വിശ്വാസികളേ, ഈ കള്ളത്തരം തിരിച്ചറിയേണ്ടത് നിങ്ങളാണ്!

By Sindhu SindhusooryakumarFirst Published Oct 21, 2018, 7:22 PM IST
Highlights

ശബരിമല സുപ്രീംകോടതി വിധിയെത്തുടർന്നുണ്ടായ പ്രശ്നത്തിൽ ഏഴ് കക്ഷികളുണ്ട്. ഒന്ന് സർക്കാർ. ആചാരകാര്യങ്ങൾ അതുമായി ബന്ധപ്പെട്ടവർ തീരുമാനിയ്ക്കട്ടെ എന്ന് നിലപാടെടുത്തെങ്കിലും വിധി വന്ന ശേഷം അത് നടപ്പാക്കാൻ സർക്കാരിന് ബാധ്യതയുണ്ട്. 

തന്ത്രിയുടെ പ്രഖ്യാപനം സുപ്രീംകോടതിയോടുള്ള അനാദരവായി വേണമെങ്കിൽ കാണാം. വിശ്വാസികൾക്ക് അത് ആചാരസംരക്ഷണത്തിനുള്ള മാർഗവുമായി വ്യാഖ്യാനിക്കാം. ഈ കളി ഇങ്ങനെ തുടർന്നുകൊണ്ടേയിരിക്കും. ഒരു തീരുമാനം സുപ്രീംകോടതി അന്തിമമായി പറയും വരെ. പുനഃപരിശോധനാഹർജി സുപ്രീംകോടതി കേൾക്കട്ടെ. സംസ്ഥാനത്തെ അസാധാരണമായ സാഹചര്യം സർക്കാരും ദേവസ്വംബോർഡും വിശദീകരിക്കട്ടെ.

രാഷ്ട്രീയമായി പല മട്ടിൽ കാണാം. എങ്ങനെ നോക്കിയാലും കേരളം വലിയ പ്രതിസന്ധിയിലാണ് അകപ്പെട്ടിരിക്കുന്നത്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ മുന്നോട്ട് നടക്കേണ്ട ഒരു ജനത വഴിയിലെവിടെയോ വച്ച് മരവിച്ച് നിന്ന് പോയതുപോലെ. ഇനിയെന്താണ് ചെയ്യേണ്ടത് എന്നറിയാത്ത ഈ ജനത, എങ്ങോട്ട് പോകുമെന്നത് വലിയൊരു പ്രശ്നമാണ്. സാമുദായിക, വർഗീയധ്രൂവീകരണത്തിന്‍റെ വലിയൊരു ഉരകല്ലായി മാറുകയാണ് ശബരിമല പ്രശ്നം. അയോധ്യ പ്രശ്നം, ബാബ്‍റി മസ്‍ജിദ് തകർക്കൽ എന്നിവ ദേശീയരാഷ്ട്രീയത്തിലുണ്ടായ മാറ്റവും വലിയൊരു ജനവിഭാഗത്തിലുണ്ടാക്കിയ മുറിവും വിഭജനവും നമ്മൾ കണ്ടതാണ്. പുരോഗമനചിന്തയെയും വിശാലമനസ്സിനെയും മറികടന്ന് സങ്കുചിത വർഗീയതയിലേക്ക് മാറിയിരിക്കുകയാണ് ഈ ജനത. വിശ്വാസത്തിനേറ്റ മുറിവ്, അതിന്‍റെ അടിസ്ഥാനശിലയായി മാറിക്കഴിഞ്ഞു. കുളം കലങ്ങിക്കഴിഞ്ഞു, ഇനിയതിലെ മീൻ ആര് പിടിയ്ക്കുമെന്നാണ് അറിയേണ്ടത്. 

ബാബ്‍റി മസ്‍ജിദ് പൊളിച്ചതോടെയാണ് രാജ്യത്ത് വർഗീയധ്രുവീകരണം ഇത്ര കടുത്തത്. അതിന് ശേഷം രാജ്യം എത്രയോ സ്ഫോടനങ്ങൾ കണ്ടു. പിന്നെ ഗുജറാത്തിലെ വംശഹത്യ. നമ്മുടെ കൊച്ചുകേരളത്തിൽ പഴയ കാലത്തില്ലാതിരുന്ന പർദാധാരണമൊക്കെ എന്ന് തുടങ്ങി എന്ന് ഓർത്തുനോക്കുക. അയൽപക്കത്തുള്ളവരുമായി എന്നാണ് മനസ്സുകൊണ്ട് ജാതീയമായി അകന്നുതുടങ്ങിയത് എന്ന് ഓർത്തുനോക്കുക. ആ അകൽച്ചയും തോന്നലും കൂടി വരുന്നുണ്ടോ എന്ന് ഓരോരുത്തരും ചിന്തിച്ച് നോക്കണം. നമ്മളറിയാതെ നമ്മൾ മതത്തിന്‍റെ, ആചാരത്തിന്‍റെ അടിമകളായതെങ്ങനെ എന്ന് ചിന്തിച്ച് നോക്കണം. ഈ മാറ്റങ്ങളുണ്ടാക്കിയ രാഷ്ട്രീയമാറ്റം തിരിച്ചറിയണം. ബാബ്റി മസ്‍ജിദ് തല്ലിത്തകർത്തിട്ട് ഇരുപത്തിയാറ് കൊല്ലം കഴിഞ്ഞു. രാമക്ഷേത്രം അന്ന് മുതൽ രാഷ്ട്രീയ അജണ്ടയാണ്. തെര‍ഞ്ഞെടുപ്പ് കാലത്തെ പ്രചാരണ വിഷയം. ലോക് സഭാ തെരഞ്ഞെടുപ്പിന് മുമ്പും അവരത് തുടങ്ങിക്കഴിഞ്ഞു.

