പുടിന് വിധേയനായ ട്രംപ്; മൂന്നാം ലോക മഹായുദ്ധത്തിന് വഴി തെളിയുകയാണോ?

Published : Mar 08, 2025, 04:34 PM IST
പുടിന് വിധേയനായ ട്രംപ്; മൂന്നാം ലോക മഹായുദ്ധത്തിന് വഴി തെളിയുകയാണോ?

Synopsis

 പുടിനോടുള്ള ആരാധന മൂത്ത് ട്രംപെടുക്കുന്ന തീരുമാനങ്ങളില്‍ യൂറോപ്പില്‍ അസ്വസ്ഥത പുകയുകയാണ്.  രണ്ടാം ലോകമഹായുദ്ധത്തിന് കാരണം ഹിറ്റ്ലറുടെ നേതൃത്വം വ്യക്തമായി മനസിലാക്കുന്നതില്‍  ബ്രിട്ടന് പറ്റിയ ഒരു പിഴവാണ്. സമാനമായ സാഹചര്യങ്ങളാണ് ഇപ്പോൾ ലോകത്ത് നിലനില്‍ക്കുന്നതും. മൂന്നാം ലോക മഹായുദ്ധത്തിന് സാധ്യതയുണ്ടോ? വായിക്കാം  ലോകജാലകം. 


വൈറ്റ്ഹൗസിൽ ഇന്നുവരെ നടക്കാത്ത സംഭവങ്ങളാണ് സെലൻസ്കി - ട്രംപ് ചർച്ചകൾക്കിടെ നടന്നത്. ലോകത്തെ പഴക്കമേറിയ ജനാധിപത്യരാജ്യത്തിന്‍റെ പ്രസിഡന്‍റ് മറ്റൊരു രാജ്യത്തിന്‍റെ മേധാവിയെ വിളിച്ചുവരുത്തി അപമാനിക്കുകയും വിരൽ ചൂണ്ടി സംസാരിക്കുകയും ഒച്ചയിട്ടു തോൽപ്പിക്കുകയും ചെയ്യുന്നത് അമ്പരപ്പോടെ ലോകം കണ്ടിരുന്നു. തുടക്കം വളരെ സൗഹാർദപരമായിരുന്നു. യുക്രൈയ്ന് അങ്ങേയറ്റം നിർണായകമായ മണിക്കൂറുകളായിരുന്നു അത്. പക്ഷേ, അതിലേക്കെത്തുന്നതിന് മുമ്പ് തന്നെ സെലൻസ്കിയും ട്രംപും വാൻസും ഏറ്റുമുട്ടിത്തുടങ്ങിയിരുന്നു. റഷ്യ വരച്ചു കാട്ടുന്ന തെറ്റായ വിവരങ്ങളുടെ ഇടത്താണ്  (Disinformation Space) ട്രംപ് ജീവിക്കുന്നതെന്ന് പറഞ്ഞപ്പോൾ തന്നെ സെലൻസ്കിയുടെ കാര്യത്തിൽ തീരുമാനമായി എന്നാണിപ്പോഴത്തെ റിപ്പോർട്ടുകൾ. പക്ഷേ, അതൊരു ആസൂത്രിത ആക്രമണമായിരുന്നുവെന്ന് സംശയിക്കുന്നവരുമുണ്ട്. ഒന്നുകിൽ സെലൻസ്കിയെ പേടിപ്പിച്ച് തങ്ങളുടെ വഴിക്ക് വരുത്തുക, അല്ലെങ്കിൽ പ്രതിസന്ധിയുണ്ടാക്കിവച്ചിട്ട് പിന്നെ വരുന്നതിനെല്ലാം സെലൻസ്കിയെ പഴിക്കുക. യുദ്ധം തുടരാൻ സെലൻസ്കി തീരുമാനിച്ചാൽ ഭാരം യൂറോപ്പാണ് താങ്ങേണ്ടിവരിക, യൂറോപ്പിനെ തോൽപ്പിക്കാനുള്ള ട്രംപിന്‍റെ തന്ത്രമാവാം അത്. യൂറോപ്പ് എത്ര ശ്രമിച്ചാലും അമേരിക്കയുടെ അത്ര വരില്ല. യുദ്ധത്തിൽ യുക്രൈയ്ൻ തോൽക്കും. പുടിന്‍റെ ജയം എന്നുവേണം അത് വായിക്കാൻ. ട്രംപിന്‍റെയും.

