
ഇതിലിപ്പോള്‍ എന്ത് എന്ന് ഒരുപക്ഷേ, നിങ്ങള്‍ക്ക് തോന്നിയേക്കാം. പക്ഷേ, മുഖം പോലുമില്ലാത്ത ആ പെണ്‍കുട്ടി പറഞ്ഞ പരാമര്‍ശം എനിക്ക് ഗൗരവതരം തന്നെയാണ്. അതു വിളിച്ചുപറയാന്‍ കാണിച്ച ആ മനസ്സ് എനിക്ക് കാണാതിരിക്കാനാവില്ല.
എന്റെ ജീവിതത്തിലെ സ്ത്രീ. ഈ പരമ്പരയിലെ മുഴുവന്‍ കുറിപ്പുകളും വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം
ബി എഡ് ഒന്നാം വര്‍ഷമാണ് ഈ സംഭവം. പ്രാരംഭ കോഴ്‌സ് വര്‍ക്കിന്റെ ഭാഗമായി ഒരു സ്‌കൂളില്‍ ക്ലാസ് എടുക്കാന്‍ പോയതാണ് ഞാന്‍. അഞ്ച് ദിവസം ഇനി ഇവിടെയാണ്.
രാവിലെ ഒരു ഫ്രീ പിരിയഡ് കിട്ടി. ഒമ്പതാം ക്ലാസ്. ക്ലാസ് എടുക്കേണ്ടിയിരുന്ന ടീച്ചര്‍ക്ക് പകരക്കാരിയായാണ് ഞാന്‍ കയറിയത്. മുന്‍പരിചയമുള്ള ക്ലാസാണ്. അധ്യാപക ഭാഷയില്‍ പറഞ്ഞാല്‍ 'കുറച്ച് വില്ലന്മാരുടെ ക്ലാസ്.' പക്ഷേ ഈ കഥ തുടങ്ങുന്നത് ഇവിടെ വച്ചല്ല. ആ ക്ലാസ് കഴിഞ്ഞശേഷമാണ്. ആ ക്ലാസില്‍ മുഴങ്ങിയ അനീതിക്കെതിരായ ഒരു പ്രസ്താവനയില്‍ നിന്നാണ് കഥ തുടങ്ങുന്നത് തന്നെ.
ക്ലാസില്‍ എല്ലാവരും തിരക്കിലാണ്. ആണ്‍കുട്ടികളുടെ ഭാഗത്ത് ചിത്രംവരയുടെ തിരക്ക് . പെണ്‍കുട്ടികളുടെ ഭാഗത്ത് സംസാര തിരക്ക്. തിരക്കുള്ള ഇടങ്ങള്‍ പുറപ്പെടുവിക്കുന്ന ബഹളം പതിവുപോലെ കൂടുതല്‍!
ആണ്‍കുട്ടികളുടെ അത്ര ബഹളം പെണ്‍കുട്ടികള്‍ ഉണ്ടാക്കുന്നില്ല എന്നത് വാസ്തവം. അവരുടെ ചിത്രപ്പണി നടക്കുന്നത് ജനാലയ്ക്കരികിലെ ഒരു ബെഞ്ചിലാണ്. കമന്റടിയാണ് മെയിന്‍ വിനോദം. കൗമാരത്തിന്റെ പടിയിലെത്തിയ കുട്ടികള്‍ ശ്രദ്ധ കവരാന്‍ നടത്തുന്ന ശ്രമങ്ങള്‍ മാത്രമായാണ് ഞാനതിനെ കണ്ടത്.
