കവിതാ മോഷണം; കവി എസ് കലേഷും ദീപാ നിശാന്തും ശ്രീചിത്രനും പറയുന്നു

By Web TeamFirst Published Nov 30, 2018, 7:00 PM IST
Highlights

എഴുത്തുകാരിയും അധ്യാപികയുമായ ദീപാ നിശാന്തിനെതിരെയാണ് കവിയും മാധ്യമപ്രവർത്തകനുമായ എസ് കലേഷ്  ​​ഗുരുതരമായ ആരോപണം ഉന്നയിച്ചിരിക്കുന്നത്. എകെപിസിറ്റിഎ യുടെ ജേർണലിലാണ് ദീപാ നിശാന്തിന്റെ പേരിൽ കലേഷിന്റെ കവിത അച്ചടിച്ചു വന്നത്.

ഏഴ് വർഷം മുമ്പ്  ഒരാൾ എഴുതി പ്രസിദ്ധീകരിക്കപ്പെടുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്ത കവിത മോഷ്ടിച്ച് വികലമാക്കി മറ്റൊരാൾ മറ്റൊരിടത്ത് പ്രസിദ്ധീകരിച്ച സംഭവത്തിൽ സമൂഹമാധ്യമങ്ങളിൽ സംവാദങ്ങളും ചർച്ചകളും ചൂടുപിടിക്കുകയാണ്. എഴുത്തുകാരിയും അധ്യാപികയുമായ ദീപാ നിശാന്തിനെതിരെയാണ് കവിയും മാധ്യമപ്രവർത്തകനുമായ എസ് കലേഷ്  ​​ഗുരുതരമായ ആരോപണം ഉന്നയിച്ചിരിക്കുന്നത്. എകെപിസിറ്റിഎ യുടെ ജേർണലിലാണ് ദീപാ നിശാന്തിന്റെ പേരിൽ കലേഷിന്റെ കവിത അച്ചടിച്ചു വന്നത്.

2011 ൽ അങ്ങനെയിരിക്കെ മരിച്ചു പോയി ഞാൻ/നീ എന്ന കവിത തന്റെ ബ്ലോ​ഗിൽ പ്രസിദ്ധീകരിച്ചതായി തെളിവ് സഹിതം എസ് കലേഷ് വെളിപ്പെടുത്തുന്നുണ്ട്. ചില വരികൾ അതേപടിയും ചിലയിടങ്ങളിൽ‌ വികലമാക്കിയുമാണ് തന്റെ കവിത പ്രസിദ്ധീകരിച്ചിരിക്കുന്നതെന്ന് കലേഷ് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കിയിരുന്നു. ഇതേ കവിത മാധ്യമം ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചു വരികയും പിന്നീട് ഇതിന്റെ ഇം​​​ഗ്ലീഷ് തർജ്ജമ ഇന്ത്യൻ ലിറ്ററേച്ചർ മാ​ഗസിനിൽ പ്രസിദ്ധീകരിച്ച് വന്നതായും എസ് കലേഷ് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. ഈ കവിത ശബ്ദമഹാസമുദ്രം എന്ന സമാഹാരത്തിലും ഉൾപ്പെടുത്തിയിരുന്നു. 

ഒരു സർവ്വീസ് മാസികയുടെ താളിൽ ഒരു കവിത മോഷ്ടിച്ച് നൽകി എഴുത്തുകാരിയാകാൻ മോ​ഹിക്കുന്ന ആളാണ് ഞാനെന്ന് വിശ്വസിക്കുന്നവർ അങ്ങനെ വിശ്വസിക്കുക എന്നായിരുന്നു ദീപാ നിശാന്തിന്റെ പ്രതികരണം. തന്റെ ആദ്യത്തെയും അവസാനത്തെയും വിശദീകരണമാണിതെന്ന് പറഞ്ഞ ദീപ പിന്നീട് ഈ വിഷയത്തിൽ പ്രതികരിച്ചതേയില്ല.

എന്നാൽ‌ ദീപാ നിശാന്ത് തന്നെയാണ് കവിത പ്രസിദ്ധീകരിക്കുമോ എന്ന ചോദ്യത്തോടെ വാട്ട്സ് ആപ്പിൽ കവിത അയച്ചു തന്നതെന്ന് എകെപിസിറ്റിഎയുടെ എഡിറ്റോറിയൽ ബോർഡ് വെളിപ്പെടുത്തിയിരുന്നു. കവിത കലേഷിന്റേതെന്ന് സോഷ്യൽ മീഡിയ ഉറപ്പിച്ചു പറഞ്ഞ സാഹചര്യത്തിലാണ് എകെപിസിറ്റിഎ നിലപാട് വ്യക്തമാക്കി രം​ഗത്തെത്തിയത്. എഡിറ്റോറിയൽ ബോർഡ് അം​ഗം രാജേഷ് എംആർ ആണ് ദീപയുടെ കവിത എത്തിച്ചതെന്ന് ജേർണൽ എഡിറ്റർ സണ്ണി വിഷയത്തിൽ ഔദ്യോ​ഗിക വിശദീകരണം നൽകിയിരുന്നു. ഓ​ഗസ്റ്റ് പതിനഞ്ചിനാണ് പ്രസ്തുത കവിത അയച്ചതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ഇതിനിടയിൽ സാമൂഹ്യ നിരീക്ഷകനും പ്രാസം​ഗികനുമായ എംജെ ശ്രീചിത്രനാണ് ദീപ നിശാന്തിന് കവിത പകർത്തി നൽകിയതെന്ന ആരോപണവും ഉയർന്നു വന്നിരുന്നു. മലയാളം അധ്യാപികയായ ദീപാ നിശാന്തിന് കവിത എഴുതിക്കൊടുക്കേണ്ട ആവശ്യം തനിക്കില്ല എന്നായിരുന്നു വിഷയത്തിൽ ശ്രീചിത്രന്റെ പ്രതികരണം‌. വ്യക്തിഹത്യയ്ക്കുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും ശ്രീചിത്രൻ പറഞ്ഞിരുന്നു.  സമൂഹമാധ്യമങ്ങളിൽ ചർച്ചകൾ ചൂടുപിടിക്കുകയാണ്. കലേഷിന്റെ കവിത എങ്ങനെയാണ് ദീപ നിശാന്തിന്റെ പേരിൽ പ്രസിദ്ധീകരിക്കപ്പെട്ടത് എന്ന വിഷയത്തിൽ കൃത്യമായ വിശദീകരണം എവിടെ നിന്നും ലഭിച്ചിട്ടില്ല. 

click me!