'പ്രിയ മിത്രങ്ങളേ എന്റെ കൂടെ തപസ്സിരിക്കാന്‍ വരൂ!,' ഞാന്‍ പറഞ്ഞു, അവര്‍ എന്നെ അനുഗമിച്ചു...!

Published : May 10, 2025, 07:56 PM IST
'പ്രിയ മിത്രങ്ങളേ എന്റെ കൂടെ  തപസ്സിരിക്കാന്‍ വരൂ!,' ഞാന്‍ പറഞ്ഞു, അവര്‍ എന്നെ അനുഗമിച്ചു...!

Synopsis

ഞാന്‍ ഭസ്മക്കൊട്ട എടുത്തുവന്നു. എല്ലാ കുട്ടികളുടെയും നെറ്റിയിലും കൈകാലുകളിലും ഭസ്മവരകള്‍ ചാര്‍ത്തി.  'അനുഗമിച്ചാലും!' എന്ന് ഞാന്‍ പറഞ്ഞതും എല്ലാവരും ക്യൂ പാലിച്ചു. അവര്‍ എനിക്ക് പുറകെ നടന്നു.

ജീവിതത്തിലെ ഏറ്റവും പച്ചപ്പുള്ള നാളുകളാണ് കുട്ടിക്കാലം. അതില്‍ ഏറ്റവും വിശേഷപ്പെട്ട നാളുകള്‍ അവധിക്കാലങ്ങളും. ഓരോരുത്തര്‍ക്കുമുണ്ടാവും ഉള്ളില്‍ കൊണ്ടുനടക്കുന്ന അവധിക്കാല സ്മൃതികള്‍. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന്റെ വായനക്കാര്‍ എഴുതിയ ഈ കുറിപ്പുകളില്‍ സന്തോഷവും ആവേശവും ആരവവും മാത്രമല്ല, സങ്കടകരമായ അനുഭവങ്ങളും കയ്പ്പുള്ള ഓര്‍മ്മകളുമുണ്ട്. ഇതിലൂടെ കടന്നുപോവുമ്പോള്‍, സ്വന്തം കുട്ടിക്കാലം ഓര്‍ക്കാതിരിക്കാന്‍ ആര്‍ക്കുമാവില്ല.

അച്ഛനും അമ്മയ്ക്കും ജോലി ചെയ്യാനുള്ള സൗകര്യം നോക്കി, ഞാനും  സഹോദരങ്ങളും അവര്‍ക്കൊപ്പം അമ്മവീട്ടിലായിരുന്നു താമസം. വേനല്‍ അവധിക്ക് അച്ഛന്റെ തറവാടായ വിജയപുരത്തേക്ക് തുണികള്‍ നിറച്ച ബാഗുകളുമായി സകുടുംബം യാത്ര പുറപ്പെടും. നാലു ബസുകള്‍ കയറിയിറങ്ങിയുള്ള യാത്ര അന്നത്തെ ത്രില്ല് ആയിരുന്നു. 

അമ്മ വീട്ടിലെ താമസക്കാരും തനിതാമസക്കാരുമായി മാറി നില്‍ക്കുന്നവരെല്ലാം അവിടെ എത്തിയിട്ടുണ്ടാവും. അച്ഛന്റെ തറവാട്ടില്‍, അത്രയും നാള്‍ ഒറ്റയ്ക്ക് താമസിക്കുന്ന അച്ഛമ്മയ്ക്ക് പിന്നെ രണ്ടുമാസം നീളുന്ന ഉത്സവത്തിന്റെ ബഹളമായിരിക്കും. വാനരപ്പട എന്ന് പറയുന്നതുപോലെ കുട്ടിപ്പട്ടാളം ഉണ്ടായിരുന്നു അവിടെ. എന്റെ കോപ്രായങ്ങള്‍ക്ക് ജയ് വിളിച്ചു കൂടെ നില്‍ക്കുന്നത് തറവാട്ടിലെയും അയല്‍പക്കേെത്തയും ഒരുപറ്റം കുട്ടികളായിരുന്നു. എന്റെ ശിങ്കിടികള്‍ എന്നാണ് അവരെ എല്ലാവരും വിശേഷിപ്പിക്കാറുള്ളത്. 

