വ്യാഖ്യാനങ്ങൾ പലതാണ്. ഒരു തലമുറയുടെ ആശങ്കകൾ, ഒരിടത്തെ കാഴ്ചകൾ മറ്റൊരു രാജ്യത്തെ യുവാക്കൾക്ക് കനലായി, മറ്റൊരു പ്രശ്നത്തിന്റെ പേരിലാണെങ്കിലും സമരം തുടങ്ങി. അങ്ങനെ പല രാജ്യങ്ങളിലേക്ക്, പല പ്രായക്കാരുമിറങ്ങി, ഇറ്റലിയിലെ ലോറിഡ്രൈവർമാരെപ്പോലെ. അവരവരുടെ പ്രശ്നങ്ങളുമായി. ഇതിനൊക്കെ ഒരു ഏകീകൃത സ്വഭാവമുണ്ടെന്ന തോന്നലുണ്ടായി, പല കോണുകളിലും.

ഫ്രാൻസിലെ പ്രതിഷേധം ബെൽജിയത്തിലേക്ക്, സ്പെയിനിലേക്ക്, ഇറ്റലിയിലേക്ക്. പ്രതിഷേധം കലാപമായി രൂപം മാറിയതിൽ അമ്പരപ്പും ഞെട്ടലും പ്രകടമാക്കുകയാണ് പലരും. പക്ഷേ, ഫ്രാൻസിന്റെ ചരിത്രത്തിൽ തന്നെ ഇഴചേർന്ന പ്രതിഷേധങ്ങളുടെ പട്ടികയും ഓർമ്മിപ്പിക്കുന്നുണ്ട് ചിലർ. ഇത്രയും തന്നെയോ ഇതിനേക്കാളോ അക്രമം പടർന്ന പ്രതിഷേധങ്ങൾ, മുന്നേറ്റങ്ങൾ ഒക്കെ ഉണ്ടായിട്ടുണ്ട് രാജ്യത്ത്. പക്ഷേ, ഇന്ന് സാഹചര്യം വേറെയാണ്. ഇന്നത്തെ ഫ്രാൻസിൽ തെരുവിലിറങ്ങുന്നത് ഫ്രഞ്ചുകാർ മാത്രമല്ല, വിദ്യാർത്ഥികൾ തുടങ്ങിവച്ച സമരം മറ്റാരൊക്കെയോ ഏറ്റെടുത്തു എന്ന തോന്നലാണുണ്ടായത്. നാട്ടുകാരിൽ പലരും അതിലെ അമ്പരപ്പ് പങ്കുവച്ചു.

രാജ്യത്തിന്റെ ദേശീയ സ്മാരകങ്ങൾ, അഭിമാനമായ കെട്ടിടങ്ങൾ ഒക്കെ തകർത്തതും തീവച്ചതും തങ്ങളല്ല എന്നാവർത്തിച്ചു പറയുന്നുണ്ട് ഫ്രഞ്ചുകാർ. സാംസ്കാരിക പൈതൃകത്തിന്റെ ഭാഗം എന്ന് കരുതിയിരുന്ന പലതും ഇല്ലാതായതിന്റെ ഞെട്ടൽ, അതാര് ചെയ്തു എന്ന ഉത്തരമില്ലാത്ത ചോദ്യം, ഇതൊക്കെയാണ് ബാക്കിയായത്. സോഷ്യൽ മീഡിയയിൽ ഗൂഢാലോചനക്കഥകൾ, ആരോപണങ്ങളൊക്കെ തീപോലെ പട‍ർന്നു. അതല്ലാതെ, വ്യക്തിപരമായ അഭിപ്രായങ്ങൾ, ചില മുന്നറിയിപ്പുകൾ അറിയിച്ചു പ്രമുഖരായ പലരും.

