എന്തുകൊണ്ടാണ് ജീവിച്ചിരിക്കുമ്പോള്‍ നമുക്ക് മനുഷ്യരുടെ വില മനസ്സിലാവാത്തത്?

Published : Mar 31, 2025, 03:01 PM IST
എന്തുകൊണ്ടാണ് ജീവിച്ചിരിക്കുമ്പോള്‍ നമുക്ക് മനുഷ്യരുടെ വില മനസ്സിലാവാത്തത്?

Synopsis

ഉമ്മമ്മയുടെ സൗന്ദര്യത്തെ കുറിച്ച് കുടുംബത്തിലെ എല്ലാവരും പറയുന്നത് കേട്ടിട്ടുണ്ട്. ഇടതൂര്‍ന്ന നീണ്ട മുടി, തിളങ്ങുന്ന വലിയ കണ്ണുകള്‍, മങ്ങല്‍ എല്‍ക്കാത്ത നല്ല ചര്‍മം. അങ്ങനെ അങ്ങനെ... പക്ഷേ...    'എന്‍റെ ജീവിതത്തിലെ സ്ത്രീ' ഫര്‍സീന്‍ ഷരീഫ്  എഴുതുന്നു.  


ഒരാളുടെ മരണശേഷം മാത്രമാണോ അവര്‍ നമുക്ക് ആരായിരുന്നു എന്ന് മനസ്സിലാകുന്നത്? നഷ്ടപ്പെട്ട് കഴിഞ്ഞാല്‍ മാത്രമാണോ നമുക്ക് ഓരോന്നിന്‍റെയും മൂല്യം മനസ്സിലാവുക? 

 

 

ജീവിതത്തില്‍ ഞാന്‍ കണ്ട ഏറ്റവും ശക്തയായ സ്ത്രീ എന്‍റെ ഉമ്മമ്മയാണ്. ആറ് വര്‍ഷങ്ങള്‍ക്ക് മുന്നേ ഞങ്ങളെ വിട്ടു പോയി. ആ നഷ്ടത്തിന്‍റെ ആഴം മനസ്സിലാക്കാന്‍ പറ്റാത്ത വിധം തീരെ ചെറുതായിരുന്നു ഞാനന്ന്. 

ഒരുപാട് സ്‌നേഹിച്ചൊരാളാണ് ഉമ്മമ്മ. ആദ്യത്തെ പേരക്കുട്ടിയായിരുന്നു ഞാന്‍. അതിനാല്‍, ഒരുപാട് ലാളനകള്‍ എനിക്ക് കിട്ടി. എന്‍റെ ബാല്യത്തിന് ഉമ്മമ്മ മനോഹരമായ ഒരുപാട് ഓര്‍മ്മകള്‍ സമ്മാനിച്ചു. വളര്‍ന്നപ്പോള്‍ മാത്രമാണ് ഉമ്മമ്മ സഹിച്ച ത്യാഗത്തിന്‍റെയും വേദനകളുടെയും കൂടി അര്‍ത്ഥം എനിക്ക് മനസ്സിലാവുന്നത്.

ഉമ്മമ്മയുടെ സൗന്ദര്യത്തെ കുറിച്ച് കുടുംബത്തിലെ എല്ലാവരും പറയുന്നത് കേട്ടിട്ടുണ്ട്. ഇടതൂര്‍ന്ന നീണ്ട മുടി, തിളങ്ങുന്ന വലിയ കണ്ണുകള്‍, മങ്ങല്‍ എല്‍ക്കാത്ത നല്ല ചര്‍മം. അങ്ങനെ അങ്ങനെ...

ഞാന്‍ കണ്ട ഉമ്മമ്മ ഇങ്ങനെ ഒന്നും ആയിരുന്നില്ല. രോഗങ്ങള്‍ അവരെ വല്ലാതെ ക്ഷതമേല്‍പ്പിച്ചിരുന്നു. എന്നാല്‍, അവരുടെ മനസ്സിനെയോ വ്യക്തിത്വത്തെയോ അതിന് തൊടാന്‍ സാധിച്ചിരുന്നില്ല. ഒരു കാലത്ത് വളരെ സുന്ദരമായിരുന്ന ആ കൈകള്‍ രോഗവസ്ഥ കാരണം പരുപരുത്തതും ക്ഷീണിച്ചതും ആയിരുന്നു.