ആർഎസ്എസ് മേധാവി മോഹൻഭാഗവത് പറഞ്ഞതിങ്ങനെ:
രാമജന്മഭൂമിയിൽ ഉടൻ രാമക്ഷേത്രം നിർമിക്കണം. പെട്ടെന്ന് തീരുമാനമെടുക്കണം. ക്ഷേത്രം നിർമിക്കാൻ സർക്കാർ പ്രത്യേക നിയമം കൊണ്ടുവരണം.

എല്ലാ കക്ഷികൾക്കും കൃത്യമായ ധാരണയുണ്ട്. ഗൂഢമായ അജണ്ടയുണ്ട്

ദേശീയ രാഷ്ട്രീയത്തിൽ ബാബ്‍റി മസ്‍ജിദ് തകർക്കൽ വഴിത്തിരിവായിരുന്നു. കേരളത്തിൽ ആ വഴിത്തിരിവ് ശബരിമല വഴി കിട്ടുമോ എന്നാണ് തത്പരകക്ഷികൾ നോക്കുന്നത്. നവോത്ഥാനനേതാക്കളെയും പ്രസ്ഥാനങ്ങളെയും നമ്മൾ മറന്നുകഴിഞ്ഞു. മതത്തിനാണ് മേൽക്കൈ. അത് തകരാതിരിക്കണം എന്ന നിലപാടിൽ എല്ലാ മതനേതാക്കളും ഒറ്റക്കെട്ടാണ്. ദൈവത്തിന് വേണ്ടി മനുഷ്യൻ ആത്മഹത്യാശ്രമം നടത്തുന്നത് മുതൽ ബലാത്സംഗക്കേസിൽ അറസ്റ്റിലായ ബിഷപ്പിനെ ജാമ്യത്തിലിറങ്ങുമ്പോൾ ആർപ്പുവിളിച്ച് മാലയിട്ട് സ്വീകരിക്കുന്നതാണ് മതത്തിലും മതനേതാക്കളിലുമുള്ള വിശ്വാസം. വിശ്വാസികളാണ് എല്ലാവരുടെയും ബലം. കുറ്റാരോപിതനായ ബിഷപ്പിനെ മാലയിട്ട് സ്വീകരിക്കുന്നത് കണ്ട് പരിഹസിക്കുന്നവർ ഇപ്പുറത്ത് ദൈവത്തെ രക്ഷിയ്ക്കാൻ വഴി തടയും. രണ്ടിലുമുണ്ട് യുക്തിയില്ലായ്‍മ. ഈ യുക്തിയില്ലായ്‍മ രാഷ്ട്രീയക്കാർ മുതലെടുക്കുകയാണ്. വിശ്വാസികളേ, ഈ കള്ളത്തരം നിങ്ങളാണ് തിരിച്ചറിയേണ്ടത്! ഈ നാടിനെ വർഗീയധ്രുവീകരണത്തിൽ നിന്ന് രക്ഷിയ്ക്കാൻ നിങ്ങൾക്ക് മാത്രമേ കഴിയൂ. 

എല്ലാ കക്ഷികൾക്കും കൃത്യമായ ധാരണയുണ്ട്. ഗൂഢമായ അജണ്ടയുണ്ട്. അത് നടപ്പാക്കാൻ കൃത്യമായ തന്ത്രങ്ങളുമുണ്ട്. അതൊന്നും ഇല്ലാത്തവർ , ഒരു അജണ്ടയുമില്ലാത്തവർ വെറും സാധാരണമനുഷ്യർ മാത്രമാണ്. സാധാരണ മനുഷ്യർ എന്നു പറയുമ്പോൾ അതിൽ വിശ്വാസിയും അവിശ്വാസിയുമുണ്ട്. ഹിന്ദുവും അഹിന്ദുവുമുണ്ട്. ആണുണ്ട് പെണ്ണുണ്ട്. പക്ഷേ ഈ വിശ്വാസിയുടെ ബലത്തിലാണ് മറ്റെല്ലാ കക്ഷികളും അവരുടെ ഗൂഢ അജണ്ട വെളിപ്പെടുത്തുന്നത്. ഇപ്പോൾ കേരളത്തിൽ വിതച്ചിരിക്കുന്നത് വലിയ വിഷത്തിന്‍റെ വിത്തുകളാണ്. അത് വളർന്ന് വലിയ വർഗീയതയുടെ മരമായി മാറി, നമ്മുടെ മണ്ണ് നശിപ്പിക്കുന്നതിന് മുമ്പേ, അതിന് തൊട്ടുമുമ്പെങ്കിലും നമ്മൾ തിരിച്ചറിയേണ്ടതുണ്ട്, എന്തൊരു കൊടും പാതകമാണ് നമ്മളീ നാടിനോട് ചെയ്തതെന്ന്. 

