുറിവേണം

ഉള്‍മരങ്ങള്‍. റിനി രവീന്ദ്രന്‍ എഴുതുന്ന കോളം തുടരുന്നു.

a room of ones own RIni Raveendran column
Author
Thiruvananthapuram, First Published Feb 18, 2021, 5:29 PM IST

സ്വന്തമൊരു മുറിയുണ്ടെങ്കില്‍ എന്തെല്ലാം ചെയ്യാം? ഉറക്കം വരുംവരെ ലൈറ്റിട്ടിരിക്കാം, ഇഷ്ടമുണ്ടെങ്കില്‍ വായിക്കാം, എഴുതാം, സിനിമ കാണാം, പാട്ടുകേള്‍ക്കാം, നൃത്തം ചെയ്യാം, നഗ്‌നയായിരിക്കാം, എന്താണ് ഞാന്‍ ഏതാണ് ഞാന്‍ എന്ന് വെറുതെ ചിന്തിച്ചുനോക്കാം. ഇതൊക്കെ ചെയ്യാനാണോ മുറി? അതിനുമാത്രമോ? അല്ലേയല്ല, ഒന്നും ചെയ്യാതെയും ഒന്നും ചിന്തിക്കാതെയുമിരിക്കാനും ഒരിടം വേണ്ടേ? അവിടെ, ജനാലകള്‍ക്ക് ഇഷ്ടമുള്ള നിറത്തിലുള്ള കര്‍ട്ടനുകളിടാം, ഇഷ്ടപ്പെട്ട പെയിന്റിംഗുകളോ, ചിത്രങ്ങളോ, പ്രിയപ്പെട്ട ദൈവങ്ങളെയോ കുടിയിരുത്താം. 'ലോകം' എന്ന് അതിനെ വേണമെങ്കില്‍ അടയാളപ്പെടുത്തിയിടാം.

 

a room of ones own RIni Raveendran column

 

ഒരു മുറിയില്‍ രണ്ട് കട്ടിലുകള്‍. ഒന്നില്‍ അനിയന്‍, ഒന്നില്‍ ഞാനും. രാത്രിവേണം, എന്തെങ്കിലും വായിക്കാന്‍. ഒന്നുകില്‍ പഠിക്കാനുള്ളത്, അല്ലെങ്കില്‍ ലൈബ്രറിയിലെ പുസ്തകങ്ങള്‍. പക്ഷേ, അവന് ഉറക്കപ്പിരാന്താണ്. രാത്രിയില്‍ ലൈറ്റ് കണ്ടാല്‍പ്പിന്നെ ഉറക്കം വരില്ല പോലും. അതിന്റെ പേരിലാണ് വഴക്ക്. 'എനിക്ക് പിന്നെ വായിക്കണ്ടേ?' എന്ന് ചോദിക്കുമ്പോള്‍ വളരെ നിസ്സാരമായി അവന്‍ പറഞ്ഞുകളയും. 'നിനക്ക് വായിക്കണെങ്കി ഇറയത്തിരുന്ന് വായിച്ചോ.'

ശ്രമിക്കാഞ്ഞിട്ടല്ല, രാത്രിക്ക് നല്ല ഭംഗിയാണ്. ചില രാത്രികള്‍ ഇരുട്ട് മാത്രമായിരിക്കും. ചില രാത്രികള്‍ വിഷാദികളെപ്പോലെ, ഉറങ്ങാനാവാതെ, നിലാവേറ്റ് നീലിച്ചിരിക്കും. മറ്റൊന്ന് 'പച്ചവെളിച്ചത്തിന്റെ കാടേ'യെന്ന് വിളിക്കാന്‍ തോന്നുന്ന മിന്നാമിന്നികളുടെ രാത്രിയാണ്. പക്ഷേ, കളറ് മാത്രമല്ല. കീരാങ്കിരിക്കകളുടെ (നാട്ടില്‍ ചീവീടുകള്‍ക്ക് ഒരല്‍പം ഫാഷന്‍ പേരാണ്- കീരാങ്കിരിക്ക) ശബ്ദം, അതിനുമപ്പുറം കുറുക്കന്‍മാരുടെ കൂവല്‍. ഇറയത്തിരുന്നുറങ്ങിപ്പോയാല്‍ വല്ല കുറുക്കനും വന്ന് എടുത്തോണ്ട് പോയെന്നിരിക്കും. അതുകൊണ്ട്, ഇറയത്തിരുന്ന് വായിക്കാനുള്ള ധൈര്യം പോരാ. വഴക്കിലാവട്ടെ വീട്ടിലെ മൂന്നാമംഗം, അമ്മ, പക്ഷം ചേരുന്നത് മോന്റെ കൂടെയാണ്. വോട്ടെടുപ്പ് നടത്തിയാലും പെണ്‍കുട്ടിക്ക് ദയനീയ പരാജയം. അന്നാണ് ആദ്യമായി ഒരു മുറി സ്വപ്നം കാണുന്നത്.

