
നിങ്ങള്‍ക്കുമില്ലേ ഓര്‍മ്മകളില്‍ മായാത്ത ഒരവധിക്കാലം. ഉണ്ടെങ്കില്‍ ആ അനുഭവം എഴുതി ഞങ്ങള്‍ക്ക് അയക്കൂ. ഒപ്പം നിങ്ങളുടെ ഫോട്ടോയും ഫോണ്‍ നമ്പര്‍ അടക്കമുള്ള വിലാസവും അയക്കണം. സ്‌കൂള്‍ കാല ഫോട്ടോകള്‍ ഉണ്ടെങ്കില്‍ അതും അയക്കാന്‍ മറക്കരുത്. വിലാസം: submissions@asianetnews.in. സബ്ജക്റ്റ് ലൈനില്‍ Vacation Memories എന്നെഴുതണം.
നാട്ടില്‍ ഇന്നത്തെപ്പോലെ വൈദ്യുതിയും ടിവിയും മൊബൈലും ഇല്ലാത്ത കാലത്തായിരുന്നു എന്റെ ബാല്യം. കണ്ണൂരിലെ മലയോരഗ്രാമമായ കരിപ്പോട് - കൂടം എന്നീ സ്ഥലങ്ങള്‍. അച്ഛന്‍ കൂലിപ്പണിയെടുത്താണ് എന്നെ വളര്‍ത്തിയത്. അമ്മയും ജോലിക്ക് പോകും. ഗവ. ഉദ്യോഗസ്ഥരായിരുന്ന ചെറിയച്ഛന്മാരുടെ കൂടെ ആണ് താമസിച്ചതെങ്കിലും അവരൊന്നും എന്റെ വിദ്യാഭ്യാസത്തില്‍ ഇടപെട്ടിരുന്നില്ല. അതിനാല്‍ സ്വന്തം ഇഷ്ടത്തോടെയാണ് പഠിച്ചതും വളര്‍ന്നതും ജോലിനേടിയതും.
കൊല്ലപ്പരീക്ഷയ്ക്കിടയിലും ചിന്ത അവധിക്കാലത്തെക്കുറിച്ചാണ്. വിഷുവിന് പടക്കങ്ങള്‍ എങ്ങനെ വാങ്ങണം, എത്ര വാങ്ങണം. പെട്ടിക്കട എവിടെ തുടങ്ങണം, അവിടെ മണിക്കടല വാങ്ങാനും, മോരുംവെള്ളം വില്‍ക്കാനും നറുക്ക് (കുറി) നടത്താനും, അടക്ക-കശുവണ്ടി-കുരുമുളക് എന്നിവ സ്വരൂപിക്കാനുമുള്ള തയ്യാറെടുപ്പ് നടത്താനും ചിന്തിച്ച് വാര്‍ഷികപ്പരീക്ഷ നേരാംവണ്ണംപോലും എഴുതാറില്ല.
വീട്ടില്‍ ദാരിദ്ര്യം ഒരിക്കലും അനുഭവിച്ചിട്ടില്ല. കൂലിപ്പണിയെടുക്കുന്ന മാതാപിതാക്കളുടെ മകനായതിനാലാവണം ചെറുപ്പത്തിലേ പോക്കറ്റ് മണിക്കുള്ള വഴി സ്വയം കണ്ടെത്തിയത്. അതില്‍ പ്രധാനമാണ് മുകളില്‍ പറഞ്ഞ, അടക്കപെറുക്കല്‍. തൊട്ടടുത്ത തോട്ടിന്‍വക്കിലേയും, കാലൊഴിഞ്ഞ (വിളവെടുപ്പിന് ശേഷം ഒഴിയുന്ന) പറമ്പിലെയും കവുങ്ങിലെ അടക്ക കയറിയും എറിഞ്ഞും സ്വരൂപിക്കും. വവ്വാല്‍ ചപ്പിച്ച് തോട്ടിലുപേക്ഷിച്ചതും, തോട്ടില്‍നിന്നൊഴുകിവരുന്ന അടക്കയും ഇക്കൂട്ടത്തില്‍പെടും. കുരുമുളക് തെറുക്കാന്‍ അച്ഛന്റെ ചേച്ചി കല്യാണി വലിയമ്മയുടെ പറമ്പില്‍ പോകും അതിനുള്ള കൂലിയും കിട്ടും. മറ്റു പറമ്പില്‍ കുരുമുളക് പറിച്ച് ഉപേക്ഷിച്ച മുരിക്ക് മരത്തിലെ ശേഷിച്ച കുരുമുളകും വലിഞ്ഞ് കയറിപറിക്കുന്നതും സമ്പാദ്യ ഉപാധിയാണ്.