ശബരിമല സുപ്രീംകോടതി വിധിയെത്തുടർന്നുണ്ടായ പ്രശ്നത്തിൽ ഏഴ് കക്ഷികളുണ്ട്. ഒന്ന് സർക്കാർ. ആചാരകാര്യങ്ങൾ അതുമായി ബന്ധപ്പെട്ടവർ തീരുമാനിയ്ക്കട്ടെ എന്ന് നിലപാടെടുത്തെങ്കിലും വിധി വന്ന ശേഷം അത് നടപ്പാക്കാൻ സർക്കാരിന് ബാധ്യതയുണ്ട്. ആ ഉത്തരവാദിത്തം നിറവേറ്റുമ്പോൾ അതുമായി ബന്ധപ്പെട്ടവരെ വിശ്വാസത്തിലെടുക്കുന്നതിലും വലിയൊരു വിഭാഗത്തിന്‍റെ വിശ്വാസപരമായ എതിർപ്പ് കണക്കാക്കുന്നതിലും സർക്കാർ പരാജയപ്പെട്ടു. രണ്ടാമത് ദേവസ്വംബോർഡ്. ഒരു നിലപാടുമില്ലാതെ, ഒരു നയവുമില്ലാതെ ഓരോ നിമിഷവും മാറ്റിമാറ്റിപ്പറഞ്ഞ ദേവസ്വംബോർഡാണ് ഈ പ്രശ്നത്തിലെ പ്രധാനപ്രതി. മൂന്നാമത്തേത് ബിജെപി. സ്ത്രീപ്രവേശത്തെ അനുകൂലിച്ച പാർട്ടി. അതിനെ എതിർത്ത് ഒരു സത്യവാങ്മൂലം പോലും കൊടുത്തിട്ടില്ല, തെളിവു കൊടുത്തിട്ടില്ല, റിവ്യൂ ഹർജിയും കൊടുത്തിട്ടില്ല. ആദ്യം എതിർത്തില്ല. പിന്നീട് വിശ്വാസികളെ ഇളക്കിവിട്ട് പ്രശ്നം ആളിക്കത്തിച്ചു. അതേസമയം കേന്ദ്രത്തിൽ നിന്ന് ബിജെപി സർക്കാർ കോടതിവിധി നടപ്പാക്കാൻ നി‍ർദേശങ്ങളിലൂടെ സർക്കാരിൽ സമ്മർദ്ദം ചെലുത്തി. ഇരട്ടത്താപ്പ് പുറത്താകാതെ നോക്കിയ ബിജെപി ഓരോ നിമിഷവും ഓരോ വാക്കിലും വർഗീയത ആളിക്കത്തിച്ചു. 

നാലാമത്തേത് കോൺഗ്രസ്. എന്താണ് നിലപാട് എന്ന് രാഷ്ട്രീയകാര്യസമിതി തീരുമാനിയ്ക്കുംമുമ്പേ വിഷം വിതയ്ക്കാൻ ഇറങ്ങിയവർ. മുല്ലപ്പള്ളിയും ചെന്നിത്തലയും കെ.സുധാകരനും ഹിന്ദുനേതാക്കളായി മാറി. ബിജെപിയേക്കാൾ ഹിന്ദുക്കളാണ് ഞങ്ങൾ എന്ന കടുത്ത മത്സരം ഇവർ തമ്മിൽ നടന്നു. പ്രസിഡന്‍റ് ഒന്നടിച്ചാൽ വർക്കിംഗ് പ്രസിഡന്‍റ് നാലടിയ്ക്കുന്ന സ്ഥിതി. അഞ്ചാം കക്ഷികൾ പന്തളം മുൻ രാജാവിന്‍റെ പിന്തുടർച്ചക്കാരും താഴമൺ തന്ത്രികുടുംബവും. അവർ പ്രത്യക്ഷത്തിൽ രാഷ്ട്രീയം കളിച്ചില്ല. കൊടിക്കീഴിൽ സമരത്തിനിറങ്ങിയില്ല. ആചാരം നിലനിർത്തണം എന്ന നിലപാടിലുറച്ച് സുപ്രീംകോടതി വിധി മറി കടക്കാൻ എല്ലാ ശ്രമവും നടത്തുന്നു. 

ആറാം കക്ഷി എന്നു പറയുന്നത് ആർഎസ്എസ് എന്ന പോലെയാണ്, എന്നാൽ ആർഎസ്എസ്സല്ല. ഹിന്ദുപരിവാറാണ്, ബിജെപിയല്ല. രാഷ്ട്രീയമോഹമുണ്ട്, രാഷ്ട്രീയപാർട്ടിയിലില്ല എന്ന മട്ടിൽ നിൽക്കുന്ന അഖിലേന്ത്യാ ഹിന്ദു പരിഷദ്, ഹിന്ദു ധർമസേന, ശബരിമല കർമസമിതി തുടങ്ങിയവരാണ്. എന്നുവച്ചാൽ, തൊഗാഡിയ - പ്രതീഷ് വിശ്വനാഥൻ - കെ.പി.ശശികല എന്നിവരുടെ നേതൃത്വത്തിൽ ഉള്ളവ. ഏറ്റവും തീവ്രമായ നിലപാട് ആരുടേതാണ് എന്ന് മത്സരിക്കുന്നവർ. ഇതിൽ അഖിലേന്ത്യാ ഹിന്ദു പരിഷദ് എന്നിവരാണ് പ്രശ്നമുണ്ടാക്കിയതെന്ന് ബിജെപി പറയുന്നു.