ഫോക്സ് ന്യൂസിന്റെ ഒരു റിപ്പോർട്ട് പല മാധ്യമങ്ങളും പുനപ്രസിദ്ധീകരിച്ചു. ചോദ്യങ്ങൾക്ക് ഉത്തരം കിട്ടിയിട്ടില്ല ഇപ്പോഴും. സംശയങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. കലാപം അവസാനിച്ചിട്ടുമില്ല. മുൾമുനയിലാണ് യൂറോപ്പിലെ പല രാജ്യങ്ങളും. 'യൂറോപ്പിന്റെ MULTICULTURAL പരീക്ഷണങ്ങളുടെ അനന്തരഫലം' എന്ന വിമർശനം വ്യാപകമാണ്. തീവ്ര വലത് അതേറ്റെടുത്ത് ആഘോഷിക്കുന്നു.

തുടങ്ങിയതെങ്ങനെ?

സ്കൂളുകളിലെ പഠനസമയവും അധ്യാപകരില്ലാത്ത അവസ്ഥയും ക്ലാസ് റൂമുകളിലെ കുട്ടികളുടെ എണ്ണവും കെട്ടിടങ്ങളുടെ പഴക്കവും ഒക്കെ പറഞ്ഞാണ് എല്ലാം തുടങ്ങിയത്. പക്ഷേ, ദിവസങ്ങൾക്കകം പ്രതിഷേധത്തിന്റെ സ്വഭാവം മാറി. തൊഴിലാളി യൂണിയനുകളിറങ്ങി. ജീവിതച്ചെലവായിരുന്നു അവരുടെ വിഷയം. തെരുവുകൾ നിറഞ്ഞൊഴുകി ജനം. പിന്നീടാണ് കാഴ്ചകൾ തന്നെ മാറിയത്. കറുത്ത വസ്ത്രം കൊണ്ട് മുഖം വരെ മറച്ച മനുഷ്യർ ഇറങ്ങി, പ്രതിഷേധമല്ല പിന്നെ ഫ്രാൻസിന്റെ തെരുവുകൾ കണ്ടത്. കൊള്ളയാണ്. അക്രമവും. കടകൾ കൊള്ളയടിച്ചു, എതിർത്തവരെ തള്ളിമാറ്റി, ഭീഷണിപ്പെടുത്തി, കെട്ടിടങ്ങങൾ കത്തിച്ചു.

LIMOGES നഗരത്തിലെ സിറ്റി ഹാൾ, ഫ്രഞ്ച് റിപബ്ലിക്കനിന്റെ പ്രതീകമായിരുന്നു. ശിൽപചാതുരിയുടെ മാതൃക, 1883 -ലെ ബസ്തീൽ ദിനത്തിൽ തുറന്ന ഹാൾ, രണ്ട് ലോകമഹായുദ്ധങ്ങളെയും അതിജീവിച്ചതാണ്. ജനങ്ങളുടെ അഭിമാനം. അതിന് തീയിട്ടു കലാപകാരികൾ, അബദ്ധത്തിൽ പറ്റിയതല്ല, എല്ലാം തള്ളിമാറ്റി അകത്തുകടന്ന് തീയിട്ടതാണ്. മനപൂർവം. 143 വർഷം നിലനിന്ന രാജ്യത്തിന്റെ തന്നെ അഭിമാനമായിരുന്ന കെട്ടിടം ചാരമായി. നാട്ടുകാർക്ക് അമ്പരപ്പ് തീ‍ർന്നിട്ടില്ല. അന്വേഷണം വേണം, ആര് കത്തിച്ചതായാലും അവർ പുനർനിർമ്മാണത്തിന്റെ ചെലവ് വഹിക്കണം എന്നാണ് അവരുടെ ആവശ്യം. കോടികൾ വേണമെന്നാണ് അധികൃതരുടെ വിലയിരുത്തൽ. നോത്ര് ദാം പുനർനിർമ്മിച്ചതുപോലെ.

