
കടുത്ത തലവേദന. വായ്ക്കുള്ളിൽ പെട്ടെന്നൊരു ദിവസം വന്ന ഒരു മുഴ. ഇടത്തെ തോളിനു താഴോട്ട് ഒരു തരിപ്പ്. അല്ലെങ്കിൽ, പെട്ടെന്നുള്ള ദേഹം വിയർപ്പ്. നിങ്ങളെ വല്ലാതെ അസ്വസ്ഥമാക്കുന്ന ഒരു ലക്ഷണം. ഡോക്ടറെ കാണാൻ പോവണോ വേണ്ടയോ എന്ന ഒരു സംശയത്തിലാണ് നിങ്ങൾ. പോയാൽ രണ്ടുണ്ട് നഷ്ടം. ഒന്ന്, ധന നഷ്ടം. രണ്ട്, ഇനി അഥവാ ഒന്നുമില്ലെങ്കിൽ നിങ്ങളുടെ ജീവിതപങ്കാളിയിൽ നിന്നും കിട്ടിയേക്കാവുന്ന പരിഹാസം. അപ്പോപ്പിന്നെ മനസ്സമാധാനവും ലക്ഷണത്തിൽ നിന്നും ആശ്വാസവും കിട്ടാനുള്ള അടുത്ത വഴിയെന്താ? ഗൂഗിൾ ചെയ്ത് രോഗമെന്തെന്ന് കണ്ടെത്തുക. മെഡിക്കൽ സ്റ്റോറിൽ പോയി വിവരം പറഞ്ഞ് അവർ തരുന്ന വല്ല സ്ഥിരം മരുന്നും വാങ്ങിക്കഴിച്ച് സമാധാനമുണ്ടാക്കുക. എന്നാൽ കരുതുന്നത്ര ലളിതമാണോ ഈ പരിപാടി?
'ഹൈപ്പോകോൺഡ്രിയ' എന്നത് പണ്ടുമുതലേ പ്രചാരത്തിലുള്ള ഒരു വാക്കാണ്. കണ്ടുപിടിക്കപ്പെട്ടിട്ടില്ലാത്ത എന്തോ അപൂർവ്വരോഗം തനിക്കുണ്ട് എന്നുള്ള പ്രതീതി. അങ്ങനെ വിശ്വസിച്ചു വിശ്വസിച്ച് ശരീരത്തിൽ നിന്നും അതിനെ അനുകൂലിച്ചുകൊണ്ടുണ്ടാവുന്ന താൽക്കാലിക പ്രതികരണങ്ങൾ. അതുമൂലമുണ്ടാവുന്ന ചില ലക്ഷണങ്ങൾ. അവ വീണ്ടും ഊട്ടിയുറപ്പിക്കുന്ന തുടക്കം മുതലുള്ള തെറ്റിദ്ധാരണ. ഇതൊക്കെ ചേർന്നതാണ് ഹൈപ്പോ കോൺഡ്രിയ എന്ന മാനസികരോഗം. ഇന്‍റര്‍നെറ്റും സാമൂഹ്യമാധ്യമങ്ങളും മറ്റും മനുഷ്യമനസ്സുകളുമായി ഇഴചേർന്നു പ്രവർത്തിക്കുന്ന ആധുനിക കാലത്ത്, ആ ശ്രേണിയിലേക്ക് ചേർക്കപ്പെട്ടിരിക്കുന്ന മറ്റൊരു വാക്കുകൂടിയുണ്ട്. 'സൈബർ കോൺഡ്രിയ' അഥവാ 'കംപ്യുകോൺഡ്രിയ'. ഇന്ന് ആരോഗ്യപരിചരണ രംഗത്തെ പ്രൊഫഷണലുകളെ അലട്ടുന്ന ഒരു പ്രധാന കാരണം, രോഗികളിൽ വർധിച്ചുവരുന്ന സൈബർകോൺഡ്രിയയാണ്. 'സൈബർ' 'ഹൈപ്പോ കോൺഡ്രിയ' എന്നീ രണ്ടുവാക്കുകൾ കൂട്ടിച്ചേർത്തുണ്ടാക്കിയ താരതമ്യേന പുതിയ ഒരു സാങ്കേതിക പദ ( portmanteau neologism)മാണ് 'സൈബർകോൺഡ്രിയ' എന്നത്. 'ആരോഗ്യസംബന്ധിയായ ഉത്കണ്ഠകൾ വർധിപ്പിക്കുന്ന തരത്തിലുള്ള ഇന്‍റര്‍നെറ്റ് അധിഷ്ഠിത അന്വേഷണം' എന്ന അർത്ഥത്തിൽ ബ്രിട്ടനിലെ 'ഇൻഡിപെൻഡന്‍റ് എന്ന വാരികയിൽ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിലാണ് ആദ്യമായി ഈ പദമുപയോഗിക്കുന്നത്.
