മകൾക്കെതിരെ അമ്മയുടെ പരസ്യം; വിവേക് രാമസ്വാമിയുടെ നീക്കത്തിൽ റിപബ്ലിക്കൻ പാർട്ടിയിൽ ഭിന്നത, പരസ്യം ഗംഭീരമെന്ന് ട്രംപ്

Published : Oct 27, 2026, 12:20 PM IST
Lokajalakam

Synopsis

കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ പിന്തുണക്കുന്ന പ്രചാരണവീഡിയോ വേണ്ടായിരുന്നു എന്നാണ് ഒഹായോവിലെ തന്നെ റിപബ്ലിക്കൻ നേതാക്കളുടെ വാദം. സെനറ്റ് സ്ഥാനാർത്ഥിയായ JON HUSTED അത് പരസ്യമായി പറയുകയും ചെയ്തു. വ്യാപകമായ അതൃപ്തിയുണ്ട് റിപബ്ലിക്കൻ അംഗങ്ങൾക്ക്.

ഒരു ഡെമോക്രാറ്റ് അംഗത്തിന്റെ അമ്മ പ്രത്യക്ഷപ്പെടുന്ന പ്രചാരണവീഡിയോയാണ് ഇപ്പോൾ അമേരിക്കയിലെ തെരഞ്ഞെടുപ്പ് പ്രചാരണരംഗത്തെ വിവാദം. വിവേക് രാമസ്വാമിയാണ് വീഡിയോ ഇറക്കിയത്. പക്ഷേ, റിപബ്ലിക്കൻ അംഗങ്ങൾ പോലും ഈ പരസ്യത്തെ വിമ‍ർശിക്കുന്നു. ട്രംപ് പക്ഷേ പരസ്യം ഗംഭീരം, അതംഗീകരിച്ചേ പറ്റൂ എന്ന വാശിയിലുമാണ്.

വിവേക് രാമസ്വാമി മത്സരിക്കുന്നത് ഒഹായോ ഗവർണർ സ്ഥാനത്തേക്കാണ്. ട്രംപിന് ഇഷ്ടമുള്ള സ്ഥാനാർത്ഥി. രാമസ്വാമിയുടെ എതിർസ്ഥാനാർത്ഥി ഡെമോക്രാറ്റായ AMY ACTON ആണ്. ഏമിയുടെ അമ്മയാണ് പരസ്യത്തിലെ കഥാപാത്രം. കള്ളം മാത്രം പറയുന്ന മകളെ പിന്തുണക്കരുത്, വോട്ട് കൊടുക്കരുത് എന്ന് പറയുന്നു അമ്മ. 12 വയസുള്ളപ്പോൾ അമ്മയെ പിരിഞ്ഞതാണ് മകൾ ഏമി. കുഞ്ഞ് ഏമിയെ ലൈംഗീകമായി പീ‍ഡിപ്പിച്ചു അമ്മയുടെ ഭർത്താവ്. അതിന്റെ പേരിൽ ക്രിമിനൽ കുറ്റം ചാർത്തപ്പെട്ടപ്പോൾ അയാൾ ഒളിച്ചോടുകയും ചെയ്തു എന്ന് ഏമി ആരോപിക്കുന്നു. പൊലീസ് ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. അതെല്ലാം കള്ളക്കഥയെന്നാണ് ഏമിയുടെ അമ്മയുടെ ആരോപണം.

കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ പിന്തുണക്കുന്ന പ്രചാരണവീഡിയോ വേണ്ടായിരുന്നു എന്നാണ് ഒഹായോവിലെ തന്നെ റിപബ്ലിക്കൻ നേതാക്കളുടെ വാദം. സെനറ്റ് സ്ഥാനാർത്ഥിയായ JON HUSTED അത് പരസ്യമായി പറയുകയും ചെയ്തു. വ്യാപകമായ അതൃപ്തിയുണ്ട് റിപബ്ലിക്കൻ അംഗങ്ങൾക്ക്. രാഷ്ട്രീയമായോ നൈതികമായോ അത് നന്നല്ല എന്നാണ് അഭിപ്രായം. രാമസ്വാമി എല്ലാവർക്കും പിന്നിലായിരുന്നു ഇത്രനാൾ. കാലുറപ്പിക്കാനുള്ള അവസാനശ്രമമായിരുന്നു വീഡിയോ.

പക്ഷേ, പാർട്ടിയുടെ തന്നെ സാധ്യതകളെ ബാധിക്കും എന്നാണ് മുതിർന്ന അംഗങ്ങളുടെ സംശയം. എന്നാൽ, വൈസ് പ്രസിഡന്റ് ജെ. ഡി. വാൻസ് രാമസ്വാമിക്കൊപ്പമാണ്. രാഷ്ട്രീയം കുറച്ച് കടുപ്പപ്പെട്ട ബിസിനസാണ്, അതിൽ അങ്ങനെ പലതും ചെയ്യേണ്ടുവരുമെന്ന് വ്യക്തമാക്കി വാൻസ്. പ്രസിഡന്റിന്റെ നിലപാട് കുറേക്കൂടി തീവ്രമാണ്. എല്ലാ റിപബ്ലിക്കൻ അംഗങ്ങളും പരസ്യം അംഗീകരിക്കണം എന്ന് ഏതാണ്ട് ഭീഷണിസ്വരത്തിലാണ് മുന്നറിയിപ്പ്.

