എന്‍ഡോസള്‍ഫാന്‍ വിഷമഴയില്‍ ജീവിതം കരിഞ്ഞുപോയവര്‍, അവിടെനിന്നും പറന്നുപൊങ്ങിയ ഫീനിക്‌സ്!

Published : Mar 08, 2025, 02:34 PM ISTUpdated : Mar 09, 2025, 12:09 AM IST
എന്‍ഡോസള്‍ഫാന്‍ വിഷമഴയില്‍ ജീവിതം കരിഞ്ഞുപോയവര്‍, അവിടെനിന്നും പറന്നുപൊങ്ങിയ ഫീനിക്‌സ്!

Synopsis

എന്റെ ജീവിതത്തിലെ സ്ത്രീ. എന്‍ഡോസള്‍ഫാന്‍ വിഷമഴയെ അതിജീവിച്ച സന്ധ്യ ടീച്ചറുടെ ജീവിതം.  റാഷിദ പാലാട്ട് എഴുതുന്നു. 

നേര്‍ത്ത കുഞ്ഞിക്കൈകള്‍ കൊണ്ട് പ്രത്യേക രീതിയില്‍ ഞൊറിവുകള്‍ ശരിയാക്കി ഭംഗിയായി സാരി അണിഞ്ഞു നില്‍ക്കുന്ന അവരുടെ മുഖം ഇപ്പോഴും എന്റെ മനസ്സിലുണ്ട്.


 

ദൈവ നിയോഗം പോലെയാണ് ചില ആളുകള്‍ നമ്മുടെ ജീവിതത്തിലേക്ക് വരിക. പലപ്പോഴും, പല തിരിച്ചറിവുകളും നല്‍കി അവര്‍ എവിടെയോ പോയ്മറയാറുമുണ്ട്.

സന്ധ്യ ടീച്ചര്‍ എനിക്ക് അതുപോലൊരു ജൈവസാന്നിധ്യം. കാസര്‍ഗോഡ് ജില്ലയിലെ ബദിയഡുക്കയില്‍ ജോലിയുമായി ബന്ധപ്പെട്ട് ഒരു വീട്ടില്‍ പേയിംഗ് ഗസ്റ്റ് ആയി താമസിക്കുമ്പോഴാണ് ഞാനാദ്യം അവരെ കാണുന്നത്. ഷൈനി ടീച്ചറും സന്ധ്യ ടീച്ചറും ഒരുമിച്ചാണ് അവിടെ താമസിക്കാന്‍ വന്നത്. കാസര്‍ഗോട്ടെ ഒരു ഉള്‍നാടന്‍ ഗ്രാമത്തില്‍നിന്നും ഗവണ്മെന്റ് സ്‌കൂളില്‍ അധ്യാപക ജോലി കിട്ടി വന്നതാണ് അവര്‍. 

ഒത്ത നീളത്തില്‍ ശോഷിച്ച ശരീരത്തില്‍ പുഞ്ചിരി വിടര്‍ന്ന മുഖമാണ് സന്ധ്യ ടീച്ചറെ ഓര്‍ക്കുമ്പോള്‍ മനസ്സിലെത്തുക. വിഷാദം തളം കെട്ടിനില്‍ക്കുന്ന മുഖമാണ് ഷൈനി ടീച്ചറുടേത്. ഒരുമിച്ചാണ് വന്നതെങ്കിലും സന്ധ്യ ടീച്ചര്‍ എല്ലാവരുമായി പെട്ടെന്ന് കൂട്ടയി. ഊര്‍ജ്വസ്വലതയോടെ അവര്‍ കാര്യങ്ങളെല്ലാം ചെയ്ത് തീര്‍ത്തു. ഈ പ്രത്യേകത കാരണമാകാം ഞാന്‍ അവരെ കൂടുതല്‍ ശ്രദ്ധിച്ചു  തുടങ്ങിയത്.