മറ്റ് രാജ്യങ്ങളിലേക്ക്

ഫ്രാൻസിന് പിന്നാലെ ബെൽജിയത്തിലും തുടങ്ങി പ്രതിഷേധം. സ്കൂൾ ഫീ കൂട്ടിയതിൽ പ്രതിഷേധം തുടങ്ങിയത് രാജ്യത്തെ ഫ്രഞ്ച് സംസാരിക്കുന്നവരുടെ മേഖലയിലാണ്. ഇറ്റലിയിൽ ജനം തെരുവിലിറങ്ങിയത് ജീവിതച്ചെലവിന്റെ പേരും താമസസൗകര്യത്തിന്റെ പേരും പറഞ്ഞാണ്. ശനിയാഴ്ച പ്രതിഷേധക്കാരെ തടയാൻ പൊലീസ് ഇറങ്ങി. അതോടെ കഥ മാറി. മാസ്കിട്ട യുവാക്കൾ ഇറങ്ങി, ഫ്രാൻസിലെ പോലെ. എല്ലാം തകർത്തു, കത്തിച്ചു. കടകൾ തകർത്ത് അകത്തുകയറി, കൊള്ളയടിച്ചു.

പിന്നീടുള്ള ദിവസങ്ങളിലും അതാവർത്തിച്ചു. 271 പേരെ തടഞ്ഞുവച്ചു. അറസ്റ്റിലായത് 32 പേർ. അതിൽ 23 പേർ പ്രായപൂർത്തിയാകാത്തവരാണ്. 13 പേർ വിദേശികളും. അതോടെ ഇറ്റലിയുടെ മെലണി, പൊലീസിന് കൂടുതൽ അധികാരങ്ങൾ കൊടുത്തു. മക്കൾ വരുത്തുന്ന നാശനഷ്ടത്തിന് അച്ഛനമ്മമാർ പണമടക്കേണ്ടിവരുമെന്ന് വ്യക്തമാക്കി. ഇന്ധനവിലയുടെ പേരിൽ തെക്കൻ ഇറ്റലിയിൽ ലോറി ഡ്രൈവർമാരും ഇറങ്ങി, റോഡുകളിൽ ലോറികൾ നിരത്തിയിട്ടു. നിയമവിരുദ്ധമാണത്.

പോർച്ചുഗലിലും ഗ്രീസിലും തുടങ്ങി പിന്നാലെ. അത് താമസച്ചെലവിലും അത് കിട്ടാനുള്ള പ്രയാസത്തിലുമാണ്. ജർമ്മനിയിൽ വിദ്യാർത്ഥികൾ തെരുവിലിറങ്ങിയത് നിർബന്ധിത സൈനിക സേവനത്തിനെതിരെയാണ്. അൽബേനിയൻ വിദ്യാർത്ഥികളുടെ പ്രതിഷേധം നേരത്തെയുള്ള സർക്കാർ വിരുദ്ധതയുടെ പേരിലാണ്. സെർബിയയിൽ അലക്സാണ്ടർ വൂസികിനെതിരെ തുടങ്ങിയ പ്രതിഷേധം യുവതലമുറ മത്സരരരംഗത്തിറങ്ങിയതിൽ എത്തിനിൽക്കുന്നു. വൂസിക് പുറത്താകുമെന്നാണ് സംശയം. അങ്ങനെയെങ്കിൽ അത് യൂറോപ്പിനെ തന്നെ ബാധിക്കുന്നതാവും. പക്ഷേ, അതൊക്കെ പീന്നീട് വരുന്നത്. ഇത്രയും പറഞ്ഞത് പ്രതിഷേധങ്ങൾ ഫ്രാൻസിൽ തുടങ്ങിയത് അവിടെ അവസാനിച്ചില്ല എന്ന് വ്യക്തമാക്കാനാണ്.

