
ജീവിതത്തിലെ ഏറ്റവും പച്ചപ്പുള്ള നാളുകളാണ് കുട്ടിക്കാലം. അതില്‍ ഏറ്റവും വിശേഷപ്പെട്ട നാളുകള്‍ അവധിക്കാലങ്ങളും. ഓരോരുത്തര്‍ക്കുമുണ്ടാവും ഉള്ളില്‍ കൊണ്ടുനടക്കുന്ന അവധിക്കാല സ്മൃതികള്‍. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന്റെ വായനക്കാര്‍ എഴുതിയ ഈ കുറിപ്പുകളില്‍ സന്തോഷവും ആവേശവും ആരവവും മാത്രമല്ല, സങ്കടകരമായ അനുഭവങ്ങളും കയ്പ്പുള്ള ഓര്‍മ്മകളുമുണ്ട്. ഇതിലൂടെ കടന്നുപോവുമ്പോള്‍, സ്വന്തം കുട്ടിക്കാലം ഓര്‍ക്കാതിരിക്കാന്‍ ആര്‍ക്കുമാവില്ല.
കാലവും സമയവും കവര്‍ന്നെടുത്തു കൊണ്ടുപോകാത്തത് എന്തെന്ന് ചോദിച്ചാല്‍ ഞാന്‍ പറയുക, ഓര്‍മ്മകള്‍ ആണെന്നാണ്. അതും ചില നല്ല ഓര്‍മ്മകള്‍. ഓര്‍ക്കുമ്പോള്‍ സന്തോഷം കൊണ്ടാണോ സങ്കടം കൊണ്ടാണോ എന്നറിയാതെ കണ്ണ് നിറയുന്ന ചിലത്.
സ്‌കൂള്‍ അടയ്ക്കുമ്പോള്‍ പത്തു ദിവസമാണ് ഉമ്മയുടെ വീട്ടില്‍ നില്‍ക്കാനാവുക. ഇടയ്ക്കിടെ പോകുന്നത് കൊണ്ട് തന്നെ കുറച്ചു കൂട്ടുകാരും ഉണ്ടാകും. അവരുടെ കൂടെ കൂടിയാല്‍ പിന്നെ ഉത്സവമാണ്.
ആ സമയങ്ങളിലാണ് നീന്തല്‍ പഠിത്തവും, സൈക്കിള്‍ ചവിട്ടി പഠിത്തവുമൊക്കെ. ഓട്ടോറിക്ഷ ടയറിന്റെ ട്യൂബ് കാറ്റടിച്ച് അത് കൊണ്ട് പോവും, നീന്തല്‍ പഠിക്കാന്‍. കൈപിടിയില്‍ നിന്നും ട്യൂബ് പോയാല്‍ വെള്ളം കുടിച്ചു പുഴയിലേയ്ക്ക് താഴും. അങ്ങനെ എത്ര വട്ടം മരണം തൊടാതെ തൊട്ട് വിട്ടിരിക്കുന്നു. ഒപ്പമുള്ള കൂട്ടുകാരുടെയും വീട്ടുകാരുടെയും സഹായം കൊണ്ട്, ഒടുവില്‍ പുഴയിലെ വെള്ളം കുടിച്ചുകുടിച്ചു നീന്തല്‍ പഠിച്ചിരിക്കും.
വീണ് വീണ് മുട്ടെത്ര പൊട്ടി! ഒരു കണക്കുമില്ല. ആദ്യം കണ്ട് പേടിച്ച ചോരയെ പിന്നെ പിന്നെ സഹതാപത്തോടെ നോക്കാന്‍ പഠിക്കും. അങ്ങനെ അങ്ങനെ എപ്പോഴോ സൈക്കിളും കൂടെ കൂടും, സന്തത സഹചരിയാകും. ഒക്കെ കഴിഞ്ഞു തിരികെ വീട്ടിലേക്ക് പോകാന്‍ ഒരുങ്ങുമ്പോഴേയ്ക്കും വല്ലിമ്മായുടെ വക ഒരു സമ്മാനവും ഉണ്ടാകും-ഒരു നാണയത്തുട്ട്.
വീട് ശൂന്യമാകുന്ന സങ്കടത്തില്‍ നിറഞ്ഞ കണ്ണുകളോടെ, വിറയുന്ന കയ്യോടെ ആ നാണയത്തുട്ട് കയ്യില്‍ വച്ചു തരും എന്നിട്ട് ഒരു കുഞ്ഞു ഉപദേശവും. കുടുക്കയിലിട്ട് സൂക്ഷിക്കണം പെരുന്നാള്‍ക്ക് പടക്കം വാങ്ങാം. അന്നൊക്കെ അതാണ് ശീലം. കിട്ടുന്നതൊക്കെ കുടുക്കയിലിട്ട് സൂക്ഷിക്കും. അന്ന് വല്ലിയുമ്മ തന്നിരുന്ന നാണയത്തുട്ടുകളുടെ അത്ര വലിപ്പമൊന്നും പിന്നെ കയ്യില്‍ വന്ന പേപ്പര്‍ കഷ്ണങ്ങള്‍ക്ക് തോന്നിയിട്ടില്ല.
ഒരു വെക്കേഷന്‍ കഴിയുമ്പോഴേക്കും എന്തൊക്കെ വലിയ വലിയ കാര്യങ്ങളാണ് ഒരു സമ്മര്‍ദ്ദവും കൂടാതെ രസിച്ചു പഠിച്ചെടുത്തിരുന്നത്!
നാമൊക്കെ എത്ര ഭാഗ്യവാന്മാരാണ്. എല്ലാം മറന്നു മുന്നോട്ട് കുതിക്കുന്ന കാലത്തെ തോല്‍പ്പിക്കാന്‍ എത്ര നല്ല ഓര്‍മ്മകളാണ് പിന്നിലെ കാലം നമ്മെ ഏല്‍പ്പിച്ചു പോയത്.
മുഴുവന്‍ അനുഭവക്കുറിപ്പുകളും വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം