ഭര്‍ത്താവ് തല്ലിച്ചതച്ച് കൊല്ലാറാക്കിയിട്ടും അവള്‍ അതിജീവിച്ചു, പുതുജീവിതത്തിലേക്ക് ഓടിരക്ഷപ്പെട്ടു! 

Published : Mar 11, 2025, 09:43 AM IST
ഭര്‍ത്താവ് തല്ലിച്ചതച്ച് കൊല്ലാറാക്കിയിട്ടും അവള്‍ അതിജീവിച്ചു, പുതുജീവിതത്തിലേക്ക് ഓടിരക്ഷപ്പെട്ടു! 

Synopsis

ബസ് സ്റ്റാന്‍ഡിലിറങ്ങി ഞങ്ങള്‍ പാര്‍ക്കിങ്ങിലെ വണ്ടി എടുക്കാന്‍ നീങ്ങി. ഇടയിലെപ്പോളോ ഞാന്‍ എന്നെ പറ്റി പറഞ്ഞു തുടങ്ങി. എന്റെ സംസാരം അവള്‍ക്ക് ബോറാവണ്ടാന്ന് കരുതി അവളോട് എന്തേലും ചോദിക്കാമെന്നു വിചാരിച്ചു. 

എന്തോ പെട്ടെന്നൊരു മൂകത. രണ്ടാളും മിണ്ടുന്നില്ല. കലപില സംസാരങ്ങളും പൊട്ടിച്ചിരിയും വഴിയില്‍ കൊഴിഞ്ഞു പോയിരിക്കുന്നു. ചുറ്റിലുമുള്ള ഇരുട്ട് മനസ്സിലേക്ക് കേറുന്ന പോലെ. പതിയെ അവള്‍ സംസാരിക്കാന്‍ തുടങ്ങി. 

പതിവുപോലെ ഓടിക്കിതച്ചു തന്നെ ഞാനാ പടികള്‍ കയറി. ജോലിയുടെ ഭാഗമായ ഒരു ട്രെയിനിങ്ങിനു വേണ്ടിയാണ് ഹെഡ് ഓഫീസിലെ പടിക്കെട്ടുകള്‍ ഞാനിന്ന് ഓടിക്കയറിയത്. നേരത്തെ വന്നവരൊക്കെ തക്കം നോക്കി പിന്‍നിരയിലെ കസേരകള്‍ കയ്യടക്കി കഴിഞ്ഞിരുന്നു. തിരിച്ചു പോകാനുള്ള ബസിന്റെ സമയത്തിനോടാന്‍ പാകത്തിന് വാതില്‍ക്കലെ സീറ്റില്‍ തന്നെ ഇരിക്കാമെന്നു കരുതി സ്ഥാനമുറപ്പിച്ചു. ബാഗ് കസേരയോട് ചേര്‍ത്ത് വെച്ച് നോട്ട്പാഡും പേനയും മേശയുടെ മുകളില്‍ നിന്നു ഏന്തി വലിഞ്ഞെടുത്തു.

ഇവിടേക്ക് സ്ഥലം മാറി വന്നിട്ട് കുറച്ചേ ആയുള്ളൂ. മറ്റ് ഓഫീസുകളിലുള്ളവരെ ഇതുപോലെ മീറ്റിംഗ് കൂടുമ്പോള്‍ മാത്രമേ കാണാറുള്ളു. മുന്‍പ് കണ്ടു പരിചയപ്പെട്ട ആരെങ്കിലുമുണ്ടോ എന്നറിയാന്‍ വെറുതെ മറ്റു കസേരകളിലേക്ക് കണ്ണോടിച്ചു. ഉണ്ട്, ചിലരൊക്കെ ഉണ്ട്. പക്ഷേ പലരുടെയും പേരൊന്നും ഓര്‍മയില്‍ കേറിയിട്ടില്ല. കണ്ണുകൊണ്ടുള്ള ആ സ്‌ക്രീനിംഗിനിടെ, ഇവളിതിലും ഉണ്ടോ എന്ന ഭാവത്തോടെ എന്റെ കണ്ണൊന്നു പതിയെ നിന്നു. കഴിഞ്ഞ മീറ്റിംഗിനു കണ്ടതിനേക്കാള്‍ സുന്ദരിയായിട്ടുണ്ട്. ഭയങ്കര ജാഡയാണെന്ന് മുഖത്തെഴുതി വെച്ചിട്ടുണ്ട്.