തന്നെ രാമസ്വാമി വിളിച്ചിരുന്നുവെന്നും പരസ്യം പിൻവലിക്കണോ എന്ന് ചോദിച്ചെന്നും വേണ്ടെന്ന് താൻ പറഞ്ഞുവെന്നും പ്രസിഡന്റ് പറഞ്ഞത് അയോവ റാലിയിലാണ്. മകൾക്കെതിരെ സംസാരിക്കാൻ ധൈര്യം കാണിച്ച അമ്മയെ പ്രശംസിക്കുകയും ചെയ്തു ട്രംപ്. പരസ്യം എതിർത്ത് റിപബ്ലിക്കൻ അംഗങ്ങളെ തള്ളിപ്പറയുകയും ചെയ്തു. കുട്ടിയുടെ ലൈംഗീകപീഡന കഥയൊന്നും തനിക്കറിയില്ല. പക്ഷേ, മകളെ കുറിച്ച് അമ്മ പറഞ്ഞത് ഗൗരവമായെടുക്കണം എന്നു പ്രഖ്യാപിച്ചു.

ഈ പിന്തുണയിൽ പക്ഷേ ഒരു വിരോധാഭാസമുണ്ട്. പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തിന്റെ അമ്മ, മകനെ കള്ളനെന്നും തട്ടിപ്പുകാരനെന്നും ധാരാളം സ്ത്രീകളുമായി ബന്ധമുള്ളവനെന്നും സ്ത്രീകളെ സ്വന്തം അധികാരത്തിനും പൊങ്ങച്ചത്തിനും വേണ്ടി ഉപയോഗിക്കുന്നവനെന്നും ആക്ഷേപിച്ചിരുന്നു. ഇമെയിലാണ് പുറത്തുവന്നത്. പക്ഷേ, എല്ലാം പിന്നീട് മാറ്റിപ്പറഞ്ഞെന്നുമാത്രം.

കാര്യമെന്തായാലും ഒഹായോ കടന്നും വിവാദം പരക്കുകയാണ്. പരസ്യം പാർട്ടിയുടെ പ്രതിഛായ തന്നെ തകർക്കും എന്ന് ഭയക്കുന്നു ഭൂരിപക്ഷം റിപബ്ലിക്കൻ അംഗങ്ങളും. 2018 -ൽ ഒരു റിപബ്ലിക്കൻ അംഗത്തിന്റെ ആറ് സഹോദരങ്ങൾ അയാളെ തള്ളിപ്പറയുന്ന പ്രചാരണവീഡിയോ പുറത്തുവന്നിരുന്നു. അരിസോണ സ്ഥാനാർത്ഥി പോൾ ഗോസാറിന്റെ ഭൂരിപക്ഷം 71 ശതമാനത്തിൽനിന്ന് 68 ശതമാനമായി കുറ‍ഞ്ഞു തെരഞ്ഞെടുപ്പിൽ. പക്ഷേ, വിവേക് രാമസ്വാമിക്ക് അത്രയും കൊണ്ടും ജയിക്കാനാവില്ല.

പ്രസിഡന്റ് പരസ്യത്തെ പിന്തുണക്കുന്നതിൽ അത്ഭുതമില്ലെന്നാണ് നിരീക്ഷകപക്ഷം. എപ്സ്റ്റീൻ ഫയലുകൾ തന്നെ തള്ളിക്കളഞ്ഞ, അയാളുടെ സഹായി ഗീസ്ലെയ്ൻ മാക്സ്വെല്ലിന് മാപ്പുനൽകുന്നത് പലതവണ പരിഗണിച്ചയാളാണ് ട്രംപ്.

തെര‍ഞ്ഞെടുപ്പിൽ റിപബ്ലിക്കൻ പാർട്ടിക്ക് തിരിച്ചടി നേരിട്ടാൽ ട്രംപ് ആരെയെങ്കിലുമൊക്കെ ബലിയാടുകളായി തെരഞ്ഞുതുടങ്ങുമെന്ന് മുന്നറിയിപ്പു നൽകുന്നു പലരും. തലകൾ തെറിക്കും. അതേസമയം, സ്വന്തം ചെയ്തികൾ കൊണ്ട് ജനപ്രീതി ഇത്രയും കുറഞ്ഞ പ്രസിഡന്റുമാരും കുറവാണ് ചരിത്രത്തിൽ. വൈറ്റ് ഹൗസിലും അധികാര വടംവലികൾ തുടങ്ങിയിരിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ. രണ്ടുപേരെ, ഗ്രീസിലേക്കുള്ള അംബാസിഡറേയും പ്രസ് സെക്രട്ടറിയേയും ട്രംപ് പുറത്താക്കുകയും ചെയ്തു. ഞാണിൻമേൽ കളിയാണ് എല്ലായിടത്തും. മുമ്പുണ്ടാകാത്തവിധം.

PREV
Read more Articles on
click me!

Recommended Stories

ഫ്രാൻസിൽ തുടങ്ങിയ പ്രതിഷേധം, അവസാനിക്കാതെ കലാപം, യൂറോപ്യൻ രാജ്യങ്ങൾ മുൾമുനയിൽ
ഇടക്കാല തെരഞ്ഞെടുപ്പിൽ പ്രസിഡന്‍റിന്‍റെ പാർട്ടി തോൽക്കുമോ? ആശങ്കയോടെ റിപബ്ലിക്കൻസ്