ലോക്ക് ഡൗണ്‍: 800 വർഷം പഴക്കമുള്ള കോട്ടയില്‍ ഒറ്റപ്പെട്ട് കഴിയാന്‍ ഭാഗ്യം കിട്ടിയ ദമ്പതികള്‍...

By Web TeamFirst Published May 28, 2020, 10:44 AM IST
Highlights

രാത്രിയിൽ 600 -ലധികം മികച്ച വൈനുകൾ അടങ്ങിയ നിലവറയിൽ പോയി ഇഷ്ടമുള്ള വൈൻ അവർ തിരഞ്ഞെടുക്കുന്നു. അതിന് ശേഷം 32 സീറ്റുകളുള്ള സ്വകാര്യ തിയേറ്ററിൽ പോയി ഒരു സിനിമയും കണ്ട് ഭക്ഷണവും കഴിക്കുന്നു.

ഈ ലോക്ക് ഡൗൺ കാലത്ത് നമ്മിൽ പലരും കൂടുതൽ സമയവും ചിലവഴിക്കുന്നത് വീടിന്റെ നാലുചുവരുകൾക്കുള്ളിലാണ്. എന്നാൽ, അയർലൻഡിലെ ഈ ദമ്പതികളെ സംബന്ധിച്ചിടത്തോളം അങ്ങനെ അല്ല. മറ്റാർക്കും കിട്ടാത്ത ഒരു സൗഭാഗ്യമാണ് ഈ മഹാമാരി സമയത്ത് അവരെ തേടി വന്നിരിക്കുന്നത്. എന്താണെന്നല്ലേ? 350 ഏക്കർ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന 800 വർഷം പഴക്കമുള്ള കോട്ടയിലാണ് അവർ ഇപ്പോൾ ഒറ്റപ്പെട്ട് കഴിയുന്നത്. 

ഇംഗ്ലണ്ടിൽ നിന്നുള്ള 23 -കാരിയായ ലോറ ജാമിസനും, സ്കോട്ട്‌ലൻഡിൽ നിന്നുള്ള 28 -കാരനായ മൈക്കൽ സ്മിത്തിനുമാണ് ഈ അപൂർവ സൗഭാഗ്യം ലഭിച്ചത്. പടിഞ്ഞാറൻ അയർലന്‍ഡിലെ കൗണ്ടി മായോയിലെ ഈ ആഷ്ഫോർഡ് കോട്ട ഇപ്പോൾ ഒരു ഫൈവ് സ്റ്റാർ ഹോട്ടലാണ്. അതിൽ സിനിമ തിയേറ്ററും, സ്‍പായും, വൈൻ ടേസ്റ്റിംഗ് ടണലുകളും ഇതിനെല്ലാം പുറമെ 83 ഗസ്റ്റ് റൂമുകളുമുണ്ട്. ആ ഹോട്ടലിന്റെ മേല്‍നോട്ടക്കാരാണ് അവർ. മൂന്ന് വർഷം മുൻപാണ് അവർ ഇവിടെ ജോലിയ്ക്ക് വന്നത്. തൊട്ടടുത്ത ഗ്രാമത്തിൽ താമസിക്കുന്ന അവർ സാധാരണയായി വന്നുപോവുകയാണ് പതിവ്. എന്നാൽ, ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് അവർക്ക് യാത്ര ചെയ്യാൻ ബുദ്ധിമുട്ടായി. അങ്ങനെയാണ് അവർ ഇവിടെ താമസമാക്കിയത്. കഴിഞ്ഞ ഒൻപത് ആഴ്‍ചകളായി അവർ കോട്ടയിൽ താമസിച്ച് കെട്ടിടങ്ങളും ചുറ്റുമുള്ള സ്ഥലവും പരിപാലിച്ച് പോരുന്നു. “ഇത്ര വലിയ ഒരു ഭാഗ്യം ഞങ്ങൾക്ക് ലഭിച്ചു എന്നത് ഇപ്പോഴും വിശ്വസിക്കാൻ സാധിക്കുന്നില്ല. ഇത് അതിമനോഹരമായ ഒരു സ്ഥലമാണ്” ജാമിസൺ ഒരു ഫോൺ അഭിമുഖത്തിൽ പറഞ്ഞു. 

കേട്ടാൽ ഒരു മുത്തശ്ശിക്കഥ പോലെ വിചിത്രമാണെങ്കിലും, അവിടത്തെ ജീവിതം പക്ഷേ വിചാരിച്ചപോലെ അത്ര സുഖകരമല്ല എന്ന് അവർ പറഞ്ഞു. ഇത്രയും വലിയ കോട്ടയും, പരിസരവും വൃത്തിയാക്കി സൂക്ഷിക്കുക എന്നത് എളുപ്പമുള്ള ജോലിയല്ല. ജൂലൈ 20 -ന് വിനോദസഞ്ചാരികൾക്കായി ഇത് വീണ്ടും തുറക്കുന്നതുവരെ അയർലണ്ടിലെ ഏറ്റവും പഴയ കോട്ടകളിലൊന്ന് ടിപ്പ്-ടോപ്പായി സൂക്ഷിക്കാൻ ഇവർക്ക് ഒരുപാട് കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. വാക്യൂമിംഗ്, അവിടത്തെ ഒന്നിലധികം ചാൻഡിലിയറുകൾ പൊടിയടിക്കുക, കൊട്ടാരത്തിലുടനീളമുള്ള 160 ടോയ്‌ലറ്റുകൾ ദിവസവും ഫ്ലഷ് ചെയ്യുക എന്നിവയാണ് അതിൽ ചിലത്. കൂടാതെ, അവർക്ക് ഹോട്ടലിന്റെ അഡ്മിനിസ്ട്രേഷൻ നോക്കുകയും ഫോൺകോളുകളും ഇമെയിലുകളും സാധാരണപോലെ കൈകാര്യം ചെയ്യുകയും വേണം. മുൻപ്, 350 ഏക്കർ എസ്റ്റേറ്റിന്റെ മേൽനോട്ടമായിരുന്നു മൈക്കലിന്. അതിഥിസേവനങ്ങളുടെ ചുമതല ലോറക്കായിരുന്നു. പക്ഷേ, ഇപ്പോഴത്തെ അവരുടെ പ്രധാന പരിപാടി കോട്ട പൊടിയടിക്കലും, വൃത്തിയാക്കലുമാണ്.

