ആലിംഗനം ചെയ്താല്‍ ആകാശം ഇടിഞ്ഞുവീഴുമോ?

By ദീപ സൈറFirst Published Dec 20, 2017, 8:29 PM IST
Highlights

ഒന്നു ചേര്‍ത്തു പിടിക്കുമ്പോള്‍ ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകരുന്ന ഊര്‍ജ്ജം. അത് സൗഹൃദത്തിന്റേതെന്നോ, സഹോദര്യത്തിന്റേതെന്നോ, വാത്സല്യത്തിന്റേതെന്നോ കരുതാന്‍ ഇന്നും നമ്മുടെ സമൂഹത്തിനു കഴിയുന്നില്ല. ആണ്‍പെണ്‍ സൗഹൃദത്തിന്റെ ഒരു വശം മാത്രമായ പ്രേമവും കാമവും മാത്രമാണ് കേരളസമൂഹം കാണുക. 

കഴിഞ്ഞ വര്‍ഷം കുടുംബത്തോടൊപ്പം ഒരു വിദേശയാത്രയ്ക്ക് പോയിരുന്നു. അവിടെ വച്ചുണ്ടായ  ഒരു സംഭവം ഓര്‍മിക്കുന്നു.  വഴിയരുകിലെ ബെഞ്ചുകളിലൊന്നില്‍ തോളോട് തോള്‍ ചേര്‍ന്നു കൈ പിടിച്ചിരിക്കുന്ന ഒരു ആണും പെണ്ണും. അവര്‍ ലാപ്‌ടോപ്പില്‍ എന്തോ നോക്കുകയായിരുന്നു.

ഒന്നാന്തരം മലയാളിയായ ഞാന്‍ ഭര്‍ത്താവിനോട് ചെവിയില്‍ പറഞ്ഞു 'ഇത് ലവ് തന്നെ!' അവരുടെ തൊട്ടടുത്ത ബെഞ്ചില്‍ ഞങ്ങളും ഇരുന്നു. സ്വല്‍പം കഴിഞ്ഞപോള്‍ മക്കള്‍ അവരുമായി കൂട്ടായി. മെല്ലെ ഞങ്ങളും. 

അതിനിടയ്ക്ക് , വീടുവായത്തി എന്ന ഭര്‍ത്താവിന്റെ സ്ഥിരം വിളി അന്വര്‍ഥമാക്കി ഞാന്‍ ഒരു ചോദ്യം 'when are you getting married?'. 

ഭര്‍ത്താവ് ഞെട്ടി, അവര്‍ ഞെട്ടി, വഴിയെ പോയവരും ഞെട്ടി. അവരുടെ ഉത്തരം ഒരു സാധാരണ മലയാളിക്ക് ദഹിക്കില്ലായിരുന്നു.

'We are best friends, we study in the same class and we are doing our project work here' എന്നു പറഞ്ഞവര്‍ ലാപ്‌ടോപ്പ് ചൂണ്ടി കാട്ടി.

കേരളത്തില്‍ ഈ അടുത്ത കാലത്തുണ്ടായ ചില സംഭവവികാസങ്ങള്‍ കേള്‍ക്കെ, ഈ അനുഭവം ഓര്‍മ്മവന്നു. 

കേരളം അടിമുടി മാറിയിരിക്കുന്നു. പക്ഷെ ഉള്‍കാഴ്ചകളില്‍ മാത്രം മാറ്റം വന്നിട്ടില്ല!

കപടസദാചാരത്തിന്റെ ഇരകള്‍
പരസ്യമായി ഒരു പെണ്‍കുട്ടിയെ കെട്ടിപ്പിടിച്ചതിന്റെ പേരില്‍ ഒരു ആണ്‍കുട്ടിയെ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നു. നമ്മുടെ തലസ്ഥാന നഗരിയിലെ  പ്രശസ്തമായ സ്‌കൂളില്‍ ആണ് സംഭവം. ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ആക്ട്് പ്രകാരം കോടതിയിലേക്ക് ഈ വിഷയം എത്തുകയും വിധിപ്രസ്താവത്തില്‍ കോടതി സ്‌കൂളിന്റെ നടപടി ഭാഗികമായി ശരി വയ്ക്കുകയും ചെയ്തു.

