തെരുവിലെ നരകജീവിതം കഴിഞ്ഞു; രംഗീലയ്ക്ക് ഇനി ഇന്ത്യന്‍ ജീവിതം!

By Web DeskFirst Published Jul 13, 2018, 11:30 AM IST
Highlights
  • ഏതായാലും കൂടുതല്‍ സുരക്ഷിതമായ ഒരിടത്തേക്ക് കരടിയെ മാറ്റാനായി മൃഗസംരക്ഷണ പ്രവര്‍ത്തകര്‍ പ്രവര്‍ത്തനം തുടങ്ങി.  

2017 ഡിസംബറിലാണ് രംഗീല, ശ്രീദേവി എന്നീ കരടികളെ ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയില്‍ നിന്ന് കണ്ടെത്തുന്നത്. പത്തൊമ്പതും പതിനേഴും വയസായ കരടികളായിരുന്നു ഇവര്‍. തെരുവില്‍ വിവിധ പ്രകടനങ്ങള്‍ കാഴ്ച വയ്ക്കുന്ന നാടോടിസംഘത്തിനൊപ്പമായിരുന്നു ഇരുവരും. ഡാന്‍സ് കളിക്കാന്‍ ഇരുവരേയും പരിശീലിപ്പിച്ചിരുന്നു. അപ്പോള്‍ തന്നെ അവശരായിരുന്നു ഇരുവരും. ഇത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് മൃഗസംരക്ഷണപ്രവര്‍ത്തകര്‍ അധികൃതരെ വിവരമറിയിക്കുന്നത്. അങ്ങനെ രണ്ട് കരടികളും കാഠ്മണ്ഡുവിലെ മൃഗശാലയില്‍ സംരക്ഷണയിലായി

എന്നാല്‍ ഒരാഴ്ചയായപ്പോള്‍ ശ്രീദേവിയെന്ന കരടി മരണപ്പെട്ടു. സംരക്ഷണത്തില്‍വന്ന പിഴവാണ് കരടിയുടെ മരണത്തിനിടയാക്കിയതെന്ന് മൃഗസംരക്ഷണ പ്രവര്‍ത്തകര്‍ ആരോപിച്ചു. എന്നാല്‍, ഉള്ളതില്‍ നല്ല സംരക്ഷണവും പരിചരണവുമാണ് കരടികള്‍ക്ക് നല്‍കിയതെന്ന് അധികൃതരും പറഞ്ഞു. ശ്രീദേവിയുടെ കരളിന് അസുഖം ബാധിച്ചിരുന്നു. കൂടാതെ, ഡാന്‍സ് കളിപ്പിച്ചും, ചങ്ങല കൊണ്ടും കയറ് കൊണ്ടും കെട്ടിയിട്ടതിനാലും കരടികളുടെ ആരോഗ്യം മോശമായിരുന്നു. ഏതായാലും കൂടുതല്‍ സുരക്ഷിതമായ ഒരിടത്തേക്ക് കരടിയെ മാറ്റാനായി മൃഗസംരക്ഷണ പ്രവര്‍ത്തകര്‍ പ്രവര്‍ത്തനം തുടങ്ങി.  വേള്‍ഡ് ആനിമല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പാണ് പ്രധാനമായും ഇതിനായി പ്രവര്‍ത്തിച്ചത്.

അങ്ങനെ ഒരു വര്‍ഷത്തോളം നീണ്ടുനിന്ന പ്രവര്‍ത്തനങ്ങള്‍ക്കൊടുവിലാണ് രണ്ട് സര്‍ക്കാരിന്‍റെയും അനുമതിയോടെ രംഗീലയെ ഇന്ത്യയിലെത്തിക്കുന്നത്. ആഗ്രയിലെ മൃഗസംരക്ഷണ കേന്ദ്രത്തിലാണ് രംഗീലയിപ്പോള്‍.

'' ഇത് വളരെ സന്തോഷമുണ്ടാക്കുന്ന കാര്യമാണ്. അവസാനം രംഗീല അര്‍ഹിക്കുന്ന ശ്രദ്ധയും പരിചരണവും സ്വാതന്ത്ര്യവും അവന് കിട്ടി''യെന്നാണ് വന്യമൃഗങ്ങളുടെ സുരക്ഷയ്ക്കും സംരക്ഷണത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന നെയില്‍ ഡിക്രൂസ് പറഞ്ഞത്. 

click me!