ഈ വിഷയത്തിൽ ശാസ്ത്രീയമായ പഠനങ്ങൾ ആദ്യമായി നടത്തുന്നത് മൈക്രോസോഫ്റ്റിന്‍റെ ഗവേഷകരായ റയാൻ വൈറ്റ്, എറിക് ഹോർവിറ്റ്സ് എന്നിവരാണ്. ഇന്‍റർനെറ്റ് കേന്ദ്രീകൃത സെർച്ചിങ്ങ് പ്രവർത്തനങ്ങളിൽ ഗവേഷണം നടത്തിക്കൊണ്ടിരിക്കെയാണ്, അവർ രോഗലക്ഷണങ്ങളുമായി ബന്ധപ്പെട്ടുള്ള സെർച്ചുകളുടെ ഒരു പാരനോയിക് സ്വഭാവം തിരിച്ചറിയുന്നത്. ലക്ഷണം ആദ്യമായി പ്രത്യക്ഷപ്പെടുന്ന അന്നുമുതൽ തുടങ്ങുന്ന ഓൺലൈൻ അന്വേഷണങ്ങൾ പല മാരക രോഗങ്ങളുടെയും റിസൾട്ടുകളിലൂടെ കടന്നുപോവുകയും ദിവസങ്ങളും, ആഴ്ചകളും, മാസങ്ങളും ചിലപ്പോൾ വർഷങ്ങളും വരെ തുടരുകയും മെഡിക്കൽ ഇതര അന്വേഷണങ്ങളെ ബാധിക്കുന്നത്ര ട്രാഫിക് കൺജഷൻ സൃഷ്ടിക്കുകയും ചെയ്തിരുന്നു അന്ന്. അഞ്ഞൂറുപേരുടെ ഒരു സാമ്പിൾ സെറ്റിൽ അവർ നടത്തിയ പഠനം കേന്ദ്രീകരിച്ചത് 'വെബ് ഇൻഡ്യൂസ്ഡ് മെഡിക്കൽ ഉത്കണ്ഠ' എന്ന വിഷയത്തിലാണ്. സ്വതവേ ആരോഗ്യ സംബന്ധമായ ഉത്കണ്ഠകൾ ഇല്ലാതിരുന്ന പലരിലും ഈ വെബ് അന്വേഷണങ്ങൾ കടുത്ത ഉത്കണ്ഠ ഉത്പാദിപ്പിച്ചതായി അവർ കണ്ടെത്തി.
കണ്ടപടി അതും വിശ്വസിച്ച്, വിഷാദത്തിന് അടിപ്പെടാൻ പോയാൽ എങ്ങനിരിക്കും?
2018 സെപ്തംബറിൽ ലണ്ടനിലെ ഇംപീരിയൽ കോളേജ് നടത്തിയ പഠനങ്ങൾ പറയുന്നത്, ഇംഗ്ലണ്ടിലെ സർക്കാർ സ്പോൺസേഡ് ആരോഗ്യ പരിപാടിയായ 'നാഷനൽ ഹെൽത്ത് സർവീസി'ൽ ബുക്ക് ചെയ്യപ്പെടുന്ന അഞ്ചിലൊന്ന് അപ്പോയിന്‍റ്മെന്‍റുകളും ഇത്തരത്തിൽ ഗൂഗിൾ അധിഷ്ഠിത അന്വേഷണങ്ങളുടെ തുടർച്ചയാണ്. ഇത്തരത്തിലുള്ള ഓ.പി.വിസിറ്റുകൾ മാത്രം ബ്രിട്ടീഷ് ഗവണ്മെന്‍റിനുണ്ടാക്കിയ ചെലവ് 420 മില്യൺ പൗണ്ട് ആണ്. ആ വിസിറ്റുകളുടെ തുടർച്ചയായി വന്നിട്ടുണ്ടാവുന്ന ടെസ്റ്റുകളുടെയും സ്കാനുകളുടെയും ഒക്കെ ചെലവ് അതിന്‍റെ എത്രയോ ഇരട്ടിയായിരിക്കുമല്ലോ.