ആണ്‍കുട്ടിക്ക് തുടര്‍ന്ന് പഠിക്കാം. പക്ഷെ ഇങ്ങനെ ഒരു നടപടി എടുത്ത പ്രിന്‍സിപ്പലിനെ കോടതി ന്യായീകരിച്ചിരിക്കുന്നു.

കേരളം അടിമുടി മാറിയിരിക്കുന്നു. വിദ്യാഭ്യാസത്തിലും ജീവിത നിലവാരത്തിലും. പക്ഷെ ഉള്‍കാഴ്ചകളില്‍ മാത്രം മാറ്റം വന്നിട്ടില്ല!

ഒന്നു ചേര്‍ത്തു പിടിക്കുമ്പോള്‍ ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകരുന്ന ഊര്‍ജ്ജം. അത് സൗഹൃദത്തിന്റേതെന്നോ, സഹോദര്യത്തിന്റേതെന്നോ, വാത്സല്യത്തിന്റേതെന്നോ കരുതാന്‍ ഇന്നും നമ്മുടെ സമൂഹത്തിനു കഴിയുന്നില്ല. ആണ്‍പെണ്‍ സൗഹൃദത്തിന്റെ ഒരു വശം മാത്രമായ പ്രേമവും കാമവും മാത്രമാണ് കേരളസമൂഹം കാണുക. 

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍, മെഡിക്കല്‍ വിദ്യാര്‍ത്ഥികളായ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഇടകലര്‍ന്നിരുന്നതിനെ അധ്യാപകര്‍ വിലക്കിയതും ഈ അടുത്ത കാലത്ത് വിവാദമായതാണ്. ഉയര്‍ന്ന  വിദ്യാഭ്യാസം ഉള്ളവര്‍ പോലും ഇത്തരം മനസ്ഥിതി സൂക്ഷിക്കുമ്പോള്‍ സാധാരണ ജനസമൂഹം എങ്ങനെ മറ്റൊരു വിധത്തില്‍ ചിന്തിക്കും? 

അധ്യാപകരാണ് ഏറ്റവും അധികം ഈ വിധ ചിന്തകള്‍ കൊണ്ട് മനസ്സ് കലുഷിതമാക്കുന്നത് എന്നത് പരിതാപകരമാണ്.  ഇടുങ്ങിയ ചിന്താഗതിയുള്ള ഒരു അധ്യാപകനോ അധ്യാപികയോ എങ്ങനെ കുട്ടികളെ മനോവികാസത്തിന്റെയും ജീവിത കാഴ്ചപ്പാടുകളുടെയും അനന്തവിഹായസ്സിലേക്ക് കൈ പിടിച്ചുയര്‍ത്തും?
 
 ഞാന്‍ പഠിച്ച കോളേജില്‍ ആണുങ്ങള്‍ക്കും പെണ്ണുങ്ങള്‍ക്കും രണ്ടു സ്റ്റയര്‍കേസ് ആയിരുന്നു. പോകുന്ന വഴി ആണും പെണ്ണും ഒന്നു പരസ്പരം തൊട്ടു പോയാല്‍ അതും പിറ്റേന്നു സ്റ്റാഫ് റൂമിലെ ചൂടുള്ള ചര്‍ച്ചയായി മാറും.  ഒന്നുമില്ലാത്ത നല്ല സൗഹൃദങ്ങള്‍ പലതും പ്രണയത്തിലേക്കും, അതിനും അപ്പുറമുള്ള ബന്ധങ്ങളിലേക്കും ഒക്കെ വഴുതി പോവുക പലപ്പോഴും ഇത്തരക്കാരുടെ ഇല്ലാകഥപ്രചാരണം കാരണമാവും എന്നതാണ് രസകരം. 

ആ പന്ത്രണ്ടാം ക്ലാസുകാരന്റെ സ്വകാര്യതയിലേക്കുള്ള ഒരു കടന്നു കയറ്റമാണ് ഉണ്ടായിരിക്കുന്നത്.