അക്രമിച്ച് ട്രംപും വാൾസും പ്രതിരോധിച്ച് സെലന്‍സ്കി

വൈസ് പ്രസിഡന്‍റ് ജെ ഡി വാൾസാണ് കെട്ടഴിച്ചു വിട്ടത്. പക്ഷേ, വ്യക്തിപരമായ അരിശം തീർക്കലായിരുന്നു അമേരിക്കൻ പ്രസിഡന്‍റിന്‍റേത് എന്നു തോന്നിച്ചു പലപ്പോഴും. പണ്ടേയുള്ള അരിശം, ബൈഡന്‍റെ മകന്‍റെ കേസിൽ അന്വേഷണം പ്രഖ്യാപിക്കണമെന്ന ആവശ്യം സെലൻസ്കി നിരസിച്ചതിൽ തുടങ്ങിയ അരിശം. ആ വിഷയം ഇപ്പോഴും എടുത്തിടുകയും ചെയ്യുന്നുണ്ട് അമേരിക്കൻ പ്രസിഡന്‍റ്.

സെലൻസ്കിക്ക് മുമ്പ് എത്തിയ രണ്ട് രാഷ്ട്ര നേതാക്കൾ ഉപയോഗിച്ച തന്ത്രം പ്രശംസയായിരുന്നു. ട്രംപിന് ഏറ്റവും ഇഷ്ടമുള്ള കാര്യം. അക്കാര്യത്തിൽ ഫ്രഞ്ച് പ്രസിഡന്‍റ് മക്രോണിനെ കടത്തിവെട്ടി ബ്രിട്ടിഷ് പ്രധാനമന്ത്രി. പക്ഷേ, സെലൻസ്കി അതിന് തയ്യാറായില്ല. മൂന്ന് വർഷത്തെ യുദ്ധം തകർത്ത രാജ്യത്തെ പ്രസിഡന്‍റിൽ നിന്ന് അത് പ്രതീക്ഷിക്കാനും പറ്റില്ല. കുറ്റപ്പെടുത്തൽ തുടങ്ങിയത് വൈസ് പ്രസിഡന്‍റ് ജെ ഡി വാൻസാണ്. നയതന്ത്രത്തിലൂടെ പരിഹരിക്കണം എന്ന അടിച്ചുറപ്പിക്കലിലൂടെ. ഇതുവരെ താനും പുടിനുമായി നടന്ന ചർച്ചകളും അത് പുടിൻ തെറ്റിച്ചതും സെലൻസ്കി പറഞ്ഞു. അതിലൊന്ന് നടന്നത് ട്രംപ് ഇംപീച്ച്മെന്‍റ് നേരിട്ട കാലത്തും. അതോർമ്മിപ്പിക്കാതെ സെലൻസ്കി മര്യാദ കാണിച്ചു. പക്ഷേ, ആ മര്യാദ മറുപക്ഷത്തുണ്ടായില്ല. അമേരിക്കയുടെ ശ്രമങ്ങൾക്ക്  നന്ദി വേണമെന്നായി വാൻസ്. അത് ട്രംപും ഏറ്റുപിടിച്ചു. നന്ദിയുണ്ട് എന്ന സെലൻസ്കിയുടെ വാക്കുകൾ രണ്ടുപേരുടെയും കൂട്ടായ ഒച്ചയിടലിൽ മുങ്ങിപ്പോയി.

Read More: യുക്രൈയ്ന്‍ യുദ്ധത്തിൽ നിലച്ച് പോയ എണ്ണ ഒഴുക്ക്; നഷ്ടം റഷ്യയ്ക്ക്, ലാഭം ആര്‍ക്ക്?