ഈ കണക്കുകൾ നമ്മുടെ നാട്ടിലും പ്രസക്തമാണ്. നമുക്കുണ്ടാവുന്ന ഓരോ ലക്ഷണങ്ങളെ ഗൂഗിളിൽ പരതി നോക്കി ഏതോ മാരക രോഗമാണ് എന്ന് തെറ്റിദ്ധരിച്ച് അതിന്‍റെ സ്പെഷലിസ്റ്റിന് അപ്പോയിന്‍റ്മെന്‍റ് എടുത്ത് കണ്ണിൽക്കണ്ട ടെസ്റ്റുകളൊക്കെ നടത്തി ആയിരങ്ങൾ കളഞ്ഞുകുളിക്കുന്നവർ നമുക്കിടയിൽ ഒരുപാടുണ്ട്. തലചുറ്റൽ എന്ന് ഗൂഗിളിൽ അടിച്ചു നോക്കിയാൽ നമുക്ക് ഹൃദ്രോഗമുണ്ടെന്നും, തലവേദന എന്നടിച്ചു നോക്കിയാൽ ബ്രെയിൻ ട്യൂമർ ഉണ്ടെന്നും, ഭാരക്കുറവ് എന്നടിച്ചു നോക്കിയാൽ എയ്ഡ്‌സ് ഉണ്ടെന്നും ചിലപ്പോൾ ഗൂഗിൾ പറഞ്ഞെന്നിരിക്കും. കണ്ടപടി അതും വിശ്വസിച്ച്, വിഷാദത്തിന് അടിപ്പെടാൻ പോയാൽ എങ്ങനിരിക്കും?
അർധരാത്രി അസഹ്യമായ അടിവയറുവേദനയോടെ നിങ്ങൾ ഉറക്കമുണരുന്നു. ചൂടുവെള്ളം കുടിച്ചിട്ടും ഒന്ന് കക്കൂസിൽ പോയിനോക്കിയിട്ടും ഒന്നും നിങ്ങളുടെ വേദനയ്ക്ക് ശമനമില്ല. നിങ്ങൾ ആ നിമിഷം അനുഭവിക്കുന്ന ലക്ഷണങ്ങൾ നിങ്ങൾ നിങ്ങളുടെ സ്മാർട്ട് ഫോൺ വഴി ഗൂഗിളിൽ അടിച്ചു നോക്കുന്നു. എന്താണ് നിങ്ങളുടെ അസുഖം? ഫുഡ് പോയ്‌സണിങ്? അപ്പന്റിസൈറ്റിസ്? കിഡ്‌നി സ്റ്റോൺ? അതോ ഇനി???
രോഗികളുടെ ഈ 'ഗൂഗിൾ വിജ്ഞാനം' പലപ്പോഴും ഡോക്ടർമാർക്ക് വളരെ അരോചകമായി തോന്നാം. വർഷങ്ങൾ നീണ്ട തപസ്സിലൂടെ അവർ നേടിയെടുത്ത വൈദ്യശാസ്ത്ര വിജ്ഞാനത്തേക്കാൾ, മുന്നിലിരിക്കുന്ന രോഗിക്ക് വിശ്വാസം ഏതോ അല്പജ്ഞാനി ഏതോ ബ്ലോഗിൽ എഴുതിവെച്ചിരിക്കുന്ന മണ്ടത്തരമാണെന്ന് കാണുമ്പൊൾ ഡോക്ടർ ക്രുദ്ധനാവുക സ്വാഭാവികം മാത്രം. അതുമാത്രമല്ല, ഗൂഗിളിൽ ലക്ഷണങ്ങൾ തിരയുന്ന രോഗി, തന്‍റെ യഥാർത്ഥ ലക്ഷണങ്ങൾക്കു പകരം ഡോക്ടറോട് പലപ്പോഴും പറയുന്നത് ഗൂഗിളിൽ വായിച്ച സമാനമായ ലക്ഷണങ്ങളാവും. ഗൂഗിളിൽ തനിക്കു കിട്ടിയ ഡയഗ്നോസിസ് ഒന്നുറപ്പിക്കാൻ മാത്രമാവും പലപ്പോഴും പലരും ഡോക്ടറെ കാണുന്നതു പോലും.
