അമേരിക്കയുടെ അസാന്നിധ്യവും ഫോസിൽ ലോബികളുടെ ശക്തമായ സ്വാധീനവും സമ്മേളനത്തെ ദുർബലമാക്കിയപ്പോൾ, ആമസോൺ സംരക്ഷണത്തിന്റെ പ്രാധാന്യം ചർച്ചയായെങ്കിലും സാമ്പത്തിക താൽപ്പര്യങ്ങൾ പാരിസ്ഥിതിക ആവശ്യങ്ങളെ മറികടന്നു. പക്ഷേ, കൂട്ടായ പരിശ്രമം പരാജയപ്പെട്ടു. 

ബ്രസീലിലെ ആമസോൺ പ്രദേശത്തെ ബിലേം പട്ടണത്തിൽ നവംബർ 10–21 തീയതികളിൽ നടന്ന COP30 കാലാവസ്ഥ വ്യതിയാന സമ്മേളനം അവസാനിക്കുമ്പോൾ, ലോകത്തെ വിവിധ രാജ്യങ്ങളിൽ നിന്ന് നിരവധി ചോദ്യങ്ങളും ആശങ്കകളും ഉയർന്നു. ഏകദേശം 200-ഓളം രാജ്യങ്ങൾ സമ്മേളനത്തിൽ പങ്കെടുത്തപ്പോൾ, ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായ അമേരിക്ക പങ്കെടുത്തില്ല. കാലാവസ്ഥ വ്യതിയാനത്തെ നിഷേധിക്കുന്ന രാഷ്ട്രീയ നിലപാടുകൾ സ്വീകരിച്ച അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ തീരുമാനമാണ് അമേരിക്കയുടെ COP30 ബഹിഷ്‌കരിക്കലിന് കാരണമായത്. പരിസ്ഥിതി പ്രതിസന്ധികളെ ലഘൂകരിക്കുന്നതും തള്ളിക്കളയുന്നതുമായ രാഷ്ട്രീയ–സാമ്പത്തിക അജണ്ടയുടെ തെളിവാണ് ഈ തീരുമാനം.

ഇതിന് വിപരീതമായി കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോ, COP30 ൽ ഏറ്റവും ശക്തമായി ഉന്നയിച്ചത് ഫോസിൽ ഇന്ധനങ്ങളിൽ നിന്ന് ലോകം മാറേണ്ടതിന്റെ അടിയന്തരത ആണ്. ചെറിയ ദ്വീപ് രാഷ്ട്രങ്ങളും (ഉദാ: പസിഫിക് ദ്വീപുകൾ) അതേ നിലപാടാണ് സ്വീകരിച്ചത്. ഉയരുന്ന സമുദ്രനിരപ്പു കാരണം ആ രാഷ്ട്രങ്ങൾ തന്നെ ഇല്ലാതാകാനുള്ള അവസ്ഥയിലാണ്. അതുകൊണ്ട് തന്നെ ആഗോള ജൈവ ഇന്ധന അധിഷ്ഠിത വികസന രാഷ്ട്രീയത്തിന്റെ ഏറ്റവും വലിയ വിമർശകരും ഇവരാണ്.

ജനുവരിയോടെ തന്നെ അമേരിക്ക UN മേധാവികളെ അറിയിച്ചത് COP30, പാരിസ് കാലാവസ്ഥ ഉടമ്പടി എന്നിവയിൽ നിന്നും പിന്തിരിയുന്നതായാണ്. ഇതോടെ അഫ്ഗാനിസ്ഥാൻ, മ്യാന്മാർ, സാൻ മറിനോ എന്നിവയ്ക്കൊപ്പം അമേരിക്കയും സമ്മേളനത്തിൽ പ്രതിനിധിയില്ലാതെ നിന്നു. അതേസമയം ചൈന, നൈജീരിയ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങൾ വലിയ പ്രതിനിധി സംഘങ്ങളുമായി പങ്കെടുത്തു; ഏറ്റവും കൂടുതൽ പ്രതിനിധികൾ ഉണ്ടായത് ആതിഥേയ രാജ്യമായ ബ്രസീലിൽ നിന്നാണ്. ആഗോളതലത്തിൽ വളരുന്ന സാമ്പത്തിക - രാഷ്ട്രീയ ശക്തി എന്ന നിലയിൽ ചൈന ലോകവുമായി കൂടുതൽ ഇടപെടുകയാണ്.

