Latest Videos

കെ.സുരേന്ദ്രനോട് ബിജെപി ഈ ചതി ചെയ്യരുതായിരുന്നു!

By Sindhu SooryakumarFirst Published Nov 26, 2018, 1:10 PM IST
Highlights

കെ.പി.ശശികലയും കെ.സുരേന്ദ്രനുമൊക്കെ ഇരുമുടിക്കെട്ട് തൊട്ടുകാണിച്ച്, ആചാരത്തെപ്പറ്റി, ആ കെട്ടിന്‍റെ പാവനതയെക്കുറിച്ച് ഒക്കെ നമ്മളെ ഓർമപ്പെടുത്തി. ഇരുമുടിക്കെട്ട് വിശ്വാസത്തിന്‍റെ അടയാളമായി ഉയർത്തിപ്പിടിച്ചു.

സ്വന്തം ചുമലിൽ നിന്ന് ഇരുമുടിക്കെട്ട് കെ.സുരേന്ദ്രൻ വലിച്ചു താഴെയിടാൻ രണ്ട് തവണ ശ്രമിച്ചതെന്തിനാണ്? വിശ്വാസം സംരക്ഷിയ്ക്കാനായിരുന്നു എങ്കിൽ സ്വയം വീണ് കാലൊടിഞ്ഞായാലും ഇരുമുടിക്കെട്ട് സംരക്ഷിയ്ക്കുമായിരുന്നു. കെ.സുരേന്ദ്രന്‍റെ ലക്ഷ്യം വിശ്വാസവും ആചാരവുമല്ല എന്ന് വ്യക്തം. എന്നാലും, നൂറ് കണക്കിന് അയ്യപ്പഭക്തരുടെ മനസ്സിന് മുറിവേൽപിയ്ക്കുന്ന ഈ നാണം കെട്ട പരിപാടി കെ.സുരേന്ദ്രൻ ചെയ്യരുതായിരുന്നു.

''സ്വാമി ശരണം, അയ്യപ്പശരണം, സ്വാമിയേ ശരണമയ്യപ്പാ'’ എന്നതാണ്, വിശ്വാസികൾ ഭക്തിപൂർവം വിളിയ്ക്കുന്ന ശരണമന്ത്രം. ഇത് ബിജെപി ഒരു മുദ്രാവാക്യമാക്കി മാറ്റുന്ന കാഴ്ചയാണ് നമ്മൾ കാണുന്നത്. ശബരിമലയെ മറ്റൊരു അയോധ്യയാക്കി മാറ്റണോ, ‘ജയ് ശ്രീറാം’ എന്ന് മുദ്രാവാക്യം വിളിയ്ക്കുന്നത് പോലെ, ‘സ്വാമിയേ ശരണമയ്യപ്പോ’ എന്ന് വിളിയ്ക്കണോ എന്നൊക്കെ തീരുമാനിക്കേണ്ടത് അയ്യപ്പനെ ആരാധിയ്ക്കുന്ന യഥാർഥവിശ്വാസികളാണ്. ബിജെപിയുടെ രാഷ്ട്രീയക്കളിയ്ക്കുള്ള ഇടമായി ശബരിമലയെ വിട്ടുകൊടുക്കണോ എന്നു കൂടി വിശ്വാസികൾ തീരുമാനിയ്ക്കണം.

ആചാരം ലംഘിച്ച് യുവതികൾ ശബരിമലയിൽ കയറരുതെന്ന് ഒരു വലിയ വിഭാഗം ജനങ്ങൾ ആഗ്രഹിയ്ക്കുന്നുണ്ട്. ആ വലിയ ജനവിഭാഗം ബിജെപി അനുകൂലികളാണ് എന്ന് വരുത്തുകയാണ് ബിജെപിയുടെ ലക്ഷ്യം. അല്ലെങ്കിൽ ഈ ജനവിഭാഗത്തെ പാർട്ടിയിൽ എത്തിയ്ക്കുക എന്നതാണ് ബിജെപി ഉന്നമിടുന്നത്. ലക്ഷ്യം അങ്ങനെ പുറത്തു പറയണം എന്ന് വിചാരിച്ചതല്ല. ‘ഇത് സുവർണാവസരമാണ്’ -എന്ന പ്രസംഗം ചോർന്ന് പുറത്തുപോയതാണ്. പ്രഗത്ഭനായ അഭിഭാഷകനാണ് പി.എസ്.ശ്രീധരൻപിള്ള. നിയമമറിയാം. സത്യമറിയാം.

