
റഷ്യയെന്ന ഗോലിയാത്തിനോട് പൊരുതുന്ന യുക്രൈയ്ന്‍റെ യുദ്ധ തന്ത്രങ്ങൾ പലപ്പോഴും അമ്പരപ്പിക്കുന്നതാണ്. യുദ്ധവും വിനാശവും അല്ലായിരുന്നു സാഹചര്യമെങ്കിൽ 'കൗതുകകരം' എന്ന വിശേഷണം യോജിച്ചേനെ. റഷ്യ അധിനിവേശം തുടങ്ങിയ കാലത്ത് യുക്രൈയ്നിലെ ജനങ്ങൾ തന്നെ ഇറങ്ങി ചെറുത്തു. വീടുകളിലുണ്ടാക്കിയ മൊളോടോവ് കോക്ടെയിലുകൾ (പെട്രോൾ ബോംബുകൾക്ക് സമാനമായ ആയുധം - Molotov cocktails). ഇപ്പോഴത് മീൻപിടിക്കുന്ന വലകളായി മാറിയിരിക്കുന്നു.
അന്ന് യുക്രൈയ്ൻ ജനറലിന്‍റെ ട്വിറ്റർ അക്കൗണ്ടിൽ വന്നത് മൊളോടോവ് കോക്ടെയിലിന് വേണ്ടുന്ന സാധനങ്ങളും അവയുടെ അളവുകളും റഷ്യൻ ടാങ്കിന്‍റെ ഏതുഭാഗത്ത് കൊണ്ടാലാണ് ആഘാതം കൂടുക എന്നതുമായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. പലയിടത്തും ബിൽ ബോർഡുകൾ പ്രത്യക്ഷപ്പെട്ടു. വിനോദസഞ്ചാര പാക്കേജിന്‍റെ ബിൽ ബോഡുകൾ. യുക്രൈയ്ൻ കണ്ട് മരിച്ച് വീഴുന്നു, കോക്ടെയിലുൾപ്പടെ പാക്കേജിന്‍റെ ഭാഗമെന്ന രീതിയിൽ.
(Molotov cocktails))
പണ്ട് കാലത്തെ പല യുദ്ധ മുന്നണികളിലും മൊളോടോവ് കോക്ടെയിലുകൾ ഉപയോഗിച്ചിട്ടുണ്ടെന്നാണ് ചരിത്രം. യുക്രൈയ്നിൽ തന്നെ, യാനുകോവിച്ചിനെ പുറത്താക്കാൻ നടന്ന പ്രതിഷേധത്തിൽ മൊളോടോവ് കോക്ടെയിലുകൾ ഇടംപിടിച്ചിരുന്നു. 2022 -ൽ 2014 ആവർത്തിച്ചു. പരസ്പരം സഹായിച്ചും ആയുധങ്ങൾ നിർമ്മിച്ചും റഷ്യയെ ചെറുത്തും സാധാരണക്കാരും രാജ്യത്തിന് വേണ്ടി പോരാടി. അതിശൈത്യവും ലോജിസ്റ്റിക്സ് പിഴവുകളും റഷ്യൻ സൈന്യത്തിന് തിരിച്ചടിയായെങ്കിലും പതുക്കെ യുദ്ധം രൂക്ഷമായി. അപ്പോഴേക്കും ഡ്രോണുകളായി യുക്രൈയ്ന്‍റെ ആയുധം. പ്രമുഖരായ, സുരക്ഷിതർ എന്ന് കരുതിയിരുന്ന 11 സൈനിക മേധാവികൾ നഷ്ടമായി റഷ്യക്ക്. 'സ്പൈഡേഴ്സ് വെബ്' (Spider's web) പോലെ മറ്റ് ആക്രമണങ്ങൾ വേറെ.
ഇപ്പോഴത്തെ യുക്രൈയ്ന്‍റെ ഒരായുധം മീൻപിടിക്കുന്ന വലകളാണ്. മീൻ പിടിക്കാനല്ല, റഷ്യൻ ഡ്രോണുകളെ കുരുക്കാനാണ് വലകൾ. യുക്രൈയ്ന്‍റെ കിഴക്ക്, പതുക്കെ പതുക്കെ ഓരോരോ ഗ്രാമങ്ങളും പട്ടണങ്ങളും കീഴടക്കി മുന്നേറുകയാണ് റഷ്യൻ സൈന്യം. ഡോണ്‍ബാസ് (Donbas) മേഖലയുടെ ബാക്കിയുള്ള പ്രദേശങ്ങളും പിടിച്ചെടുക്കാനാണ് റഷ്യയുടെ ശ്രമം. റഷ്യയുടെ ഇറാൻ നിർമ്മിത ഡ്രോണുകളാണ് യുക്രൈയ്ന്‍റെയും തലവേദന. അനങ്ങുന്ന എന്തിനെയും ആക്രമിക്കുന്ന ഡ്രോണുകൾ ആകാശത്ത് പറന്ന് നടക്കുകയാണ്. അതുകൊണ്ട് കിഴക്കൻ മേഖലയിൽ പലയിടത്തും ഇപ്പോൾ വലവിരിച്ചിരിക്കുകയാണ് യുക്രൈയ്ൻ.
സൈനിക പോസ്റ്റുകളിലും ചെക് പോയിന്‍റുകളിലും വല വിരിച്ച് കെട്ടിവച്ചിരിക്കുന്നു. ഉദ്ദേശം പാഞ്ഞെത്തുന്ന ഡ്രോണുകളെ വലയ്ക്കുള്ളിലാക്കുക. പെട്ടുപോയാൽ തീർന്നു. പ്രൊപ്പല്ലറുകൾ വലയിൽ കുരുങ്ങി ഡ്രോണിന്‍റെ കഥ കഴിയും. ജാമറുകളെ ചെറുക്കുന്ന ഫൈബർ ഓപ്ടിക് ഡ്രോണുകളെ കുരുക്കാൻ ചെലവ് കുറഞ്ഞ എളുപ്പമുള്ള വഴിയാണ് വലവിരിക്കൽ. ഈ വിദ്യ റഷ്യൻ സൈന്യവും ആദ്യം ഉപയോഗിച്ചിരുന്നു. യുക്രൈയ്നിയൻ ക്വാഡ്കോപ്റ്റേഴ്സിനെ കുരുക്കാൻ. യുക്രൈയ്ൻ പക്ഷേ, അത് പലപടി മുന്നിലേക്ക് കൊണ്ടുപോയി. യുക്രൈയ്ൻ യുദ്ധം, പലതരത്തിലും യുദ്ധത്തെ പുനർനിർവചിച്ചിരിക്കുന്നു. യുദ്ധ മുഖത്ത് ഡ്രോണുകൾ പ്രധാന ആയുധമാകുന്നത് ഈ യുദ്ധത്തോടെയാണ്.