
കരയും മലനിരകളുമാണ് നേപ്പാളിന് ചുറ്റും. ചൈന വടക്ക്. തെക്കും കിഴക്കും പടിഞ്ഞാറും ഇന്ത്യ. അതേസമയം ഇന്ത്യയുടെ സിലിഗുരി കോറിഡോറിന്‍റെ ഒരു വശത്ത് നേപ്പാളും മറുവശത്ത് ബംഗ്ലാദേശുമാണ്. മൂന്ന് തരത്തിലെ ഭൂപ്രദേശങ്ങളാണ് നേപ്പാളിൽ. ടെറായി (Terai), പഹാഡ് (Pahad), ഹിമാൽ (Himal). ടെറായി എന്ന താഴ്ന്ന ഫലഭൂയിഷ്ടമായ കാർഷിക മേഖല. പഹാഡ് എന്ന സമതലം പിന്നെ ചുറ്റും കുന്നുകളും. കാഠ്മണ്ഡു, പൊഖാര എന്നീ താഴ്വരകളും മലയിടുക്കുകളിലൂടെ ഒഴുകിവരുന്ന നദികളും ഒക്കെയുള്ള പ്രദേശം. വടക്കാണ് ഉന്നതമായ ഹിമാലയം. ലോകത്തെ തന്നെ ഏറ്റവും ഉയരമുള്ള 10 കൊടുമുടികളുടെ നാട് കൂടിയാണ് നേപ്പാൾ. എവറസ്റ്റും കാഞ്ചൻജംഗയും ഉൾപ്പടെ. ഇത്ര വിഭിന്നമായ ഭൂപ്രകൃതിയുള്ള നാട് ഭൂമിയിൽ വേറെയുണ്ടാവില്ല.
6,000 -ത്തോളം നദികളുടെ നാട്. വറ്റാത്ത നദികളെന്ന് പേരുകേട്ട കോശി, ഘണ്ടകി, കർണാലി, മഹാകാലി എന്നിവ ഉത്ഭവിക്കുന്നത് ഹിമാലയത്തിൽ നിന്ന്. പലതും ഇന്ത്യയിലേക്കും ഒഴുകുന്നത്. അഗാധമായ മലയിടുക്കുകളിലൂടെ. അതിലേറ്റവും വലുത് ഘണ്ടകി നദിയൊഴുകുന്ന മലയിടുക്കാണ്. ചില നദികളുടെ ഉത്ഭവം മധ്യമേഖലയിൽ നിന്നാണ്. ചിലത് താഴെ ശിവാലികിൽ നിന്നും. കർണാലിയാണ് നീളം കൂടിയ നദി.
ഓരോ മേഖലയിലും കാലാവസ്ഥ പലതാണ്. ടെറായി ഉഷ്ണമേഖലയാണ്. പിന്നെ ഉയരമനുസരിച്ച് കാലാവസ്ഥ മാറും. മുകളിലേക്ക് പോകുന്തോറും തണുപ്പ്. അങ്ങോട്ട് ആൾത്താമസവും കുറവാണ്. ജൂൺ മുതൽ സെപ്തംബർ വരെ മഴ. ഒക്ടോബർ മുതൽ ജൂൺ വരെ മഴയില്ല.
കൂടുതൽ ഉയരത്തിലുള്ള ഹിമാൽ മേഖലയിലെ ചില താഴ്വരകൾ ടിബറ്റിനോട് കൂടുതൽ അടുത്താണ്. ടിബറ്റിലെ ചൈനീസ് ആധിപത്യത്തോടെ ഈ താഴ്വരകളിലാണ് തനത് ആചാരനുഷ്ഠാനങ്ങളുടെ പഴയ രൂപം ശേഷിക്കുന്നത്. മറ്റുള്ള സംസ്കാരങ്ങൾ പലതുമായും കൂടിക്കുഴഞ്ഞുപോയെന്നാണ് പൊതുപക്ഷം. ചൈനയിലേക്കും തിരിച്ചും ഏതാണ്ട് 70 ട്രക്കുകൾ കടന്നുപോകുന്ന അതിർത്തിയാണിത്. അതുപോരാതെ ചൈനയുമായുള്ള വ്യാപാര പാത. പക്ഷേ, ഇത്രയും ദുർബലമായ മറ്റൊരു ഭൂപ്രദേശം, കുറവാണ്.
രണ്ട് ഭൗമപാളികൾക്കിടയിലുള്ള ഹിമാലയം. അതിന്‍റെ താഴ്വാരം. എപ്പോൾ വേണമെങ്കിലും മാറിമറിയാവുന്ന കാലാവസ്ഥ. അലിയുന്ന മഞ്ഞ്. ഉടഞ്ഞുമാറുന്ന ഹിമപാളികൾ. ഇതിനെല്ലാം ഇടയിലാണ് അണക്കെട്ടുകളും റോഡുകളും. മരങ്ങൾ വെട്ടിമാറ്റുന്നത് മറ്റൊരു അപകടം. വിറകായും അടിസ്ഥാന സൗകര്യ വികസനത്തിനും ബലിയാടാകുന്നത് കാടുകളാണ്.