''ഒരു സ്ഥലത്ത് ആ വിധിന്യായത്തെ ചോദ്യം ചെയ്തുകൊണ്ട് ഞാൻ സംസാരിച്ചിട്ടുണ്ടോ? ഞാൻ പറഞ്ഞിട്ടില്ല. പിന്നെങ്ങനെയാണ് നിങ്ങൾ ഇങ്ങനെയൊക്കെ പറയുന്നത്. ഇന്നുവരെ എത്രയോ പത്രസമ്മേളനങ്ങൾ നടത്തിയിട്ടുണ്ട്. സമരമോ? സമരം മാർക്സിസ്റ്റുപാർട്ടിയുടെ ശബരിമലയെ തകർക്കാനുള്ള നീക്കത്തിനെതിരെ.’’  - കോഴിക്കോട്ട് നടന്ന വാർത്താസമ്മേളനത്തിൽ ശ്രീധരൻപിള്ള പറഞ്ഞതാണ്.

ശബരിമലയിൽ പോകുന്ന ഭക്തനെ തടയുന്നതെങ്ങനാ?

ആചാരസംരക്ഷണത്തിനായി നാമം ജപിച്ച് റോഡിലിറങ്ങിയ സ്ത്രീകൾ ശ്രദ്ധിച്ചുകേൾക്കണം. ശ്രീധരൻപിള്ളയുടെ ലക്ഷ്യം ആചാരസംരക്ഷണമല്ല, അധികാരമാണ്. എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരും ശ്രദ്ധിച്ചുതന്നെ കേട്ടു കാണും, ഇല്ലെങ്കിൽ ആരെങ്കിലും അദ്ദേഹത്തിന് അത് കേൾപ്പിച്ചുകൊടുക്കേണ്ടതാണ്. യാഥാർഥ്യം എല്ലാവരുമറിയണം.

ഇനി അടുത്ത ആചാരസംരക്ഷകനെ നോക്കാം, കെ.സുരേന്ദ്രൻ!

''ലാത്തിച്ചാർജുകൊണ്ടൊന്നും ഞങ്ങളെ തടയാൻ പറ്റൂല. ഷൂട്ട് ചെയ്യേണ്ടി വരും. പറ്റുവോ? പറയ് നിങ്ങള്. ഷൂട്ട് ചെയ്യാനാണെങ്കിൽ തോക്ക് റെഡിയാക്ക്. അല്ലാണ്ടങ്ങനെ തടയാൻ പറ്റുന്നതെങ്ങനെ? ശബരിമലയിൽ പോകുന്ന ഭക്തനെ തടയുന്നതെങ്ങനാ? പിന്നെ വെടി വച്ചാ ഇതിന് കൊള്ളാൻ പാടില്ല (ഇരുമുടിക്കെട്ടിനെ ചൂണ്ടി),  ഇത് നമ്മള് ജീവനെക്കാൾ പ്രധാനമായിറ്റ് കണക്കാക്കുന്ന സാധനാ.’’ – എന്ന് പറയുന്നു നിലയ്ക്കലിൽ പൊലീസ് തടഞ്ഞപ്പോൾ കെ.സുരേന്ദ്രൻ.

കെ.പി.ശശികലയും കെ.സുരേന്ദ്രനുമൊക്കെ ഇരുമുടിക്കെട്ട് തൊട്ടുകാണിച്ച്, ആചാരത്തെപ്പറ്റി, ആ കെട്ടിന്‍റെ പാവനതയെക്കുറിച്ച് ഒക്കെ നമ്മളെ ഓർമപ്പെടുത്തി. ഇരുമുടിക്കെട്ട് വിശ്വാസത്തിന്‍റെ അടയാളമായി ഉയർത്തിപ്പിടിച്ചു. ആ ഇരുമുടിക്കെട്ട് സർക്കാർ വലിച്ചു താഴെയിടുകയാണ്, ഞങ്ങൾ അതിന്‍റെ സംരക്ഷകരാണ് എന്ന് ധ്വനിപ്പിയ്ക്കുന്ന വിധത്തിലായിരുന്നു ഇവരുടെ സംസാരം.

യഥാർഥ അയ്യപ്പഭക്തന് ഇതു കേട്ടാൽ സർക്കാരിനോടും പൊലീസിനോടും ദേഷ്യം തോന്നും. സുരേന്ദ്രനോടും ശശികലയോടും സ്നേഹം തോന്നും. അതാണ് അതിന്‍റെ രാഷ്ട്രീയം!

