
അമേരിക്കയിലെ ഇടക്കാല തെരഞ്ഞെടുപ്പ് നവംബർ 3 -നാണ്. ഇടക്കാല തെരഞ്ഞെടുപ്പെന്നാൽ ജനപ്രതിനിധിസഭയിലേക്കും സെനറ്റിലെയും സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ്. രണ്ടാമൂഴം തുടങ്ങുമ്പോൾ ഡോണൾഡ് ട്രംപിന്റെ ജനപ്രീതി 50 ശതമാനം. ഇപ്പോഴത് 32 ശതമാനമെന്നാണ് റോയിട്ടേഴ്സ് സർവേ. കാരണങ്ങളൊരുപാടുണ്ട് താനും. അതിലാണ് ഡമോക്രാറ്റുകളുടെ പ്രതീക്ഷ. റിപബ്ലിക്കൻ പാർട്ടിയുടെ പേടിയും.
435 സീറ്റുകളാണ് ജനപ്രതിനിധിസഭയിലുള്ളത്. സെനറ്റിൽ 100 സീറ്റും. ജനപ്രതിനിധി സഭാംഗങ്ങളുടെ കാലാവധി രണ്ടുവർഷമാണ്. അതുകൊണ്ട് ഇത്തവണ എല്ലാ സീറ്റുകളിലേക്കും വോട്ടെടുപ്പ് നടക്കും. ഭൂരിപക്ഷത്തിന് വേണ്ടത് 218 സീറ്റ്. റിപബ്ലിക്കൻ പാർട്ടിക്കുള്ളത് കഷ്ടിയാണ്, 219. ഓരോ പാർട്ടികൾക്കും ഉറപ്പുള്ള സീറ്റുകളുണ്ട്. ഡമോക്രാറ്റുകൾക്ക് ഉറപ്പുള്ളത് 185 സീറ്റ്. റിപബ്ലിക്കൻ പാർട്ടിക്ക് 174 സീറ്റ്. 21 എണ്ണത്തിലേക്ക് കടുത്ത മത്സരം നടക്കും. രണ്ടുകൂട്ടരിലേക്കും ചായ്‍വുള്ള സീറ്റുകളുണ്ട്. സാധ്യതയുള്ള സീറ്റുകളുമുണ്ട്. സാധ്യതയുള്ളവയിൽ 5 എണ്ണത്തിൽ വിജയിച്ചാൽ ഡമോക്രാറ്റുകളുടെ നിയന്ത്രണത്തിലാവും സഭ എന്നാണ് വിലയിരുത്തൽ. ഇടക്കാല തെരഞ്ഞെടുപ്പിൽ ജനപ്രതിനിധിസഭ ഭരണവിരുദ്ധമാകാറാണ് പതിവ്.
100 സീറ്റാണ് സെനറ്റിൽ. ആറുവർഷത്തിലൊരിക്കലാണ് സെനറ്റിൽ തെരഞ്ഞെടുപ്പ്. രണ്ടുവർഷത്തിലൊരിക്കൽ മൂന്നിലൊന്ന് സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് നടക്കും. 51 ആണ് ഭൂരിപക്ഷത്തിന് വേണ്ടത്. 53 ഉണ്ട് റിപബ്ലിക്കൻ പാർട്ടിക്ക്. ഡമോക്രാറ്റുകൾക്ക് 45 ഉം. ഇത്തവണ 35 ലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുക. ഏഴെണ്ണത്തിലാണ് അനിശ്ചിതത്വം. സാധ്യതയും ചായ്‍വും വേറെ. ഡമോക്രാറ്റുകൾക്ക് ഭൂരിപക്ഷം നേടുന്നത് എളുപ്പമല്ലെന്നാണ് വിലയിരുത്തൽ. അനിശ്ചിതത്വമുള്ള 7 സീറ്റിൽ 6 ഉം ഇപ്പോൾ റിപബ്ലിക്കൻ പാർട്ടിക്കാണ്. അതിൽ നാലും നേടി, സാധ്യതാ സീറ്റുകളിൽ 4 കൂടി നേടിയാൽ ഡമോക്രാറ്റുകൾക്ക് 51 ആകും.
