ആയുധം ഉപേക്ഷിച്ച് കുർദ്ദുകൾ പക്ഷേ, തുര്‍ക്കി വാക്ക് പാലിക്കുമോ ?

Published : Jul 17, 2025, 07:47 PM ISTUpdated : Jul 17, 2025, 07:48 PM IST
 Kurdish soldiers Abandoning weapons but will Turkish word be honored

Synopsis

രാജ്യമില്ലാത്ത, അനേകം രാജ്യങ്ങളിലായി ചിതറിക്കിടക്കുന്ന ജനത. പതിറ്റാണ്ടുകൾ നീണ്ട അവരുടെ പ്രതിരോധം അവസാനിപ്പിച്ചിരിക്കുന്നു. പക്ഷേ, തുര്‍ക്കി വാക്ക് പാലിക്കുമോ? വായിക്കാം ലോകജാലകം. 

 

1980 -കളിൽ സ്വതന്ത്ര കുർദ് സംസ്ഥാനത്തിനായി തുടങ്ങിയ സമരം ഒടുവില്‍ തോക്കുകൾ കത്തിച്ച് കൊണ്ട് കുർദ്ദ് പോരാളികൾ തന്നെ അവസാനിപ്പിച്ചിരിക്കുകയാണ്. തുർക്കിയിലെ ഏറ്റവും വലിയ ന്യൂനപക്ഷം. ഇറാഖിലും സിറിയയിലും ഇറാനിലുമുണ്ട് കുർദ്ദുകൾ. തുർക്കിയിലെ മലനിരകളിൽ താമസിച്ച് കൊണ്ടാണ് കുദ്ദുകൾ സ്വയംഭരണത്തിനായി പട നയിച്ചത്. സിറിയയിലെ കുർദ്ദുകളെ കൊന്നൊടുക്കാനാണ് എർദോഗൻ അതിർത്തി കടന്ന് ആക്രമണങ്ങൾ നടത്തിയത്. ഇറാഖിലും സിറിയയിലും അമേരിക്കയ്ക്കൊപ്പം ഇസ്ലാമിക് സ്റ്റേറ്റിനെതിരായി കുദുകൾ പോരാടി. പക്ഷേ, കാര്യം കഴിഞ്ഞപ്പോൾ അമേരിക്ക അവരെ കൈവിട്ടുവെന്നത് ചരിത്രം. അവരാണിപ്പോൾ നേതാവിന്‍റെ ആഹ്വാനമനുസരിച്ച് തോക്കുകൾ താഴെവച്ച് കീഴടങ്ങിയത്. എങ്കിലും അവ്യക്തതകൾ ഒരുപാടുണ്ട്. കീഴടങ്ങിയവർക്ക് എന്ത് സംഭവിക്കും എന്നതുൾപ്പടെ. പികെകെ എന്ന അവരുടെ സംഘടന അമേരിക്കയുടെ ഭീകരവാദപ്പട്ടികയിലുണ്ട്. അപ്പോൾ ഇനിയെന്ത് എന്ന ചോദ്യത്തിന് ഒരുപാട് അർത്ഥങ്ങളുണ്ട്.