ഇനി പറയുന്നതൊരു സ്ത്രീയുടെ കഥയാണ്. നമ്മളില്‍ പലര്‍ക്കുമറിയാവുന്ന വിധം ഒരു സാധാരണ സ്ത്രീ. അവര്‍ക്ക് മൂന്ന് മക്കളുണ്ടായിരുന്നു. രണ്ട് ആണ്‍മക്കളും ഒരു മകളും. ഇളയമകളുടെ വിവാഹമാണ് ആദ്യം കഴിഞ്ഞത്. ദൂരെയാണ് 'കെട്ടിച്ചയച്ചത്'. പതിനെട്ട് വയസുകാരി, ഇരുപതിലേക്ക് കടക്കും മുമ്പ് അമ്മയായി. ഭര്‍ത്താവിന്റെ വീട്ടില്‍ അമ്മായിഅമ്മ, അമ്മായിഅച്ഛന്‍ ഒക്കെയുണ്ട്. അതിനാല്‍ത്തന്നെ 'സ്വന്തം വീട്ടില്‍' വല്ലപ്പോഴും മകള്‍ വിരുന്നുകാരിയായി. ആ സ്ത്രീ കൂലിപ്പണിക്കാരിയാണ്, ഭര്‍ത്താവുമതെ, രണ്ട് ആണ്‍മക്കളും വണ്ടിപ്പണിക്കാരാണ്. ആണ്‍മക്കളും അച്ഛനും പണിക്ക് പോയിവന്നാല്‍ കുളിച്ച് ചായയും കുടിച്ച് പുറത്തേക്കിറങ്ങും. പക്ഷേ, സ്ത്രീ പണിക്ക് പോയിവന്നാല്‍ വീട്ടിലെ അടിക്കലും വാരലും അലക്കും വെള്ളംകെട്ടലും അടുക്കളപ്പണിയുമെല്ലാം കഴിഞ്ഞ് ഒന്നിരിക്കണമെങ്കില്‍ ഈ പുറത്തുപോയി വന്ന ആണുങ്ങള്‍ തിരിച്ചുവന്ന് ഭക്ഷണം കഴിച്ച് ആ പാത്രം വരെ കഴുകി വയ്ക്കണം. മകളുണ്ടായിരുന്നപ്പോള്‍ കുറച്ചൊക്കെ അവള്‍ കണ്ടറിഞ്ഞ് അമ്മയെ സഹായിക്കും. എന്നിട്ടും, 'പെണ്‍മക്കളെ അല്ലെങ്കിലും നമ്മക്ക് കിട്ടൂല്ലല്ലോ ഏട്ടി' എന്ന് നാട്ടുകാര് പറയുമ്പോള്‍ അവരതില്‍ ആശ്വാസം കണ്ടെത്തും.