എങ്കിലും എനിക്ക് ഇടപെടേണ്ടിയിരുന്നു. കഴിവതും മിണ്ടാതിരിക്കണം എന്നു കുട്ടികളോട് പറഞ്ഞുനോക്കി. അവരത് കേട്ടില്ല. പിന്നെ ഞാന്‍ അവരെക്കാള്‍ ഒച്ചയുണ്ടാക്കി അടക്കിയിരുത്താന്‍ നോക്കി. അതും ഫലം കണ്ടില്ല. ഒടുവില്‍ എന്റെ ക്ഷമനശിച്ചു. മുഖംചുളിച്ച് ഓരോരുത്തരോടായി മിണ്ടാതിരിക്കാന്‍ പറഞ്ഞു. ഏറ്റവുമധികം സമയം ഞാന്‍ ചെലവഴിച്ചത് ബോയ്സിന്റെ ഭാഗത്തായിരുന്നു. ഒച്ചകൂടുമ്പോള്‍ ശകാരിക്കാനും ഉപദേശിക്കാനും മാത്രമായാണ് ഗേള്‍സിന്റെ ഭാഗത്തുപോയത്. പെണ്‍കുട്ടികള്‍ പൊതുവെ ഒച്ചയുണ്ടാക്കില്ലഎന്ന ഒരു മുന്‍ധാരണയായിരുന്നു കാരണം. എന്നാല്‍, എനിക്കില്ലാത്ത അടക്കവും ഒതുക്കവും ഞാന്‍ എന്തുകൊണ്ട് അവരില്‍ നിന്ന് പ്രതീക്ഷിച്ചു എന്ന് എനിക്കറിയില്ല. ഒരുപക്ഷേ, പാട്രിയാര്‍ക്കലായ ഈ വ്യവസ്ഥ അബോധത്തില്‍ ബാക്കിവെച്ചതാവാം. കാര്യം എന്തായാലും, പെണ്‍കുട്ടികള്‍ ഒച്ചയുണ്ടാക്കില്ല എന്ന ബോധ്യത്തോടെ തന്നെ ഞാന്‍ ഇടപെട്ടു.
പെട്ടെന്നാണ്, എന്റെ ധാരണകളെ തിരുത്തിയ, പില്‍ക്കാലത്തും നില്‍ക്കപ്പൊറുതി തരാത്ത ആ പരാമര്‍ശം ഉണ്ടായത്.
മുന്നിലെ ബെഞ്ചിലിരിക്കുന്ന ഒരു കൂട്ടം പെണ്‍കുട്ടികളോട് മിണ്ടാതിരിക്കാന്‍ പറഞ്ഞ് ഒന്ന് തിരിഞ്ഞപ്പോഴാണ് ആ കമന്റ് ഞാന്‍ കേട്ടത്. 'ഓ! ടീച്ചര്‍ക്ക് ആണ്‍കുട്ടികളോടാ കൂടുതല്‍ കാര്യം!'
ആ പറഞ്ഞതാരെന്ന് ഞാന്‍ കണ്ടില്ല. പക്ഷേ ആ പറച്ചില്‍ എന്റെ മനസ്സില്‍നിന്നു പോയില്ല. കുറേനാള്‍ കഴിഞ്ഞിട്ടും ആ പരാമര്‍ശം എന്നില്‍ തറഞ്ഞുകിടന്നു. അതിനു കാരണം ഫെമിനിസമായിരുന്നു. സ്ത്രീവാദരാഷ്ട്രീയവുമായി ബന്ധപ്പെട്ട എന്റെ ബോധ്യങ്ങളെയും ഫെമിനിസ്റ്റ് എന്ന നിലയില്‍ ഞാന്‍ എന്നെ കുറിച്ച് സ്വയം കരുതുന്ന കാര്യങ്ങളുമായി ആ പരാമര്‍ശം നിരന്തരം പോരാടിക്കൊണ്ടിരുന്നു.
