ആംബുലൻസ് കിട്ടിയില്ല; മരിച്ചുപോയ രണ്ടുവയസുകാരന്‍റെ ശരീരം പുതപ്പിൽ പൊതിഞ്ഞ് അച്ഛൻ സഞ്ചരിച്ചത് എട്ട് മണിക്കൂർ

By Web TeamFirst Published Nov 17, 2018, 6:25 PM IST
Highlights

തുടർന്ന് ഇവർ ഇവിടെത്തന്നെയുള്ള അബാബീൽ എന്ന സംഘടനയുടെ സഹായം തേടി. പണമില്ലാത്തതിനാൽ അവർ‌ക്കും പെട്ടെന്ന് സഹായിക്കാനായില്ല. അവസാനം പണം കണ്ടെത്തി ആംബുലൻസിൽ ജമ്മുവിലെ കുട്ടികളുടെ ആശുപത്രിയിൽ എത്തിയപ്പോഴേയ്ക്കും മനാന്‍റെ ശരീരത്തിൽ നിന്നും ജീവൻ വിട്ടുപോയിരുന്നു. 

കാശ്മീർ: രണ്ട് വയസ്സുകാരനായ മകനെയും കൊണ്ട് ഇത്രയും ദൂരം ഇങ്ങനെയൊരു യാത്ര നടത്തേണ്ടി വരുമെന്ന് മുഹമ്മദ് സുൽത്താൻ എന്ന അച്ഛൻ ഒരിക്കലും വിചാരിച്ചിട്ടുണ്ടാകില്ല. എന്നാൽ പ്രാണനായി കാത്തുസൂക്ഷിച്ച മകന്‍റെ ചേതനയറ്റ ശരീരം ആരും കാണാതെ, ഒരു പുതപ്പിനുള്ളിൽ പൊതിഞ്ഞ് അയാൾ ബസ്സിൽ യാത്ര ചെയ്തത് എട്ടു മണിക്കൂറാണ്. മൃതശരീരമാണെന്നറിഞ്ഞാൽ ബസ്സിൽ നിന്ന് ഇറക്കി വിട്ടാലോ എന്നു കരുതിയാണെത്രേ പുതപ്പിൽ പൊതിഞ്ഞത്. ആംബുലൻസ് ലഭിക്കാത്തതിനാലാണ് മുഹമ്മദ് സുൽത്താന് ഇത്തരമൊരു ദുരനുഭവമുണ്ടായത്.

മൂന്ന് ദിവസങ്ങൾക്ക് മുമ്പാണ് മുഹമ്മദ് സുൽത്താൻ മകൻ മനാനുമായി കിഷ്ത്വാറിലെ ആശുപത്രിയിലേക്ക് പോയത്. ന്യൂമോണിയ മൂർച്ഛിച്ച് അത്യാസന്ന നിലയിലായിരുന്നു കുട്ടി. ഈ ആശുപത്രിയിലെ മരുന്നുകൾ കൊടുത്തിട്ട് കുഞ്ഞിന്‍റെ അവസ്ഥയ്ക്ക് മാറ്റമൊന്നും കാണാത്തതിനാൽ ജമ്മുവിലെ കുട്ടികളുടെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ആശുപത്രി അധികൃതർ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ സുൽത്താന്‍റെ പക്കൽ ആംബുലൻസ് വിളിക്കാനുള്ള പണമുണ്ടായിരുന്നില്ല. ആംബുലൻസിനായി ഡെപ്യൂട്ടി കമ്മീഷണർ അംഗ്രേസ് സിംഗ് റാണയെ സമീപിച്ചെങ്കിലും അവർ വിട്ടു ന‍ൽകാൻ തയ്യാറായില്ല. 

തുടർന്ന് ഇവർ ഇവിടെത്തന്നെയുള്ള അബാബീൽ എന്ന സംഘടനയുടെ സഹായം തേടി. പണമില്ലാത്തതിനാൽ അവർ‌ക്കും പെട്ടെന്ന് സഹായിക്കാനായില്ല. അവസാനം പണം കണ്ടെത്തി ആംബുലൻസിൽ ജമ്മുവിലെ കുട്ടികളുടെ ആശുപത്രിയിൽ എത്തിയപ്പോഴേയ്ക്കും മനാന്‍റെ ശരീരത്തിൽ നിന്നും ജീവൻ വിട്ടുപോയിരുന്നു. പിന്നീട് ജമ്മുവിൽ നിന്ന് തിരികെ കിഷ്ത്വാറിലേക്ക് എത്താനായിരുന്നു പരിശ്രമം. അപ്പോഴും ആരും സഹായത്തിനെത്തിയില്ലെന്ന് മുഹമ്മദ് സുൽത്താൻ പറയുന്നു. 

ബസ്സ് സ്റ്റാൻഡിൽ മണിക്കൂറുകളോളം ആരെങ്കിലും സഹായിക്കുമെന്ന് പ്രതീക്ഷിച്ച് കാത്ത് നിന്നെങ്കിലും ആരും വന്നില്ല. അങ്ങനെയാണ് ബസ്സിൽ തിരികെ പോകാം എന്ന് മുഹമ്മദ് സുൽത്താൻ തീരുമാനിക്കുന്നത്. മൃതദേഹവുമായിട്ടാണ് ബസ്സിൽ പോകുന്നതെന്ന് ആരെങ്കിലും അറിഞ്ഞാൽ പ്രശ്നമാകുമെന്ന് കരുതി ഒരു പഴയ പുതപ്പിൽ കുഞ്ഞിന്‍റെ ശരീരം പൊതിഞ്ഞെടുത്തു. അതുമായി എട്ട് കിലോമീറ്റർ സഞ്ചരിച്ച് അവസാനം കിഷ്ത്വാറിലെ വീട്ടിലെത്തി. ആരെങ്കിലും തന്നോട് കരുണയോടെ പെരുമാറിയിരുന്നെങ്കിൽ തനിക്കും തന്‍റെ കുടുംബത്തിനും ഈ ദുരിതത്തിലൂടെ കടന്നു പോകേണ്ടി വരില്ലായിരുന്നു എന്ന് മുഹമ്മദ് സുൽത്താൻ വേദനയോടെ പറയുന്നു.

ആംബുലൻസ് വിട്ടു നൽകാതിരുന്നതിനെ തുടർന്ന് റാണയ്ക്കെതിരെ പ്രാദേശികമായി പ്രതിഷേധം ശക്തമായിക്കൊണ്ടിരിക്കുകയാണ്. വെള്ളിയാഴ്ച രാത്രിയോടെ മനാന്റെ മൃതദേഹം മറവ് ചെയ്തിരുന്നു. അന്വേഷണത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്ന് തഹസീൽദാർ പറഞ്ഞു. 

click me!