സ്വാമി ശരണം, നമസ്തേ, ഞാൻ എഎച്ച്പി ജില്ലാ ജനറൽ സെക്രട്ടറി ജിജിയാണ് സംസാരിക്കുന്നത്''

അഖിലേന്ത്യാ ഹിന്ദുപരിഷദിന്‍റെ വർക്കിംഗ് പ്രസിഡന്‍റ്  തൊഗാഡിയയുടെ വാക്കുകൾ കേൾക്കുക.
'ബിജെപി ഹിന്ദുക്കളെ മാനിയ്ക്കുന്നെങ്കിൽ 48 മണിക്കൂറിനകം ഓർഡിനൻസ് ഇറക്കണം, അല്ലെങ്കിൽ കേന്ദ്രസർക്കാരിനെ ഹിന്ദുവിരുദ്ധരെന്ന് ഞങ്ങൾ കണക്കാക്കും.' 

ശ്രീരാമസേന, കർണിസേന, ബജ്‍രംഗദൾ തുടങ്ങി പല പേരുകളിലുള്ള പരിവാർ ഗ്രൂപ്പുകളെല്ലാം ഇവിടെ നിലയ്ക്കലിലും പരിസരത്തും സന്നിധാനത്തടക്കം ഹാജരായിരുന്നു. ഇരുമുടിക്കെട്ട് പോലൊന്ന് തലയിലേന്തി ഒരു മാലയുമിട്ട് കറുപ്പുടുത്ത് വരാൻ ആഹ്വാനങ്ങൾ വാട്‍സാപ്പ് ഗ്രൂപ്പുകളിൽ പറന്നു നടന്നു. അതാണ്, കടകംപള്ളി സുരേന്ദ്രൻ വാർത്താസമ്മേളനം നടത്തി പുറത്തുവിട്ടതും. ആ സന്ദേശത്തിലുള്ളതൊന്ന് കേട്ടുനോക്കുക. 

''സ്വാമി ശരണം, നമസ്തേ, ഞാൻ എഎച്ച്പി ജില്ലാ ജനറൽ സെക്രട്ടറി ജിജിയാണ് സംസാരിക്കുന്നത്. ഇപ്പോൾ അത്യാവശ്യമായി ഈ വോയ്‍സ് മെസ്സേജ് ഇടുന്നത്, ഏതെങ്കിലും അയ്യപ്പഭക്തർ നിലയ്ക്കലേയ്ക്ക് പോകാൻ തയ്യാറായി നിൽക്കുകയാണെങ്കിൽ അവിടെ 144 പ്രഖ്യാപിച്ചിരിക്കുന്നത് കൊണ്ട്, കൂട്ടം കൂട്ടമായി പോയാൽ അറസ്റ്റ് ചെയ്യുകയും ഇരുമുടിയില്ലാതെ ആളെ കയറ്റിവിടാത്ത അവസ്ഥയുണ്ട്. തൽക്കാലം പോകാൻ നിൽക്കുന്ന ഭക്തർ കൈയിൽ ഇരുമുടിക്കെട്ട്... ഇരുമുടിക്കെട്ട് പോലെത്തന്നെ... ഇരുമുടിക്കെട്ടിൽ തേങ്ങയും മറ്റും നിറച്ചുകൊണ്ട് ഒറ്റയ്ക്കോ രണ്ട് പേരോ ആയി മാത്രം കറുപ്പുമുടുത്ത്, മാല... ഒരു മാലയെങ്കിലും കഴുത്തിലിട്ട് നിലയ്ക്കലെത്തുക, നിലയ്ക്കലെത്തിയ ശേഷം 9400161516 എന്ന നമ്പറിലേയ്ക്ക് വിളിയ്ക്കുക, അപ്പഴേയ്ക്ക് നിങ്ങളെ കോൺടാക്ട് ചെയ്തുകൊണ്ട് മറ്റൊരു നമ്പർ തരും, ആ നമ്പറിൽ ബന്ധപ്പെടുമ്പോഴേയ്ക്ക് നിങ്ങൾക്ക് എല്ലാ സജ്ജീകരണവും നിലയ്ക്കൽ ഭാഗത്ത് നിന്നുണ്ടാകും. എത്രയും പെട്ടെന്ന് എത്താൻ കഴിയുന്ന എല്ലാ അയ്യപ്പഭക്തരും നിലയ്ക്കലെത്തുക, സ്വാമി ശരണം.''

''എന്താ ശ്രീധരൻപിള്ളേ നിങ്ങളുടെ പരിപാടി?'' കടകംപള്ളി ചോദിക്കുന്നു. 

''ഞാൻ അവജ്ഞതയോടെ അവഗണിയ്ക്കുന്ന ഒരു സംഘടനയുടെ നേതാവിന്‍റെ ശബ്ദം ഞങ്ങളുടെ തലയിൽ കെട്ടിവയ്ക്കുകയാണ്. അജ്ഞതയുടെ പര്യായമോ കടകംപള്ളി?'' എന്നാണ് ശ്രീധരൻപിള്ളയുടെ മറുപടി. 

