
നിങ്ങള്‍ക്കുമില്ലേ ഓര്‍മ്മകളില്‍ മായാത്ത ഒരവധിക്കാലം. ഉണ്ടെങ്കില്‍ ആ അനുഭവം എഴുതി ഞങ്ങള്‍ക്ക് അയക്കൂ. ഒപ്പം നിങ്ങളുടെ ഫോട്ടോയും ഫോണ്‍ നമ്പര്‍ അടക്കമുള്ള വിലാസവും അയക്കണം. സ്‌കൂള്‍ കാല ഫോട്ടോകള്‍ ഉണ്ടെങ്കില്‍ അതും അയക്കാന്‍ മറക്കരുത്. വിലാസം: submissions@asianetnews.in. സബ്ജക്റ്റ് ലൈനില്‍ Vacation Memories എന്നെഴുതണം.
ഏപ്രില്‍ രണ്ട്. സ്‌കൂളുകള്‍ വേനല്‍ അവധിക്കായി അടച്ചു. 273 കിലോമീറ്റര്‍ അകലെയുള്ള എന്റെ കോളേജിലേക്ക് പോകാന്‍ റെയില്‍വേസ്റ്റേഷനില്‍ എത്തിയപ്പോള്‍ നല്ല തിരക്ക്. അവധിക്കാലമല്ലേ. മുന്നോട്ടു നീങ്ങുന്ന തീവണ്ടിയുടെ സീറ്റില്‍ ഇരുന്ന് ഞന്‍ അമ്മയ്ക്ക് റ്റാറ്റാ കാണിച്ചുകൊണ്ടേയിരുന്നു.എന്റെ അടുത്തിരിക്കുന്ന രണ്ട് കുട്ടികള്‍ പരീക്ഷ കഴിഞ്ഞു നാട്ടില്‍ പോകുന്ന ആഹ്ലാദത്തിലാണ്. എന്റെ പ്രായത്തിലുള്ള പലര്‍ക്കും വേനലവധിയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ യാത്രകളായിരിക്കും ഓര്‍മ്മ വരിക. പക്ഷേ വളരെ സാധാരണ ആയിട്ടുള്ള വേനലവധികളായിരുന്നു എന്റേത്. ആഡംബരയാത്രകളും ചെറിയ യാത്രകളും എനിക്ക് അപരിചിതമായിരുന്നു.
വേനല്‍ ചൂടില്‍ ഇലകള്‍ ഉണങ്ങുന്ന മണം വരുമ്പോള്‍ എനിക്കോര്‍മ്മ വരുന്നത് എന്റെ അമ്മയുടെ വീടും, പുഴയും വയലും പിന്നെ എന്നെ അവിടെ കാത്തുനിന്നിരുന്ന കുറച്ച് മനുഷ്യരെയുമാണ്. രാവിലെ എഴുന്നേറ്റ് പുഴക്കരയ്ക്കടുത്തുളള നാടന്‍ മാവില്‍ നിന്നും ഉതിര്‍ന്ന മാങ്ങ പെറുക്കാന്‍ പോകുന്നതും, മുറ്റത്തുള്ള മുല്ലച്ചെടികളില്‍നിന്നും പൂക്കള്‍ പറിച്ച് നൂലില്‍ കോര്‍ത്ത് മാലയാക്കി തലയില്‍ ചൂടുന്നതുമൊക്കെ അത്ര 'ഫാന്‍സി' അല്ലെങ്കിലും ഒരു അനുഭൂതി തന്നെയായിരുന്നു. ഒരു അധ്യയന വര്‍ഷത്തിന്റെ സമ്മാനമായി കിട്ടിയ പേനുകളെയെല്ലാം അമ്മാമ കൊന്ന് തീര്‍ക്കും. രാത്രി തെയ്യം കണ്ട്, കായക്കഞ്ഞിയും കുടിച്ച്, പൊട്ടാസും തോക്കും ബലൂണുമൊക്കെ വാങ്ങി മടങ്ങുമ്പോഴേക്കും നേരം പുലരുമയിരുന്നു.