പെട്ടെന്നൊരു രാത്രിയില്‍ അവരുടെ ഹൃദയമിടിപ്പങ്ങ് തീര്‍ന്നുപോയി, ഒരു ജീവിതവും. പുതിയവീടു വച്ച് അവിടെ താമസം തുടങ്ങിയിട്ട് കഷ്ടി ഒരു മാസമായതേ ഉണ്ടായിരുന്നുള്ളൂ. ആ വീടിനെക്കുറിച്ച് പറയാന്‍ അവര്‍ക്ക് നൂറുനാവായിരുന്നു. വീടുപണി നടക്കുമ്പോള്‍ രാവുംപകലും പണിക്കാര്‍ക്ക് വച്ചുവിളമ്പിയും തന്നെക്കൊണ്ട് കഴിയുന്നതെല്ലാം ചെയ്തും അവരോടി നടന്നു. അവരങ്ങനെ മരിച്ചുപോയി, ക്ലീഷേ ആയിപ്പറഞ്ഞാല്‍ ആറടിമണ്ണില്‍ എരിഞ്ഞു തീര്‍ന്നു. അവരുടെ മകള്‍ പൊട്ടിപ്പൊട്ടി കരയുന്നത് കണ്ടിരുന്നു. അവരുടെ ആണ്‍മക്കള്‍ കരച്ചിലടക്കുന്നതും. 'അമ്മയില്ലാത്തവീടെ'ന്നും 'വച്ചുവിളമ്പിക്കൊടുക്കാനാളില്ലാത്ത ആണ്‍മക്കളെ'ന്നും ചുറ്റിലും സഹതാപം തന്നെ സഹതാപം. അമ്മയൊന്ന് കഷ്ടപ്പാടൊഴിഞ്ഞ് ഇരുന്നുപോലുമില്ലല്ലോ എന്ന് മകള്‍ മാത്രം നൊന്തിരിക്കുമെന്ന് തോന്നി. പന്ത്രണ്ടാംനാള്‍ ചടങ്ങ് കഴിഞ്ഞ് കുഞ്ഞിനെയും കൂട്ടി അവള്‍ മടങ്ങി. പോകുമ്പോഴും കരയുകയായിരുന്നു.

 

.............................

Read more: ആണുങ്ങള്‍ക്ക് അറിഞ്ഞുകൂടാത്ത ചില പെണ്‍രഹസ്യങ്ങള്‍...!

a room of ones own RIni Raveendran column

 

അന്ന് രാത്രി എനിക്കുമൊന്ന് കരയണമെന്ന് തോന്നി, അവരോട് ഒരു മനുഷ്യനെന്നനിലയില്‍ മാപ്പ് പറയണമെന്നും. അവര്‍ തിയേറ്ററില്‍ പോയി എന്നെങ്കിലും ഒരു സിനിമ കണ്ടുകാണുമോ? ഒരു യാത്രയെങ്കിലും ഇഷ്ടത്തിന് നടത്തിക്കാണുമോ? ഒരു ഷോപ്പിംഗിനെങ്കിലും തനിച്ച് പോയിക്കാണുമോ? ഹോട്ടലില്‍ പോയി ഇഷ്ടഭക്ഷണമെന്തെങ്കിലും കഴിച്ചുകാണുമോ? തിരക്ക് കൊണ്ട് വെപ്രാളപ്പെടുന്ന, കണ്ണിന് താഴെ ഇരുട്ടുപടര്‍ന്ന, മെലിഞ്ഞുതളര്‍ന്ന അവരുടെ രൂപം മാത്രമേ ഓര്‍മ്മയില്‍ വരുന്നുള്ളൂ. അവരുടെ ചോരയും നീരുമെല്ലാം ഊറ്റിയുറപ്പിച്ച ആ വീട്ടില്‍ അവരേറ്റവും ഇഷ്ടപ്പെട്ടിരുന്ന മുറിയേതായിരിക്കുമെന്ന് ആ വീട് കാണുമ്പോഴൊക്കെ ഓര്‍ക്കും. അവര്‍ക്ക് അങ്ങനെയൊരിഷ്ടം തന്നെ ഉണ്ടായിക്കാണുമോ? അതോ സ്വന്തമായി എന്തെങ്കിലും ഇഷ്ടപ്പെടാന്‍ അവര്‍ മറന്നുകാണുമോ?