ഇടക്ക് അവളെന്നെ നോക്കി ഒന്നു ചിരിച്ചു. ഇനി ഞാന്‍ അവളെ  നോക്കിയതോണ്ടെങ്ങാനും ആണോ ആവോ. എന്തായാലും വേണ്ടില്ല. തിരിച്ചൊരു ചിരി കൊടുത്തേക്കാം എന്ന് ഞാനും കരുതി. 

മീറ്റിംഗിനിടയിലെ ടീ ടൈം കഴിഞ്ഞപ്പോ അവള്‍ എന്റെ തൊട്ടടുത്ത സീറ്റില്‍ വന്നിരുന്നു. ഇതിപ്പോള്‍ എന്തിനാണാവോ എന്നു കരുതി ഞാനും അവളെ നോക്കി പുഞ്ചിരിച്ചു. എനിക്കിറങ്ങേണ്ട സമയമായി. ഇനിയും നിന്നാല്‍ വീടെത്താന്‍ ഒരുപാട് വൈകും.. 

ഞാന്‍ പതിയെ കസേരയില്‍ നിന്നെണീറ്റു മാഡത്തിനോട് പോകാനുള്ള അനുവാദം പതിഞ്ഞ സ്വരത്തില്‍ ചോദിച്ചു. 

'കുട്ടി പൊക്കോളൂ. നീലിമ നിനക്കും പോകണ്ടേ. എന്നാല്‍, രണ്ടുപേരും ഇറങ്ങിക്കോളൂ'-കേട്ട പാതി കേള്‍ക്കാത്തപാതി കസേരക്കടിയില്‍ നിന്നു മടിയിലേക്ക് കേറ്റി വെച്ച ബാഗും തോളത്തിട്ട് ഞാന്‍ വാതിലിനു പുറത്തു കടന്നു. ഓടിക്കിതച്ചു കയറിയ അതെ പടികള്‍ ചാടിയിറങ്ങുബോള്‍ ഒരു ചെറിയ ആശ്വാസം.

പെട്ടന്ന് പിന്നില്‍ നിന്നൊരു വിളി. 'എടോ നില്‍ക്ക്, തന്റെ കൂടെ ഞാനും ഉണ്ട്....'

തിരിഞ്ഞുനോക്കി. അതെ അവള്‍ തന്നെ, നീലിമ.

''ആണോ, അപ്പോ വീടെവിടാ'-ആശ്ചര്യത്തോടെ ഞാന്‍ തിരക്കി.
''മലമല്‍കാവ്... അറിയോ...'
''കേട്ടിട്ടുണ്ട്, നീലത്താമരയുടെ നാടല്ലേ.'' -ഒരു ചെറുപുഞ്ചിരിയോടെ ഞങ്ങളാ സംസാരം തുടര്‍ന്നു. സംസാരത്തിന്റെയും പരിചയപ്പെടലിന്റെയും തിരക്കില്‍ ബസ് സ്റ്റാന്‍ഡില്‍  എത്തിയതേ അറിഞ്ഞില്ല. ഒരുമിച്ച് ബസ് കയറി. സമയം ഒരുപാട് ഇരുട്ടി തുടങ്ങിയപ്പോളാണ് പാതി വഴി വരെയേ ബസ് ഉണ്ടാവു എന്നത് സംസാരത്തിലേക്ക് കടന്നു വന്നത്.

'എന്നാല്‍ പിന്നെ എന്റെ കൂടെ പോരെ, ഞാന്‍ വണ്ടി എടുത്തിട്ടുണ്ട്' -നീലിമ പറഞ്ഞു. 

ബസ് സ്റ്റാന്‍ഡിലിറങ്ങി ഞങ്ങള്‍ പാര്‍ക്കിങ്ങിലെ വണ്ടി എടുക്കാന്‍ നീങ്ങി. ഇടയിലെപ്പോളോ ഞാന്‍ എന്നെ പറ്റി പറഞ്ഞു തുടങ്ങി. എന്റെ സംസാരം അവള്‍ക്ക് ബോറാവണ്ടാന്ന് കരുതി അവളോട് എന്തേലും ചോദിക്കാമെന്നു വിചാരിച്ചു. 

'എന്താ നിന്റെ ഭാവി പരിപാടി?'  എന്നു ചോദിച്ചു. 