എന്നെ സംബന്ധിച്ച് വിട്ടുകളയാന്‍ പറ്റുന്ന ഒരു ആശയമായിരുന്നില്ല അത്. എല്ലാം തികഞ്ഞ ഒരു ഫെമിനിസ്റ്റ് എന്ന എന്റെ മിഥ്യാധാരണകളെ അത് പൊളിച്ചടുക്കി. ഒപ്പം, അതെന്നെ സ്ത്രീവാദ രാഷ്ട്രീയവുമായി ബന്ധപ്പെട്ട സ്വത്വ പ്രതിസന്ധിയില്‍ കൊണ്ടുനിര്‍ത്തി. ഒരു ഫെമിനിസ്റ്റ് ആയ ഞാന്‍ എങ്ങനെ ഞാന്‍ പോലുമറിയാതെ അനാവശ്യ പ്രിവിലേജുകളെ ഊട്ടിയുറപ്പിക്കുന്നു എന്ന ചിന്ത എന്റെ ഉള്ളില്‍ കരടായി. ഉപ്പാണ്, ക്ലാസ് മുറിയിലെ അനാവശ്യ പ്രിവിലേജുകളും അധികമാരും ശ്രദ്ധിക്കാത്ത അനീതിയിലേക്ക് നയിക്കും!
ഇതിലിപ്പോള്‍ എന്ത് എന്ന് ഒരുപക്ഷേ, നിങ്ങള്‍ക്ക് തോന്നിയേക്കാം. പക്ഷേ, മുഖം പോലുമില്ലാത്ത ആ പെണ്‍കുട്ടി പറഞ്ഞ പരാമര്‍ശം എനിക്ക് ഗൗരവതരം തന്നെയാണ്. അതു വിളിച്ചുപറയാന്‍ കാണിച്ച ആ മനസ്സ് എനിക്ക് കാണാതിരിക്കാനാവില്ല. ജെന്‍ഡര്‍ നീതിയെക്കുറിച്ചുള്ള അവളുടെ ബോധ്യം. അതത്ര ചെറിയ ഒന്നേയല്ല. ഒരുപക്ഷേ, പിന്നീട് അവള്‍ പോലും മറന്നുപോയിരിക്കാവുന്ന ആ പ്രസ്താവന എന്റെ ബിഎഡ് പഠനകാലത്ത് എന്നെ ഏറ്റവും ചിന്തിപ്പിച്ച ഒന്ന് തന്നെയായിരുന്നു. ആ പ്രസ്താവനയായിരുന്നു അവളുടെ സ്വത്വം. ആ ആശയമായിരുന്നു അവളുടെ മുഖം.
രാഷ്ട്രീയ ശരികളിലൂടെ കടന്നുപോവുമ്പോഴും, നമ്മുടെ അബോധങ്ങളില്‍ പറ്റിപ്പിടിച്ച് കിടക്കുന്ന മുന്‍വിധികളെയും മുന്‍ധാരണകളെയും കുടഞ്ഞെറിയേണ്ടതിന്റെ ആവശ്യകത ആ പരാമര്‍ശം എന്നെ പഠിപ്പിച്ചു. കൂടുതല്‍ നല്ല ടീച്ചറാവാന്‍, കൂടുതല്‍ ബോധമുള്ള മനുഷ്യനാവാന്‍, കൂടുതല്‍ ആശയവ്യക്തതയുള്ള ഫെമിനിസ്റ്റാവാനുള്ള വഴികള്‍ അതെനിക്കു മുന്നില്‍ തുറന്നിട്ടു.
നന്ദി, പേരറിയാത്ത, മുഖമോര്‍ക്കാത്ത പെണ്‍കുട്ടീ. നിന്നെ ഞാന്‍ ഒരിക്കലും മറക്കില്ല.
.............
എന്‍റെ ജീവിതത്തിലെ സ്ത്രീ. അത് അമ്മയാവാം, സഹോദരിയാവാം, കൂട്ടുകാരിയാവാം, സഹപ്രവര്‍ത്തകയാവാം, അപരിചിതരുമാവാം...ആരുമാകാം. ആ അനുഭവം എഴുതി അയക്കൂ. ഒപ്പം, ഫോട്ടോയും ഫോണ്‍ നമ്പര്‍ അടക്കമുള്ള വിലാസവും അയക്കണം. സബ്ജക്ട് ലൈനില്‍ Woman in My Life എന്നെഴുതാന്‍ മറക്കരുത്. വിലാസം: submissions@asianetnews.in