അപ്രതീക്ഷിത കുതിപ്പുകളാണ് പലപ്പോഴും ട്രംപിനെ സഹായിച്ചിട്ടുള്ളത്. ഫണ്ടിന്‍റെ കാര്യത്തിൽ മേൽക്കൈയുമുണ്ട്. 600 മില്യൻ പാർട്ടി ഫണ്ട്, 'Make America Great Again' -എന്ന ഫണ്ട് ശേഖരണസംഘത്തിന്‍റെ കൈയിൽ 400 മില്യൻ. ഡമോക്രാറ്റുകൾക്ക് ആകെയുള്ളത് 400 മില്യനാണ്. പക്ഷേ ഇത്തവണ, റിപബ്ലിക്കൻ പാർട്ടി നേരിടുന്നത് മറ്റ് ചില ചോദ്യങ്ങളാണ്. ജനപ്രീതി ഇടിയുന്ന, അവസാനിക്കാത്തൊരു യുദ്ധത്തിലേക്ക് രാജ്യത്തെ വലിച്ചിഴച്ച പ്രസിഡന്‍റിനൊപ്പം നിൽക്കണോയെന്ന ചോദ്യം. ഇടക്കാല തെരഞ്ഞെടുപ്പ് ഫലങ്ങൾ എപ്പോഴും ഭരണപക്ഷത്തിനെതിരാവുന്നതാണ് രീതി. അതിൽ അത്ഭുതമില്ല. പക്ഷേ, രണ്ടുവർഷം കൂടി കഴിയുമ്പോൾ പ്രസിഡന്‍റ് തെരഞ്ഞെടുപ്പാണ്. ഇപ്പോൾ ട്രംപിനെ പിന്തുണച്ചാൽ അത് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് തിരിച്ചടിയാവുമോയെന്ന സംശയം കാര്യമായുണ്ടെന്നാണ് റിപ്പോർട്ടുകൾ. ട്രംപിന് മത്സരിക്കാനാവില്ലെങ്കിലും, ഇപ്പോൾ നൽകുന്ന പിന്തുണ, പിന്നീടുള്ള തെരഞ്ഞെടുപ്പിന് ഡമോക്രാറ്റിക് പാർട്ടിയെ സഹായിക്കുമോയെന്നാണ് സംശയം. സാമ്പത്തിക സ്ഥിതിയിലെ ചില കണക്കുകൾ അനുകൂലമാണ്, ഓഹരി വിപണി, കുറഞ്ഞ ദാരിദ്ര്യത്തോത്. പക്ഷേ, നാണ്യപ്പെരുപ്പം, ഇന്ധനവില, ഭക്ഷ്യവിലക്കയറ്റം, ജീവിതച്ചെലവ് എല്ലാം കൂടുകയാണ്. ആരോഗ്യപരിരക്ഷയ്ക്കും ചെലവ് കുത്തനെയാണ്. പക്ഷേ, അതിനെ സംബന്ധിക്കുന്ന വാർത്തയെല്ലാം ഫേക് എന്ന് പറഞ്ഞ് തള്ളുന്നതാണ് പ്രസിഡന്‍റിന്‍റെ രീതിയെന്ന് മാത്രം.
ജീവിതച്ചെലവ് കുറയ്ക്കും. അഫോഡബിൾ ലിവിംഗ് എന്നതായിരുന്നു 2024 -ലെ ട്രംപിന്‍റെ പ്രചാരണവാക്യം. അതുണ്ടായിട്ടില്ലെന്ന് ചുരുക്കം. ചുങ്കങ്ങളും, കുടിയേറ്റനിയമം അടിച്ചേൽപ്പിക്കുന്നതും ഇറാൻ സംഘർഷവും ജനങ്ങൾ അംഗീകരിക്കുന്നില്ല. രജിസ്റ്റേഡ് വോട്ടർമാരിൽ മൂന്നിലൊന്ന് പേർ മാത്രമേ പ്രസിഡന്‍റിനെ പിന്തുണക്കുന്നുള്ളൂ. പത്തിൽ 8 പേരും ജീവിതച്ചെലവും ആരോഗ്യപരിരക്ഷയുടെ ചെലവും കൂടുന്നതിൽ അതൃപ്തരാണ്. 44 ശതമാനം പേർ ഡമോക്രാറ്റുകളെ പിന്തുണയ്ക്കുന്നുവെന്ന് റോയിട്ടേഴ്സ് പറയുന്നു.