പ്രതിഷേധത്തിന്റെ കാരണങ്ങൾ നിലവിലുള്ളതാണ്, പക്ഷേ, അത് അക്രമത്തിലേക്ക് വഴിമാറിയത് വളരെ പെട്ടെന്ന്. അപകടകരമായ വഴിമാറ്റം. ഇറ്റലിയിൽ കൗമാരക്കാർ മാസ്കിട്ടിറങ്ങിയത് ടിക്ടോകിലൂടെ വന്ന ആഹ്വാനമനുസരിച്ചാണ്.

വ്യാഖ്യാനങ്ങൾ പലതാണ്. ഒരു തലമുറയുടെ ആശങ്കകൾ, ഒരിടത്തെ കാഴ്ചകൾ മറ്റൊരു രാജ്യത്തെ യുവാക്കൾക്ക് കനലായി, മറ്റൊരു പ്രശ്നത്തിന്റെ പേരിലാണെങ്കിലും സമരം തുടങ്ങി. അങ്ങനെ പല രാജ്യങ്ങളിലേക്ക്, പല പ്രായക്കാരുമിറങ്ങി, ഇറ്റലിയിലെ ലോറിഡ്രൈവർമാരെപ്പോലെ. അവരവരുടെ പ്രശ്നങ്ങളുമായി. ഇതിനൊക്കെ ഒരു ഏകീകൃത സ്വഭാവമുണ്ടെന്ന തോന്നലുണ്ടായി, പല കോണുകളിലും.

തീവ്ര ഇടതിനെ കുറ്റം പറഞ്ഞു യൂറോപ്പിലെ നേതാക്കൾ, തീവ്ര വലത് അതെല്ലാം ഏറ്റെടുത്തു, കലാപം അവർക്ക് ഭരണകൂടത്തിനെതിരായ ആയുധമായി. ലിബറലുകളുടെ വഴിവിട്ട ലിബറലിസത്തിനുനേർക്ക് വിരൽ ചൂണ്ടി ഒരു വലിയ പക്ഷം. യൂറോപ്പിന്റെ അഭയാർത്ഥിനയം തിരിച്ചടിക്കുന്നു, എല്ലാം തെറ്റിപ്പോയി എന്ന് കുറ്റപ്പെടുത്തി. ഇതൊന്നുമല്ല, എല്ലാം സാമ്പത്തികം എന്ന് വ്യാഖ്യാനിച്ചു വേറൊരു വിഭാഗം. ഫ്രാൻസിൽ കണ്ട പലസ്തീൻ പതാകകളും വിവാദമായി. ഫ്രാൻസിലെ സ്കൂളുകളും പലസ്തീനും തമ്മിലെന്തുബന്ധം എന്നായി ചോദ്യം. യൂറോപ്പിലെ തന്നെ അഭയാർത്ഥികൾ എതിരെ പ്രതികരിച്ചു സോഷ്യൽ മീഡിയയിലൂടെ.

ചർച്ചയായി ASRA NOMANI -യുടെ റിപ്പോർട്ട്

യൂറോപ്പിലാകെ പടർന്ന കലാപം ഒരൊറ്റ ആഗോള ശൃംഖല ചരടുവലിച്ചത് അനുസരിച്ചാണെന്ന് റിപ്പോർട്ട് ചെയ്തത് FOX NEWS ആണ്. 13 രാജ്യങ്ങളിലായി പടർന്നുകിടക്കുന്ന 101 സംഘടനകൾ. പ്രതിഷേധം ഏകോപിപ്പിക്കുന്നതും, സംഘടിപ്പിക്കുന്നതും കലാപമാക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നതും ഇവരാണെന്നാണ് ASRA NOMANI എന്ന മാധ്യമപ്രവർത്തകയുടെ റിപ്പോർട്ട്.

