
ഇന്ത്യ പോലെ ജനസംഖ്യയുള്ള ഒരു രാജ്യത്ത് മാലിന്യ സംസ്കരണം വലിയ ആശങ്കയാണ്. ദിവസേന 62 ദശലക്ഷം ടൺ മാലിന്യങ്ങളാണ് രാജ്യം ഉത്പാദിപ്പിക്കുന്നത്. എന്നാൽ, ഈ മാലിന്യങ്ങൾ പ്രത്യേകിച്ച് പ്ലാസ്റ്റിക് എങ്ങനെ നിർമാർജ്ജനം ചെയ്യുമെന്നത് എല്ലാവരുടെയും ഒരു വലിയ തലവേദനയാണ്. എന്നാൽ, അതിനൊരു പുതിയ വഴിയുമായാണ് സൗത്ത് ദില്ലി മുനിസിപ്പൽ കോർപ്പറേഷൻ വന്നിരിക്കുന്നത്. ഇതിനായി മാലിന്യ കഫേ എന്ന പേരിൽ ഒരു പുതിയ സംരംഭം അവർ ജനുവരിയിൽ ആരംഭിക്കുകയുമായി. ഇപ്പോൾ 23 പുതിയ കഫേകൾ കൂടി അവർ തുറന്നിരിക്കയാണ്.
എന്താണ് മാലിന്യ കഫേകൾ? അവിടെ ഒരു കിലോ പ്ലാസ്റ്റിക് മാലിന്യം കൊണ്ടുകൊടുത്താൽ പകരമായി ഒരു നേരത്തെ ആഹാരം സൗജന്യമായി ലഭിക്കും. അതായത് ഒരു കിലോ പ്ലാസ്റ്റിക് മാലിന്യം 'മാലിന്യ കഫേകളിൽ' നിക്ഷേപിക്കുന്ന ആർക്കും സൗത്ത് ദില്ലിയിലെ കോർപറേഷനുമായി പങ്കാളിത്തമുള്ള റെസ്റ്റോറന്റുകളിൽ നിന്ന് സൗജന്യ പ്രഭാതഭക്ഷണത്തിനോ ഉച്ചഭക്ഷണത്തിനോ അത്താഴത്തിനോ ഉള്ള ഒരു കൂപ്പൺ ലഭിക്കുന്നതായിരിക്കും. “പ്ലാസ്റ്റിക് ലാവോ ഖാന ഖാവോ” എന്ന ഈ അതുല്യ സംരംഭം ഡിഫൻസ് കോളനിയിലെ നാഥു സ്വീറ്റ്സിൽ വച്ച് മേയർ അനാമിക ഉദ്ഘാടനം ചെയ്തു.
പ്ലാസ്റ്റിക് മാലിന്യങ്ങളിൽ ശൂന്യമായ വാട്ടർ ബോട്ടിലുകൾ, പാനീയ കുപ്പികൾ, പ്ലാസ്റ്റിക് കൈൻ എന്നിവയും ഉൾപ്പെടുന്നു. സൗത്ത് സോണിൽ പന്ത്രണ്ട് കഫെകളും മധ്യമേഖലയിൽ 10 കഫേകളും വെസ്റ്റ് സോണിൽ ഒരു കഫേയും തുറന്നിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. എസ്‌ഡിഎംസി നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ‘ഗാർബേജ് കഫെ’ എന്ന ആശയം ഈ നടപടികൾക്ക് കീഴിലുള്ള സവിശേഷമായ ഒരു സംരംഭമാണെന്നും മേയർ അനാമിക പറഞ്ഞു. ഇത് പാവപ്പെട്ടവർക്കും, വീടില്ലാത്തവർക്കും ഒരാശ്വാസമാകുമെന്നും ഭരണകൂടം പ്രതീക്ഷിക്കുന്നു.