നാം ഇന്ന് ജീവിക്കുന്ന സൈബർ യുഗത്തിൽ രോഗലക്ഷണങ്ങളെക്കുറിച്ച് വിശദമായി അറിയാൻ നെറ്റിൽ പരതുന്നതൊരു അപരാധമൊന്നുമല്ല. എന്നാൽ അങ്ങനെ ചെയ്യാനിരിക്കുമ്പോൾ കൂടെ നിർബന്ധമായും കരുതേണ്ട ഒരു സാധനമുണ്ട്. 'വിവേകം'. സെർച്ച് എഞ്ചിനുകൾ ഒരിക്കലും നമ്മുടെ ശത്രുക്കളല്ല. എന്നാൽ, അങ്ങനെ കിട്ടുന്ന വിവരങ്ങളെ എങ്ങനെ വിലയിരുത്തണം എന്ന വിവേചന ബുദ്ധി നമ്മൾ കൈവെടിയാൻ പാടില്ല. ഹാർവാർഡ് മെഡിക്കൽ സ്‌കൂൾ നടത്തിയ ഒരു പഠനം തെളിയിക്കുന്നത് ഇത്തരം സൈറ്റുകളിൽ ഏറിയ കൂറും വിശ്വസനീയമല്ല എന്നാണ്. 34 ശതമാനമാണ് ഈ പഠനത്തിൽ കണ്ട ഡയഗ്നോസിസുകളിലെ കൃത്യതാ റേറ്റ്. നമ്മൾ ഡോക്ടറെ കാണുമ്പൊൾ ഉണ്ടാകാവുന്ന മിസ്-ഡയഗ്നോസിസ് റേറ്റ് വെറും 15 % മാത്രമാണ്. അതും നമുക്ക് രണ്ടാം വട്ടം അവരെ സമീപിക്കാതിരിക്കുന്നതിലൂടെ തീർത്തും ഒഴിവാക്കാവുന്ന ഒന്നും.
ഇവരും രോഗഭീതി ഉത്പാദിപ്പിക്കുന്നതിൽ കാര്യമായ പങ്കുവഹിക്കുന്നുണ്ട്
ഇക്കൂട്ടത്തിൽ തന്നെ പരാമര്‍ശിക്കാവുന്ന മറ്റൊരു കണ്ടീഷനാണ്, മെഡിക്കൽ പ്രൊഫഷണൽ സിൻഡ്രം എന്നതും. അതായത്, മെഡിക്കൽ പ്രൊഫഷനുമായി വിദൂരമായ എന്തെങ്കിലും ബന്ധമുള്ളവർ, ഉദാ. നഴ്‌സുമാർ, അറ്റൻഡർമാർ, ഫാർമസിസ്റ്റുകൾ, ലാബ് ടെക്‌നീഷ്യൻസ് തുടങ്ങി ആശുപത്രി പരിസരങ്ങളിൽ ജോലി ചെയ്യുന്ന ആരെങ്കിലും നമുക്കുതരുന്ന വിദഗ്ധാഭിപ്രായങ്ങൾ. ഇവരും രോഗഭീതി ഉത്പാദിപ്പിക്കുന്നതിൽ കാര്യമായ പങ്കുവഹിക്കുന്നുണ്ട്.
മെഡിക്കൽ രംഗത്ത് പ്രചാരത്തിലുള്ള ഒരു പഴഞ്ചൊല്ലാണ് വാൽക്കഷ്ണമായി ചേർത്തുവെക്കാനുള്ളത്, " നമ്മുടെ മരണം ആസന്നമായിരിക്കുന്നു എന്നുറപ്പിക്കാനുള്ള എളുപ്പവഴി, നമ്മുടെ രോഗലക്ഷണങ്ങളെ ഗൂഗിൾ ചെയ്യുക എന്നതാണ്.'