അതിൽ കമ്മ്യൂണിസ്റ്റ്, സോഷ്യലിസ്റ്റ് സംഘടനകളും, തൊഴിലാളി സംഘടനകളും വിദ്യാർത്ഥി സംഘടനകളും പൗരാവകാശ സംഘടനകളും മാധ്യമങ്ങളും ഉൾപ്പെടുന്നു എന്നാണ് നൊമാനിയുടെ റിപ്പോർട്ട്. മുമ്പും ഫോക്സ് ന്യൂസ് ഇതേപോലെ ഒരു നെറ്റ്‍വർക്കിനെക്കുറിച്ച് റിപ്പോർട്ടു ചെയ്തിട്ടുണ്ട്. ഇത്തവണ ഫ്രാൻസിലെയും ഇന്ത്യയിലെയും പ്രതിഷേധങ്ങളെ ബന്ധിപ്പിക്കുന്ന ചില സോഷ്യൽ മീഡിയ പോസ്റ്റുകളും ഉദ്ധരിച്ചാണ് നൊമാനിയുടെ റിപ്പോർട്ട്.

NEVILLE ROY SINGHAM എന്ന യു.എസ് ടെക് ഭീമന്റെ പങ്കും എടുത്തുപറയുന്നു ഫോക്സ് റിപ്പോർട്ടിൽ. ശ്രീലങ്കൻ കുടിയേറ്റക്കാരുടെ മകനാണ് സിങ്കം. ചൈനയിലാണ് താമസം. അയാളുടെ ഫണ്ടിംഗ് കിട്ടുന്ന സന്നദ്ധസംഘടനയുമായി ബന്ധമുള്ളൊരു സംഘടനയ്ക്ക്, ഇന്ത്യയിലേയും ഫ്രാൻസിലേയും പ്രതിഷേധങ്ങളുമായി ബന്ധമുണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

CODEPINK, BREAKTHROUGH NEWS, INDIAN ALIANCE PARIS അങ്ങനെ പല സംഘടനകളുടെ പേരും പറയുന്നു റിപ്പോർട്ടിൽ. സിങ്കം അന്താരാഷ്ട്രതലത്തിൽ പല സംഘടനകൾക്കും ഫണ്ട് നൽകുന്നുണ്ട്. സാമൂഹിക രാഷ്ട്രീയ വിഷയങ്ങളടക്കം ഏറ്റെടുക്കുന്ന സംഘടനകൾക്ക് പ്രത്യേകിച്ച്. ഇന്ത്യയിലെ NEWSCLICK -ന് സിങ്കം ഫണ്ടിംഗ് നൽകിയെന്നതായിരുന്നു അതിന്റെ സ്ഥാപകൻ പ്രബീർ പുർകായസ്തയുടെ അറസ്റ്റിലെത്തിച്ചത്. ചൈനീസ് താൽപര്യങ്ങൾ നടപ്പാക്കാൻ വേണ്ടി ഫണ്ടിംഗ് നൽകിയെന്നതായിരുന്നു ആരോപണം. അമേരിക്കൻ കോൺഗ്രസും സിങ്കവുമായി ബന്ധമുള്ള സംഘടനകളിൽ അന്വേഷണം നടത്തുന്നുണ്ട്. ചൈനീസ് സ്വാധീനസംശയം തന്നെയാണ് കാരണം. മൂന്ന് സംഘടനകൾക്ക് സമൻസും നൽകി. PEOPLES FORUM, BREAKTHROUGH NEWS, TRICONTINENTAL. ഈ സംഘടനകളിൽ പലതും ഇന്ത്യ ഫ്രാൻസ് പ്രതിഷേധത്തെക്കുറിച്ച് സോഷ്യൽ മീഡിയ പോസ്റ്റുമിട്ടിട്ടുണ്ട്. മറ്റൊരു സംഘടന, അതിൽ ബ്രീഫിംഗും നടത്തി.