സ്ത്രീകള്‍ക്ക് വീടുകളില്ല. ബോധം വെക്കുമ്പോള്‍ മുതല്‍ 'വേറൊരു വീട്ടില്‍ കേറണ്ടവളല്ലേ' എന്ന വാക്കിനൊപ്പം വിളിക്കാതെ കേറിവരുന്ന അന്യഥാബോധം. ഭര്‍ത്താവിന്റെ വീട്ടിലെത്തുമ്പോള്‍ 'വന്നുകേറിയവളെ'ന്ന അനാഥത്വം. ഒരാഴ്ചയിലധികം ജനിച്ച വീട്ടില്‍ നിന്നുപോയാല്‍ വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും ആധി. 'എന്നെയിനി ഇവര്‍ക്കൊരു ബാധ്യതയായി തോന്നുമോ'യെന്ന് പെണ്ണുപോലും ചിന്തിച്ചുപോകും. പക്ഷേ, വീടില്ലെങ്കിലെന്താ, ഓരോ കാലത്തും ഓരോ വീടുകളും അദൃശ്യമായൊരു ചങ്ങലയിട്ട് അവരെ കെട്ടിയിരിക്കും. കണ്ടിട്ടില്ലേ, എവിടെപ്പോയാലും 'അയ്യോ വീട്, വീട്' എന്നും പറഞ്ഞ് അവര്‍ തിരിച്ചോടിക്കൊണ്ടേയിരിക്കുന്നത്. ചിലരതിനെ സ്‌നേഹം എന്ന് വിളിക്കും, ചിലര്‍ കടമയെന്നോ, ഉത്തരവാദിത്തമെന്നോ ഒക്കെ തരാതരം പോലെ മാറ്റിവിളിക്കും. പക്ഷേ, അവിടെ അവര്‍ക്കൊരു 'ഇട'മുണ്ടോ, എന്റെയെന്ന് പറയാന്‍. വെര്‍ജീനിയ വൂള്‍ഫ് പറഞ്ഞതുപോലെ 'ഒരു മുറി'.

ഹാ, അവര്‍ക്കെന്തിനാണ് തനിച്ചിരിക്കാനൊരു മുറി, സ്വകാര്യതകള്‍, സ്വന്തമായി ഇഷ്ടങ്ങള്‍? സ്വന്തമൊരു മുറിയുണ്ടെങ്കില്‍ എന്തെല്ലാം ചെയ്യാം? ഉറക്കം വരുംവരെ ലൈറ്റിട്ടിരിക്കാം, ഇഷ്ടമുണ്ടെങ്കില്‍ വായിക്കാം, എഴുതാം, സിനിമ കാണാം, പാട്ടുകേള്‍ക്കാം, നൃത്തം ചെയ്യാം, നഗ്‌നയായിരിക്കാം, എന്താണ് ഞാന്‍ ഏതാണ് ഞാന്‍ എന്ന് വെറുതെ ചിന്തിച്ചുനോക്കാം. ഇതൊക്കെ ചെയ്യാനാണോ മുറി? അതിനുമാത്രമോ? അല്ലേയല്ല, ഒന്നും ചെയ്യാതെയും ഒന്നും ചിന്തിക്കാതെയുമിരിക്കാനും ഒരിടം വേണ്ടേ? അവിടെ, ജനാലകള്‍ക്ക് ഇഷ്ടമുള്ള നിറത്തിലുള്ള കര്‍ട്ടനുകളിടാം, ഇഷ്ടപ്പെട്ട പെയിന്റിംഗുകളോ, ചിത്രങ്ങളോ, പ്രിയപ്പെട്ട ദൈവങ്ങളെയോ കുടിയിരുത്താം. 'ലോകം' എന്ന് അതിനെ വേണമെങ്കില്‍ അടയാളപ്പെടുത്തിയിടാം.