ശബരിമലയുടെ അങ്കണത്തിൽ ശരണംവിളി മുദ്രാവാക്യമായി മാറി

ശബരിമലയിലും പരിസരത്തും വിശ്വാസികളായും അല്ലാതെയും പ്രതിഷേധക്കാർ നിറഞ്ഞു. എല്ലാ പ്രതിഷേധക്കാരും വിശ്വാസികളല്ലായിരുന്നു. എല്ലാ വിശ്വാസികളും പ്രതിഷേധക്കാരുമായിരുന്നില്ല. ആകെ അമ്പരന്ന് പോയ പല വിശ്വാസികളും ഞങ്ങളോട് പ്രതികരിച്ചത് അക്രമങ്ങളെ അനുകൂലിയ്ക്കുന്നില്ലെന്നും, വിശ്വാസികളായ ആർക്കും ശബരിമലയ്ക്ക് വരാമെന്നും തന്നെ. 

ശബരിമലയുടെ അങ്കണത്തിൽ ശരണംവിളി മുദ്രാവാക്യമായി മാറി. 'കലിയുഗവരദാ അയ്യപ്പാ' എന്ന് പ്രതിഷേധിച്ച് വിളിച്ചു. പൂജാരിമാർ പൂജ മുടക്കി കുത്തിയിരുന്നു. 'സ്വാമിയപ്പാ അയ്യപ്പാ' എന്ന വിളി ഭക്തിയോടെയല്ല, ദേഷ്യത്തോടെ ഉയർന്നു. ഇതൊന്നും ആചാരമല്ല, ആചാരങ്ങളുടെ ലംഘനം മാത്രമായിരുന്നു. 

പുനഃപരിശോധനാഹർജി അടിയന്തരമായി പരിഗണിയ്ക്കേണ്ടതില്ല എന്ന് സുപ്രീംകോടതി തീരുമാനിച്ചതോടെയാണ് തുലമാസപൂജാസമയത്ത് ശബരിമലയിൽ പ്രതിസന്ധി രൂക്ഷമായത്. നിലവിൽ ഇരുപത്തിയഞ്ചോളം റിവ്യൂ ഹർജികളുണ്ട്. അതിലെല്ലാം ദേവസ്വംബോർഡിന് നിലപാടറിയിക്കാം. നിലവിലുള്ള സ്ഥിതി കോടതിയെ അറിയിക്കാൻ ദേവസ്വംബോർഡ് തീരുമാനിച്ചിട്ടുമുണ്ട്. ഇതിനൊന്നും കാത്തിരിക്കാതെ കേന്ദ്രസർക്കാരിന് പുതിയ ഓർഡിനൻസ് ഇറക്കാം. ഈ പ്രതിസന്ധി മറികടക്കാനും തൽസ്ഥിതി തുടരാനുമൊക്കെ അവർക്ക് ആഗ്രഹമുണ്ടെങ്കിൽ. നിലവിലുള്ള സ്ഥിതി പരിഹരിക്കാൻ സംസ്ഥാനസർക്കാരിനും ശ്രമിക്കാവുന്നതാണ്. കുറേ സ്ത്രീകളെ ശബരിമലയിലെത്തിക്കണമെന്ന് സുപ്രീംകോടതി ഉത്തരവിൽ പറയാത്തതുകൊണ്ടുതന്നെ സംസ്ഥാനസർക്കാരിന് സമവായചർച്ചകളും കൂടിയാലോചനകളും നടത്താവുന്നതേയുള്ളൂ. ഒരു മൃതദേഹം കണ്ടാൽ അടുത്ത പൊലീസ് സ്റ്റേഷൻ പരിധിയിലേക്ക് കുത്തിനീക്കുമെന്ന് പൊലീസുകാരെപ്പറ്റി ഒരു തമാശയുണ്ട്. അതുപോലെ, ഇവിടെ തത്പരകക്ഷികളെല്ലാം ഉത്തരവാദിത്തം അങ്ങോട്ടുമിങ്ങോട്ടും കുത്തിനീക്കുന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധിയുടെ പ്രധാനകാരണം.

ഐജി മനോജ് അബ്രഹാം കേരളത്തിൽ അറിയപ്പെടുന്ന ഒരു പൊലീസുദ്യോഗസ്ഥനാണ്. പല തരം വിവാദങ്ങളും മനോജിനെപ്പറ്റി ഉയർന്നിട്ടുണ്ട്. പക്ഷേ, ജനിച്ച മതത്തിന്‍റെ പേരിൽ ഈ ഉദ്യോഗസ്ഥനെ വേർതിരിച്ച് കണ്ടത് ബിജെപി അധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ളയാണ്. യേശുദാസിന്‍റെ ഹരിവരാസനം കേട്ടുറങ്ങുന്ന സ്വാമി അയ്യപ്പന്‍റെ ആസ്ഥാനമായ ശബരിമല, മതഭേദമില്ലാതെ വിശ്വാസികൾ ചെല്ലുന്ന തീർഥാടനകേന്ദ്രമാണ്. അതാണ് വാവര് സ്വാമിയുടെ ചങ്ങാതിയായ അയ്യപ്പസ്വാമിയുടെ ക്ഷേത്രത്തിന്‍റെ സവിശേഷത. ഒരു പൊലീസ് നടപടിയിൽ വിമർശനമുണ്ടെങ്കിൽ പി.എസ്. ശ്രീധരൻ പിള്ള എന്ന പ്രഗത്ഭനായ അഭിഭാഷകൻ ഇതാണോ പറയേണ്ടിയിരുന്നത്? എഡിജിപി അനിൽകാന്തിന്‍റെ നിർദേശമാണ് മനോജ് അബ്രഹാം അനുസരിച്ചത്. അനിൽകാന്തിന് മുകളിൽ ഡിജിപി ലോക് നാഥ് ബെഹ്‍റയുണ്ട്. ലോക് നാഥ് ബെഹ്‍റയെയും അനിൽകാന്തിനെയും കാണാതെ ശ്രീധരൻപിള്ള മനോജ് അബ്രഹാമിനെ മാത്രം കണ്ട് മതംപറഞ്ഞ് കളിച്ച കളി, തരം താണതായിപ്പോയി.