മൊബൈല്‍ പോലുള്ള വിനോദ സാധ്യതകള്‍ ഇല്ലാതിരുന്ന കാലത്തെ അവധിക്കാലത്ത് നമ്മള്‍  കുട്ടികള്‍ ഉണ്ടാക്കിയ രസങ്ങള്‍ ഓര്‍മ്മകളില്‍ ചിരിയും ഉന്മേഷവും ഉണര്‍ത്തുന്നു; അനേകം സന്തോഷങ്ങള്‍ക്കിടയില്‍ സംഭവിച്ച ഒരു അബദ്ധം  പങ്കുവെക്കാം.

എന്റെ ബഡായ് കഥ കേള്‍ക്കാന്‍ കുട്ടികളെല്ലാം ചുറ്റും വട്ടം കൂടിയിരിക്കും. പലവട്ടം വായിച്ച പുസ്തകങ്ങളെ മാതൃകയാക്കി ഞാന്‍ അവരോട് പറഞ്ഞു, പ്രിയ മിത്രങ്ങളേ എന്റെ കൂടെ വനാന്തരങ്ങളില്‍ തപസ്സിരിക്കാന്‍ വരൂ! അവര്‍ ഉത്തരവ് എന്ന് പറഞ്ഞു എന്നെ അനുകൂലിച്ചു. 

ഞാന്‍ ഭസ്മക്കൊട്ട എടുത്തുവന്നു. എല്ലാ കുട്ടികളുടെയും നെറ്റിയിലും കൈകാലുകളിലും ഭസ്മവരകള്‍ ചാര്‍ത്തി. 

'അനുഗമിച്ചാലും!' എന്ന് ഞാന്‍ പറഞ്ഞതും എല്ലാവരും ക്യൂ പാലിച്ചു. അവര്‍ എനിക്ക് പുറകെ നടന്നു. ഞങ്ങള്‍ നേരെ തറവാടിനോട് ചേര്‍ന്ന പറമ്പിലെത്തി. അവിടെ നിറയെ വാഴകള്‍, പ്ലാവുകള്‍, മാവുകള്‍. 

ഞാന്‍ ഉത്തരവിട്ടു: മിത്രങ്ങളെ, നിങ്ങള്‍ പ്രിയപ്പെട്ട മരത്തിന്റെ അഭയത്തില്‍ ഉപവിഷ്ടരായിക്കൊള്ളുക. കണ്ണുകളടച്ചു ഓം ..ഓം എന്ന് ഉരുവിട്ടുകൊണ്ടു മാത്രം ഇരിക്കുക. കഴിയുമ്പോള്‍ തപസ്സില്‍ പ്രീതരായ ഇഷ്ട ദൈവം പ്രത്യക്ഷപ്പെടും. എല്ലാവരും ഒരേ കാര്യം തന്നെ ആവശ്യപ്പെടുക. ആഗ്രഹിച്ചതെന്തും കിട്ടുന്ന മാന്ത്രിക വടി. ഐസ് ക്രീം വേണോ, ചോക്ലേറ്റ് വേണോ, ബിരിയാണി വേണോ- എന്ത് ആവശ്യപ്പെട്ടാലും ആ മാന്ത്രിക വടി നമ്മുടെ മുന്നിലെത്തിക്കും. ആരുടെ മുന്നിലാണ് ദൈവം ആദ്യം പ്രത്യക്ഷപ്പെട്ട്  മാന്ത്രിക വടി സമ്മാനിക്കുന്നത്, അവരായിരിക്കും നമ്മുടെ ഗ്യാങിലെ പുതിയ നേതാവ്. 