പല പെണ്‍മുറികളിലും കയറിച്ചെന്നിട്ടുണ്ട്, അലസമായി കുന്നുകൂട്ടിയിരിക്കുന്ന തുണികള്‍, ശരീരത്തെ സ്വതന്ത്രമാക്കി ഊരിപ്പോന്ന ഇന്നറുകള്‍, തേച്ചുകഴുകിയിട്ടില്ലാത്ത ചെരുപ്പുകള്‍, കിടക്കയിലോ കസേരയിലോ വെറും നിലത്തോ കുരുക്കിട്ട് കിടക്കുന്ന ഇയര്‍ഫോണ്‍, പാതിവായിച്ചിട്ടിരിക്കുന്ന പുസ്തകങ്ങള്‍, ചുമരില്‍ ചില ചിത്രങ്ങള്‍, മണിപ്ലാന്റ് പോലെ ചെടികള്‍. അതുപോലെ ഒന്നുപോലും സ്ഥാനം തെറ്റാതെ അടുക്കിവച്ച അച്ചടക്കമുള്ള പെണ്‍മുറികളുമുണ്ട്. പക്ഷേ, ഏതുതരമായാലും അവിടെയെല്ലാം കേറിച്ചെല്ലുമ്പോള്‍ തന്നെ 'സ്വാതന്ത്ര്യമേ' എന്നൊരു മണമടിക്കും.

 

.....................................

Read more: എല്ലാ തെറികളും പെണ്ണില്‍ച്ചെന്ന്  നില്‍ക്കുന്ന കാലം!

a room of ones own RIni Raveendran column

 

ഏതു വീട്ടിലുമാകാം ഒരുമുറി. പരാതികളില്ലാത്ത, ശ്വാസം മുട്ടിക്കാത്ത, അതുവരെയുണ്ടായിരുന്ന അവളവളെത്തന്നെ അഴിച്ചിട്ട് ആത്മാവ് കാണും വരെ നഗ്‌നയാവാനും ഉള്ളിലുള്ളവളെ വലിച്ചിച്ചുപുതച്ചുറങ്ങാനുമൊരു മുറി. നാളെ വിദേശത്തുള്ള മോനോ, കല്ല്യാണം കഴിഞ്ഞുപോയ മോളോ വരുമെന്നോര്‍ത്ത് ആരും കയറാതെയിട്ടിരിക്കുന്ന മുറിക്ക് പോലും പരിഗണിക്കപ്പെടാത്തൊരു സ്ത്രീയുണ്ടോ നിങ്ങളുടെ വീട്ടില്‍? അതുമല്ലെങ്കില്‍ നിങ്ങളുടെ വീട്ടിലെ സ്ത്രീകളെന്താണ് താരതമ്യേന മോശം മുറികള്‍ 'തെരഞ്ഞെടുക്കുന്നത്'?

അതുകൊണ്ടെല്ലാം എനിക്കൊരു മുറിവേണം. ഇഷ്ടപ്പെട്ട ചിത്രങ്ങള്‍ തൂക്കുമ്പോള്‍, വാതില്‍ വലിച്ചടക്കുമ്പോള്‍, ജനാലകള്‍ രാത്രി തുറന്നിടുമ്പോള്‍ വീട്ടുടമയുടെ മുഖം മനസില്‍ തെളിയുന്ന വാടകവീടൊരുപാട് മാറിയിട്ടുണ്ട് ഇക്കാലത്തിനിടയ്ക്ക്. പക്ഷേ, വീടുവയ്ക്കാന്‍ മാത്രം കാശുകാരിയാകുമ്പോള്‍ ഉറപ്പായും ഒരു കുഞ്ഞുവീട് ഞാന്‍ പണിയും. മുറിയില്ലെങ്കില്‍ പോലും രാത്രിയുടെ ഒരു കുഞ്ഞുകഷ്ണമെങ്കിലും കാണുന്ന, ആകാശത്തെയെത്തിച്ച് നോക്കാനാകുന്ന, കാറ്റിന് പരാതികൂടാതെ വന്നുപോകാനാവുന്ന, വലിയ ജനാലകളുള്ള ഒരു മൂലയെങ്കിലും അവിടെ എനിക്ക് മാത്രമായി വേണം. അവിടെയിരുന്നുകൊണ്ട് ജീവിതത്തില്‍ വന്നുംവരാതെയും പോയ സ്ത്രീകളെ ഓര്‍ക്കണം, നിഷ്‌കരുണം ഒരിക്കല്‍ ഇറക്കിവിട്ട വീടുകളെയും മനസില്‍ നിന്നും കുടിയിറക്കിയ മനുഷ്യരെയും ഓര്‍ക്കണം. വെറുതെ ചിരിക്കുകയും, വെറുതെ കരയുകയും, വെറുതെ നൃത്തം ചെയ്യുകയും, തോന്നുമ്പോഴെല്ലാം ഇറങ്ങിപ്പോവുകയും വേണം. അതേ, ഇറങ്ങിപ്പോവാനെങ്കിലും മനുഷ്യന് ഒരു 'ഇടം' വേണം, അഥവാ 'സ്‌പേസ്' വേണം.

