രാത്രിയില്‍ പൊട്ടിമുളയ്ക്കുന്ന ഭയങ്ങള്‍, വരമ്പിലൂടെ നടന്നകലുന്ന തീപ്പന്തങ്ങള്‍, അമ്മമ്മ പറയുന്ന കഥകള്‍...

Published : Apr 25, 2025, 03:57 PM IST
രാത്രിയില്‍ പൊട്ടിമുളയ്ക്കുന്ന ഭയങ്ങള്‍, വരമ്പിലൂടെ നടന്നകലുന്ന തീപ്പന്തങ്ങള്‍, അമ്മമ്മ പറയുന്ന കഥകള്‍...

Synopsis

നട്ടുച്ചകളില്‍ നടവരമ്പിലൂടെ മുത്തച്ഛന്റെ കൈയ്യും പിടിച്ചുള്ള  യാത്രകള്‍, പച്ചപ്പായല്‍ പടര്‍ന്ന കുളം, വാ തുറന്നാല്‍ നുണ പറയണ കാര്‍ത്തു വല്യമ്മ, വല്യമാമന്റെ  ഗ്രാമഫോണ്‍, റഫിയുടെ ശബ്ദം, റാന്തല്‍ വിളക്കുകള്‍...

ജീവിതത്തിലെ ഏറ്റവും പച്ചപ്പുള്ള നാളുകളാണ് കുട്ടിക്കാലം. അതില്‍ ഏറ്റവും വിശേഷപ്പെട്ട നാളുകള്‍ അവധിക്കാലങ്ങളും. ഓരോരുത്തര്‍ക്കുമുണ്ടാവും ഉള്ളില്‍ കൊണ്ടുനടക്കുന്ന അവധിക്കാല സ്മൃതികള്‍. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന്റെ വായനക്കാര്‍ എഴുതിയ ഈ കുറിപ്പുകളില്‍ സന്തോഷവും ആവേശവും ആരവവും മാത്രമല്ല, സങ്കടകരമായ അനുഭവങ്ങളും കയ്പ്പുള്ള ഓര്‍മ്മകളുമുണ്ട്. ഇതിലൂടെ കടന്നുപോവുമ്പോള്‍, സ്വന്തം കുട്ടിക്കാലം ഓര്‍ക്കാതിരിക്കാന്‍ ആര്‍ക്കുമാവില്ല.

 

മുഴുവന്‍ അനുഭവക്കുറിപ്പുകളും വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം

 

കുട്ടിയായിരുന്ന എന്നെ സംബന്ധിച്ച് സ്വാതന്ത്ര്യദിനം ഏപ്രില്‍ ഒന്നിനായിരുന്നു. ഒറ്റ മകനായതിനാലും സ്വാതന്ത്ര്യക്കുറവുള്ളതിനാലും സ്‌കൂളടച്ചാല്‍ അമ്മമ്മയുടെ വീട്ടിലേക്ക് വിടും. വേനലവധിയുടെ ആദ്യ ആഴ്ച തന്നെ അമ്മയെ നിര്‍ബന്ധിച്ച് അമ്മമ്മയുടെ വീട്ടില്‍ പോവും. കുറച്ചു ദിവസം നില്‍ക്കും. ചേട്ടന്മാരും, ചേച്ചിമാരും അയല്‍പക്കത്തു നിന്നുള്ള കുട്ടികളും ഉള്‍പ്പെടെ കുറേേപ്പരുണ്ടായിരുന്നു അവിടെ.  

അറിയുന്നതും അറിയാത്തതുമായ പലതരം കളികള്‍, മുതിര്‍ന്ന കുട്ടികളുടെ സിനിമാ നിരൂപണം, ഒന്നും മറുപടി പറയാനാകാതെ നിന്ന അജ്ഞത, റബ്ബര്‍ മല കയറ്റം, ഇന്ത്യ ഓസ്‌ട്രേലിയ ക്രിക്കറ്റ് മാച്ചുകള്‍ കാണല്‍ , പെപ്‌സിയുടെ പരസ്യത്തിലെ സച്ചിനെ അനുകരിക്കല്‍, പൊള്ളുന്ന മണ്‍വഴിയിലൂടെ നടന്ന് തങ്കച്ചായന്റെ കടയില്‍ പോയി സിപ് അപ് വാങ്ങല്‍...രാവിലെ ഒമ്പതു മണിക്ക് ഇറങ്ങിയാല്‍ കയറുന്നത് കുളിക്കാനുള്ള വിളി വരുമ്പോഴാണ്. 

എന്നാല്‍ കുട്ടിക്കളികളേക്കാള്‍ ഞാനിഷ്ടപ്പെട്ടത് മീന-മേട മാസങ്ങളിലെ കാലാവസ്ഥയും ആ വീട്ടിലെ സ്‌നേഹാന്തരീവുമാണ്. ജനനം മീനമാസമായതിനാലാകാം ചൂടു കൂടിയ മീനത്തിന്റെ ഭംഗി മറ്റൊരു മാസത്തിലും എനിക്ക് കിട്ടിയിട്ടില്ല. 