അതോടെ സെലൻസ്കിയും പ്രതിരോധിച്ചു തുടങ്ങി. 'മൂന്നാഴ്ച കൊണ്ട് തീരേണ്ട യുദ്ധം' എന്ന ട്രംപിന്‍റെ വാക്കുകൾ, 'മൂന്ന് ദിവസം' എന്ന പുടിന്‍റെ വാക്കുകളെ ഓർമ്മിപ്പിക്കുന്നു എന്ന് സെലൻസ്കി പ്രതികരിച്ചു. പിന്നെയത് വാക്കുകൾ കൊണ്ടുള്ള ആക്രമണമായി. സാക്ഷികളായ അമേരിക്കൻ യുക്രൈയ്ൻ മാധ്യമങ്ങൾ അമ്പരന്നു. യുക്രൈയ്ൻ അംബാസിഡർ തല കൈയിൽ താങ്ങിയാണ് എല്ലാം കേട്ടിരുന്നത്. പുടിനെ സെലൻസ്കി കുറ്റപ്പെടുത്തിയതോടെ ട്രംപിന് അരിശം കൂടി എന്നാണ് തോന്നിച്ചത്. അമേരിക്കയുടെ അന്വേഷണം കാരണം പുടിനും താനും ഒരുപാട് അനുഭവിച്ചു. ബൈഡൻ എന്ന വിഢ്ഡിയായ പ്രസിഡന്‍റ് നിങ്ങൾക്ക് വളരെ കൂടുതലാണ് തന്നത്. കൂട്ടത്തിൽ ഒബാമയേയും വലിച്ചിഴച്ചു. വൈറ്റ് ഹൗസിലിരുന്ന് തങ്ങളുടെ രാജ്യത്തോട് അനാദരവ് കാട്ടുന്നു എന്നായി പിന്നെ. സ്വന്തം രാജ്യത്തെ മുൻപ്രസിഡന്‍റിനെയും അന്വേഷണ ഏജൻസികളെയും പഴിപറഞ്ഞ് പുടിനാണ് രക്തസാക്ഷി എന്ന് സ്ഥാപിക്കാൻ ശ്രമിച്ച് കൊണ്ടാണ് സെലൻസ്കി അനാദരവ് കാട്ടുന്നു എന്ന് ട്രംപ് പറഞ്ഞത്.

ഒടുവിൽ ചർച്ച അവസാനിപ്പിച്ച്, വാർത്താസമ്മേളനം റദ്ദാക്കി ട്രംപും വാൻസും പോയി. മറ്റൊരു മുറിയിലായിരുന്ന വിദേശകാര്യ സെക്രട്ടറി മാർകോ റൂബിയോ സെലൻസ്കിയോട് വൈറ്റ്ഹൗസിൽ നിന്ന് പോകാനും ആവശ്യപ്പെട്ടുവെന്നാണ് റിപ്പോർട്ട്. സെലൻസ്കി മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടു. ഒരുവശത്ത് യുദ്ധത്തിന്‍റെ കെടുതികൾ മുഴുവൻ മൂന്ന് വർഷമായി നേരിട്ട് അനുഭവിക്കുന്ന രാജ്യവും അതിന്‍റെ പ്രസിഡന്‍റും. യുദ്ധം തുടങ്ങിയപ്പോൾ 'രക്ഷപ്പെട്ടോളൂ' എന്ന പറഞ്ഞ രാജ്യങ്ങളോട് 'ആയുധങ്ങൾ തരൂ',  എന്ന് തിരിച്ച് പറഞ്ഞ പ്രസിഡന്‍റ്.  മറുവശത്ത് യുദ്ധങ്ങൾ കേട്ടുകേൾവി മാത്രമുള്ള പ്രസിഡന്‍റും വൈസ്പ്രസിഡന്‍റും. തരുന്നതിന് നന്ദി വേണമെന്ന നിർബന്ധ ബുദ്ധി ലോകത്തിന്‍റെ മുന്നിൽ തന്നെ വിളിച്ചു പറയുന്ന രണ്ട് പേർ. മാധ്യമങ്ങളുടെ കൂട്ടത്തിൽ ട്രംപ് അനുകൂല നെറ്റ് വർക്കായ 'റിയൽ അമേരിക്ക'യുടെ (Real America) പ്രതിനിധി സെലൻസ്കിയോട് ചോദിച്ചത് എന്താണ് സൂട്ടിടാത്തത്, സൂട്ടുണ്ടോ താങ്കൾക്ക് എന്നാണ്. ചർച്ചയുടെ ട്രെൻഡ് അതിൽ തന്നെ വ്യക്തം. യുദ്ധം തീരുന്നതുവരെ ഇതാണ് തന്‍റെ വേഷം എന്ന് മറുപടി നൽകി സെലൻസ്കി. ചോദിച്ചയാൾ വലതുപക്ഷ സെനറ്ററുടെ സുഹൃത്തുമാണത്രേ. എന്തുകൊണ്ട് ടീ ഷർട്ടിടുന്ന മസ്കിനോട് ഈ ചോദ്യം ചോദിക്കുന്നില്ല എന്നാണ് സമൂഹ മാധ്യമങ്ങളിലെ സംശയങ്ങൾ.