ഈ തരംതാഴ്ന്ന കളി കേരളത്തെ സാമുദായികമായി വിഭജിയ്ക്കാനാണ്

ഇനിയിപ്പോൾ ബീമാപ്പള്ളി ഉറൂസ് കാലത്ത് മുസ്ലിം ഉദ്യോഗസ്ഥരും മലയാറ്റൂർ പള്ളിപ്പെരുന്നാള് കാലത്ത് ക്രിസ്‍ത്യാനികളായ ഉദ്യോഗസ്ഥരും മാത്രമേ സുരക്ഷയ്ക്ക് നിയോഗിക്കപ്പെടാവൂ എന്ന് വരുമോ? ശ്രീധരൻപിള്ള മുഖ്യമന്ത്രിയായാൽ സെക്രട്ടേറിയറ്റ് മുഴുവൻ ഹിന്ദുക്കൾ മാത്രമാകുമോ? ഈ തരംതാഴ്ന്ന കളി കേരളത്തെ സാമുദായികമായി വിഭജിയ്ക്കാനാണ്. യഥാർഥ വിശ്വാസികൾ അതിൽ വീണുപോകരുത്. ആചാരസംരക്ഷണത്തിന് നിയമപരമായ വഴികൾ തേടണം, സമവായങ്ങളുണ്ടാക്കണം. എന്നിട്ട് നിയമം അനുസരിക്കണം. എന്നാൽ മാത്രമേ നിയമപരമായി ആചാരങ്ങൾ സംരക്ഷിയ്ക്കാനാകൂ. ജീവിയ്ക്കാനാകൂ. 

തെരുവിൽ ഇറങ്ങിയ 95 ശതമാനം പേരും ആചാരം സംരക്ഷിയ്ക്കണമെന്ന ആഗ്രഹത്തോടെ ഇറങ്ങിയവരാണ്. അത് അവരുടെ വിശ്വാസം. പക്ഷേ ബാക്കിയുള്ള അഞ്ച് ശതമാനം ഈ വിശ്വാസത്തെ മുൻനിർത്തി വിലപേശുകയാണ്. അയൽപക്കത്തുള്ള ഇതരമതസ്ഥരോട് അവരുടെ മതത്തിന്‍റെ പേരിൽ നിങ്ങൾക്ക് തോന്നുന്ന അസ്വസ്ഥതയുടെ പേരാണ് വ‍ർഗീയത. അധികം മുമ്പില്ലാതിരുന്ന ഈ വർഗീയചിന്ത ആളിക്കത്തിക്കാൻ നിരവധിപ്പേർ ശ്രമിയ്ക്കുന്നുണ്ട്. ആ കള്ള നാണയങ്ങളെയാണ് യഥാർഥ വിശ്വാസികൾ തിരിച്ചറിയേണ്ടത്. 

ആചാരവും വിശ്വാസവും സംരക്ഷിയ്ക്കാൻ സമാധാനപരമായി നാമം ജപിയ്ക്കുന്നവരേ! നാമജപം ദൈവത്തോടുള്ള പ്രാർഥനയാണ്. എല്ലാ പ്രാർഥനകളും ദൈവത്തോടുള്ളതാണ്. ചിലത് നടക്കുമ്പോൾ വിശ്വാസം വർധിയ്ക്കും. ചിലത് നടക്കാതാകുമ്പോൾ പരിഭവിച്ചും പിണങ്ങിയും വീണ്ടും കഠിനമായി പ്രാ‍ർഥിയ്ക്കും. പക്ഷേ ആരും പ്രാർഥിച്ച് മാത്രം പരീക്ഷകൾ ജയിക്കാറില്ല. അതുകൊണ്ടുതന്നെ വിശ്വാസികൾ കഠിനമായി പ്രാർഥിയ്ക്കുന്നതിനൊപ്പം നിയമവഴി കൂടി തേടണം. നിയമപരിഹാരത്തിനായി കാത്തിരിയ്ക്കുക കൂടി വേണം. വിശ്വാസം ചൂഷണത്തിനായി വിട്ടുകൊടുക്കരുത്. ദൈവം മനുഷ്യനേക്കാൾ എത്രയോ ഉയരത്തിലാണെന്നല്ലേ വിശ്വാസം? ദൈവഹിതമാണ് നടക്കുന്നത്, ദൈവഹിതം മാത്രമേ നടക്കൂ എന്നാണ് വിശ്വാസികൾ ഉറപ്പിച്ച് വിശ്വസിച്ച് സമാധാനപ്പെടേണ്ടത്. 