തറവാട്ടിലെ ഉപ്പുമാങ്ങാ ഭരണികള്‍, തൊടികള്‍, നാട്ടു വഴികള്‍, പുതുമണ്ണിന്റെ ഗന്ധച്ചെപ്പു തുറക്കുന്ന വേനല്‍ മഴ, മകുടങ്ങള്‍ പോലെ വൈക്കോല്‍ കൂനകള്‍, വെള്ളിയാഴ്ച്ചകളില്‍ അമ്മമ്മ കാച്ചുന്ന എണ്ണയുടെ മണം, ഔഷധത്തൈലമുണ്ടാക്കാന്‍ മുക്കുറ്റി തപ്പി തൊടിയിലിറങ്ങുന്ന മുത്തച്ഛന്‍, മീന സന്ധ്യകളില്‍ കാവില്‍ നിന്നൊഴുകുന്ന ഹരിരാമ കീര്‍ത്തനം , മുടി മാടിയൊതുക്കാത്ത കേര വൃക്ഷങ്ങള്‍, പച്ച പുടവ പുതച്ച് വരമ്പുകളില്‍ ഞൊറി ഇടുന്ന വയലേലകള്‍, മുജ്ജന്മ ശാപം പേറിയെന്നോണം നിലം ഉഴുകുന്ന ഉരുക്കള്‍, മുത്തച്ഛന്‍ നിലം തൊട്ടു വണങ്ങിയ ശേഷം മാത്രം കയറുന്ന പശുത്തൊഴുത്ത്, സ്വാതന്ത്ര്യ ബോധത്തില്‍ തുള്ളിച്ചാടുന്ന പൈക്കിടാവ് , തറവാട്ടുമ്മറത്തെ പടിയില്‍ കിടന്നു കണ്ട ഉറവ വറ്റാത്ത നറു നിലാവ്, മുത്തശ്ശിയുടെ മടിത്തട്ട്, അമ്മമ്മയുടെ മുറുക്കാന്‍ ചെല്ലം. ഓര്‍ക്കുമ്പോള്‍ എന്തൊക്കെ കാഴ്ചകള്‍. 

നട്ടുച്ചകളില്‍ നടവരമ്പിലൂടെ മുത്തച്ഛന്റെ കൈയ്യും പിടിച്ചുള്ള  യാത്രകള്‍, പച്ചപ്പായല്‍ പടര്‍ന്ന കുളം, വാ തുറന്നാല്‍ നുണ പറയണ കാര്‍ത്തു വല്യമ്മ, വല്യമാമന്റെ  ഗ്രാമഫോണ്‍, റഫിയുടെ ശബ്ദം, റാന്തല്‍ വിളക്കുകള്‍, മുത്തശന്റെ പൂജാമുറിയിലെ തടിച്ച പുറം ചട്ടയുള്ള ജ്ഞാനപ്പാന, പൂമുഖത്തിനു പുറത്തെ തുളസിത്തറ അങ്ങനെ തുളുമ്പി നില്‍ക്കുന്ന ഓര്‍മ്മകള്‍. 

ദു:സ്വപനം കണ്ടപ്പോള്‍ മുത്തശ്ശിയെ ചേര്‍ത്തുപിടിച്ച് കിടന്നത്, പിറ്റേന്ന് കൈത്തണ്ടയില്‍ പ്രത്യക്ഷപ്പെട്ട കറുത്ത ചരട്, മുത്തശ്ശിയുടെ കളഭക്കൂട്ട്, ചിറ്റാട്ടമ്പലത്തിലെ ദീപാരാധന, താലമേന്തിയ വെണ്‍പ്രഭയില്‍ കുളിച്ച പെണ്‍ കിടാങ്ങള്‍, രാത്രിയില്‍ പൊട്ടിമുളയ്ക്കുന്ന അകാരണ  ഭയങ്ങള്‍, വീശി വീശി വരമ്പിലൂടെ നടന്നകലുന്ന തീപ്പന്തങ്ങള്‍. പിന്നെ, അമ്മമ്മയുടെ പുരാണ കഥാകഥനം, ആ ഗ്രാമം, ആ തറവാട്, അവിടത്തെ ഓരോ മനുഷ്യര്‍, ഇതൊക്കെ ചേര്‍ന്ന വേനലോര്‍മ്മകള്‍. 

PREV
Read more Articles on
click me!

Recommended Stories

അന്ന് വിശ്വസ്ത ഇന്ന് വിമ‍ർശക; ട്രംപ് 'രാജ്യദ്രോഹി' എന്ന് വിശേഷിപ്പിച്ച ഗ്രീന്‍റെ രാജി
റഷ്യ നിർദ്ദേശിച്ച സമാധാനക്കരാർ യുക്രൈയ്ന് മേൽ അടിച്ചേൽപ്പിക്കാൻ ട്രംപ്