ആദ്യ കാണുമ്പോഴേ അവരുടെ പുഞ്ചിരി വിടര്‍ന്ന മുഖമായിരുന്നു എന്റെ മനസ്സില്‍  പതിഞ്ഞത്. പിന്നീടാണ്  ഒരു ചാണ്‍ മാത്രം വലിപ്പത്തില്‍ തൂങ്ങി നില്‍ക്കുന്ന  അവരുടെ  നേര്‍ത്ത രണ്ടു കരങ്ങള്‍ എന്റെ ശ്രദ്ധയില്‍ പെടുന്നത്. എന്‍ഡോസള്‍ഫാന്‍  ദുരന്തത്തിന്റെ  ജീവിക്കുന്ന  നേര്‍സാക്ഷ്യങ്ങളാണ് ഞങ്ങളുടെ  മുന്നിലുള്ള രണ്ട് ടീച്ചര്‍മാരും എന്ന സത്യം അപ്പോഴാണ് മനസ്സിലാക്കുന്നത്. ഷൈനി ടീച്ചറുടെ മുഖത്തെ വിഷാദക്കടലിന്റെ പൊരുള്‍ അപ്പോഴാണ് എനിക്ക് മനസ്സിലായത്.

ദാരിദ്ര്യത്തില്‍ പുതഞ്ഞ തന്റെ കൊച്ചു കുടുംബത്തിന് ദൈവം തന്ന വലിയ സമ്മാനമാണ് ഈ ജോലി എന്ന് സന്ധ്യ ടീച്ചര്‍ ഇടക്കൊക്കെ  പറയുമായിരുന്നു. അന്നേരമൊക്കെ അവരുടെ മുഖം അഭിമാനത്താല്‍  തിളങ്ങും. 

ആറു മാസക്കാലമാണ് ടീച്ചര്‍ ആ വീട്ടില്‍ ഞങ്ങളുമൊന്നിച്ച് താമസിച്ചത്. പിന്നീട് അവര്‍ സ്വന്തം നാട്ടിലെ സ്‌കൂളിലേക്ക് സ്ഥലംമാറ്റം ലഭിച്ച് പോയി. അവിടെ വ്യത്യസ്ത ജോലികള്‍ ചെയ്യുന്ന മറ്റു ആറുപേര്‍ കൂടി ഉണ്ടായിരുന്നു.

നേര്‍ത്ത കുഞ്ഞിക്കൈകള്‍ കൊണ്ട് പ്രത്യേക രീതിയില്‍ ഞൊറിവുകള്‍ ശരിയാക്കി ഭംഗിയായി സാരി അണിഞ്ഞു നില്‍ക്കുന്ന അവരുടെ മുഖം ഇപ്പോഴും എന്റെ മനസ്സിലുണ്ട്. അവര്‍ കുഞ്ഞിക്കൈകള്‍ കൊണ്ട് ഭക്ഷണം കഴിക്കുന്നതും, വസ്ത്രം അലക്കുന്നതും, മറ്റു ജോലികള്‍ ചെയ്യുന്നതുമെല്ലാം അത്ഭുതത്തോടെയാണ്   ഞങ്ങളെല്ലാം കണ്ടുനിന്നത്.