എന്നാലും ഒരു നിമിഷം പോലും ആ കൈകള്‍ വിശ്രമിച്ച് കണ്ടിട്ടില്ല. ആ തണുത്ത കൈകള്‍ വേദന വകവെയ്ക്കാതെ അതീവ രുചികരമായി ഭക്ഷണം പാകം ചെയ്തു കൊണ്ടേയിരുന്നു. വേദനകളെയും ഒറ്റപ്പെടലുകളെയും ചെറിയ കുറ്റപ്പെടുത്തലുകളെയും എല്ലാം മറന്ന് ഉമ്മമ്മ ചെടികളിലും പൂക്കളിലും മുഴുകി. പരാതികള്‍ ചെടികളോടും പൂക്കളോടും പറഞ്ഞു. വളരെ വ്യത്യസ്തമായതും മനോഹരവുമായ സ്വന്തം പേര് വിവാഹ ശേഷം മാറ്റേണ്ടി വന്നപ്പോഴും അവര്‍ ആരോടും പരാതി പറഞ്ഞിരുന്നില്ല.

ജീവിതത്തിന്‍റെ അവസാന നാളുകളിലും, എല്ലുകളെ വേദന വരിയുമ്പോഴും ഉമ്മമ്മ പ്രിയപ്പെട്ടവരുടെ ഇഷ്ടവിഭവങ്ങള്‍ ഉണ്ടാക്കി കൊടുക്കണം എന്നാഗ്രഹിച്ചു. എല്ലാവരുടെയും മനസ്സില്‍ ഒരുപാട് ഓര്‍മ്മകള്‍ ബാക്കി വെച്ച് പോയി.

ഒരാളുടെ മരണശേഷം മാത്രമാണോ അവര്‍ നമുക്ക് ആരായിരുന്നു എന്ന് മനസ്സിലാകുന്നത്? നഷ്ടപ്പെട്ട് കഴിഞ്ഞാല്‍ മാത്രമാണോ നമുക്ക് ഓരോന്നിന്‍റെയും മൂല്യം മനസ്സിലാവുക? 

ഓരോ വീട്ടിലുമുണ്ട് ഇതുപോലുള്ള ഉമ്മമ്മ. തളര്‍ന്ന കാലുകളും, മുറിവേറ്റ കൈകളും, വേദനയാല്‍ തളര്‍ന്ന കണ്ണുകളുമായി ജീവിക്കുന്നവര്‍. എന്നാല്‍, അതൊന്നും വകവെയ്ക്കാതെ ചുറ്റുമുള്ളവരെ സന്തോഷിപ്പിക്കുന്നവര്‍. മറ്റുള്ളവര്‍ക്കായി ജീവിക്കുന്നവര്‍. നാം അവരുടെ ജീവിതത്തെ 'സാധാരണ' ഒന്നായി മാത്രം കാണുന്നു. അവര്‍ ചെയ്യുന്ന കാര്യങ്ങളെ അവരുടെ കടമയായും. ഇല്ലാതായി കഴിയുമ്പോള്‍ മാത്രം അവര്‍ ആരായിരുന്നു എന്ന് ആരായുന്നു. 

പതിനേഴുകാരിയായ എന്നെ സംബന്ധിച്ചിടത്തോളം ഇത് വല്ലാത്ത നിരാശയേകുന്നു. 

എന്ത് കൊണ്ടാണ് സ്ത്രീകളെ മകളായും ഭാര്യയായും അമ്മയായും അമ്മമ്മയായും മാത്രം കാണുന്നത്? അവരുടെ അതിജീവനത്തെയും സഹനത്തെയും നമ്മള്‍ വേണ്ട വിധം കാണാത്തത് എന്തുകൊണ്ടാണ്? ജീവിച്ചിരിക്കുമ്പോള്‍ തന്നെ അവരുടെ പ്രാധാന്യത്തെ പറ്റി മനസ്സിലാക്കാനും ബഹുമാനിക്കാനും സാധിക്കാത്തത് എന്തു കൊണ്ടാണ്? അവരുടെ കഥകളെ പുതിയ തലമുറയ്ക്ക് പ്രചോദന്മാക്കാന്‍ കഴിയാത്തത് എന്തുകൊണ്ടാണ്?

 

എന്‍റെ ജീവിതത്തിലെ സ്ത്രീ  കൂടുതല്‍ എഴുത്തുകൾ വായിക്കാം

 

 

PREV
Read more Articles on
click me!

Recommended Stories

അന്ന് വിശ്വസ്ത ഇന്ന് വിമ‍ർശക; ട്രംപ് 'രാജ്യദ്രോഹി' എന്ന് വിശേഷിപ്പിച്ച ഗ്രീന്‍റെ രാജി
റഷ്യ നിർദ്ദേശിച്ച സമാധാനക്കരാർ യുക്രൈയ്ന് മേൽ അടിച്ചേൽപ്പിക്കാൻ ട്രംപ്