വനനശീകരണം, ആമസോൺ സംരക്ഷണം

ബ്രസീലിൽ നടന്ന ഈ മുപ്പതാം കാലാവസ്ഥ വ്യതിയാന സമ്മേളനം വനനശീകരണത്തിന്റെ ഗൗവതരമായ കാര്യം ലോകത്തിനു മുന്നിൽ അവതരിപ്പിക്കുന്നതിൽ വിജയം നേടി. ബിലേം ആമസോണിന്റെ ഭാഗം ആയത് കൊണ്ടുതന്നെ വനനശീകരണത്തിതിരെയുള്ള നിലപാടുകൾ അതിപ്രാധാന്യമുള്ളതാണ്. അത് ബ്രസീലിൽ മാത്രം ഒതുങ്ങി നിൽക്കുന്ന ഒരു പരിസ്ഥിതി അ ജൻഡയുമല്ല. മഴക്കാട് സംരക്ഷണം ആഗോളതലത്തിൽ കാലാവസ്ഥ വ്യതിയാനത്തെ ചെറുക്കാനുള്ള പ്രധാന തന്ത്രമാണ്.

ജൈവ ഇന്ധന നിർമാർജനം

ഫോസിൽ ഇന്ധന ഉപയോഗം (fossil fuel eradication) പൂർണ്ണമായും അവസാനിപ്പിക്കണമെന്ന് നിരവധി രാജ്യങ്ങൾ ആവശ്യപ്പെട്ടുവെങ്കിലും, പെട്രോ ഡോളർ രാഷ്ട്രങ്ങൾ—പ്രധാനമായും സൗദി അറേബ്യയും റഷ്യയും—ഈ നിർദ്ദേശത്തെ ശക്തമായി എതിർത്തു. ലോക സാമ്പത്തിക–രാഷ്ട്രീയ താൽപ്പര്യങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലാണ് ഇത് വ്യക്തമാക്കുന്നത്. അതേസമയം കാലാവസ്ഥ ധനസഹായവും (climate finance) കാലാവസ്ഥ അനുഭവാനുസരണ പ്രവർത്തനങ്ങൾ (climate adaptation) എന്നിവയിൽ ചെറിയ തോതിൽ പുരോഗതിയുണ്ടായി.

ലോക രാഷ്ട്രീയ സാമ്പത്തിക താൽപ്പര്യങ്ങളുടെ ഏറ്റുമുട്ടൽ കാലാവസ്ഥ വ്യതിയാന സമ്മേളനത്തിൽ ശക്തമായി പ്രതിഫലിക്കുന്നു. സങ്കുചിത സാമ്പത്തിക രാഷ്ട്രീയ താല്പര്യങ്ങൾ കാലാവസ്ഥ വ്യതിയാന സമ്മേളനകളെ വലിയ തോതിൽ സ്വാധീനിക്കാൻ ഇത് കാരണമാകുന്നു. ഈ സമ്മേളനത്തിൽ നിന്നല്ലാം വ്യക്തമായ സൂചന നൽകുന്നത് ലോക സാമ്പത്തിക രാഷ്ട്രീയ താൽപ്പര്യങ്ങളും ഭൂമിയുടെ ജീവിതത്തിന് അടിസ്ഥാനമാകുന്ന ഘടകങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലാണ്. 'സാമ്പത്തിക ജീവി' (homo economicus) എന്ന നിലയിൽ മാത്രം മനുഷ്യന് മുന്നോട്ടു പോകാൻ സാധ്യമില്ലാത്ത വിധം പാരിസ്ഥിതിക പരിമിതികൾ മുന്നോട്ട് വന്നു കൊണ്ടിരിക്കുകയാണ്.

ലോബിയിംഗ്

Cop30 അറിയപ്പെട്ടിരുന്നത് ജനകീയ സമ്മേളനം (peoples climate conference) എന്നും, നടപ്പാക്കലിന്റെ കാലാവസ്ഥ വ്യത്യയന സമ്മേളനം (implementation cop) എന്നൊക്കെ ആയിരുന്നു. പരിസ് കാലാവസ്ഥ എഗ്രിമെന്‍റിന്‍റെ പത്താമത്തെ വർഷം, അതോടൊപ്പം പരിസ് കാലാവസ്ഥ ഉടമ്പാടി അംഗീകരിച്ച ഭൂമിയിലെ 1. 5 ഡിഗ്രി സെൽഷ്യസ്സ് ഊഷ്മാവ് പരിധി മറികടക്കുന്ന വർഷം കൂടിയായി കഴിഞ്ഞ വർഷം. എന്നാൽ, ജനകീയ സമ്മേളനത്തിൽ നടപ്പാക്കലിന്‍റെ അജണ്ട മാത്രം മുന്നോട്ട് പോയില്ല.

