പൂരവെടിക്കെട്ടിന് അമിട്ടുകള്‍ വാനില്‍ ഉയരുമ്പോള്‍ മതിലിലിരുന്ന് ഞങ്ങള്‍ ഇലപ്പടക്കം ഒപ്പമെറിഞ്ഞു!

Published : Apr 27, 2025, 03:48 AM IST
പൂരവെടിക്കെട്ടിന് അമിട്ടുകള്‍ വാനില്‍ ഉയരുമ്പോള്‍ മതിലിലിരുന്ന് ഞങ്ങള്‍ ഇലപ്പടക്കം ഒപ്പമെറിഞ്ഞു!

Synopsis

മതമോ ജാതിയോ മറ്റ് അതിരുകേളാ തീണ്ടാത്ത കാലമായിരുന്നു അത്. വിഷുപ്പകലുകളില്‍ ഹൈന്ദവ ഭവനങ്ങളില്‍ നിന്നും വിഷുക്കട്ടകള്‍ ക്രിസ്ത്യാനിയുടേയും മുസ്ലിമിന്റേയും അടുക്കളയിലേക്ക് കടന്നുചെന്നു.

ജീവിതത്തിലെ ഏറ്റവും പച്ചപ്പുള്ള നാളുകളാണ് കുട്ടിക്കാലം. അതില്‍ ഏറ്റവും വിശേഷപ്പെട്ട നാളുകള്‍ അവധിക്കാലങ്ങളും. ഓരോരുത്തര്‍ക്കുമുണ്ടാവും ഉള്ളില്‍ കൊണ്ടുനടക്കുന്ന അവധിക്കാല സ്മൃതികള്‍. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന്റെ വായനക്കാര്‍ എഴുതിയ ഈ കുറിപ്പുകളില്‍ സന്തോഷവും ആവേശവും ആരവവും മാത്രമല്ല, സങ്കടകരമായ അനുഭവങ്ങളും കയ്പ്പുള്ള ഓര്‍മ്മകളുമുണ്ട്. ഇതിലൂടെ കടന്നുപോവുമ്പോള്‍, സ്വന്തം കുട്ടിക്കാലം ഓര്‍ക്കാതിരിക്കാന്‍ ആര്‍ക്കുമാവില്ല.

 

മുഴുവന്‍ അനുഭവക്കുറിപ്പുകളും വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം

 


ഫൈനല്‍ ഇയര്‍ പരീക്ഷയുടെ നാളുകളിലൊന്നാണ് അവള്‍ ഞങ്ങളുടെ കണ്ണ് വെട്ടിച്ച്, അരികത്തിരിക്കുന്ന
കൂട്ടുകാരികള്‍ക്ക് എന്തോ കാണിച്ച് കൊടുത്തത്. അവളുടെ കണ്ണുകളിലെ കുറുമ്പും കൂട്ടുകാരികളുടെ മുഖത്തെ തിളക്കവും കണ്ടതും കൈയോടെ ഞാനത് പൊക്കി. സ്റ്റീലിന്റെ ഒരു ചോറ്റുപാത്രം; അതില്‍ മുളക് പുരട്ടി നീളത്തില്‍ അരിഞ്ഞ മാങ്ങാ കഷണങ്ങള്‍.

ക്ഷമാപണത്തോടെ അവള്‍ എന്നെ നോക്കി. കൂട്ടുനിന്ന കൂട്ടുകാരികള്‍ക്ക് എന്റെ അടുത്ത നീക്കം എന്തെന്നറിയാന്‍ ആകാംക്ഷ.  അവരെ നോക്കി ഞാന്‍ പതിയെ ചിരിച്ചു; എന്നിട്ട് അതിലൊരു കഷണം വായിലിട്ടു. ഉപ്പും പുളിയും എരിവും ചേര്‍ന്ന ഓര്‍മകളുടെ പച്ചത്തുരുത്തിലേയ്ക്കുള്ള ക്ഷണക്കത്തായിരുന്നു എനിക്കത്. 