എങ്ങനെ ബാധിക്കും?
ഇതെങ്ങനെ കുട്ടികളുടെ ചിന്തകളെയും മാനസികാരോഗ്യത്തെയും ബാധിക്കുമെന്നതും ചിന്തിക്കേണ്ടതാണ്. സ്വന്തം ശരീരത്തെയും അതിന്റെ സുരക്ഷിതത്വത്തെയും കുറിച്ചു വല്ലാത്ത ഒരു ഉള്‍ഭയം പെണ്‍കുട്ടികളില്‍ ഉളവാകുമ്പോള്‍, പെണ്‍ശരീരത്തെ കുറിച്ചു ആവശ്യമില്ലാത്ത ഒരു ജിജ്ഞാസയോ , അല്ലെങ്കില്‍, പൊതുവെ സ്ത്രീകളില്‍ നിന്ന് അകന്നു കഴിഞ്ഞില്ലെങ്കില്‍ സ്വഭാവ സര്‍ട്ടിഫിക്കറ്റില്‍ ചുവന്ന മഷി പടര്‍ന്നേക്കാം എന്ന ചിന്തയോ ആകും ആണ്‍കുട്ടിയുടെ മനസ്സില്‍ പതിയുക. 

നന്മ ചെയ്ത, അല്ലെങ്കില്‍, നന്നായി ഒരു കാര്യം ചെയ്ത പെണ്‍കുട്ടിയെ അഭിനന്ദിക്കാനായി ചേര്‍ത്തു പിടിച്ചതില്‍ ഇന്ന് ആ പയ്യന്‍ ഖേദിക്കുന്നുണ്ടാകാം.ആ സ്‌കൂളിലെ മുഴുവന്‍ ആണ്‍കുട്ടികളിലും 'പെണ്ണിന്റെ അടുത്തുന്നു വഴി മാറി നടക്കണം' എന്ന ഒരു ഭീതി ഉളവായിട്ടുണ്ടാകാം!

ആണിനേയും പെണ്ണിനേയും വേര്‍തിരിക്കുന്ന ആ വര എത്രത്തോളം കടുപ്പിക്കുന്നോ അത്രത്തോളം അവരില്‍ ജിജ്ഞാസയും കൗതുകവും ഉണര്‍ത്തുകയാണ് നമ്മള്‍ ചെയ്യുന്നത്. അത് കിട്ടാക്കാനിയായ എന്തോ ഒന്നായി കാണുന്നതോട് കൂടി അത് നേടിയെടുക്കാനുള്ള വ്യഗ്രതയുണ്ടാവുകയാണ് ചെയ്യുക.  ലിംഗവ്യത്യാസത്തെ കുറിച്ചുള്ള അബദ്ധധാരണകള്‍ മാറേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. 

സസ്‌പെന്‍ഡ് ചെയ്യപ്പെട്ട വിദ്യാര്‍ത്ഥിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് പോലും എടുത്തു പരിശോധിച്ചാണ് സ്‌കൂള്‍ അധികൃതര്‍ ഈ നടപടി എടുത്തത്. സ്‌കൂളിന്റെ അധികാരപരിധിയില്‍ വരാത്ത ഇത്തരം ഒരു കാര്യം ചെയ്യുക വഴി ,ആ പന്ത്രണ്ടാം ക്ലാസുകാരന്റെ സ്വകാര്യതയിലേക്കുള്ള ഒരു കടന്നു കയറ്റമാണ് ഉണ്ടായിരിക്കുന്നത്.
 
പൊതു സ്ഥലത്തു വെച്ചു  കെട്ടിപ്പിടിക്കുകയോ കൈകോര്‍ത്തു നടക്കുകയോ ചെയ്യുന്നത് ഭരണഘടനപ്രകാരം തെറ്റല്ല എങ്കില്‍, സ്‌കൂള്‍ അധികൃതര്‍ ഉള്‍പ്പെടുന്ന ഈ സമൂഹം അതില്‍ വ്യാകുലപ്പെടുന്നത് കപടസദാചാര ബോധം എന്ന ഒറ്റ കാരണം കൊണ്ടാണ്. 

വീണു പോകുന്ന ചില നേരങ്ങളില്‍ കൈകളില്‍ ഒന്നു മുറുക്കി പിടിക്കാന്‍, അഭിനന്ദനമര്‍ഹിക്കുന്ന വേളയില്‍ അത് നല്‍കാന്‍ ഒന്നു ചേര്‍ത്തു പിടിക്കാന്‍ ലിംഗവ്യത്യസം തടസ്സമാകുന്നെങ്കില്‍, സമൂഹമേ, നമ്മള്‍ മാറേണ്ടിയിരിക്കുന്നു.. 

ആണ്‍പെണ്‍ സൗഹൃദത്തിലെ പോസിറ്റിവിറ്റിയെ ഉയര്‍ത്തികാണിക്കുക.