മല കയറാനെത്തിയ സ്ത്രീകളിൽ വെറും വിശ്വാസികളും മാധ്യമപ്രവർത്തകരും അദൃശ്യശക്തിയാൽ നയിക്കപ്പെടുന്നു എന്ന് അവകാശപ്പെടുന്നവരും ആക്റ്റിവിസ്റ്റുമുണ്ട്. ആക്റ്റിവിസ്റ്റും മാധ്യമപ്രവർത്തകയും നടപ്പന്തൽ വരെ എത്തിയത് ചരിത്രമായി. പൂജകൾ മുടക്കി കീഴ്‍ശാന്തിമാ‍ർ സമരം ചെയ്‍തത് വേറെ ചരിത്രം. ആചാരം ലംഘിച്ചാൽ നട അടച്ചിടുമെന്ന് തന്ത്രി പറഞ്ഞതും മറ്റൊരു ചരിത്രം. ഇത്തവണ ശബരിമലയിൽ നടന്നതെല്ലാം ചരിത്രമായിരുന്നു. ചരിത്രത്തിന്‍റെ പല വഴികളിൽ പ്രതിസന്ധിയിൽ പെട്ടുപോയത് വിശ്വാസികളും അവിശ്വാസികളും മാത്രമാണ്. കൃത്യമായ ഉത്തരം കവർസ്റ്റോറിയ്ക്കറിയില്ല. പക്ഷേ സാധ്യതകൾ പറയാം.

എല്ലാം അറിയിച്ചത് കേന്ദ്രമല്ലേ?

ആക്റ്റിവിസ്റ്റുകളും മാവോയിസ്റ്റുകളും ശബരിമലയിൽ സ്ത്രീപ്രവേശനത്തിന് ശ്രമിയ്ക്കുമെന്നും കരുതിയിരിക്കണമെന്നും കേരളസർക്കാരിനെ അറിയിച്ചത് കേന്ദ്രമാണ്. അതേ സന്ദേശത്തിലാണ് ദർശനത്തിന് എത്തുന്നവരുടെ സുരക്ഷ ഉറപ്പുവരുത്താൻ ക്രമീകരണം വേണമെന്നും നിർദേശിച്ചത്. സുപ്രീംകോടതി വിധിയെ എതിർത്ത് ചില ഹിന്ദുഗ്രൂപ്പുകൾ പ്രശ്നമുണ്ടാക്കുന്നത് മുന്നിൽകണ്ട് സുരക്ഷയൊരുക്കാൻ പി.എസ്. ശ്രീധരൻപിള്ളയുടെ പാർട്ടിയായ ബിജെപിയുടെ കേന്ദ്രസർക്കാർ നിർദേശിച്ചതുകൊണ്ട് കൂടിയാണ് കേരളസർക്കാർ നിലയ്ക്കൽ മുതൽ പൊലീസ് സുരക്ഷ കർശനമാക്കിയത് എന്ന് ചുരുക്കം. സുപ്രീംകോടതി വിധി നടപ്പാക്കാൻ കേന്ദ്ര വനിതാകമ്മീഷനും നിർദേശിച്ചിട്ടുണ്ട്. യുവതികൾ എത്തിയാൽ അവരെ സന്നിധാനത്ത് എത്തിയ്ക്കാൻ സർക്കാരിന് ബാധ്യതയുണ്ട് എന്ന് ചുരുക്കം. ആ ശ്രമം നടന്നു. ആദ്യം ന്യൂയോർക്ക് ടൈംസ് ലേഖിക സുഹാസിനി രാജ് മരക്കൂട്ടം വരെ എത്തി. പിന്നീട് രണ്ട് യുവതികൾ നടപ്പന്തലിലും. 

വിശ്വാസികളായ സ്ത്രീകൾ മല കയറാൻ ആവശ്യപ്പെടുമ്പോൾ പൊലീസ് സുരക്ഷ നൽകേണ്ടി വരും. ഒരാളുടെ വിശ്വാസം അളക്കാനുള്ള ഉപകരണമൊന്നും നമ്മുടെ നാട്ടിലില്ല. അതുകൊണ്ട് രഹ്‍ന ഫാത്തിമ എന്ന ആക്റ്റിവിസ്റ്റ് ഇരുമുടിക്കെട്ടുമായി എത്തിയാൽ അവരെ കൊണ്ടുപോവുകയല്ലാതെ മറ്റ് വഴിയൊന്നും പൊലീസിനില്ല. ചുംബനസമരത്തിലും മാറുതുറക്കൽ പ്രതിഷേധത്തിലുമെല്ലാം മുൻനിരയിലുണ്ടായിരുന്ന രഹ്‍ന ഫാത്തിമ എന്തിന്, ആര് പറഞ്ഞിട്ട് ശബരിമലയിലെത്തി എന്നതാണ് വലിയ ചർച്ചയായത്. ബിജെപി നേതാവ് കെ.സുരേന്ദ്രൻ മുതൽ ഐജി ശ്രീജിത്ത് വരെയുള്ളവരുടെ പങ്ക് കഥകളിൽ നിറഞ്ഞു.