'എഴുത്തുകാരിയുടെ മുറി'യില്‍ വെര്‍ജീനിയ വുള്‍ഫ് പറയുന്നത് കൂടി കേള്‍ക്കണം: ''ഷേക്‌സ്പിയറുടെ സഹോദരിയെക്കുറിച്ച് ഞാന്‍ നിങ്ങളോട് പറഞ്ഞുവല്ലോ? എന്നാല്‍, സര്‍ സിഡ്‌നി ലീയുടെ 'കവികളുടെ ജീവചരിത്ര'ത്തില്‍ അവളെക്കുറിച്ച് അന്വേഷിക്കരുത്. അവള്‍ ചെറുപ്പത്തിലെ മരിച്ചു. കഷ്ടം, അവള്‍ ഒരുവാക്കുപോലും എഴുതിയില്ല. എലിഫന്റ് ആന്‍ഡ് കാസിലിനു എതിര്‍വശത്ത്, ഇപ്പോള്‍ ബസ്സുകള്‍ നിര്‍ത്തുന്നിടത്താണ് അവളെ അടക്കം ചെയ്തിരിക്കുന്നത്. ഒരുവാക്കും എഴുതാത്ത, നാല്‍ക്കവലയില്‍ അടക്കം ചെയ്യപ്പെട്ടിരിക്കുന്ന ഈ കവയിത്രി ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ടെന്നാണ് എന്റെ വിശ്വാസം. അവള്‍ എന്നിലും നിങ്ങളിലും ജീവിക്കുന്നു. ഈ രാത്രിയില്‍ ഇവിടെയില്ലാത്ത മറ്റു നിരവധി സ്ത്രീകളിലും അവള്‍ ജീവിക്കുന്നു. കാരണം, ആ സ്ത്രീകള്‍ പാത്രം കഴുകുകയും കുഞ്ഞുങ്ങളെ കിടത്തിയുറക്കുകയുമാണ്. എന്നിട്ടും അവള്‍ ജീവിക്കുന്നു. കാരണം കവികള്‍ മരിക്കുന്നില്ല. അവര്‍ അവിരാമമായ സാന്നിധ്യങ്ങളാണ്. - വെര്‍ജീനിയ വൂള്‍ഫ്/ എഴുത്തുകാരിയുടെ മുറി.

ആ ഷേക്‌സ്പിയറുടെ സഹോദരി വെര്‍ജീനിയ വൂള്‍ഫ് പറഞ്ഞതുപോലെ ഞാനോ നിങ്ങളോ ആവാം. എനിക്കും നിങ്ങള്‍ക്കും മുമ്പോ ശേഷമോ ജനിക്കുന്ന ഏതൊരു സ്ത്രീയുമാവാം. ഈ കുറിപ്പ് എഴുതുന്നത് രാത്രിയിലാണ്. അപ്പോള്‍, മുറി പോയിട്ട് കിടക്കാനൊരിടം എന്ന് ഓര്‍ക്കാന്‍ പോലും പ്രിവിലേജില്ലാത്ത അനേകം സ്ത്രീകളെയോര്‍ത്ത് നൊന്തുപോകുന്നു, ഒരിക്കല്‍ നിന്നിരുന്ന അതേ പെരുവഴികളില്‍ അവരുടെ നിസ്സഹായതകളെനിക്ക് വായിച്ചെടുക്കാം, അവരെയാണേറ്റവും ചേര്‍ത്തുപിടിക്കുന്നത്.

 

Read more: മരണത്തെ പേടിച്ചു തുടങ്ങിയ പത്താം വയസ്സിലെ ഒരു ദിവസം 
 

Follow Us:
Download App:
  • android
  • ios