രാജ്യമില്ലാത്ത ജനത

സ്വന്തം രാജ്യമില്ലാത്തെ ഏറ്റവും വലിയ ജനവിഭാഗങ്ങളിലൊന്നാണ് കുർദ്ദുകൾ. 35 മില്യനോളമാണ് എണ്ണം. സ്വതന്ത്ര കുർദ്ദിസ്ഥാൻ എന്ന ആവശ്യത്തിന് ഓട്ടോമെൻ സാമ്രാജ്യപതനത്തോളം പഴക്കമുണ്ട്. പക്ഷേ, അത് അംഗീകരിച്ച ധാരണക്ക് പകരം പുതിയൊരു ധാരണ നിലവിൽ വന്നപ്പോൾ അതിൽ, കുർദ്ദുകളുടെ ആവശ്യത്തിന് മാത്രം സ്ഥാനമുണ്ടായില്ല. അങ്ങനെയവർ രാജ്യമില്ലാത്ത ജനതയായി തുടർന്നു. സിറിയ, ഇറാഖ്, ഇറാൻ, തുർക്കി എന്നിവിടങ്ങളിലായി ചിതറിക്കിടക്കുന്ന ജനവിഭാഗം. എല്ലായിടത്തും അവർ സമരം നയിച്ചു. സ്വയംഭരണത്തിനായി. സ്വന്തം അവകാശങ്ങൾക്കായി. പക്ഷേ, ഒരിടത്ത് നിന്നും കിട്ടിയില്ല. ഇറാഖിൽ സദ്ദാം ഹുസൈന്‍റെ ഭരണകൂടം അവരെ കൂട്ടക്കൊല ചെയ്തു. വിഷവാതകം കടത്തിവിട്ട് കൊന്നത് ഒരു ലക്ഷത്തോളം കുർദ്ദുകളെ. ആയിരക്കണക്കിന് പേരം വേറെയും കാണാതായി. ഗ്രാമങ്ങൾ അപ്പാടെ തകർത്തുകളഞ്ഞു. തുർക്കിയിലെ കുർദ്ദുകൾക്ക് സ്വന്തം ഭാഷ പോലും നിഷേധിക്കപ്പെട്ടു. പേരുകൾ മാറ്റേണ്ടി വന്നു. സിറിയയിൽ അസദ് സർക്കാർ പൌരത്വം തിരിച്ചെടുത്തു. ഭാഷ പഠിപ്പിക്കുന്നത് നിരോധിച്ചു.

(ജയിലിലുള്ള കുർദ്ദ് നേതാവ് ഓക്‍ലാന്‍റെ ചിത്രവുമായി പ്രതിഷേധിക്കുന്ന കുര്‍ദ്ദുകൾ)

'നിരോധന മേഖല'യിലെ ജീവിതം

പക്ഷേ, വടക്കൻ ഇറാഖിൽ കുർദ്ദുകൾക്കൊരു സ്വയംഭരണപ്രദേശം ഉണ്ട്. അത് 1991 -ൽ ആദ്യത്തെ ഗൾഫ് യുദ്ധത്തിന് ശേഷം അന്താരാഷ്ട്ര സഖ്യം സ്ഥാപിച്ച 'NO FLY ZONE' ആണ്. ഇറാഖി സൈന്യം പിൻമാറിയതോടെ കുർദ്ദുകളും അവരുടെ പെഷ്മർഗ (Peshmerga) സൈന്യവും അവിടെ സ്ഥാനമുറപ്പിച്ചു. ഒടുവിൽ 2005 -ലെ ഭരണഘടനയിൽ അവരുടെ സ്വയംഭരണാവകാശം അംഗീകരിക്കപ്പെട്ടു. സദ്ദാം ഹുസൈന്‍റെ പതനത്തിന് ശേഷം രാജ്യത്തുണ്ടായ പ്രശ്നങ്ങളൊന്നും അവരെ ബാധിച്ചില്ല. സ്വന്തം പാർലമെന്‍റും വളരുന്ന സമ്പദ് വ്യവസ്ഥയും അവരെ നിലനിർത്തി. പക്ഷേ, 94 - 97 -ൽ രണ്ട് രാഷ്ട്രീയ പാർട്ടികൾ തമ്മിലെ കലഹം ആഭ്യന്തര കലാപമായത് പ്രതിസന്ധിയായിരുന്നു, കരകയറിയെങ്കിലും. സിറിയയിലും ഇപ്പോഴത്തെ സർക്കാരുമായി കുർദ്ദുകൾ ധാരണയിലെത്തിയിട്ടുണ്ട്. ആഭ്യന്തര യുദ്ധകാലത്തും അതിന് ശേഷവും എർദോഗന്‍റെ സൈന്യം കൊന്നൊടുക്കിയവരിൽ ബാക്കിയുള്ളവരുടെ കഥയാണത്.

ഒക്‍ലാനും പിന്മാറ്റവും

തുർക്കിയാണ് പികെകെയുടെ ആസ്ഥാനം. നേതാവ്, അബ്ദുള്ള ഒക്‍ലാൻ (Abdullah Ocalan). 1999 മുതൽ മർമര കടലിന് (Sea of Marmara) നടുവിലെ ഇമ്രാലി ദ്വീപിൽ (İmralı Island) അതീവ സുരക്ഷയുള്ള ഇമ്രാലി ജയിലിലാണ്. സായുധ വിപ്ലവം എല്ലാ കുർദ്ദുകളും പിന്തുണക്കുന്നില്ല. പക്ഷേ, ഭാഷയ്ക്കും വസ്ത്രത്തിനും പേരുകൾക്കും സംസ്കാരത്തിനും അംഗീകാരം വേണമെന്നാണ് ആവശ്യം.