തൃശൂര്‍ നഗരത്തിലെ മാര്‍ക്കറ്റിനോട് ചേര്‍ന്ന്, ഫയര്‍ സ്റ്റേഷന്റേയും പോലീസ് സ്റ്റേഷന്റേയും പരിധിക്കുള്ളില്‍ നിലക്കൊണ്ട കെട്ടിടങ്ങള്‍ക്കുള്ളിലായിരുന്നു ഞങ്ങളുടെ കുട്ടിക്കാലം. അവിടുത്തെ മരങ്ങള്‍ പൂത്തതും കായ്ച്ചതും ഞങ്ങള്‍ക്ക് വേണ്ടിയായിരുന്നു. കിളികള്‍ പറന്നതും പൂക്കള്‍ വിരിഞ്ഞതും ഞങ്ങളുടെ സാമീപ്യം കൊതിച്ചായിരുന്നു. കാക്കിയിട്ട ഉദ്യോഗസ്ഥരുടെ മക്കള്‍ ഏറെക്കാലം ആ മണ്ണിന്റെ ഉടയോന്മാരായ് അവിടം വാണു.

അവധിക്കാലം വരുന്നതും, സ്വന്തം വീടും നാടും നാട്ടുകാരേയും കാണാന്‍ അച്ഛനമ്മമാര്‍ പെട്ടിയൊരുക്കും അതോടെ തുടങ്ങും ഞങ്ങള്‍ കുട്ടികളുടെ നിലവിളി. കാരണം, അവധിക്ക് മുന്‍പേ പ്ലാന്‍ ഇട്ട കളികളുണ്ട്. ടീമിലെ അംഗങ്ങള്‍ തമ്മില്‍ വാതുവെയ്പുണ്ട്. കിളിമാസും കുട്ടീം കോലും പമ്പരം കൊത്തും കല്ല് കളിയുമുണ്ട്. എല്ലാത്തിന്റെയും ഫൈനല്‍ അവധിക്കാലത്താണ്. 

ഉച്ച നേരങ്ങളില്‍, അച്ഛനമ്മമാര്‍ ഉറക്കം പിടിക്കും അന്നേരത്താണ് കട്ടിലിന്റെ താഴെ സൂക്ഷിച്ച ഉപ്പിട്ട് പുരട്ടിയ വാളന്‍പുളി ഉണ്ടയില്‍ നിന്നും പുളിയുണ്ട കട്ടെടുക്കുന്നത്. പച്ചമാങ്ങ ചതച്ച് മുളകും ഉപ്പും കൂട്ടി പുരട്ടി മല്‍സരിച്ച് തിന്നുന്നതും ആ നേരത്തുതന്നെ. ചില്ലുകുപ്പിയിലെ അച്ചാറുകള്‍ വാഴയിലത്തുണ്ടില്‍ മല്‍സരിച്ച് തിന്നുന്ന നേരമാണത്. ഓര്‍മ്മയ്ക്കിന്നും നാവിലെ രസമുകുളങ്ങളെ ഉണര്‍ത്താന്‍ ശേഷിയുണ്ട്.

അവധിക്കാലത്തെ  ആദ്യത്തെ ആഘോഷം വേനല്‍ച്ചൂടിലെ  സുന്ദരിപ്പെണ്ണുങ്ങളെ സ്വന്തമാക്കലാണ്.  മഞ്ഞക്കണിക്കൊന്നകളാണ് അവരിലൊന്ന്. മഞ്ഞയും ചുവപ്പും നിറമുള്ള വാകകകളാണ് മറ്റൊന്ന്. പൂവെടുത്ത് താലോലിച്ച് ഉമ്മ വെയ്ക്കാന്‍ പെണ്‍കുട്ടികള്‍ ശ്രമിയ്ക്കുമ്പോള്‍ കൊമ്പോടെ പറിച്ചെടുത്ത് വീമ്പ് കാട്ടുന്ന വാനരക്കൂട്ടങ്ങളാവും ആണ്‍കുട്ടികള്‍. ഞങ്ങളുടെ മത്സരങ്ങളും വീറും വാശിയും ആസ്വദിച്ചു കാണും തൃശൂര്‍ ഫയര്‍ സ്റ്റേഷന്‍ കtuമ്പൗണ്ടിലെ മരമുത്തശ്ശികള്‍.  വെള്ളരിയും മത്തനും പയറും പുതുവസ്ത്രങ്ങളും
വിഷുക്കണി കണ്ട് ഉണര്‍ന്ന കുഞ്ഞുങ്ങള്‍ വെളുപ്പാന്‍ കാലത്ത് പൂത്തിരി കത്തിക്കാന്‍ തിടുക്കം കൂട്ടും. . മല്‍സരിച്ച് എരിച്ചു കത്തിച്ച മൂളികള്‍ ശബ്ദത്തോടെ ജ്വലിച്ചുയരും. 