Read More: എലോൺ മസ്ക്; ഉന്മാദിയെ തളയ്ക്കാന്‍ നിങ്ങളെന്ത് ചെയ്തെന്ന് ചോദിച്ച് ജനം തെരുവില്‍

പുടിന്‍റെ ഇഷ്ടം ട്രംപിന്‍റെയും

പക്ഷേ, ഇത് യുക്രൈയ്നെ സംബന്ധിച്ച് നിർണായക സമയം എന്നതിൽ തർക്കമില്ല. കൂടിക്കാഴ്ചക്ക് ശേഷം അമേരിക്കക്കും പ്രസിഡന്‍റിനും നന്ദി പറഞ്ഞാണ് സെലൻസ്കിയുടെ എക്സ് കുറിപ്പ്. ഇത്രയും പറഞ്ഞുതീർക്കണമായിരുന്നു. പക്ഷേ, ധാരണയുണ്ടാവും എന്നും പ്രഖ്യാപിച്ചു. പല പരിഹാര നിർദ്ദേശങ്ങൾ പറയുന്നു പലരും. സെലൻസ്കിയുമായി ഇനി ചർച്ചകൾ അസാധ്യം എന്നാണ് ഇത്രയും നാൾ യുക്രൈയ്നെ പിന്തുണച്ചിരുന്ന സെനറ്റർ തന്നെ പറഞ്ഞത്. സെലൻസ്കി സ്ഥാനമൊഴിഞ്ഞ് മറ്റൊരാൾ സ്ഥാനമേൽക്കുക എന്നത് ഈ ഘട്ടത്തിൽ യുക്രൈയ്നിയൻ സൈന്യത്തിന് തിരിച്ചടിയാവും. കോ-ഓർഡിനേഷൻ തകരാറിലാവും. പക്ഷേ, ട്രംപിന് വേണ്ടത് അതാണ്, പുടിനും. തങ്ങളുടെ ഇഷ്ടത്തിന് നിൽക്കുന്ന ഒരാൾ പ്രസി‍ഡന്‍റാവുക.  

യുക്രൈയ്ന്‍ പ്രസിഡന്‍റുമാരും പുടിനും

വിക്ടർ യാനുക്കോവിച്ച് എന്ന പുടിൻ അനുകൂല പ്രസിഡന്‍റിനെ പ്രതിഷേധങ്ങളിലൂടെ പുറത്താക്കിയതാണ് യുക്രൈയ്ൻ പിന്നെ അധികം കാത്തിരുന്നില്ല പുടിൻ. ക്രൈമിയ കീഴടക്കി. അതിന് ശേഷമാണ് രാജ്യം സെലൻസ്കിയെ തെരഞ്ഞെടുത്തത്.  പുടിൻ വെടിനിർത്തൽ എന്ന സാധ്യത ഉന്നയിച്ചതോടെ യാനുകോവിച്ചിന്‍റെ വിമാനം ബെലാറൂസിലിറങ്ങി എന്നാണ് റിപ്പോർട്ടുകൾ. റഷ്യ പിടിച്ചടക്കിയ യുക്രൈൻ പ്രദേശങ്ങളിൽ നിന്ന് കൽക്കരി ഖനനം ചെയ്യുന്നത് യാനുകോവിച്ചിന്‍റെ മകനാണെന്നും റിപ്പോർട്ടുണ്ട്. 20 വർഷം മുമ്പ് യുക്രൈയ്നിൽ നടന്ന ഓറഞ്ച് വിപ്ലവമാണ് പുടിന് അപകട സൂചന നൽകിയതെന്നാണ് വിലയിരുത്തൽ. അത് പരാജയപ്പെട്ടെങ്കിലും അതുവരെ റഷ്യക്ക് യുക്രൈയ്നിലുണ്ടായിരുന്ന സ്വാധീനം നഷ്ടമായി. ഒപ്പം പുടിന് യുക്രൈയ്നിലുണ്ടായിരുന്ന ജനപിന്തുണയും.  2004 -ലെ തെരഞ്ഞെടുപ്പിൽ യാനുക്കോവിച്ചിനെയാണ് പുടിൻ പിന്തുണച്ചത്, പക്ഷേ, ജയിച്ചത് യുഷ്ചെങ്കോ.  ഓറ‍ഞ്ച് വിപ്ലവത്തിൽ പങ്കെടുത്തവരെ ശിക്ഷിക്കണമെന്നായിരുന്നു അന്നേ പുടിന്‍റെ നിലപാട്.