പക്ഷേ, ആ പ്രസ്താവന രാഷ്ട്രീയമായി ശരിയല്ലായിരുന്നു

ഒരു കാര്യം സത്യമാണ്. മുൻ ദിവസങ്ങളിൽ മറ്റ് സ്ത്രീകൾക്ക് നേരിട്ടതുപോലെ ഈ യുവതിയ്ക്ക് വഴിയിൽ പ്രതിഷേധങ്ങൾ നേരിടേണ്ടി വന്നില്ല. സുഖമായി അവർ മരക്കൂട്ടവും അപ്പാച്ചിമേടുമെല്ലാം കടന്ന് പതിനെട്ടാം പടിയ്ക്ക് താഴെ നടപ്പന്തൽ വരെയെത്തി.

ആക്റ്റിവിസ്റ്റുകൾക്ക് ശക്തി തെളിയിക്കാനുള്ള ഇടമായി ശബരിമലയെ മാറ്റാൻ സർക്കാരിന് ഉദ്ദേശമില്ലെന്ന് ഉടൻ കടകംപള്ളി പ്രസ്താവനയിറക്കി. ഇത് പൊതുവേ എല്ലാവർക്കും സ്വീകാര്യമായി തോന്നി. പ്രത്യേകിച്ച് വിശ്വാസികൾക്ക് ആശ്വാസവും. പക്ഷേ, ആ പ്രസ്താവന രാഷ്ട്രീയമായി ശരിയല്ലായിരുന്നു. അതുകൊണ്ട്, കോടിയേരി ബാലകൃഷ്ണന് തിരുത്തേണ്ടി വന്നു. വിശ്വാസത്തിന്‍റെ ഭാഗമായി അവിടെ കടക്കണമെന്നാഗ്രഹിയ്ക്കുന്ന സ്ത്രീ, ആക്റ്റിവിസ്റ്റായാലും അവർക്ക് പ്രവേശനം കൊടുക്കണമെന്ന് കോടിയേരിയ്ക്ക് പറയേണ്ടി വന്നു. ഇപ്പോൾ കോടിയേരിയ്ക്ക് ഇത് ഉറപ്പിച്ച് പറയാം. കാരണം യുവതികൾ കയറിയാൽ ആചാരലംഘനമാവും, അങ്ങനെ വന്നാൽ നടയടച്ചിടും എന്ന് തന്ത്രി പറഞ്ഞുകഴിഞ്ഞു. 

തന്ത്രിയുടെ പ്രഖ്യാപനം സുപ്രീംകോടതിയോടുള്ള അനാദരവായി വേണമെങ്കിൽ കാണാം. വിശ്വാസികൾക്ക് അത് ആചാരസംരക്ഷണത്തിനുള്ള മാർഗവുമായി വ്യാഖ്യാനിക്കാം. ഈ കളി ഇങ്ങനെ തുടർന്നുകൊണ്ടേയിരിക്കും. ഒരു തീരുമാനം സുപ്രീംകോടതി അന്തിമമായി പറയും വരെ. പുനഃപരിശോധനാഹർജി സുപ്രീംകോടതി കേൾക്കട്ടെ. സംസ്ഥാനത്തെ അസാധാരണമായ സാഹചര്യം സർക്കാരും ദേവസ്വംബോർഡും വിശദീകരിക്കട്ടെ.

ജല്ലിക്കെട്ട് വിധി ഉദാഹരണമായി പറയുന്നവരുണ്ട്. മൃഗങ്ങളോടുള്ള ക്രൂരത കാണിയ്ക്കുന്ന നിയമങ്ങളും ഭരണഘടനയിലെ മൗലികാവകാശങ്ങളും രണ്ടും രണ്ടാണെന്ന് അടിസ്ഥാനധാരണ എല്ലാവർക്കുമുണ്ടാകുന്നത് നല്ലതാണ്. തുല്യത മൗലികാവകാശമാണ്. അതിന് തടസ്സമായി നിയമപരമായി നിന്നത് സംസ്ഥാനത്തെ ഹിന്ദു ആരാധാനാലയ പ്രവേശനനിയമത്തിലെ ഉപവകുപ്പാണ്. ആർത്തവകാലത്തെ വിലക്ക് നിയമപരമായി അയിത്തത്തിന്‍റെ പരിധിയിൽ വരും എന്ന് കണ്ടാണ് സുപ്രീംകോടതി ആ ഉപവകുപ്പ് റദ്ദാക്കിയത്. അതാണ് നിയമം. ആചാരങ്ങളും ഭക്തിയും വിശ്വാസങ്ങളും നിയമത്തിന്‍റെ പരിധിയിൽ എപ്പോഴും വരണമെന്നില്ല. നിയമമനുസരിച്ച് പോകാനാണ് കോടതികൾ പറയുക. അത് മാത്രമേ അവർക്ക് ചെയ്യാനാകൂ. 

സുപ്രീംകോടതിയുടെ ആ വിധി മറികടക്കാൻ കേന്ദ്രത്തിലെ നരേന്ദ്രമോദി സർക്കാരിന് കഴിയും. അതിന് ആർഎസ്എസ്സോ ബിജെപിയോ ശ്രമിയ്ക്കണം എന്ന് പിഎസ് ശ്രീധരൻ പിള്ളയ്ക്കറിയാം.


 

click me!