മറ്റൊരു ആശങ്കകൂടിയുണ്ട് ഇത്തവണ. എഐ. ഡേറ്റാ സെന്‍ററുകൾക്കെതിരെ പല സംസ്ഥാനങ്ങളിലും കടുത്ത പ്രതിഷേധമാണ്. സംസ്ഥാന സർക്കാരുകളും ജനങ്ങൾക്കൊപ്പം നിൽക്കുന്നു. എഐയിൽ പിന്നോട്ട് പോകാൻ പറ്റില്ല, ചൈന മുന്നിലെത്തുമെന്ന പ്രസിഡന്‍റിന്‍റെ നിലപാട് അംഗീകരിക്കാത്ത വലിയൊരു വിഭാഗമുണ്ട്. പരിസ്ഥിതി ആഘാതം മാത്രമല്ല, എഐ സാങ്കേതിക വിദ്യയുടെ അനിയന്ത്രിത വികസനവും ജനത്തിന് താൽപര്യമില്ല. ഒക്കെ കൂടിയാവുമ്പോൾ, ട്രംപിനെ പിന്തുണക്കണോവെന്ന ചോദ്യം റിപബ്ലിക്കൻ അംഗങ്ങളെ അലട്ടുന്നു. അതേസമയം , പ്രസിഡന്‍റിനെ എതിർക്കുന്നതും പ്രത്യാഘാതമുണ്ടാക്കും. തെരഞ്ഞെടുപ്പ് രംഗത്തുതന്നെ. തന്നെ മാത്രം കേന്ദ്രീകരിച്ച് നീങ്ങുന്ന പ്രസിഡന്‍റിന്‍റെ നയം തിരിച്ചടിക്കുമെന്ന് ഭയമുണ്ട് താനും.
ഉറച്ച റിപബ്ലിക്കൻ സീറ്റുകളിൽ പോലും ഇത്തവണ പതറുമെന്ന ആശങ്ക പൊതുവായുണ്ട്. മിഡ് വെസ്റ്റിൽ പ്രത്യേകിച്ചും. പൊതുമധ്യത്തിൽ പ്രസിഡന്‍റും സഭാ സ്പീക്കർ മൈക്ക് ജോൺസനും അടക്കമുള്ളവർ കണക്കുകൾ തള്ളിക്കളയുന്നു. പക്ഷേ, വാർത്താ ഏജൻസി റിപ്പോർട്ടനുസരിച്ച് മൂന്നിൽ രണ്ട് റിപബ്ലിക്കൻ സ്ഥാനാർത്ഥികളും ട്രംപിനെ പരസ്യമായി പിന്തുണക്കുന്നതിൽ നിന്ന് വിട്ടുനിൽക്കുകയാണ്. പൊതുവേ എതിർക്കുകയല്ല. ഓരോ നയങ്ങളിൽ എതിർക്കുന്നതാണ് രീതി. ഇറാൻ നയം ഒന്ന്. ട്രംപിന്‍റെ യുദ്ധാധികാരം പരിമിതപ്പെടുത്തുന്നതിൽ വോട്ടെടുപ്പ് വരെ നടന്നു. ഡേറ്റാ സെന്‍റർ പദ്ധതി മറ്റൊന്ന്. വേഗം കുറയ്ക്കണമെന്ന ആവശ്യവും വിമർശനവും സ്ഥാനാർത്ഥികൾ ഉന്നയിക്കുന്നുണ്ട്. ജനപ്രീതിയിലെ കനത്ത ഇടിവ്, വോട്ടർമാരുടെ പിന്തുണ കുറയുന്നത്. എല്ലാം ഘടകങ്ങളാണ്.
പക്ഷേ, സഭ നഷ്ടപ്പെടും, സെനറ്റെങ്കിലും നിലനിർത്തണമെന്നതാണ് പാർട്ടിയിലെ പൊതുപക്ഷമെന്നാണ് പൊളിറ്റിക്കോ റിപ്പോർട്ട്. ഇതൊക്കെയാണെങ്കിലും നേരത്തെ പറഞ്ഞതുപോലെ അപ്രതീക്ഷിത മുന്നേറ്റങ്ങൾ ട്രംപിന്‍റെ പതിവാണ്. ഇടക്കാല തെരഞ്ഞെടുപ്പുകളിൽ പ്രസിഡന്‍റിന്‍റെ പാർട്ടി പരാജയപ്പെടുന്നതും സാധാരണയാണ്.