അവിടത്തെ പക്ഷിസങ്കേതത്തിലുള്ള മൂങ്ങകളും, മറ്റ് പക്ഷികളും സുഖമായിരിക്കുന്നോ എന്ന് പരിശോധിക്കലാണ് ഒരു ദിവസത്തെ അവരുടെ അവസാനത്തെ ജോലി. അതിന് ശേഷം പിന്നെ അവർക്ക് വിശ്രമമാണ്. അവരുടെ ഏറ്റവും പ്രിയപ്പെട്ട സമയമാണ് പിന്നീട്. രാത്രിയിൽ 600 -ലധികം മികച്ച വൈനുകൾ അടങ്ങിയ നിലവറയിൽ പോയി ഇഷ്ടമുള്ള വൈൻ അവർ തെരഞ്ഞെടുക്കുന്നു. അതിനുശേഷം 32 സീറ്റുകളുള്ള സ്വകാര്യ തിയേറ്ററിൽ പോയി ഒരു സിനിമയും കണ്ട് ഭക്ഷണവും കഴിക്കുന്നു. രാത്രി കിടക്കാൻ നേരമാണ് രസം. ആഷ്ഫോർഡ് കാസിലിൽ 83 കിടപ്പുമുറികളിൽ ഏത് തിരഞ്ഞെടുക്കണമെന്ന് അറിയാതെ അവർ ആശയകുഴപ്പത്തിലാകും. ഇങ്ങനെയൊക്കെയാണെങ്കിലും, ആദ്യമൊക്കെ അവർക്ക് ആ ഭീമൻ കോട്ടയിൽ ഒറ്റയ്ക്ക് രാത്രി കഴിച്ചുകൂട്ടാൻ ഭയമായിരുന്നു എന്ന് ലോറ പറഞ്ഞു. ആരോ നടക്കുന്നത് പോലെയുള്ള ഒച്ചയും, രാത്രിയിൽ ജനൽ വന്നടയുന്നതിന്റെ ശബ്‌ദവും എല്ലാം അവരെ ഭയപ്പെടുത്തിയിരുന്നു. എന്നാൽ, ഇപ്പോൾ അത്തരം ഭയം ഒന്നും തങ്ങൾക്കില്ലെന്നും അവർ വ്യക്തമാക്കി. 

അയർലന്‍ഡിലെ രണ്ടാമത്തെ വലിയ തടാകമായ ലോഫ് കോറിബിന്റെ തീരത്താണ് ഇത് സ്ഥിതിചെയ്യുന്നത്. ഇവിടത്തെ പക്ഷിസങ്കേതം അയർലന്‍ഡിലെ ആദ്യത്തെ പക്ഷിസങ്കേതമാണ്. ബ്രാഡ് പിറ്റ്, പിയേഴ്സ് ബ്രോസ്‌നൻ, മുൻ അമേരിക്കൻ പ്രസിഡന്റ് റൊണാൾഡ് റീഗൻ തുടങ്ങി രാഷ്ട്രീയക്കാരും, താരങ്ങളും അവധിക്കാലം ആസ്വദിക്കാൻ ഇവിടെ വന്നിട്ടുണ്ട്. 1228 -ൽ ഡി ബർഗോ കുടുംബം നിർമ്മിച്ചതാണ് ഈ ആംഗ്ലോ-നോർമൻ കൊട്ടാരം. എന്നാൽ, പിന്നീട് 1589 -ൽ സർ റിച്ചാർഡ് ബിംഗ്ഹാം ഇത് പിടിച്ചെടുത്തു. പതിനെട്ടാം നൂറ്റാണ്ടിൽ ഗിന്നസ് കുടുംബം ഇത് കൂടുതൽ വിപുലീകരിച്ചു. ലോകമെമ്പാടുമുള്ള ആഡംബര ട്രാവൽ ഏജന്റുമാർ 2015 ൽ ലോകത്തിലെ ഏറ്റവും മികച്ച ഹോട്ടലായും, ട്രാവൽ + ലഷർ മാസികയുടെ വായനക്കാർ ഈ വർഷം തുടക്കത്തിൽ ലോകത്തെ ഏറ്റവും മികച്ച മൂന്നാമത്തെ ഹോട്ടലായും ഇതിനെ തിരഞ്ഞെടുത്തിരുന്നു. ഇപ്പോൾ കോവിഡ് കാരണം ഈ കൊട്ടാരം അടച്ചിട്ടിരിക്കയാണ്.

click me!