ഇതേ ഇരുമുടിക്കെട്ടിനോട് കെ.സുരേന്ദ്രന് വ്യക്തിപരമായി ബഹുമാനമുണ്ടോ? വിശ്വാസമുണ്ടോ? സ്നേഹമുണ്ടോ? എന്താണദ്ദേഹത്തിന്‍റെ വിശ്വാസം?

സുരേന്ദ്രന്‍റെ ഇരുമുടിക്കെട്ട് വീണതോ വീഴ്ത്തിയതോ എന്ന് ചിറ്റാർ പൊലീസ് സ്റ്റേഷനിൽ നിന്നുള്ള ദൃശ്യങ്ങളിൽ നമ്മൾ കണ്ടതാണ്.

ഈ നാണം കെട്ട പരിപാടി കെ.സുരേന്ദ്രൻ ചെയ്യരുതായിരുന്നു

സ്വന്തം ചുമലിൽ നിന്ന് ഇരുമുടിക്കെട്ട് കെ.സുരേന്ദ്രൻ വലിച്ചു താഴെയിടാൻ രണ്ട് തവണ ശ്രമിച്ചതെന്തിനാണ്? വിശ്വാസം സംരക്ഷിയ്ക്കാനായിരുന്നു എങ്കിൽ സ്വയം വീണ് കാലൊടിഞ്ഞായാലും ഇരുമുടിക്കെട്ട് സംരക്ഷിയ്ക്കുമായിരുന്നു. കെ.സുരേന്ദ്രന്‍റെ ലക്ഷ്യം വിശ്വാസവും ആചാരവുമല്ല എന്ന് വ്യക്തം. എന്നാലും, നൂറ് കണക്കിന് അയ്യപ്പഭക്തരുടെ മനസ്സിന് മുറിവേൽപിയ്ക്കുന്ന ഈ നാണം കെട്ട പരിപാടി കെ.സുരേന്ദ്രൻ ചെയ്യരുതായിരുന്നു.

ഇതാണ് ബിജെപി നേതാക്കളുടെ ഇരട്ടത്താപ്പ്! ഇവർ ആചാരവും വിശ്വാസവും സംരക്ഷിയ്ക്കുമെന്ന് ആരെങ്കിലും ഇനിയും കരുതുന്നുണ്ടോ?

ഇനി പമ്പയിൽ നവംബർ 21-ന് പമ്പയിൽ കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണന്‍റെ പിന്നാലെ പോയിരുന്ന വാഹനം തടഞ്ഞപ്പോഴുള്ള ദൃശ്യങ്ങൾ പരിശോധിയ്ക്കാം.

എന്തൊക്കെയാണ് സംഭവിച്ചതെന്ന് എഴുതിത്തരൂ – എന്ന് കേന്ദ്രമന്ത്രി എസ്.പിയോട് ആവശ്യപ്പെടുകയാണ്. തീർച്ചയായും എഴുതിക്കൊടുത്തുവിടാം സർ - എന്ന് എസ്.പി ഹരിശങ്കർ പറയുന്നു. കൊടുത്തുവിടേണ്ട, ഇപ്പോൾ വേണമെന്ന് പൊൻ രാധാകൃഷ്ണൻ. എന്താണ് ഞാനിപ്പോൾ എഴുതേണ്ടതെന്ന് എസ്.പിയുടെ ചോദ്യം. അറസ്റ്റിൽ പിഴവ് പറ്റിയെന്ന് എഴുതിത്തരാനാണ് കേന്ദ്രമന്ത്രി ആവശ്യപ്പെടുന്നത്. താൻ ആരെയും ആളുമാറി അറസ്റ്റ് ചെയ്തിട്ടില്ല, ഇത് സ്വാഭാവികനടപടിയാണെന്ന് എസ്.പി പറയുന്നു. രാത്രി ഒന്നരയ്ക്ക് കേന്ദ്രമന്ത്രിയെ പിടിച്ചു നിർത്തിയിട്ടാണോ സ്വാഭാവിക നടപടിയെന്ന് എ.എൻ.രാധാകൃഷ്ണന്‍റെ രോഷം. അത് ശ്രദ്ധിയ്ക്കാതെ എന്തൊക്കെയാണ് സംഭവിച്ചതെന്ന് എസ്.പി കേന്ദ്രമന്ത്രിയോട് വിശദീകരിക്കാൻ ശ്രമിക്കുന്നു. എന്തൊക്കെയാണ് സംഭവിച്ചതെന്ന് എഴുതി നൽകിയാൽ മതിയെന്ന് കേന്ദ്രമന്ത്രി വീണ്ടും. തീർച്ചയായും എഴുതിത്തരാമെന്ന് വീണ്ടും എസ്.പി.