(തുര്‍ക്കി പ്രസിഡന്‍റ് ഏര്‍ദോഗന്‍)

ഇപ്പോഴത്തെ കീഴടങ്ങലിന് തുടക്കമിട്ടത് ഫെബ്രുവരിയിലാണ്. പികെകെ പിരിച്ചുവിടാൻ എർദോഗന്‍റെ അനുയായി, ഉജലനോട് (ഒക്‍ലാൻ) ആവശ്യപ്പെട്ടു. പകരം മോചനം വാഗ്ദാനം ചെയ്തു. എല്ലാവരേയും അമ്പരപ്പിച്ച് കൊണ്ട് ഉജലന്‍ അണികളോട് കത്തിലൂടെ ആഹ്വാനം ചെയ്തു. സായുധ സമരത്തിന്‍റെ കാലം കഴിഞ്ഞു. ഇനി ജനാധിപത്യ വഴിയിലൂടെയാവാം പോരാട്ടം എന്ന്. മേയിൽ പികെകെ പിരിച്ചുവിടൽ അംഗീകരിച്ചു. കലാപം അവസാനിച്ചതായി വീഡിയോയിലൂടെ ഉജലനും അറിയിച്ചു. പക്ഷേ, അവ്യക്തതകൾ ശേഷിക്കുന്നു. ഈ പദ്ധതിയെ സ്വാഗതം ചെയ്യുന്ന രാഷ്ട്രീയ നേതാക്കൾ ഒരു കമ്മിറ്റി വേണമെന്ന് ആവശ്യപ്പെട്ടു. ഉജലനും അതാവശ്യപ്പെട്ടിരുന്നു. അതിനുളള നീക്കം സർക്കാർ തുടങ്ങിയിട്ടുണ്ട്.

അവശേഷിക്കുന്ന അവ്യക്തകൾ

നിയമപരമായും ഭരണഘടനാപരമായും പരിഷ്കരണങ്ങൾ വേണമന്നാണ് പികെകെയുടെ ആവശ്യം. പക്ഷേ, കീഴടങ്ങിയവർക്ക് ഇളവുകളില്ലെന്ന നിലപാടാണ് തുർക്കി. ഭീകര സംഘടനയെന്ന പേരുള്ള സ്ഥിതിക്ക് കീഴടങ്ങിയ പോരാളികളുടെ ഗതിയെന്തെന്ന ചോദ്യം വലുതാണ്. തോക്കുകൾ കത്തിക്കുന്ന ചടങ്ങിന് ഇറാഖിലും തുർക്കിയിലും സർക്കാർ ഉദ്യോഗസ്ഥരെത്തിയിരുന്നു. തുർക്കിയിൽ നിന്ന് പലായനം ചെയ്ത പികെകെയുടെ ആസ്ഥാനം ഇറാഖായിരുന്നു കുറേക്കാലമായിട്ട്. ജനാധിപത്യ രീതിയിലേക്കുള്ള ചുവടുമാറ്റത്തിന് നിയമസാധുതയുള്ള ചില ഉറപ്പുകളും ചില സംവിധാനങ്ങളും വേണമെന്നും ഉജലനും പികെകെയും ആവശ്യപ്പെട്ടിട്ടുണ്ട്. പക്ഷേ, എന്ന വാക്കിന് ഇത്തിരി ഭാരം കൂടുതലില്ലേ എന്നാണ് സംശയം.

 

PREV
Read more Articles on
click me!

Recommended Stories

അന്ന് വിശ്വസ്ത ഇന്ന് വിമ‍ർശക; ട്രംപ് 'രാജ്യദ്രോഹി' എന്ന് വിശേഷിപ്പിച്ച ഗ്രീന്‍റെ രാജി
റഷ്യ നിർദ്ദേശിച്ച സമാധാനക്കരാർ യുക്രൈയ്ന് മേൽ അടിച്ചേൽപ്പിക്കാൻ ട്രംപ്