'ആഹ് ഡാ ഞാന്‍ ഞാന്‍ ഒരു ഡിവോഴ്‌സി ആണ്. ഇപ്പോ ഉള്ള ലൈഫ് നല്ല രീതിക്ക് മുന്നോട്ട് പോണമെന്നേള്ളൂ ഡാ'-അവളു പറഞ്ഞു നിര്‍ത്തി. 

എന്റെ തൊണ്ട വരണ്ട പോലെ തോന്നി. എന്തൊക്കെയോ ഇവളെ പറ്റി ചിന്തിച്ചിരുന്നല്ലോ എന്നാലോചിച്ചു, ഞാന്‍. എന്തിനാണ് ഞാന്‍ ഒരാളെ മനസിലാകുന്നതിനു മുന്‍പ് തന്നെ വിലയിരുത്തിയതെന്നു സ്വയം കുറ്റപ്പെടുത്തി.

എന്തോ പെട്ടെന്നൊരു മൂകത. രണ്ടാളും മിണ്ടുന്നില്ല. കലപില സംസാരങ്ങളും പൊട്ടിച്ചിരിയും വഴിയില്‍ കൊഴിഞ്ഞു പോയിരിക്കുന്നു. ചുറ്റിലുമുള്ള ഇരുട്ട് മനസ്സിലേക്ക് കേറുന്ന പോലെ. പതിയെ അവള്‍ സംസാരിക്കാന്‍ തുടങ്ങി. 

അവളുടെ വിവാഹം ഒരു ദുരന്തമായിരുന്നു. നല്ലൊരു ഫാമിലിയില്‍ നിന്നു വന്ന കല്യാണലോചന ആയതു കൊണ്ടാണ് കമ്പ്യൂട്ടര്‍ എഞ്ചിനീയറായ യുവാവിന്റെ ആലോചന സ്വീകരിച്ചതെന്ന് അവള്‍ പറഞ്ഞു. അങ്ങനെ കല്യാണം ഉറപ്പിച്ചു. കുറച്ചു കഴിഞ്ഞപ്പോള്‍ മനസ്സുകൊണ്ട് അടുക്കാന്‍ തുടങ്ങി. കല്യാണത്തോട് അടുത്തപ്പോള്‍ അയാളുടെ സഹോദരി മുന്‍കൂര്‍ ജാമ്യം പോലെ ഒരു കാര്യം പറഞ്ഞു. ആളിത്തിരി ദേഷ്യക്കാരനാണ്. തൈറോയിഡ് ആണ് കാരണം. അവളത് വിശ്വസിച്ചു. 

കല്യാണം കഴിഞ്ഞ് വീട്ടില്‍ ചെന്നപ്പോള്‍ കണ്ടത് മറ്റൊരു ലോകമാണ്. ഭര്‍ത്താവിന്റെ അമ്മയെ ക്രൂരമായി ദേഹോപദ്രവം ചെയ്യുന്ന, ഭര്‍ത്താവിന്റെ അച്ഛന്‍. ആ സന്ദര്‍ഭത്തിലൊക്കെ അവനവളെ ചേര്‍ത്ത് പിടിച്ചു. വൈകാതെ രണ്ടുപേരും അയാളുടെ ജോലി സ്ഥലമായ ഹൈദരാബാദിലേക്ക് താമസം മാറി. ചെറിയ പിണക്കങ്ങളും ഇണക്കങ്ങളും ഒക്കെ പതിയെ ഒരു ടോക്‌സിക് റിലേഷനിലേക് അവളെ കൊണ്ടു ചെന്നെത്തിച്ചു. ചെറിയ കാര്യങ്ങള്‍ക്കു പോലും അയാള്‍ ദേഷ്യം പിടിച്ചു. അവളെ മര്‍ദ്ദിച്ചു. അടി കഴിഞ്ഞ് അയാള്‍ അവളെ ആശുപത്രിയില്‍ കൊണ്ടുപോയി. മുറിവുണങ്ങുമ്പോള്‍ വീണ്ടും മര്‍ദ്ദിച്ചു. വീണ്ടും സ്‌നേഹിച്ചു. ‌