മതമോ ജാതിയോ മറ്റ് അതിരുകേളാ തീണ്ടാത്ത കാലമായിരുന്നു അത്. വിഷുപ്പകലുകളില്‍ ഹൈന്ദവ ഭവനങ്ങളില്‍ നിന്നും വിഷുക്കട്ടകള്‍ ക്രിസ്ത്യാനിയുടേയും മുസ്ലിമിന്റേയും അടുക്കളയിലേക്ക് കടന്നുചെന്നു. അക്കാലമൊക്കെ അങ്ങിനെയായിരുന്നു. എല്ലാം എല്ലാവര്‍ക്കുമായിരുന്നു. നാലുള്ളിയും രണ്ട് പച്ചമുളകും രണ്ട് ഗ്ലാസ്സ് അരിയും എന്തിന് നിനച്ചിരിക്കാതെ എത്തിയ വിരുന്നുകാര്‍ക്ക്  ഊട്ടാനായ് അടുത്ത വീട്ടിലെ വിഭവങ്ങള്‍വരെ മേശമേല്‍ നിരന്നു. ഇരട്ടച്ചിറ ശിവക്ഷേത്രത്തിലെ കല്‍വിളക്കുകളില്‍ ജാതി മത ഭേദമന്യേ തിരികള്‍ കൊളുത്തി. അമ്പലക്കുളത്തിനരുകില്‍ പടര്‍ന്ന് നിന്ന കണ്ണീര്‍പ്പുല്ലെടുത്ത് കണ്ണില്‍ പുരട്ടി. 

ആര്‍ത്തലച്ച വേനല്‍ മഴകളില്‍ ഏതെങ്കിലും വീടിന്റെ വരാന്തകളിലിരുന്ന് ബഡായി വിളമ്പി. അന്താക്ഷരിയുടെ നെടുനീളന്‍ പായ വിരിച്ച് സംഗീതത്തിന്റെ  രുചിഭേദങ്ങള്‍ മാറി മാറി നിരത്തി.  പിന്നെ കാത്തിരുപ്പ് പൂരത്തിനായാണ്. പൂരത്തിന് മുന്നേ അക്കേഷ്യ മരത്തിന്റെ ഇല മടക്കി ഓലപ്പടക്കം പോലെ ഞങ്ങളും വെടിക്കോപ്പുകള്‍ തയ്യാറാക്കും. പൂരവെടിക്കെട്ടിന് അമിട്ടുകള്‍ വാനില്‍ ഉയരുമ്പോള്‍ മതിലില്‍ കയറിയിരുന്ന് കുട്ടിപ്പട്ടാളം ഇലപ്പടക്കം ഒപ്പമെറിഞ്ഞ് രസിക്കും. കുടമാറ്റവും വെടിക്കെട്ടും കണ്ട് മടങ്ങുന്ന പുരുഷാരത്തിന്റെ കാലുകള്‍ കാണാന്‍ ദൂരക്കാഴ്ചയില്‍ നല്ല ചേലാണ്.

ഞങ്ങള്‍ക്കൊക്കെ അമ്മമാര്‍ ഒരുപാട് ഉണ്ടായിരുന്നു. കൂട്ടുകാരുടെ അപ്പനും അമ്മയും പലപ്പോഴും വല്യച്ഛനും വല്യമ്മയുമായ് മാറി.  കുറുമ്പ് കാട്ടിയാല്‍ പിണങ്ങാന്‍ അച്ഛന്റെ സ്ഥാനത്ത് പലരും കണ്ണുരുട്ടി. ചിലപ്പോള്‍ വടിയെടുത്തു.  കുട്ടികളുടെ പിണക്കങ്ങളും പരാതികള്‍ക്കും ആയുസ്സ് കുറവായിരുന്നു.  സ്‌നേഹം കൊണ്ടെഴുതിയ ചിത്രങ്ങളൊന്നും ഒരു  തിരയ്ക്കും മായ്ക്കാനാവാതെ ഇന്നും ബാക്കി നില്‍ക്കുന്നത് അതുകൊണ്ടാവാം. 

PREV
Read more Articles on
click me!

Recommended Stories

അന്ന് വിശ്വസ്ത ഇന്ന് വിമ‍ർശക; ട്രംപ് 'രാജ്യദ്രോഹി' എന്ന് വിശേഷിപ്പിച്ച ഗ്രീന്‍റെ രാജി
റഷ്യ നിർദ്ദേശിച്ച സമാധാനക്കരാർ യുക്രൈയ്ന് മേൽ അടിച്ചേൽപ്പിക്കാൻ ട്രംപ്