രണ്ടിനമാണ് കുരുമുളക്. പച്ചയും പഴുത്തതും ഉണക്കിയതും. പിന്നെ പക്ഷികള്‍ തിന്ന് കാഷ്ഠിക്കുന്ന ഉണങ്ങിയ തൊലിയില്ലാത്ത കുരുമുളകും. അതിന് വിലകൂടുതലാണ്. ഇത് രാവിലെ എഴുന്നേറ്റ് പെറുക്കിയെടുക്കും. തറവാട്ടിലെ പറമ്പതിരിനോട് ചേര്‍ന്ന് വലിയ മരമുണ്ട്. അതിന് കീഴെ ചിരട്ടയിലാണ് കിളികള്‍ നല്‍കുന്ന കുരുമുളക് ശേഖരണം. അതേ അതിരിനോട് ചേര്‍ന്ന മണ്‍പൊത്തിന് വെളിയില്‍ നിന്നും പെരുച്ചാഴിയുടെ രൂപത്തില്‍ വരുമാനമാര്‍ഗ്ഗം ഉണ്ടാകും. കശുവണ്ടിത്തോട്ടം കൂടിയായിരുന്നു മുത്തച്ഛന്റെ രണ്ടരയേക്കര്‍. അവിടെ നിന്നും പെരുച്ചാഴികള്‍ കടിച്ചെടുത്തുകൊണ്ട് പോകുന്ന കശുവണ്ടികള്‍ അവയുടെ മാളത്തിന് വെളിയില്‍ മണ്‍കൂനയില്‍ കാണും.
നമ്മളച്ഛന്‍ എന്ന് വിളിക്കുന്ന അച്ഛന്റെ അച്ഛന്‍ എന്നെ പറമ്പില്‍ നിന്നും കശുവണ്ടി പെറുക്കാന്‍ വിളിക്കുന്നതും ആ അവധിക്കാലത്താണ്. കശുമാവില്‍ കയറി പഴുത്തവ കുലുക്കിയിടാനും, കൊക്ക (തോട്ടി) കൊണ്ട് കൊളുത്തിയിട്ട് പെറുക്കാനും ആവേശമാണ്. അച്ഛച്ചന്‍ ഈറ്റക്കൂടയില്‍ പെറുക്കികൊണ്ടിടുന്ന പഴത്തോടുകൂടിയ കശുവണ്ടി വേര്‍തിരിക്കലാണ് എന്റെ പണി. ഇതിനൊക്കെ പൈസ തരും. അതൊക്കെ കുടുക്കയില്‍ നിറച്ച് പൊട്ടിക്കുന്നത് അതേ അവധിക്കാലത്താണ്.
അങ്ങനെ സ്വരൂപിക്കുന്ന പണം കൊണ്ട് മണിക്കടല വാങ്ങി മഞ്ഞളും ഉപ്പും ഇട്ട് അമ്മ വറുത്ത് തരും. എവരിഡേ, നിപ്പോ ബാറ്ററികളുടെ കാര്‍ഡ്‌ബോര്‍ഡ് പെട്ടിയിലാണ് കടലവില്‍പ്പന. വലിയ കള്ള് കുപ്പിയുടെ അടപ്പാണ് അളവ്. ഒരു ഒണ്ട എന്ന് പറയും. പത്ത് പൈസയോ ഇരുപത് പൈസയോ ആണ് വില. അല്ലെങ്കില്‍ കൂട്ടുകാര്‍ കൊണ്ടുവരുന്ന കശുവണ്ടി വിലയായി വാങ്ങും. (മിക്കവാറും വരുന്ന വഴിയില്‍ നിന്ന് പെറുക്കിയെടുക്കുന്നതായിരിക്കും അവ). കശുവണ്ടിക്ക് പൈസയും നല്‍കാറുണ്ട്. അങ്ങനെ നല്‍കുന്ന പൈസ എനിക്ക് തന്നെ കിട്ടും, കുറിയിലൂടെ.