ഒരു ദിവസം രാത്രി പതിവുപോലെ തുടങ്ങിയ പിണക്കത്തിനൊടുവില്‍ അയാള്‍ അവളെ കഴുത്തില്‍ പിടിച്ചു ഉയര്‍ത്തി കട്ടിലില്‍ എത്തിച്ചു. വിരലുകള്‍ ഒടിച്ചു. മുടിക്കെട്ടു പിടിച്ചു തല്ലി ചതച്ചു. കഴുത്തില്‍ ഷാള്‍ മുറുക്കി കട്ടിലില്‍ കെട്ടിയിടുകയും കൊല്ലാക്കൊല ചെയ്യുകയും ചെയ്തു. നേരം വെളുത്തു, കെട്ടൊക്കെ അഴിച്ച് സ്വതന്ത്രയാക്കാന്‍. പാതി ജീവനുമായി കട്ടില്‍ നിന്നെണീറ്റ അവള്‍ നീരുവെച്ച മുഖവും കയ്യും വിരലുകളും ഷാളില്‍ മറച്ച് വീടിനു പുറത്ത് ചാടി. വാതില്‍ പുറത്തു നിന്നു പൂട്ടിയശേഷം അവള്‍ ഓടി. പരിചയമില്ലാത്ത വഴികളിലൂടെ, ആള്‍ക്കൂട്ടത്തിലൂടെ, എങ്ങോട്ടെന്നില്ലാത്ത ഓട്ടം. 

കുറെ ദൂരം എത്തിയെന്ന ആശ്വാസം പക്ഷേ, അവളെ തളര്‍ത്തി. വഴിയരികിലെ പൈപ്പില്‍ നിന്നും വെള്ളം കുടിച്ച് അടുത്ത് കണ്ട പലരോടും അറിയാവുന്ന ഭാഷയില്‍ സഹായം ചോദിച്ചു. ആരും സഹായത്തിനെത്തിയില്ല. അതിനിടയില്‍ വഴിയിലൂടെ വന്നൊരു ചെറുപ്പക്കാരന്‍ അരികില്‍ വണ്ടി നിര്‍ത്തി അവളോട് കാര്യം ചോദിച്ചു. കാര്യങ്ങള്‍ കേട്ട ശേഷം അയാള്‍ ഒട്ടും ചിന്തിക്കാതെ അവളെ വണ്ടിയില്‍ കയറ്റി ബസ് സ്റ്റാന്‍ഡില്‍ എത്തിച്ചു. അവിടെനിന്നും കേരള ബസില്‍ ടിക്കറ്റ് എടുത്ത് കയറ്റി. കയ്യിലുള്ള ചില്ലറയടക്കം അവന്‍ അവള്‍ക്ക് നല്‍കി. എത്രയും വേഗം വീട്ടിലെത്തിക്കോളൂ എന്ന് പറഞ്ഞു അവനവളെ യാത്രയാക്കി. അവസാനിച്ചെന്നു  കരുതിയ അവളുടെ ജീവിതയാത്ര അവിടെ വീണ്ടും തുടങ്ങി. 

ഇതായിരുന്നു അവളുടെ ജീവിതകഥ. 

വണ്ടിയില്‍ നിന്നിറങ്ങി കയ്യില്‍ ഒരു ഷേക്ക് ഹാന്‍ഡ് കൊടുത്തപ്പോള്‍ ഞാന്‍ കണ്ടത് നീര് വെച്ച് വീര്‍ത്ത വിരലും നട്ടെല്ലിനു പറ്റിയ ക്ഷതങ്ങളും ആണ്. അവളിന്ന് സ്വാതന്ത്രയാണ്. സ്ഥിരവരുമാനമുള്ള ജോലിയും സന്തോഷം നിറഞ്ഞ സ്വന്തം കുടുംബവും. 

ഈ ലോകത്ത് നമ്മുടെ പ്രശ്‌നങ്ങളാണ് വലുതെന്നു കരുതുന്ന എനിക്ക് അവളൊരു പ്രചോദനമായിരുന്നു.

വായിക്കാം എന്റെ ജീവിതത്തിലെ സ്ത്രീ. വായനക്കാര്‍ എഴുതിയ അനുഭവങ്ങള്‍.

PREV
click me!

Recommended Stories

യുദ്ധഭീതിയിൽ യൂറോപ്പ്; സൈനീകരുടെ എണ്ണം കൂട്ടാൻ രാജ്യങ്ങൾ പക്ഷേ, മരിക്കാനില്ലെന്ന് യുവാക്കൾ
നിസഹായരായ മനുഷ്യനെ മിസൈൽ അയച്ച് കൊന്നത് യുദ്ധക്കുറ്റം; ഉത്തരമില്ലാതെ ട്രംപ് ഭരണകൂടം