പിന്നീടെപ്പോഴൊക്കെയോ സൗഹൃദ സംഭാഷണങ്ങള്‍ക്കിടയില്‍ അവരെ കൂടുതല്‍ അടുത്തറിയാന്‍ സാധിച്ചു. എന്‍ഡോസള്‍ഫാന്‍ ദുരന്തം വിതച്ച കാസര്‍ഗോഡ് ജില്ലയിലെ ഒരു ഉള്‍നാടന്‍ ഗ്രാമത്തിലായിരുന്നു അവരുടെ ജീവിതം. കര്‍ഷകരായ അച്ഛനും അമ്മയും,  കുഞ്ഞനുജനും അടങ്ങുന്ന  ഒരു ദരിദ്ര കുടുംബം. ആര്‍ത്തി മൂത്ത അധികാരികള്‍, കൂടുതല്‍ വിളവുണ്ടാവുന്നതിന് എന്‍ഡോസള്‍ഫാന്‍  എന്ന മാരക കീടനാശിനി ആകാശത്തുനിന്നും തളിച്ച ഇടങ്ങളില്‍ ടീച്ചറിന്റെ ചുറ്റുവട്ടത്തുള്ള  കശുവണ്ടി തോട്ടങ്ങളും ഉണ്ടായിരുന്നു. അതിനാല്‍ ആ പ്രദേശങ്ങളില്‍ ജനിച്ചു വീഴുന്ന കുട്ടികളില്‍ അധിക പേര്‍ക്കും മാനസികമോ  ജനിതകമോ ആയ പല വൈകല്യങ്ങളും  ഉണ്ടായിരുന്നു. സ്വതവേ സാമ്പത്തിക ദുരിതങ്ങളില്‍ പൊറുതിമുട്ടിയ ഈ കുടുംബങ്ങളെ പുതിയ ദുരന്തം വളരെയധികം പ്രയാസത്തിലാക്കി. തനിക്കും ചുറ്റിലുമുള്ളവര്‍ക്കും തങ്ങളുടേതല്ലാത്ത കാരണത്താല്‍ ഉണ്ടായ മാനസികവും, സാമ്പത്തികവുമായ ആഘാതങ്ങള്‍ മറികടക്കണമെന്ന വാശിയാണ് സത്യത്തില്‍ അവരെ നന്നായി പഠിക്കാനും ജോലി നേടാനും പ്രേരിപ്പിച്ചത്. അങ്ങനെയാണ് ഒരു ഗവ. പ്രൈമറി സ്‌കൂളില്‍ അധ്യാപികയായി അവര്‍ എത്തിയത്. 

എന്‍ഡോസള്‍ഫാന്‍ എന്ന മാരക വിഷം ശരീരത്തില്‍ ഉണ്ടാക്കിയ വിഷമതകള്‍ തുടരുമ്പോഴും, തന്റെ കുറവുകള്‍ മറ്റുള്ളവരില്‍ ഉണ്ടാക്കുന്ന സഹതാപാര്‍ഹമായ നോട്ടത്തെ ഗൗനിക്കാതെയായിരുന്നു സന്ധ്യ ടീച്ചര്‍ നടന്നിരുന്നത്. എപ്പോഴും പുഞ്ചിരിക്കുന്ന മുഖവുമായി  തനിക്ക് ചുറ്റിലുമുള്ളവരെ കൂടി  സന്തോഷിപ്പിച്ചുകൊണ്ട് ജീവിക്കുന്ന ഒരാള്‍. ചെറിയ  ചെറിയ കാര്യങ്ങള്‍ക്ക് പോലും സങ്കടപ്പെടുകയും, ജീവിതം അവസാനിപ്പിക്കാന്‍ വെമ്പുകയും ചെയ്യുന്നവരുടെ പുതുകാലത്ത് ടീച്ചര്‍ അതിജീവനത്തിന്റെ മഹത്തായ സന്ദേശമാണ് ചുറ്റിലും പരത്തിയിരുന്നത്. 

 

.....

എന്‍റെ ജീവിതത്തിലെ സ്ത്രീ. അത് അമ്മയാവാം, സഹോദരിയാവാം, കൂട്ടുകാരിയാവാം, സഹപ്രവര്‍ത്തകയാവാം, അപരിചിതരുമാവാം...ആരുമാകാം. ആ അനുഭവം എഴുതി അയക്കൂ. ഒപ്പം, ഫോട്ടോയും ഫോണ്‍ നമ്പര്‍ അടക്കമുള്ള വിലാസവും അയക്കണം. സബ്ജക്ട് ലൈനില്‍ Woman in My Life എന്നെഴുതാന്‍ മറക്കരുത്. വിലാസം: submissions@asianetnews.in

PREV
click me!

Recommended Stories

അന്ന് വിശ്വസ്ത ഇന്ന് വിമ‍ർശക; ട്രംപ് 'രാജ്യദ്രോഹി' എന്ന് വിശേഷിപ്പിച്ച ഗ്രീന്‍റെ രാജി
റഷ്യ നിർദ്ദേശിച്ച സമാധാനക്കരാർ യുക്രൈയ്ന് മേൽ അടിച്ചേൽപ്പിക്കാൻ ട്രംപ്