പിന്നാലെ തെരഞ്ഞെടുപ്പിൽ യുഷ്ചെങ്കോ തോറ്റു. യാനുക്കോവിച്ച് അധികാരത്തിലെത്തി. യാനുക്കോവിച്ചിനെയും റഷ്യൻ അനുകൂല നിലപാടിനെയും തള്ളിയ യുക്രൈയ്ൻ ജനത തെരുവിലിറങ്ങി. യാനുക്കോവിച്ച് പടിയിറങ്ങുന്നതുവരെ അത് തുടർന്നു. തന്‍റെ സ്വാധീനത്തിലല്ലാത്ത നേതാക്കൾ യുക്രൈയ്നിൽ വേണ്ടെന്ന നിലപാടിന് കാരണം പുടിന്‍റെ നേറ്റോ ഭയം കൂടിയാണ്. സെലൻസ്കി അതിന്‍റെ ഇരയും. പുടിന്‍റെ പ്ലേ ബുക്ക് അനുസരിച്ച് കളിക്കുകയാണിപ്പോൾ അമേരിക്കൻ പ്രസിഡന്‍റ് ട്രംപ്.

ഓർമ്മപ്പെടുത്തുന്ന ലോക മഹായുദ്ധ ചരിത്രം

ഇതെല്ലാം ഓർമ്മിപ്പിക്കുന്നത് ഒരു ചരിത്രമാണ്. ബ്രിട്ടിഷ് പ്രധാനമന്ത്രിയായിരുന്ന നെവിൽ ചേംബർ ലെയ്ൻ കാണിച്ച അബദ്ധത്തിന്‍റെ കഥ. അത് രണ്ടാം ലോക മഹായുദ്ധത്തിന് വഴിവച്ച കഥ.  പുടിന് പകരം അന്ന് ഹിറ്റ്‍ലറായിരുന്നു എന്ന് മാത്രം. അന്ന് തന്‍റെ പ്രവർത്തിയെ ചേംബർലെയ്ൻ ന്യായീകരിച്ചത് പിന്നീട് പ്രസിദ്ധമായ ഒരു വാക്യത്തിലൂടെയാണ്. 'A quarrel in a faraway country of people whom we know nothing about.' രണ്ടാം ലോക മഹായുദ്ധക്കാലത്ത്  ഇതിലെ Faraway land ചെക്കസ്ലോവാക്യയായിരുന്നു. 'ഈ യുദ്ധം നമ്മുടേതല്ല' എന്ന് ട്രംപ് പറയുന്ന വാക്കുകളോട് അപകടകരമായ സാമ്യമുള്ള വാക്കുകൾ.

Read More: സമ്പത്ത് അന്യരാജ്യങ്ങളിലേക്ക് ഒഴുകുന്നു, യുഎസ്എയ്ഡിന് വിലങ്ങിട്ട് ട്രംപ്; ആശങ്കയില്‍ രാജ്യങ്ങൾ