കേന്ദ്രമന്ത്രിയുടെ വാഹനം കടന്നുപോയി ഏഴ് മിനിറ്റ് കഴിഞ്ഞെത്തിയ വണ്ടി പൊലീസ് പിടിച്ചുനിർത്തി പരിശോധിച്ചതിലായിരുന്നു മന്ത്രി പൊൻ രാധാകൃഷ്ണന്‍റെ ദുഃഖം.

ഒരു ദിവസം ഒന്നോ പത്തോ ബിജെപി നേതാക്കൾ ശബരിമലയിൽ വരട്ടെ. മന്ത്രിമാരും എംപിമാരും വരട്ടെ. ദർശനം നടത്തി തിരിച്ചുപോകട്ടെ. അവിടെ അസൗകര്യങ്ങൾ ഉണ്ടെങ്കിൽ അത് ചൂണ്ടിക്കാണിക്കട്ടെ. ഇവിടെയുള്ള ചില ബിജെപി നേതാക്കളുടെ നുണപ്രചാരണങ്ങൾക്ക് കൂട്ടു നിൽക്കരുത്. സ്വന്തം വില കളയരുത്.

ചില ബിജെപി നേതാക്കൾക്ക് മാത്രം ഇപ്പോഴും നേരം വെളുത്തിട്ടില്ല

ശബരിമല ഒരിയ്ക്കലും അയോധ്യയാകില്ല. അയോധ്യ പോലൊരു പ്രശ്നമായി എല്ലാക്കാലത്തും ശബരിമല വിഷയത്തെ കത്തിയ്ക്കാൻ ആർക്കുമാകില്ല. വെറുതെ നേരം കളയരുത്.

പക്ഷേ, ചില ബിജെപി നേതാക്കൾക്ക് മാത്രം ഇപ്പോഴും നേരം വെളുത്തിട്ടില്ല. ശബരിമലയിൽ പ്രതിഷേധിയ്ക്കാൻ ആളെക്കൂട്ടിയെത്താൻ ക്വാട്ട നിശ്ചയിച്ച്, നേതാക്കളെ ചുമതലപ്പെടുത്തി സർക്കുലർ ഇറക്കിയത് ജനറൽ സെക്രട്ടറി എ.എൻ.രാധാകൃഷ്ണനാണ്.

''ബിജെപി പല സർക്കുലറുകളുമിറക്കാറുണ്ട്. സംഘടനാസംവിധാനത്തിൽ ഞങ്ങൾ പല സർക്കുലറുകളുമയച്ചിട്ടുണ്ട്. ഇന്നലെയും അയച്ചു, ഇന്നും നാളെയും അയയ്ക്കും. ഈ എജി കമ്യൂണിസ്റ്റുകാരനായ എജിയാണല്ലോ... അയാള് പല റിപ്പോർട്ടും കൊടുത്തിട്ടുണ്ട്. ‌ഞാനത് നിയമപരമായിട്ട് പരിശോധിക്കും. പിന്നെ ഈ എസ്.പി.. എസ്.പിയെക്കുറിച്ച് നിങ്ങടെ അഭിപ്രായെന്താ? അയാളെ കാർഗിലിലയക്കണം. അയാളെന്തോ ഇങ്ങനെ... മുഖം കണ്ട് കഴിഞ്ഞാ.. ചുളുക്കിപ്പിടിച്ച്... ഈ പാകിസ്ഥാൻകാര് വന്ന പോലെയാണ് അയാള് അയ്യപ്പഭക്തന്മാരെ കൈകാര്യം ചെയ്യണേ.’’ – എ.എൻ.രാധാകൃഷ്ണൻ പറഞ്ഞതാണ്.

പരിശീലനം കിട്ടിയ അയ്യപ്പൻമാരെ ആവശ്യമുള്ള സാധനങ്ങളുമായി എത്തിയ്ക്കാനുള്ള നിർദേശം കണ്ടാൽ അമ്പരന്നുപോകും. യഥാർഥ വിശ്വാസികളെ ചൂഷണം ചെയ്യുന്നതിന് ഒരു പരിധിയുമില്ല ബിജെപിയ്ക്ക്. ഏതറ്റം വരെയും പോകാം എന്ന ഉളുപ്പില്ലായ്ക. കേന്ദ്രമന്ത്രി പൊൻരാധാകൃഷ്ണന് പോലും യുവതീപ്രവേശനത്തെ ശക്തമായി ഒന്നെതിർത്തു പറയാൻ കഴിയുന്നില്ല. ഇവരൊക്കെക്കൂടി എന്താചാരമാണ് വിശ്വാസികൾക്ക് വേണ്ടി സംരക്ഷിയ്ക്കാൻ പോകുന്നത്?

