വിവാഹ വസ്ത്രത്തിൽ ലാപ്ടോപ്പിൽ ജോലി ചെയ്യുന്ന ഇന്ത്യൻ ടെക് സംരംഭക ഗൗരി അഗർവാളിന്‍റെ ചിത്രം വൈറൽ. കോയൽ എഐ എന്ന സ്വന്തം സ്റ്റാർട്ടപ്പിലെ സോഫ്റ്റ്‌വെയർ പിശക് പരിഹരിക്കുകയായിരുന്നു അവർ. ചിത്രം സ്റ്റാർട്ടപ്പ് സമ്മർദ്ദങ്ങളെ കുറിച്ചുള്ള ചർച്ചയ്ക്ക് വഴിവെച്ചു
വിവാഹത്തിന് തൊട്ടു പിന്നാലെ ലാപ്ടോപ്പിൽ ജോലി ചെയ്യുന്ന ഇന്ത്യൻ വംശജയായ ടെക് സംരംഭക ഗൗരി അഗർവാളിന്‍റെ ചിത്രം സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലാണ്. എഐ സ്റ്റാർട്ടപ്പായ കോയൽ എഐയുടെ സഹസ്ഥാപകയും സിടിഒയുമായ ഗൗരി വിവാഹ വസ്ത്രത്തിൽ തന്നെ കമ്പനി സോഫ്റ്റ്‌വെയറിലെ ഗുരുതരമായ ഒരു പിശക് പരിഹരിക്കുന്ന ചിത്രമായിരുന്നു ഇത്. ഗൗരിയുടെ സഹോദരനും ബിസിനസ് പങ്കാളിയുമായ മെഹുൽ അഗർവാളാണ് ചിത്രം പങ്കുവെച്ചത്.
സോഫ്റ്റ്‍വെയർ പിശക്
വിവാഹ ചടങ്ങുകൾ കഴിഞ്ഞ് പത്ത് മിനിറ്റിനുള്ളിൽ എടുത്ത ചിത്രമാണിത്. സ്വന്തം വിവാഹ ആഘോഷങ്ങൾക്കിടയിലും കമ്പനിക്ക് നേരിട്ട സാങ്കേതിക പ്രശ്നം പരിഹരിക്കാനുള്ള ശ്രമത്തിലായിരുന്നു ഗൗരി. ആളുകൾ സ്റ്റാർട്ടപ്പുകളെ വളരെ മനോഹരമായി സങ്കൽപ്പിക്കാറുണ്ട്. എന്നാൽ. ഇതിന് വലിയ അധ്വാനം ആവശ്യമാണ്. ഇത് എന്‍റെ സഹോദരിയും സഹസ്ഥാപകയുമാണ്. സ്വന്തം വിവാഹ വേദിയിൽ ഇരുന്ന് കൊണ്ട് കോയൽ എഐയിലെ ഒരു പിശക് അവൾ പരിഹരിക്കുന്നു. ഇതൊരു ഫോട്ടോ ഷൂട്ട് അല്ല, ഇതിന്‍റെ പേരിൽ മാതാപിതാക്കൾ ഞങ്ങളെ രണ്ടു പേരെയും വഴക്കു പറഞ്ഞുവെന്ന കുറിപ്പോടെയാണ് മെഹുൽ ചിത്രം സമൂഹ മാധ്യമത്തിൽ പങ്കുവെച്ചത്.
ആ ഇരിപ്പിനെക്കാൾ നല്ലത്
ചിത്രങ്ങൾ കണ്ട പലരും ജോലിയോടുള്ള ഗൗരിയുടെ അർപ്പണബോധത്തെ പ്രശംസിച്ച് രംഗത്തെത്തി. സ്റ്റാർട്ടപ്പ് മേഖലയിലെ അമിത സമ്മർദ്ദത്തെ മറ്റു ചിലർ വിമർശിച്ചു. എന്നാൽ, വിമർശനങ്ങൾക്ക് ഗൗരിയുടെ രസകരമായ മറുപടിയും പിന്നാലെയെത്തി. മണിക്കൂറുകളോളം നീളുന്ന ഒരു ഇന്ത്യൻ വിവാഹ റിസപ്ഷനിൽ ഇരുന്നു നോക്കൂ. അപ്പോൾ നിങ്ങൾക്ക് അതിലും ഭേദം കോഡിംഗ് ആണെന്ന് തോന്നുമെന്നായിരുന്നു അവരുടെ വാക്കുകൾ. ഉയർന്ന സമ്മർദ്ദമുള്ള ജോലി ചെയ്യുന്നവർക്ക് തിരക്കുകൾക്കിടയിൽ കുടുംബ ജീവിതത്തിന്‍റെ മനോഹര നിമിഷങ്ങൾ എല്ലാം നഷ്ടമാവുകയാണോയെന്ന ഗൗരവകരമായ ചർച്ചകൾക്കും ഈ ചിത്രം തുടക്കമിട്ടു.