സാറ്റ് കളിയേക്കാള്‍ എനിക്കിഷ്ടം ഏണിയും പാമ്പുമായിരുന്നു. അതിനേക്കാള്‍ ലുഡോയും. കാരണം അടിയും കരച്ചിലും ഉറപ്പ്. ഓല മടല്‍ കൊണ്ടുണ്ടാക്കിയ ബാറ്റ് വച്ച് ക്രിക്കറ്റ് കളിക്കുമ്പോള്‍ എനിക്ക് എന്നും ഒന്നോ രണ്ടോ റണ്‍സ് മാത്രമേ എടുക്കാനാവൂ. ( ബാറ്റ് എതെടുത്താലും അതുതന്നെയായിരുന്നു എന്റെ അവസ്ഥ). കളികളില്‍ എപ്പോഴും ഇളയകുട്ടികളെ ഒറ്റപ്പെടുത്താന്‍ മൂത്ത കുട്ടികള്‍ക്ക് വലിയ സാമര്‍ത്ഥ്യമായിരുന്നു. അപ്പോള്‍ സങ്കടം കടിച്ചുപിടിച്ച് നമ്മള്‍ മണ്ണപ്പം ചുട്ടു കളിക്കും. അന്ന് മനസ്സില്‍ വിടര്‍ന്ന സര്‍ഗ്ഗാത്മകത ഇന്നും എന്റെയൊപ്പമുണ്ട്.
പേരില്ലാത്ത എത്ര എത്ര കളികള്‍ നമ്മള്‍ തന്നെ ഉണ്ടാക്കി കളിച്ചിരിക്കുന്നു. എത്ര എത്ര നുണകളും പ്രേതകഥകളും പറയാറുണ്ടായിരുന്നു.
വയറു വേദനിക്കും വരെ ചിരിച്ച നാളുകള്‍. 'സണ്‍സ്‌ക്രീന്‍' പുരട്ടാതെ വെയിലത്ത് കളിച്ചു നടന്ന ഓര്‍മ്മകള്‍. പോകുമ്പോഴുള്ളതിനേക്കാള്‍ തടിയും ആരോഗ്യവും സന്തോഷവുമായിട്ടായിരിക്കും വീട്ടിലേക്ക് ഞാനും ഏട്ടനും തിരിച്ചെത്തുക. കുന്നുംപറമ്പിലെ മധുരമുള്ള മാങ്ങകളും ചക്കയും അമ്മാമയുടെ സ്വാദിഷ്ടമായ ഭക്ഷണവുമായിരുന്നു അതിനു കാരണം.
ഇപ്പോള്‍ എല്ലാവരും ജോലിക്കും പഠനത്തിനുമായി പല സ്ഥലത്തേക്കും പോയി. ചിലര്‍ രാജ്യം തന്നെ വിട്ടു. പുഴയും വയലും മരങ്ങളും വീടുമെല്ലാം അവിടെതന്നെയുണ്ട് പക്ഷെ, കാത്തിരിക്കാനും വരവേല്‍ക്കാനും ഇപ്പോള്‍ അവിടെ ആരുമില്ല. ഓര്‍മ്മകള്‍ അയവിറക്കി ഒരു ചെറിയ മയക്കത്തില്‍ നിന്നുമുണര്‍ന്നപ്പോഴേക്കും വണ്ടി സ്റ്റേഷനില്‍ എത്താനായി.
കാലത്തോടൊപ്പം കുട്ടിക്കാലം കടന്നുപോയെങ്കിലും ഓര്‍മ്മകള്‍ എങ്ങും പോയിട്ടില്ല. അത് മനസ്സിന്റെ ഉള്ളില്‍ സുരക്ഷിതമാണ്.
ഓര്‍മ്മകളില്‍ ഒരു അവധിക്കാലം മറ്റ് ലക്കങ്ങൾ വായിക്കാം.