5,000-ത്തിലധികം തദ്ദേശീയ പ്രതിനിധികൾ COP30-ൽ എത്തിയെങ്കിലും, ചർച്ചകൾ നടക്കുന്ന ബ്ലൂ സോണിലേക്ക് (blue zone) പ്രവേശിപ്പിച്ചത് 360 പേരെ മാത്രമാണ്. അതേസമയം 1,600-ത്തിലധികം പ്രതിനിധികൾ ഫോസിൽ ഇന്ധന ലോബികളെ പ്രതിനിധീകരിച്ച് പങ്കെടുത്തതായി കാണുന്നു. ഇത് ഫോസിൽ എനർജി ലോബികളുടെ ശക്തമായ സാമ്പത്തിക–രാഷ്ട്രീയ സ്വാധീനത്തെ തെളിയിക്കുന്നു.

പ്രതിഷേധങ്ങൾ

എന്നാൽ, സമ്മേളനത്തിന് പുറത്ത് തദ്ദേശീയ വിഭാഗങ്ങൾ സംഘടിപ്പിച്ച ശക്തമായ സമരങ്ങൾ ലോകശ്രദ്ധ പിടിച്ചുപറ്റി. തദ്ദേശീയ ജനവിഭാഗങ്ങളുടെ പോരാട്ടങ്ങളാണ് ഇന്ന് ലോകത്തെ മികച്ച പരിസ്ഥിതി മുന്നേറ്റങ്ങൾക്ക് പ്രചോദനമാകുന്നത്. ലോകത്തെ പരിസ്ഥിതി മുന്നണി പോരാളികൾ എന്ന് വിളിക്കാവുന്ന പ്രതിക്ഷേങ്ങൾ. ഈ പ്രക്ഷോഭങ്ങളാണ് ബ്രസീലിൽ നാല് പുതിയ തദ്ദേശീയ പ്രദേശങ്ങൾ (indigenous territories) രൂപീകരിക്കുന്നതിലേക്ക് നയിച്ചത്.

സ്വമേധയാ പ്രഖ്യാപനങ്ങളും ആഗോള സഹകരണവും

ബിലേം COP30 ൽ വിവിധ രാജ്യങ്ങൾ സ്വമേധയാ പ്രഖ്യാപനങ്ങൾ (voluntary pledges) അവതരിപ്പിച്ചു. ഇന്ത്യയും ജപ്പാനും സുസ്ഥിര വാതക ഉപയോഗത്തേക്കും ഉൽപാദനത്തേക്കുമുള്ള പദ്ധതികൾ പ്രഖ്യാപിച്ചു. യൂറോപ്യൻ യൂണിയൻ ആഫ്രിക്കയിലെ കോംഗോ മഴക്കാടുകൾ സംരക്ഷിക്കാൻ താത്പര്യം പ്രകടിപ്പിച്ചു. ബ്രസീൽ ആമസോൺ മഴക്കാട് സംരക്ഷണം കൂടുതൽ ശക്തിപ്പെടുത്തുന്ന നടപടികളെ അവതരിപ്പിച്ചു. ട്രോപ്പിക്കൽ ഫോറവർ ഫസിലിറ്റി ഫണ്ട് (tropical forever facility fund) ഈ ദിശയിൽ ഏറ്റവും ശ്രദ്ധേയമായതാണ്. അതുപോലെ ഓരോ രാഷ്ട്രങ്ങളും സ്വയം പ്രഖ്യാപന അജൻഡകളുമായി മുന്നോട്ടു വന്നു. എങ്കിലും പ്രഖ്യാപനങ്ങൾ നടപ്പാക്കുന്നതാണ് ഏറ്റവും വലിയ വെല്ലുവിളി.

കാലാവസ്ഥ വിരുദ്ധ രാഷ്ട്രീയത്തിന്റെ ഉയർച്ച

യുഎഇ, ഗ്ലാസ്കോ COP സമ്മേളനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ, ബിലേം COP30 ഫോസിൽ ലോബികളുടെ ഇടപെടലുകൾ കാരണം ദുർബലമാക്കിയതായി വിലയിരുത്തപ്പെടുന്നു. ലോകത്ത് ഒരു പ്രത്യേകമായ കാലാവസ്ഥ വിരുദ്ധ രാഷ്ട്രീയ ചേരി ശക്തമായിരിക്കുകയാണ്—ട്രമ്പ്, ജാവിയർ മിലി (അർജൻറീന), ഇലോൺ മസ്ക് എന്നിവരെ ഉൾക്കൊള്ളുന്ന പോപുലിസ്റ്റ് രാഷ്ട്രീയതയാണ് ഇത്. താൽക്കാലികമായ രാഷ്ട്രീയ - സാമ്പത്തിക താല്പര്യങ്ങൾ മാത്രമുള്ള ഒരു പോപുലിസ്റ്റ് രാഷ്ട്രീയ വീക്ഷണമാണിത്. കാലാവസ്ഥ വ്യതിയാന സമ്മേളനം ഇതിന്റെ ഒരു രാഷ്ട്രീയ ബലിയാട് ആയി തീരുന്നു.