ഒന്നാം ലോക മഹായുദ്ധത്തിന് ശേഷം തകർന്ന ഓസ്ട്രിയൻ ഹംഗേറിയൻ സാമ്രാജ്യത്തിൽ നിന്ന് രൂപീകരിച്ചതാണ് ചെക്കസ്ലോവാക്യ. ചെക്കുകളും സ്ലോവാക്കുകളും ഭൂരിപക്ഷം. പിന്നെ ജർമ്മൻകാർ, ഹംഗേറിയക്കാർ, പോളണ്ടുകാർ ബാക്കി. അതിൽ ജർമ്മൻകാർ താമസിച്ചിരുന്നത് സുഡെറ്റൻലാൻഡ് (Sudetenland) എന്ന് പേരുള്ള പടിഞ്ഞാറൻ മേഖലയിലാണ്. ഒന്നാം ലോക മഹായുദ്ധത്തിന്‍റെ നഷ്ടങ്ങൾ പേറിയ ജർമ്മനിയുടെ ചാരത്തിൽ നിന്ന് ജന്മമെടുത്ത ഹിറ്റ്‍ലർക്ക് ജർമ്മൻ സംസാരിക്കുന്ന മേഖല വേണമെന്നായി. അതിനുമുമ്പേ തന്നെ ഇറ്റലി അബിസീനിയ പിടിച്ചടക്കിയിരുന്നു. അതുകണ്ട് ഹിറ്റ്‍ലർ റൈൻലന്‍റും. അതും വെർസെയ്ൽ കരാറനുസരിച്ച് സൈനിക വിമുക്ത മേഖലയായ റൈൻലന്‍റ്. ബ്രിട്ടനും ഫ്രാൻസും എതിർത്തില്ല ഇതൊന്നും. പക്ഷേ, ചെക്കസ്ലോവാക്യ അങ്ങനെ വിട്ടുകൊടുക്കാൻ തയ്യാറായില്ല. ഹിറ്റ്‍ലറോട് ഏറ്റുമുട്ടാൻ തയ്യാറായി ചെക് സൈന്യം. പക്ഷേ, അതിലിടപെട്ട ചേംബർലെയ്ൻ ചെക്കസ്ലോവാക്യയെ അനുനയിപ്പിച്ചു. ഹിറ്റ്‍ലറുടെ ആവശ്യത്തിന് വഴങ്ങാൻ പ്രേരിപ്പിച്ചു. അതാണ് മ്യൂണിക് ധാരണ. ഒരു യുദ്ധം ഒഴിവാക്കുന്നു എന്നാണ് ചേംബർലെയ്ൻ ന്യായീകരിച്ചത്. രണ്ടാമതൊരു യുദ്ധത്തിന് വേണ്ട തയ്യാറെടുപ്പുകളുണ്ടായിരുന്നില്ല ബ്രിട്ടിഷ് സൈന്യത്തിന്.

ഒന്നാം ലോക മഹായുദ്ധത്തിന്‍റെ കെടുതികളിൽ നിന്ന് കരകയറിയിട്ടില്ലാത്ത ലോകരാജ്യങ്ങളുടെ പൊതുലക്ഷ്യം യുദ്ധമൊഴിവാക്കൽ ആയിരുന്നുതാനും. അതിന് ശേഷം ചേംബർലെയ്ൻ നടത്തിയ പ്രസംഗത്തിലാണ് 'A quarrel in a faraway country of people whom we know nothing about' എന്ന്  പറഞ്ഞത്. പക്ഷേ, ഈ അബദ്ധമാണ് രണ്ടാമത്തെ യുദ്ധത്തിലേക്ക് തന്നെ വഴിവച്ചതെന്നാണ് പിന്നീടുയർന്ന വിമർശനം. കാരണം അധികം താമസിയാതെ  ഹിറ്റ്‍ലർ ചെക്കസ്ലോവാക്യയുടെ ബാക്കിയും കീഴടക്കി.  പിന്നെ ഹിറ്റ്‍ലറുടെ നീക്കം പോളണ്ടിനെതിരെയായിരുന്നു. അതോടെ കാര്യങ്ങൾ വഷളായി, സഖ്യങ്ങൾ രൂപീകരിക്കപ്പെട്ടു. സോവിയറ്റ് നാസി ധാരണ, ജപ്പാനുമായി നാസി ധാരണ. പോളണ്ട് കീഴടക്കി ജർമ്മനി. ബ്രിട്ടൻ യുദ്ധം പ്രഖ്യാപിച്ചു. രണ്ടാം ലോക മഹായുദ്ധം.