അതായത് നറുക്ക് നടത്തും. അഞ്ചാറ് സിഗരറ്റിന്റെ കവര്‍ കീറി, അതില്‍ നാലു മൂലയ്ക്കും ഷഫിള്‍ ചെയ്ത് നമ്പര്‍ എഴുതി, അതേ നമ്പര്‍ നറുക്കിട്ടെടുത്ത് പൈസയോ പുഴുങ്ങിയ മുട്ടയോ നല്‍കും. ഇരുപത്തഞ്ച് പൈസയുടെ ഒരു കാര്‍ഡിലെ ഏതേലും നമ്പറായിരിക്കും അടിക്കുക. 5-6 കാര്‍ഡ് ഉണ്ടാകും. അടിച്ചാല്‍ എനിക്കും എടുക്കുന്നവര്‍ക്കും ലാഭമാണ്.
റോഡ് സൈഡില്‍ തക്കാളിപ്പെട്ടി ചെരിച്ച് വച്ചായിരുന്നു കച്ചവടം. മിഠായി, കടല, മുട്ട, മോരുവെള്ളം എന്നിവയാണ് വില്‍പ്പനവസ്തുക്കള്‍. വിഷു അടുപ്പിച്ച് പടക്കവും ഉണ്ടാകും. ആ പടക്കങ്ങള്‍ പരിസരത്ത് നിന്നുതന്നെയാവും പൊട്ടിക്കുക. ശബ്ദം കേള്‍ക്കുന്നതിലും എനിക്കുതന്നെയാണ് നേട്ടം. ഞാന്‍ പൊട്ടിച്ചാലും അതുതന്നെയല്ലേ സംഭവിക്കുക.
മഴക്കാലത്ത് മലയില്‍ നിന്നും ഒഴുകിവരുന്ന തോട്ടില്‍ തുള്ളാന്‍ പോകുന്ന ഓര്‍മ്മകളുമുണ്ട്. കുത്തൊഴുക്കില്‍ അക്കരെയിക്കരെ നീന്തും. ഒഴുകിവരുന്ന അടക്കയും തേങ്ങയും ശേഖരിക്കും.
പൂമംഗലത്തുള്ള അമ്മയുടെ വീട്ടിലേക്ക് പോകുന്നത് വിഷുദിനത്തോടടുത്താണ്. അവിടെയും കൂട്ടുകാരുണ്ട്. അവിടെ വല്യമ്മയുടെ മക്കളാണ് അവധിക്കാല കച്ചവടം നടത്തിയിരുന്നത്. പന്തല്‍ കെട്ടിയാണ് കച്ചവടം. അവിടെ കണിവയ്ക്കാനുള്ള കൊന്നപ്പൂവും, മാങ്ങാക്കുലകളും വില്‍പ്പനയ്ക്കുണ്ടാകും. ഏട്ടന്മാരുടെ കച്ചവടം കുറച്ചുകൂടി വിപുലമാണ്.
അമ്മയുടെ അച്ഛന്റെ പറമ്പിലെ കശുവണ്ടി ശേഖരണത്തിനും ഞാനാണ് കൂട്ട്. അത് വില്‍പ്പനയ്ക്ക് തളിപ്പറമ്പ മാര്‍ക്കറ്റിലേക്കാണ് പോകുന്നത്. അവിടേക്ക് എന്നെയും കൂട്ടും. വിഷു അവധികഴിഞ്ഞ് വരുമ്പോള്‍ നല്ലൊരു തുക അച്ചാച്ചന്‍ തരും. വിഷുക്കൈ നീട്ടമായി അമ്മമ്മയും തരും.
മുന്‍വര്‍ഷങ്ങളില്‍ പഠനം കഴിഞ്ഞവരുടെ ടെക്സ്റ്റ് ബുക്ക് കാലേക്കൂട്ടി വാക്ക് പറഞ്ഞ് വച്ചിരിക്കും. അതും കൊണ്ടാണ് നാട്ടിലേക്ക് വരിക. മെയ് രണ്ടിന് റിസള്‍ട്ട് നോക്കാന്‍ പോകും. സ്‌ക്കൂളിലേക്ക് ശേഷിച്ച ടെക്സ്റ്റ് ബുക്ക്, നോട്ടുബുക്ക് എന്നിവ വാങ്ങാന്‍ ഒരിക്കല്‍കൂടി പോകും.