എല്ലാവരും നമസ്‌കരിച്ചു. പിന്നെ ഓരോ മരങ്ങള്‍ തിരഞ്ഞെടുത്തു തപസ്സു ആരംഭിച്ചു. 

ഞാന്‍ വലുക്കന്‍ കുല നീട്ടിയ ഉയര്‍ന്ന ഒരു വാഴയാണ് തിരഞ്ഞെടുത്തത്. അവിടെ ഞാന്‍ തപസ്സിരുന്നു.  എല്ലാവരുടെയും ഓംകാരങ്ങള്‍ സശ്രദ്ധം കേട്ട് പതുക്കെ കണ്ണുകളടച്ചു. 'ഓം ഓം...' എന്ന് തൊണ്ട പൊട്ടുന്നത് പോലെ ഉരുവിട്ടു. കുറച്ചുമിനിറ്റുകള്‍ കഴിഞ്ഞപ്പോള്‍ എനിക്കുചുറ്റും മൂളലുകള്‍ കേട്ടു. 

അത് ദൈവം ആണോ എന്നറിയാന്‍, കണ്ണുകള്‍ പൂട്ടിത്തന്നെ ഞാന്‍ കൈകള്‍ കൊണ്ട് ചുഴറ്റി നോക്കി. 

ഷട്ടര്‍ തുറന്നതുപോലെ ഒരു പറ്റം കടന്നലുകള്‍ എന്നെ അക്രമിക്കാന്‍ വന്നു.

ഞാന്‍ 'രക്ഷിക്കണേ...'എന്നു നിലവിളിച്ചുകൊണ്ട് തറവാട്ടിലേക്ക് ഓടി. ശബ്ദം കേട്ട മറ്റുകുട്ടികള്‍ ഒന്നും മനസ്സിലാവാതെ എഴുന്നേറ്റു പരക്കെ ഓടി.

മുഖത്തും മേലാസകലവും നീരുകെട്ടി, മുഴച്ചു ചെമന്നു തിണര്‍ത്ത ഞാന്‍; അമ്മയും എളേമ്മയും തേച്ചുതരാറുള്ള ചന്ദനലേപനത്തില്‍ ഭൂഷിതയായി മൂന്നു ദിവസത്തോളം മുറിക്കുള്ളില്‍ അടച്ചുപൂട്ടിയിരിപ്പായി. എന്റെ ശിങ്കിടികള്‍ ജനാലയിലൂടെ വന്ന് എന്റെ രൂപം നോക്കി പരിതപിക്കും. ചിലര്‍ കളിയാക്കും. 'മാന്ത്രിക വടി' എന്നും പറഞ്ഞു അരിശം കേറ്റും. അവര്‍ പുറത്തുനിന്നും തുള്ളിച്ചാടി കളിക്കുന്നത് നോക്കി ഞാന്‍ കൊഞ്ഞനം കുത്തും. 

ഓര്‍മ്മപ്പുസ്തകത്തിലെ അച്ചടി മായാത്ത ലിപികളില്‍ ഞാന്‍ കുട്ടിക്കാലത്തെ വേനലവധിക്കാലം ഇപ്പോഴും  വായിച്ചുനോക്കാറുണ്ട്.

 

മുഴുവന്‍ അനുഭവക്കുറിപ്പുകളും വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം

PREV
Read more Articles on
click me!

Recommended Stories

അന്ന് വിശ്വസ്ത ഇന്ന് വിമ‍ർശക; ട്രംപ് 'രാജ്യദ്രോഹി' എന്ന് വിശേഷിപ്പിച്ച ഗ്രീന്‍റെ രാജി
റഷ്യ നിർദ്ദേശിച്ച സമാധാനക്കരാർ യുക്രൈയ്ന് മേൽ അടിച്ചേൽപ്പിക്കാൻ ട്രംപ്