ഇടത് സംഘടനകളുടെ ഇടപെടൽ ഫ്രാൻസിലെ പ്രതിഷേധത്തിൽ ഉന്നയിക്കപ്പെടുന്നുണ്ട്. കുടിയേറ്റക്കാരെ കുറ്റപ്പെടുത്തിയ അമേരിക്കൻ പ്രസി‍ഡന്റിനെ തിരുത്തിയ പ്രസിഡന്റ് മക്രോൺ തീവ്ര ഇടതിനെയാണ് കുറ്റപ്പെടുത്തിയത്. വിദ്യാർത്ഥികളുടെ പ്രതിഷേധം ഇടതുമായി ബന്ധമുള്ള യൂണിയനുകളും രാഷ്ട്രീയ സംഘടനകളും ഏറ്റെടുത്തു എന്നാണ് ഇന്റലിജൻസ് റിപ്പോർട്ടും. 3000 കടകളും വ്യവസായസ്ഥാപനങ്ങലും കൊള്ളയടിക്കപ്പെട്ടു എന്നാണ് കണക്ക്. അതിലേറിയ പങ്കും ഉടൻതന്നെ ഓൺലൈനിൽ വിൽപനയ്ക്കു വച്ചു യുവാക്കളായ കൊള്ളക്കാർ. മുഖം മറയ്ക്കാൻ പോലും മിനക്കെടാതെ.

പരസ്പരം പഴിചാരി രാഷ്ട്രീയപ്പാർട്ടികൾ

ഫ്രാൻസിലെ തീവ്ര ഇടത് ഇതെല്ലാം നിഷേധിക്കുന്നു. LFI നേതാവായ JEAN LUC MELENCHON ആദ്യദിവസത്തെ പ്രതിഷേധത്തിൽ പങ്കെടുത്തിരുന്നു. സെപ്തംബറിൽ സ്കൂൾവിദ്യാർത്ഥികൾ തുടങ്ങിയ പ്രതിഷേധത്തിൽ LFI നേതാക്കൾ പങ്കെടുക്കുന്നുണ്ടായിരുന്നു.

പരസ്പരം കുറ്റപ്പെടുത്തുകയാണ് രാഷ്ട്രീയ പാർട്ടികൾ. പ്രതിഷേധവും വഴിവിട്ട അക്രമവും തീവ്രവലതിനാണ് നേട്ടമായത്. സർക്കാർ സംവിധാനങ്ങളുടെ പരാജയം, സർക്കാരിന്റെ കുടിയേറ്റ നയത്തിന്റെ പരാജയം എന്ന് ആരോപിക്കുന്നു തീവ്ര വലതുനേതാവായ MARINE LU PEN. അതിർത്തികൾ അടക്കൂ എന്ന് ഉറക്കെ പറയുന്നു. തീവ്ര ഇടതിനെ പഴിക്കുന്നു. അഭിപ്രായ സർവേകളിൽ മുന്നിലാണ് പെൻ. ആറുമാസം കഴിഞ്ഞാൽ തെരഞ്ഞെടുപ്പാണ് രാജ്യത്ത്.

പ്രതിഷേധത്തിൽ കണ്ട പലസ്തീൻ പതാകകളിലും ആശയക്കുഴപ്പമുണ്ട് പല കോണുകളിലും. അതാണ് മറ്റൊരു വിവാദം. ഫ്രാൻസിലെ അടിസ്ഥാന പ്രശ്നങ്ങളിൽ പലസ്തീൻ പതാക എവിടെനിന്ന് എന്ന ചോദ്യം പ്രസക്തം. ഈഫൽടവറിലെ പലസ്തീൻ പതാക എഐ ആണെന്ന് ഫാക്ട്ചെക്കുകൾ പറയുന്നു. അതേസമയം, മറ്റ് പലയിടത്തും പലസ്തീൻ പതാക പാറി എന്നത് വാർത്താ ഏജൻസികളും സമ്മതിക്കുന്നു.