എന്ത് ചെയ്യാനാകും?
സമൂഹത്തില്‍ നിന്ന് ഈ വക കപദസദാചാരം വേരോടെ പിഴുതു മാറ്റുക എന്നത് സ്‌കൂളുകള്‍ മുതല്‍ പ്രൊഫഷണല്‍ കൊളേജുകള്‍ വരെ ഉള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും രാഷ്ട്രീയ സാംസകാരിക സംഘടനകളും ഒരു ഉത്തരവാദിത്തമായി ഏറ്റെടുക്കണം.

പരസ്പരപൂരകങ്ങളാണ് ആണും പെണ്ണും.അവര്‍ക്കിടയിലെ  ഉറ്റ സൗഹൃദങ്ങളെ മോശം കണ്ണോടെ കാണാന്‍ വളര്‍ന്നു വരുന്ന കുഞ്ഞുങ്ങളെയെങ്കിലും പഠിപ്പിക്കാതെയിരിക്കുക.  പൊതു ഇടങ്ങളെ മാനിച്ചു കൊണ്ടു തന്നെ ഉറ്റ സൗഹൃദങ്ങളില്‍ ഒരു ചേര്‍ത്തുപിടിയ്ക്കലോ കൈചേര്‍ക്കലോ ഉണ്ടാകുമ്പോള്‍ അശ്ലീലച്ചുവയുള്ള ഭാഷകള്‍ അവര്‍ക്ക് നേരെ ഉപയോഗിക്കാതെയിരിക്കുക. അതു കേള്‍ക്കുന്ന ആ കുട്ടികള്‍ക്ക് മനസ്സില്‍ ഉണ്ടാകുന്ന ആശയക്കുഴപ്പം ഒരു പക്ഷെ നാളെ അവരുടെ മാനസികനിലയെ തന്നെ തകര്‍ത്തേക്കാം.

ആണ്‍പെണ്‍ സൗഹൃദത്തിലെ പോസിറ്റിവിറ്റിയെ ഉയര്‍ത്തികാണിക്കുക.   മറ്റൊരു വിധത്തില്‍ ആ ബന്ധങ്ങളെ പരാമര്‍ശിക്കുക വഴി വരുംതലമുറയുടെ മാനസികശക്തിയുടെയും ആത്മാവിശ്വാസത്തെയും കടയ്ക്കല്‍ കത്തിവയ്ക്കാതിരിക്കുക.  അതിനുള്ള അവബോധം സമൂഹത്തില്‍ ഉണ്ടാക്കിയെടുക്കുക.
 
ഞാന്‍ അമ്മയാണ്. അധ്യാപികയുമാണ്. ഞാനും നിങ്ങളും അടങ്ങുന്ന മാതാപിതാക്കള്‍ക്കാണ് ഈ  സ്ഥിവിശേഷത്തിന് എതിരെ ഉള്ള നീക്കത്തിനു ഒരു അടിത്തറ പാകാന്‍ കഴിയുക. നമുക്ക് മക്കളെ ആ നിലയ്ക്ക് പഠിപ്പിക്കാം.

നല്ല സുഹൃത്തുക്കളെ തിരഞ്ഞെടുക്കുമ്പോള്‍, അവരുടെ തോളില്‍ തട്ടി  അല്ലെങ്കില്‍ ഒന്നു ചേര്‍ത്തു നിര്‍ത്തി അഭിനന്ദിക്കേണ്ട സാഹചര്യം ഉണ്ടാകുമ്പോള്‍,  കൈയ്യില്‍ അമര്‍ത്തിപിടിച്ചൊരു സാന്ത്വനം നല്‍കേണ്ടി വരുമ്പോള്‍, മുന്നില്‍ നില്‍ക്കുന്നത് ആണോ പെണ്ണോ എന്നതിനെക്കാള്‍ മനസ്സില്‍ നന്മയുള്ള  സഹജീവി എന്നു മാത്രം ചിന്തിക്കാന്‍ പഠിപ്പിക്കാം. 
 
നല്ല സൗഹൃദങ്ങളില്‍ കറ പുരണ്ട വാക്കുകളാല്‍ അഴുക്ക് പറ്റിക്കുന്നവര്‍ക്ക് ചുട്ട മറുപടി കൊടുക്കാന്‍ പഠിപ്പിക്കാം. ! കപട സദാചാരത്തെ പഠിച്ചു വയ്ക്കാതെയിരിക്കാന്‍ അഭ്യസിപ്പിക്കാം. 
 

click me!