Read More: ഗാസയുടെ കടൽത്തീരത്തെ റിയൽ എസ്റ്റേറ്റില്‍ കണ്ണ് വച്ച് ട്രംപ്; വെളുപ്പിച്ചെടുക്കാന്‍ പാടുപെട്ട് വൈറ്റ് ഹൗസ്

ചരിത്രം ആവര്‍ത്തിക്കപ്പെടുമോ?

ഈ ചരിത്രം ആവർത്തിക്കാൻ പോകുകയാണോ എന്ന സംശയം ഇപ്പോഴുണ്ടായിരിക്കുന്നത് ട്രംപിന്‍റെ പുടിനോടുള്ള വിധേയത്വമാണ്. പുടിന്‍റെ ആവശ്യങ്ങൾ സാധിച്ചുകൊടുക്കുകയാണ് അമേരിക്കൻ പ്രസിഡന്‍റ്. ഇതുവരെ പിടിച്ചടക്കിയ യുക്രൈയ്ന്‍റെ പ്രദേശങ്ങൾ വിട്ടുകൊടുക്കണ്ട, നേറ്റൊ അംഗത്വം കൊടുക്കില്ല, കൂട്ടത്തിൽ സ്വന്തം ബിസിനസ് താൽപര്യങ്ങളും. ഇതുവരെ യുക്രൈയ്ന് അമേരിക്ക കൊടുത്ത സഹായമെല്ലാം ഈടാക്കാൻ ധാതുസമ്പത്ത് പങ്കുവയ്ക്കുക. യുക്രൈയ്ൻ വിട്ടുകൊടുത്താൽ റഷ്യ അതിലൊതുങ്ങില്ല, പിന്നെ പോളണ്ടാവും അടുത്ത ലക്ഷ്യം എന്നാണ് യൂറോപ്പിന്‍റെ പേടി.

സെലൻസ്കിയുടെ മുന്നറിയിപ്പും അതായിരുന്നു. ഇപ്പോൾ പക്ഷേ, സെലൻസ്കിയും അതുപറയുന്നില്ല. നിസ്സഹായാവസ്ഥയാവണം കാരണം. അമേരിക്കയുടെ പിന്തുണയില്ലാതെ യൂറോപ്പിന്‍റെ മാത്രം പിന്തുണ കൊണ്ട് യുക്രൈയ്ന് റഷ്യയോട് യുദ്ധം ചെയ്യാനാവില്ല. അത് തിരിച്ചറിഞ്ഞിട്ടുള്ള നിസ്സഹായാവസ്ഥ. യുക്രൈയ്ന്‍റെ ധാതുസമ്പത്ത് ഒരു വ്യവസ്ഥയായി മുമ്പേ സെലൻസ്കി പറഞ്ഞിരുന്നു. അത് പക്ഷേ സുരക്ഷാ ഉറപ്പുകൾ പോലും കിട്ടാതെ വിട്ടുകൊടുക്കുന്നതിന്‍റെ ഞെട്ടലിലാണ് യൂറോപ്പും ബ്രിട്ടനും. ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മക്രോൺ ട്രംപിനെ കാണാൻ ഓടിയെത്തിയതും ബ്രിട്ടിഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാമർ പിന്നാലെയത്തിയതും ആശങ്കകൾ കാരണമാണ്. മക്രോണുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ട്രംപ്, സെലൻസ്കിയെ ധാരണയിലൊപ്പിടാൻ ക്ഷണിച്ചത്. ധാരണ ഉണ്ടായിരിക്കുന്നത് ക്രെംലിനും അമേരിക്കയും തമ്മിലാണ്. അതും യുക്രൈയ്ന്‍ മധ്യസ്ഥർ പോലുമില്ലാതെ സൗദിയിൽ നടന്ന ചർച്ചകളിൽ.

PREV
Read more Articles on
click me!

Recommended Stories

അന്ന് വിശ്വസ്ത ഇന്ന് വിമ‍ർശക; ട്രംപ് 'രാജ്യദ്രോഹി' എന്ന് വിശേഷിപ്പിച്ച ഗ്രീന്‍റെ രാജി
റഷ്യ നിർദ്ദേശിച്ച സമാധാനക്കരാർ യുക്രൈയ്ന് മേൽ അടിച്ചേൽപ്പിക്കാൻ ട്രംപ്