പാറപ്രദേശമാണ് സ്‌കൂള്‍ പരിസരം. അവിടെ നിരവധി കുഴികള്‍ ഉണ്ട്. അതില്‍ വാല്‍മാക്രികള്‍ ഉണ്ടാകും. അതിനെ പിടിക്കലാണ് ഹരം. പിന്നെ നിറഞ്ഞൊഴുകുന്ന വെള്ളക്കെട്ടില്‍ തുള്ളിക്കളിയും. രണ്ട് കിലോമീറ്റര്‍ റോഡോട് ചേര്‍ന്ന് ചെറുതോടും ഉണ്ട്. അവിടെ നിന്ന് മീന്‍ പിടിക്കും. മണ്ണിരയെ പിടിച്ച്, ചൂണ്ടയും കൊണ്ട് തോട്ടില്‍ പോകും. പിടിച്ച മീനിനെ ചുട്ട് തിന്നാറാണ് പതിവ്. അത് പോലെ നാടന്‍ ഞണ്ടിനെയും പിടിച്ച് ചുട്ടെടുക്കും. പകലന്തിയോളം മഴ നനഞ്ഞാലും പനിയൊന്നും വരാറില്ല.
രാത്രി വന്നാല്‍ മണ്ണെണ്ണവിളക്കില്‍ ബാലരമയും ബാലമംഗളവും വായിക്കും. അത് പിന്നീട് മനോരമ, മംഗളം വാരികകള്‍ ആയി. ഓര്‍മ്മയിലെ മറ്റൊന്നാണ് മോതിരവള്ളി. മോതിരം കെട്ടാന്‍ ദ്വാരമുള്ള, സൂചിയുടെ വലിപ്പമുള്ള പ്ലാസ്റ്റിക് വള്ളി. അവ ഉപയോഗിച്ച് വിളക്കുണ്ടാക്കും. അതുപോലെ സൈക്കിള്‍ ഡൈനാമോ ഉപയോഗിച്ചും, ടോര്‍ച്ച് ബാറ്ററി ഉപയോഗിച്ചും വൈദ്യുതി ഉണ്ടാക്കും.
അവധിക്കാലത്ത് കൂട്ടുകാരെ സന്തോഷിപ്പിക്കുവാന്‍, സിനിമാ പ്രദര്‍ശനവും നടത്തിയിരുന്നു. അകം പൊള്ളയാക്കിയ ബള്‍ബില്‍ നിറച്ച വെള്ളത്തിലൂടെ കണ്ണാടി ഉപയോഗിച്ച്, കതകടച്ചിരുട്ടാക്കിയ ചുവരിലേക്ക് വെയില്‍വെട്ടം തെളിച്ചായിരുന്നു പ്രദര്‍ശനം. പാടിച്ചാല്‍ ടൗണിലുള്ള സ്വപ്ന തിയറ്ററില്‍ നിന്നും കട്ട് ചെയ്ത് മാറ്റുന്ന റീല്‍കഷ്ണങ്ങളിലെ നിഴല്‍ ചിത്രങ്ങള്‍ കൂട്ടുകാരെപ്പോലെ ഞാനും നോക്കി നിന്നിട്ടുണ്ട്.
അന്നൊക്കെ നമ്മള്‍ എല്ലാവരുടെ വീട്ടിലും കളിച്ചുല്ലസിച്ച് ജീവിച്ചതാണ്. അച്ഛനമ്മമാര്‍ക്ക് ആശങ്കയുണ്ടായിരുന്നില്ല. സ്വന്തം വീട്ടിലല്ലെങ്കിലും എവിടെ നിന്നായാലും ഭക്ഷണം കഴിക്കും. അല്ലെങ്കില്‍ അവിടത്തെ മാതാപിതാക്കള്‍ കഴിപ്പിക്കും. രാവിലെ വീട്ടില്‍ നിന്നിറങ്ങിയാല്‍ സന്ധ്യയായാല്‍ വീട്ടിലെത്തും. പിന്നെ ഉറക്കത്തിലും ചിന്ത അടുത്ത ദിവസത്തെക്കുറിച്ചാണ്. ജൂണ്‍ ഒന്നാകുമ്പോള്‍ മുതല്‍ ചിന്ത അടുത്ത അവധിക്കാലത്തെക്കുറിച്ചാണ്.
ഓര്‍മ്മകളില്‍ ഒരു അവധിക്കാലം മറ്റ് ലക്കങ്ങൾ വായിക്കാം.