വ്യവസ്ഥിതിയേയും സ്ഥാപനങ്ങളേയും എതിർക്കുന്ന തീവ്ര ഇടത് എല്ലാത്തരം സംഘർഷങ്ങളേയും മുതലെടുക്കാൻ ശ്രമിക്കുന്നതുപോലെ ഈ പ്രതിഷേധവും മുതലെടുത്തു എന്നാണ് സർക്കാർ വ്യാഖ്യാനം. പക്ഷേ, അതിനൊപ്പം മറ്റുചിലതുകൂടി ചേർത്തുവയ്ക്കുന്നു കുടിയേറ്റ വിരുദ്ധർ.

മതപരമായ ആധിപത്യത്തിനുള്ള ഇസ്ലാമിക വാദികളുടെ ശ്രമം കൂടിയാണ് നടക്കുന്നതെന്നാണ് അവരുടെ വ്യാഖ്യാനം. ലക്ഷ്യം രണ്ടെങ്കിലും ശത്രു ഒന്ന്. തെരഞ്ഞെടുക്കപ്പെട്ട സർക്കാർ.

YouTube video player

രണ്ടുകൂട്ടരും കൈകോർത്ത ചരിത്രമുണ്ട്, ഇറാനിലെ ഇസ്ലാമിക വിപ്ലവകാലത്ത് ഖൊമൈനിയെയും ഇസ്ലാമിക വാദികളേയും പിന്തുണച്ചു തീവ്ര ഇടത്, പക്ഷേ, അധികാരത്തിലേറിയതോടെ ഖൊമൈനി ഇടത് ചായ്വുള്ളവരെപ്പോലും തടവിലാക്കി, വധിച്ചു.

ഈ സഖ്യം യൂറോപ്പിലുമുണ്ടായിരിക്കുന്നു എന്നാണ് കുടിയേറ്റ വിരുദ്ധരുടെ പക്ഷം. അഭയാർത്ഥികൾക്കായി വാതിൽ തുറന്ന, അവരെ കൈനീട്ടി സ്വീകരിച്ച ഫ്രാൻസ് പോലെയുളള രാജ്യങ്ങൾക്ക് അവരുടെ MULTICULTURAL നയം പാളുകയാണ് എന്നും.

പക്ഷേ, ഫ്രാൻസിലെ സർക്കാർ കുടിയേറ്റക്കാരെ കുറ്റപ്പെടുത്തുന്നില്ല തൽകാലം. ഫ്രാൻസിൽ പ്രതിഷേധങ്ങൾ അന്യവുമല്ല. ചിലതൊക്കെ അക്രമത്തിലവസാനിച്ചിട്ടുമുണ്ട് കളക്ടിവ് ഐഡന്റിന്റിയും രാഷ്ട്രീയ സമൂഹവും വാർത്തെടുക്കാൻ പ്രതിഷേധം ആവശ്യമാണെന്ന പക്ഷക്കാരാണ് നിരീക്ഷകരും.

പക്ഷേ, ഇത്തവണ വ്യാഖ്യാനങ്ങൾ പലതാണെന്നതാണ് പ്രശ്നം. യൂറോപ്പിലാകെ അക്രമം പടരുന്നുവെന്ന പ്രചാരണവും യൂറോപ്പ് അസ്ഥിരമാകുന്നുവെന്ന പ്രചാരണവും മറ്റ് പല ലക്ഷ്യങ്ങൾ കണ്ടിട്ടാണെന്ന സംശയം കൂടിയാകുമ്പോൾ പ്രശ്നം ഗുരുതരമാകുന്നു ഇത്തവണ. ഭിന്നതകൾക്ക് ആഴംകൂട്ടി, ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള ശ്രമം എന്ന് വ്യാഖ്യാനമുണ്ട്. അത് മുതെലടുക്കാൻ പല ശക്തികളുമുണ്ടെന്നതും വസ്തുതയാണ്. രാഷ്ട്രീയ ശക്തികളടക്കം.