ഇതേ എം.ടി.രമേശിനെതിരെയാണ് മെഡിക്കൽ കോഴ ആരോപണം വന്നത്

കേസ് റജിസ്റ്റർ ചെയ്യുമ്പോൾ പേരില്ലാതിരുന്ന, അല്ലെങ്കിൽ കേസ് തന്നെ ഇല്ലാതിരുന്ന പല കള്ളനമ്പറുകളും കെ.സുരേന്ദ്രന്‍റെ മേൽ കെട്ടിയേൽപിച്ച് പൊലീസ് കോടതിയിൽ റിപ്പോ‍ർട്ട് നൽകി. കെ.സുരേന്ദ്രനെപ്പോലെ രാഷ്ട്രീയരംഗത്തുള്ള ഒരു രാഷ്ട്രീയനേതാവിനെതിരെ ഇത്രയധികം കള്ളക്കേസുകൾ എടുത്തിട്ടും ബിജെപിയ്ക്ക് വേണ്ട രീതിയിൽ പ്രതികരിക്കാനായിട്ടില്ല. ബിജെപിയിലെ വളർന്നു വരുന്ന – അല്ലെങ്കിൽ ഇപ്പോൾത്തന്നെ രൂക്ഷമായ ചേരിപ്പോര് -  മാത്രമാണ് കെ.സുരേന്ദ്രനെ ഇങ്ങനെ തഴഞ്ഞു കളയുന്നതിന് കാരണം. അതല്ലെങ്കിൽ ഈ പ്രശ്നം ബിജെപിയ്ക്ക് വളരെയധികം രാഷ്ട്രീയമായി നേട്ടമുണ്ടാക്കാമായിരുന്ന ഒന്നായിരുന്നു.

നൂറ് ശതമാനം സാക്ഷരത എന്ന നേട്ടമോ, രാഷ്ട്രീയമായ അവബോധമോ, പുകഴ്ത്തിപ്പാടുന്ന മതേതരബോധമോ, സാമൂഹ്യബോധമോ കൊണ്ടല്ല കേരളത്തിൽ ബിജെപി വളരാത്തത്. അത്, കേരളത്തിലെ ബിജെപിയിൽ കൊള്ളാവുന്ന നേതാക്കൾ ഇല്ലാത്തതുകൊണ്ട് മാത്രമാണ്.

കെ.പി. ശശികലയെ അറസ്റ്റ് ചെയ്തപ്പോൾ അതേ അർധരാത്രി തന്നെ ഹർത്താലാഹ്വാനം നടത്തിയ ബിജെപി കെ.സുരേന്ദ്രനെ കൂടുതൽ കേസുകൾ ചുമത്തി അറസ്റ്റ് ചെയ്ത് ജയിലിട്ടിട്ടും കാര്യമായി പ്രതിഷേധിക്കുന്നില്ല. സുരേന്ദ്രൻ ജയിലിൽ കിടന്ന് രണ്ട് ദിവസത്തിന് ശേഷം അവിടവിടെ ചിലർ രണ്ടോ മൂന്നോ വാചകങ്ങളിൽ പ്രതികരണമൊരുക്കി. ബിജെപിയിൽ സംസ്ഥാനപ്രസിഡന്‍റ് സ്ഥാനത്തേയ്ക്ക് ഏറ്റവും മുന്നിൽ നിന്ന പേരാണ് കെ.സുരേന്ദ്രന്‍റേത്. അമിത് ഷായ്ക്ക് താത്പര്യം കെ.സുരേന്ദ്രനോടായിരുന്നു. ആർഎസ്എസ്സിന് പക്ഷേ എതിർപ്പായിപ്പോയി. അങ്ങനെയാണ് കെ.സുരേന്ദ്രന് കിട്ടാത്ത കസേര സമവായപ്പേരായ പി.എസ്.ശ്രീധരൻപിള്ളയുടെ കയ്യിലെത്തുന്നത്.