കാലാവസ്ഥാ അപകട സൂചികകളിൽ ഏറ്റവും കൂടുതൽ കാലാവസ്ഥ ദുരന്തങ്ങളുണ്ടാകുന്ന രാജ്യങ്ങളിലൊന്നാണ് നേപ്പാൾ. 2015 -ലെ ഭൂചലനത്തിൽ മരിച്ചത് 9,000 -ത്തോളം പേർ. പ്രഭവകേന്ദ്രം കാഠ്മണ്ഡുവിന് വടക്ക് - കിഴക്ക്. പടിഞ്ഞാറൻ നേപ്പാളിലാണ് വലിയൊരു ഫോൾട്ട് ലൈനുള്ളത്. അവിടെ വലിയ ഭൂചലനങ്ങൾ ഉണ്ടായിട്ടില്ല. വേനൽക്കാലത്തെ മഴയിൽ മണ്ണിടിച്ചിലും വെള്ളപ്പൊക്കവും പതിവാണ്. താഴെ ടെറായിയിൽ, നദികൾ കരകവിഞ്ഞ് ഒഴുകുന്നതും പതിവ്. ഹിമാലയത്തിലെ മഞ്ഞുകട്ടികൾ ഉരുകുന്നത് മറ്റൊന്ന്. ഹിമാനി തടാകങ്ങൾ അതിന്‍റെ മറ്റൊരു വശം.
ജനം ജീവിക്കുന്നത് ദാരിദ്ര്യത്തിന്‍റെ പല തലങ്ങളിലും. ഇപ്പോൾ തകർന്ന ജലവൈദ്യുത പദ്ധതികളിൽ ജോലി ചെയ്താണ് വലിയൊരുപങ്ക് ജീവിച്ചത്. അധികം പേരും അതിനൊപ്പം പോവുകയും ചെയ്തു. ഹിമാലയത്തിലെ ഉയർന്ന താഴ്വരകളിലെ താമസക്കാർക്ക് ആശ്രയം, മലകയറ്റക്കാരും കൈലാസ യാത്രക്കാരുമാണ്. പോർട്ടർമാരായും ഗൈഡായും ഉപജീവനം. ഒരു ദുരന്തത്തിന് പിന്നാലെ ഇതൊക്കെ കുറേക്കാലം തടസ്സപ്പെടും. അതോടെ അവരുടെ ജീവിതവും വഴിമുട്ടും. ഇത്രയും നദികളുടെ നാടായിട്ടും കുടിവെള്ളത്തിൽ പല പ്രശ്നങ്ങളാണ്. കുട്ടികൾ ഗുരുതരാവസ്ഥയിലാകുന്നതും സാധാരണം. ഏറ്റവും കൂടുതൽ മലിനീകരണമുള്ള പ്രദേശം കൂടിയാണ് നേപ്പാൾ.
ഗതാഗതമാണ് നേപ്പാളിലെ മറ്റൊരു വലിയ പ്രശ്നം. നദികളുടെ ഓരം പറ്റി പോകുന്ന ചെറുപാതകളാണ് വ്യാപാര പാതകളായത്. അലറിപ്പാഞ്ഞുവന്ന ഹിമപാതം പാതകളെല്ലാം തകർത്താണ് താഴെയെത്തിയത്. വാഹനങ്ങളും അതിലെ മനുഷ്യരുമെല്ലാം അതിൽ പെട്ടു.
167 ജലവൈദ്യുത പദ്ധതികളുണ്ട് നേപ്പാളിൽ. 278 എണ്ണം നിർമ്മാണത്തിലാണ്. റിസർവോയറില്ലാത്ത പദ്ധതികളുണ്ട്. പുതിയ പദ്ധതികൾക്കെല്ലാം റിസർവോയറുണ്ട്. ഹിമപാതവും പ്രളയവും മണ്ണിടിച്ചിലും പതിവായ രാജ്യത്ത് അണക്കെട്ടുകൾക്ക് ആയുസ്സും കുറവാണ്. വെള്ളം തടുത്തുനിർത്തിയുള്ള പദ്ധതികൾ ദുർബലമായ മേഖലയെ കൂടുതൽ ദുർബലമാക്കുമെന്ന് മുന്നറിയിപ്പ് നൽകുന്നു പരിസ്ഥിതി വിദഗ്ധർ. ഹിമാലയൻ നദികളിലെ ജൈവവൈവിധ്യം തീരെയും പരിഗണിക്കാതെയാണ് പദ്ധതികൾ എന്നത് മറ്റൊരു ദുരന്തം.
നേപ്പാളിലെ നദികളിൽ ഉയരുന്ന പദ്ധതികളിൽ പലതിലും ഇന്ത്യയ്ക്കും പങ്കുണ്ട്. അതിലെ ജിയോപൊളിറ്റിക്സ് നേപ്പാളിൽ തർക്കവിഷയമാണുതാനും. ചൈനീസ് പങ്കാളിത്തമുള്ള പദ്ധതികളാണ് ഇന്ത്യയിലെ തർക്ക വിഷയം. ടിബറ്റ് വൻനഗരമാക്കി മാറ്റുകയാണ് ചൈന. നേപ്പാൾ അതിർത്തി വരെയെത്തും അതിന്‍റെ ഒരറ്റം. നേപ്പാളിലും റോഡുകളും പാലങ്ങളും പണിയുന്നു. മലനിരകൾ തുരന്ന് അണക്കെട്ടുകൾ പണിയുന്നു എല്ലാവരും. പരസ്പര സഹകരണം കരാറിലുണ്ടെങ്കിലും അത് വെള്ളവും വൈദ്യുതിയും പങ്കുവയക്കുന്നതിലൊതുങ്ങുന്നു. കാലാവസ്ഥാ വ്യതിയാനം അതിലൊരു വിഷയമേയല്ല. മൂന്നുകൂട്ടർക്കും.