കൂട്ടായ പരിശ്രമത്തിന്റെ അഭാവം

തെക്കേ അമേരിക്കയിലെ തദ്ദേശിയ ഭാഷ tupi guarani നിന്നുള്ള mutirao എന്ന വാക്കാണ് ബിലേം സമ്മേളനം അടിസ്ഥാനമായി എടുത്തത്. എന്നാൽ, 'കൂട്ടായ പരിശ്രമം' എന്നർത്ഥം വരുന്ന 'mutirao' (കൂട്ടായ പരിശ്രമം) ബിലേം സമ്മേളനത്തിൽ നിന്ന് അകലെയാണ് നിന്നത്. തർക്കങ്ങളുടെ ബാഹുല്യം തന്നെ കാരണം. കൂട്ടായ പരിശ്രമത്തിലൂടെ അല്ലാതെ കാലാവസ്ഥ വ്യതിയാനം പോലെയുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയില്ലെന്നതാണ് യഥാർത്ഥ്യം. അതിനു വേണ്ട അന്താരാഷ്ട്ര സഹകരണം അനിവാര്യവുമാണ്.

മിലിട്ടറിസ്റ്റ് താൽപ്പര്യങ്ങൾ

ഈ സംഘർഷങ്ങൾ ഭൂമിയെ മിലിട്ടറിസ്റ്റ് താൽപ്പര്യങ്ങളുടെ അക്രമങ്ങളിലേക്കാണ് തീവ്രമായി നയിക്കുന്നത്. നിർണ്ണായകവും അപൂർവമായ പ്രകൃതി വിഭവങ്ങൾക്ക് വേണ്ടിയുള്ള നിയന്ത്രണമാണ് ഇത്തരം മിലിട്ടറി ആക്രമണങ്ങൾ ക്ഷണിച്ചു വരുതുന്നതിന് കാരണം. വൻശക്തികൾ നടത്തുന്ന ഈ വിഭവ സമാഹരണമാണ് ആഫ്രിക്ക പോലെ ജൈവ സമ്പന്നമായൊരു ഭൂഖണ്ഡത്തിൽ നിന്നും കാലാവസ്ഥാ അഭയാർത്ഥികളെ സൃഷ്ടിക്കുന്നതിന് കാരണം.

മുന്നോട്ടുള്ള വഴി

ഇന്നത്തെ കാലാവസ്ഥ സമ്മേളനങ്ങൾ ലോകത്തെ സാമ്പത്തിക–രാഷ്ട്രീയ താൽപ്പര്യങ്ങളും ഭൂമിയുടെ നിലനിൽപ്പിനാവശ്യമായ പരിസ്ഥിതി ആവശ്യങ്ങളും തമ്മിലുള്ള കടുത്ത ഏറ്റുമുട്ടലുകളുടെ വേദിയാകുകയാണ്. ജൈവ ഇന്ധനങ്ങളിൽ നിന്ന് പുറത്തുകടക്കുക എന്ന നിർണ്ണായക ലക്ഷ്യത്തിലേക്കുള്ള ഒരു വാചക നിർദ്ദേശം പോലും അംഗീകരിക്കാൻ കഴിയാതെ പോകുന്ന അവസ്ഥ COP30 -ൽ ഉണ്ടായി.

കാലാവസ്ഥ വ്യതിയാനത്തിന്റെ ആഘാതം നിത്യജീവിതത്തെ കൂടുതൽ സ്വാധീനിക്കുന്ന ഈ കാലത്ത്, ശാസ്ത്രീയതയോടെയും തദ്ദേശിയ അറിവുകളെയും ചേർത്ത് കൊണ്ടുള്ള ബോധപൂർവമായ പ്രായോഗിക പ്രവർത്തനങ്ങളോടെയും മാത്രമേ മനുഷ്യൻ മുന്നോട്ട് പോകാൻ കഴിയൂ. COP സമ്മേളനങ്ങൾ അത്തരമൊരു ദിശയിലേക്ക് മാറേണ്ടത് അത്യാവശ്യമാണ്.