സുരേന്ദ്രൻ അറസ്റ്റിലായത് നവംബർ പതിനേഴിന് നിലയ്ക്കലിൽ നിന്ന്. അന്ന് രാത്രി ഒന്നോ രണ്ടോ ചില്ലറ പ്രതിഷേധങ്ങൾ. ചില്ലറ നാമജപങ്ങൾ. തീർന്നു!  പിന്നെ റിമാൻഡായി, ജാമ്യമായി, കൂടെയുള്ളവർ പുറത്തുമെത്തി. കെ.സുരേന്ദ്രന്‍റെ പേരിലുള്ള പഴയ വാറണ്ടുകളൊക്കെ പൊലീസ് തപ്പിയെടുക്കാൻ തുടങ്ങി. എന്നു വച്ചാൽ സുരേന്ദ്രൻ ജയിലിൽത്തന്നെ.

രണ്ട് ദിവസമായിട്ടും മിണ്ടിയില്ലെങ്കിൽ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാലോ എന്ന് വിചാരിച്ച് ബിജെപി നേതാക്കൾ പിന്നീട് പ്രതികരിക്കാൻ നിർബന്ധിതരായി. ആദ്യം വന്നത് എം.ടി.രമേശ്. പിന്നെ പി.എസ്. ശ്രീധരൻപിള്ള പ്രതികരിച്ചു.

ഇതേ എം.ടി.രമേശിനെതിരെയാണ് മെഡിക്കൽ കോഴ ആരോപണം വന്നത്. സംസ്ഥാനപ്രസിഡന്‍റാകുന്നതിൽ നിന്ന് രമേശിനെ തടയാൻ വി.മുരളീധരപക്ഷം, അതായത് കെ.സുരേന്ദ്രൻ അടക്കം ഒരുക്കിയ കെണിയായിരുന്നു അതെന്ന് രമേശും കൂട്ടരും വിശ്വസിയ്ക്കുന്നു. അതിന്‍റെ പേരിൽ സ്ഥാനം പോയ വി.വി.രാജേഷ് ഇതുവരെ സ്ഥാനമാനങ്ങൾ തിരികെ നേടിയിട്ടില്ല.

കരുത്തനായ നേതാവിന് വേണ്ടി കരുത്തോടെ പ്രതികരിക്കാൻ ബിജെപിയ്ക്ക് പോലും താത്പര്യമില്ല

ഇതിനെല്ലാമിടയിലാണ് സുരേന്ദ്രന് സംസ്ഥാനാധ്യക്ഷ പദവി അടുത്തു വരികയും കിട്ടാതെ പോവുകയും ചെയ്തത്. എന്നിട്ടും ആദ്യ രണ്ട് വട്ടവും ശബരിമലയിൽ പ്രതിഷേധത്തിന്‍റെ മുഖ്യ ആസൂത്രകൻ കെ.സുരേന്ദ്രൻ തന്നെയായിരുന്നു.

രണ്ടാംഘട്ടം ചിത്തിര ആട്ട സമയത്ത് ആർഎസ്എസ് ഇടപെട്ടതിനാൽ ആ പ്രാധാന്യമുള്ള റോൾ വത്സൻ തില്ലങ്കേരിയ്ക്കും പിന്നീട് കെ.പി.ശശികലയ്ക്കുമൊക്കെയായി. ഇപ്പോഴിതാ, കെ.സുരേന്ദ്രൻ കേസുകളിൽ നിന്ന് കേസുകളിലേയ്ക്ക് യാത്ര ചെയ്യുമ്പോൾ കരുത്തനായ നേതാവിന് വേണ്ടി കരുത്തോടെ പ്രതികരിക്കാൻ ബിജെപിയ്ക്ക് പോലും താത്പര്യമില്ലാത്ത സ്ഥിതി.

എല്ലാക്കാലത്തും ബിജെപിയുടെ നാവായി നിന്ന് ബിജെപിയ്ക്ക് വേണ്ടി വാദിച്ച്, പരിഹാസവും ട്രോളുകളും ഇരട്ടപ്പേരുകളും ഏറ്റുവാങ്ങിയ കെ.സുരേന്ദ്രനോട് ബിജെപി ഈ ചതി ചെയ്യരുതായിരുന്നു.

ബിജെപിയുടെ ഈ നേതാവ് ജയിലിൽ കിടക്കുമ്പോൾ വ്യക്തിയോടുള്ള ഭിന്നത മാറ്റി വച്ച് പ്രതിഷേധിയ്ക്കാനിറങ്ങാത്ത ആർഎസ്എസ് നിലപാടിൽ കുമ്മനം രാജശേഖരന് പോലും കാണും അതൃപ്തി. 

click me!